പൂച്ചാക്കല്‍: ബസ്സിന്‍റെ ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് പ്രാണവേദനയാല്‍ തൊട്ടടുത്ത കടയില്‍ ഓടിക്കയറിയ നായ കടയ്ക്കുള്ളില്‍ നിന്ന യുവാവിനെ കടിച്ചുകീറി. കഴിഞ്ഞ ദിവസം വൈകീട്ട് പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജംഗ്ഷനിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങളുടെ തുടക്കം. 

കഴിഞ്ഞ ദിവസം വൈകീട്ടോടെ തിരക്കേറിയ പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജംഗ്ഷനില്‍ വച്ചാണ് നായയെ ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വേദന കൊണ്ട് പുളഞ്ഞ നായ തൊട്ടടുത്ത  സി കെ അനില്‍കുമാറിന്‍റെ കടയ്ക്കുള്ളിലേക്ക് ഓടിക്കയറി. ഈ സമയം കടയില്‍ സാധനങ്ങള്‍ വാങ്ങാനായെത്തിയ ഉളവയ്പ് സ്വദേശി ഗിരി എന്ന യുവാവിനെ, നായ പ്രണവേദനയാല്‍ അക്രമിക്കുകയായിരുന്നു. 

നായയുടെ അക്രമണത്തില്‍ നിന്ന് നാട്ടുകാരാണ് യുവാവിനെ രക്ഷിച്ചത്. പലതവണ നായ യുവാവിനെ അക്രമിച്ചു. തുടര്‍ന്ന് വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ യുവാവിനെ നാട്ടുകാര്‍ നായയില്‍ നിന്നും രക്ഷപ്പെടുത്തി  ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടയില്‍ നായയെ പിടിക്കാനായി കടയ്ക്ക് പുറത്തു കിടന്ന ചാക്കെടുത്തപ്പോള്‍ അതിനുള്ളില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടത് പ്രദേശത്ത് കൂടുതല്‍ പരിഭ്രാന്തി പരത്തി. 

യുവാവിനെ അക്രമിച്ച ശേഷം അല്പദൂരം ഓടിയ നായ വഴിയരികില്‍ ചത്ത് വീണു. തുടര്‍ന്ന് നാട്ടുകാര്‍ ഇതിനെ മറവു ചെയ്തു. ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നേരത്തെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും പഞ്ചായത്ത് ആവശ്യമായ നടപടികള്‍ എടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസ് കാത്തുനിന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ നിറഞ്ഞു നിന്ന വെയിറ്റിങ്ങ് ഷെഡ്ഡിലേക്കാണ് നായ ഓടിക്കയറിയിരുന്നതെങ്കില്‍ സ്ഥിതി വളരെ സങ്കീര്‍ണ്ണമാകുമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.