തിരുവനന്തപുരം: ഹരിതകേരളം കെട്ടിപ്പടുക്കാൻ കുരുന്നുകളും. ചെമ്പക കിന്‍റര്‍ഗാർഡനിലെ കുരുന്നുകളാണ് മറ്റുള്ളവർക്ക് മാതൃകയാകുന്നത്. മുൻ ജില്ലാ കളക്ടർ വാസുകിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സി 5 ഫൗണ്ടേഷന്റെ ഉദ്യാനം പദ്ധതിയിലാണ് കുരുന്നുകളും പങ്കാളികളാകുന്നത്.

പദ്ധതിയുടെ ഭാഗമായി നഗരത്തിൽ മാലിന്യ കൂമ്പാരം നിറഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കി അവിടെ മനോഹരമായ ഉദ്യാനം ഒരുക്കുകയും പരിപാലിക്കുകയുമാണ് ചെമ്പകയിലെ വിദ്യാർഥികളും അധ്യാപകരും.  പരിസ്ഥിതിയും, പ്രകൃതിനടത്തം പാഠ്യപദ്ധതിയുടെ ഭാഗമായി  കുഞ്ഞുങ്ങൾക്ക് പരിശീലനം നടത്തുന്നുണ്ട്.

പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളോട് വിടപറഞ്ഞു ഹരിതഭൂമി കെട്ടിപടുക്കാൻ കുഞ്ഞുങ്ങൾക്ക് ഇപ്പോഴേ പ്രചോദനം നൽകുക എന്ന ലക്ഷ്യമാണ് തങ്ങൾക്കുള്ളതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. വഞ്ചിയൂർ കോടതിക്ക് സമീപം കുമിഞ്ഞു കൂടിയ ചപ്പുചവറുകൾ നീക്കം ചെയ്ത സംഘം ഇവിടെ ഒരു പൂന്തോട്ടം ഉണ്ടാക്കി.

ചെമ്പകയുടെ പള്ളിമുക്ക്, വഞ്ചിയൂർ, സുഭാഷ് നഗർ സ്‌കൂളുകളിലെ കുട്ടികളും, ജീവനക്കാരും സി 5 ഫൗണ്ടേഷനിലെ വോളന്റിയർമാരും ചേർന്നാണ് പൂന്തോട്ടം നിർമിച്ചത്. തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ ഈ മൂന്ന് സ്കൂളുകളിലെയും കരുന്നുകളും അധ്യാപകരും ഇവിടെ എത്തി ഉദ്യാനം പരിപാലിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.