ഇടുക്കി: കൊവിഡ് ഭീതി ഒഴിഞ്ഞതോടെ മൂന്നാര്‍ വീണ്ടും സാധരണ നിലയിലേക്ക്. ഓറഞ്ച് സോണിലെ ഇളവുകള്‍ പ്രകാരം ബേക്കറിയടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ച് തുടങ്ങി. മൂന്നാര്‍ ടൗണ്‍ അടക്കമുള്ള അഞ്ച് വാര്‍ഡുകള്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഹോട്ട് സ്പോട്ടാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഒന്‍പത്, പത്ത്, പതിനൊന്ന്, പതിമൂന്ന്, പത്തൊന്‍പത് വാര്‍ഡുകളില്‍ വാഹന ഗാതാഗതത്തിനടക്കം പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. മൂന്നാറിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ് റിപ്പോട്ട് ചെയ്ത് സാഹചര്യത്തിലായിരുന്നു നടപടി. എന്നാല്‍ പരിശോധനയില്‍ രോഗിയുടെ ഫലം നെഗറ്റീവായി മാറിയതോടെ നിയന്ത്രങ്ങള്‍ ഘട്ടം ഘട്ടമായി അധിക്യതര്‍ പിന്‍വലിച്ചു. 

വ്യാഴാഴ്ച  ആവശ്യസാധനങ്ങളും ഇറച്ചികടകളും തുറന്നിരുന്നു.  വെള്ളിയാഴ്ച ഹോട്ട്സ്പോട്ട് പിന്‍വലിച്ചതോടെ മറ്റ് കടകള്‍ തുറക്കുന്നതിന് ഭരണകൂടം അനുമതി നല്‍കി. ഓറഞ്ച് സോണിനില്‍ അനുവദിച്ച മുഴുവന്‍ സ്ഥാപനങ്ങളും രാവിലെ മുതല്‍ തുറന്നുപ്രവര്‍ത്തിച്ചു. എന്നാല്‍ മൂന്നാര്‍ പച്ചക്കറി മാര്‍ക്കറ്റ് തുറക്കുന്നതിന് അനുമതി നല്‍കിയില്ല. 

നിശ്ചിത അകലം പാലിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാണ് മാര്‍ക്കറ്റിന്  നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂട്ടംകൂടാന്‍ ആരെയും പൊലീസ് അനുവദിച്ചില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഹോട്ട്സ്പോട്ട് ഒഴിവായെങ്കിലും അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം കൂടുന്നത് ജനങ്ങളില്‍ ആശങ്ക സ്യഷ്ടിക്കുകയാണ്. നിലവില്‍ കൊവിഡ് കേസുകള്‍ ഇല്ലെങ്കിലും കനത്ത ജാഗ്രതിയിലാണ് ജില്ലാ ഭരണകൂടം.