ചേര്‍ത്തല: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതു മൂലം കുടിവെള്ള o ലഭിക്കാതെ ജനങ്ങൾ നെട്ടോട്ടത്തിൽ. എത്രയും വേഗം പണികള്‍ തീര്‍ത്ത് കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജല അതോറിറ്റി. ഭൂമിക്കടിയില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് റീഇന്‍ഫോഴ്‌സഡ് പൈപ്പ് (ജിആര്‍പി) ബുധനാഴ്ച്ച രാത്രിയാണ് പൊട്ടിയത്.

ഇന്നലെ രാവിലെ മുതല്‍ അറ്റകുറ്റപണികള്‍ തുടങ്ങിയെങ്കിലും മഴ ബാധിച്ചു. പൊട്ടിയ റോഡ് ഭാഗത്തെ മണല്‍ നീക്കിയ ശേഷം പൊട്ടിയ പൈപ്പും മുറിച്ചു നീക്കി പകരം പുതിയത് ഘടിപ്പിക്കണം. ഘടിപ്പിക്കുന്നത് ഉണങ്ങി ഉറയ്ക്കുകയും വേണം. മഴ ശമിച്ചാല്‍ മാത്രമേ പണികള്‍ സുഗമമായി നടക്കുകയുള്ളൂ.

അല്ലെങ്കില്‍ കുഴികളില്‍ വെള്ളം നിറയും. മഴ തുടരുന്നതിനാല്‍ ചെറിയ പന്തല്‍ ഉപയോഗിച്ചു വെള്ളം തടയുന്നുണ്ട്. വീതി കുറഞ്ഞ റോഡായതിനാല്‍ ഗതാഗത പ്രശ്‌നങ്ങളും അറ്റകുറ്റപണിയെ ബാധിക്കുന്നുണ്ട്. ഗതാഗതം കുറയുന്ന രാത്രിയില്‍ കൂടുതല്‍ സമയം ജോലികള്‍ ചെയ്യാനാണ് അധികൃതരുടെ തീരുമാനം.

സംഭവത്തെ തുടര്‍ന്ന് ചേര്‍ത്തല നഗരത്തില്‍ പലയിടത്തും ശുദ്ധജല വിതരണം തടസപ്പെട്ടിരിക്കുകയാണ്. കവലയിലെ പ്രധാന ഭാഗത്ത് പൈപ്പ് പൊട്ടിയതു മൂലം വളരെയേറെ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്.