Asianet News Malayalam

കരകയറാനാകാതെ വയനാട്ടിലെ നേന്ത്രക്കായ കര്‍ഷകര്‍; വിലയിടിവിനൊപ്പം കൊവിഡും തിരിച്ചടി

ലക്ഷങ്ങള്‍ മുടക്കിയാലും പക്ഷേ ആയിരം രൂപ പോലും അധികം ലഭിക്കാനില്ലെന്ന് മാത്രമല്ല മുടക്ക് മുതല്‍ പോലും കിട്ടുന്നില്ലെന്നതാണ് അവസ്ഥ.

farmers of wayanad in trouble amid covid
Author
Wayanad, First Published Apr 24, 2021, 11:32 AM IST
  • Facebook
  • Twitter
  • Whatsapp

കല്‍പ്പറ്റ: കൊവിഡിന്റെ രണ്ടാം വരവ് സര്‍വ്വമേഖലകളെയും പിടിച്ചുലച്ച് കൊണ്ടിരിക്കവെ പാടെ തകരുകയാണ് വയനാട്ടിലെ കാര്‍ഷികമേഖല. കാലത്തിനനുസരിച്ച് പലതരം വിളകള്‍ മാറി മാറി പരീക്ഷിച്ച് ഉപജീവനം കണ്ടെത്തുന്ന ജില്ലയിലെ കര്‍ഷകര്‍ക്ക് കൊവിഡ് കൂനിന്മേല്‍കുരുവായി മാറുകയാണ്. ഇപ്പോള്‍ നേന്ത്രക്കായ കര്‍ഷകരാണ് കൂടുതല്‍ വെട്ടിലായിരിക്കുന്നത്. കുറഞ്ഞ സമയത്തിനായി കൂടുതല്‍ മുതല്‍മുടക്കണമെന്നതാണ് വാഴക്കൃഷിയുടെ പ്രത്യേകത. 

ലക്ഷങ്ങള്‍ മുടക്കിയാലും പക്ഷേ ആയിരം രൂപ പോലും അധികം ലഭിക്കാനില്ലെന്ന് മാത്രമല്ല മുടക്ക് മുതല്‍ പോലും കിട്ടുന്നില്ലെന്നതാണ് അവസ്ഥ. നെല്ലില്‍ നിന്ന് കാര്യമായ വരുമാനമില്ലാതായതോടെയാണ് വാഴകൃഷിയിലേക്ക് എത്തുന്നത്. എന്നാല്‍ കര്‍ണാടകയില്‍ നിന്ന് വന്‍തോതില്‍ നേന്ത്രക്കുലകള്‍ കേരളത്തിലേക്ക് ഒഴുകിയതോടെ വിലയിടിഞ്ഞു. നാടന്‍ ഏത്തപ്പഴങ്ങള്‍ക്ക് ആവശ്യക്കാരും കുറഞ്ഞു. വാഴക്കൃഷി നഷ്ടങ്ങളുടെ കണക്കില്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 

വിഷു പ്രമാണിച്ച് ഇപ്പോള്‍ നേന്ത്രക്കായുടെ വില നേരിയ തോതിലെങ്കിലും വര്‍ധിച്ചിരുന്നു. എങ്കിലും പ്രതീക്ഷ വെക്കേണ്ടതില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഏത് സമയത്തും നാടന്‍ക്കുലകള്‍ക്ക് ഡിമാന്റ് കുറയാമെന്ന് മുന്‍കാല അനുഭവങ്ങള്‍ നിരത്തി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും വിളവെടുപ്പ് അവസാനിച്ചതും ആഘോഷങ്ങളില്‍ നാടന്‍ കുലകള്‍ക്കുള്ള ഡിമാന്റും കണക്കിലെടുത്ത് മാത്രമാണ് കുറഞ്ഞ സമയത്തേക്കെങ്കിലും വില വര്‍ധിക്കുന്നതെന്നാണ് അഭിപ്രായം. 

മുന്‍കാലങ്ങളെ അപേക്ഷിച്ച് വയനാട്ടില്‍ വാഴക്കൃഷി തീര്‍ത്തും കുറവാണ്. കൂലിയിനത്തില്‍ വന്‍തുക ചിലവഴിക്കേണ്ടി വരുമെന്നതിനാല്‍ വിലയിടിവ് പേടിച്ച് കര്‍ഷകര്‍ പിന്‍മാറുകയാണ്. ഇടനിലക്കാരുടെ ചൂഷണത്തിന് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നേന്ത്രക്കായ വരവ് കൂടി താങ്ങാനാകാത്തതാണെന്ന് കര്‍ഷകര്‍ പറയുന്നു. എല്ലാ കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കുലകള്‍ സംഭരിക്കാന്‍ കഴിയാത്തതാണ് മറ്റൊരു പ്രശ്‌നം. 

ഹോര്‍ട്ടി കോര്‍പ് പോലെയുള്ള ഏജന്‍സികള്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളാണ് പലര്‍ക്കും തിരിച്ചടിയാകുന്നത്. അതേ സമയം കര്‍ണാടകയില്‍ നിന്നുള്ള നേന്ത്രക്കുലകള്‍ നാടന്‍ കുലകളാണൈന്ന തരത്തില്‍ സംഭരണകേന്ദ്രങ്ങളിലെത്തി്ച്ച് യഥാര്‍ഥ കര്‍ഷകരെ കബളിപ്പിച്ച സംഭവം പോലും വയനാട്ടിലുണ്ടായതായി കൃഷിക്കാര്‍ ആരോപിക്കുന്നു. 

വേനല്‍മഴയിലും കാറ്റിലും ജില്ലയിലെമ്പാടും നിരവധി കര്‍ഷകരുടെ തോട്ടമൊന്നാകെ നിലംപൊത്തിയിരുന്നു. പ്രകൃതിദുരന്തങ്ങളില്‍ നശിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ഇപ്പോഴും കാലത്തിന് അനുസരിച്ചുള്ള നഷ്ടം സര്‍ക്കാര്‍ കണക്കാക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. വിള ഇന്‍ഷൂറന്‍സ് കമ്പനിക്കാരുടെ നിബന്ധനകളില്‍ പലതും കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്തതാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Follow Us:
Download App:
  • android
  • ios