തിരുവനന്തപുരം: വട്ടിയൂർക്കാവ് വയലിക്കടയിൽ ഫാക്ടറി മാലിന്യം തോട്ടിൽ കലർന്നതിനെ തുടർന്ന് മീനുകൾ ചത്തുപൊങ്ങി. ഇതേതുടർന്ന് കുണ്ടമൺകടവ് പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള ജലവിതരണം നിർത്തിവച്ചു. നഗരവാസികൾ വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കണം എന്ന് നഗരസഭ നിർദേശം നല്‍കി. 

ഇന്നലെ രാത്രിയാണ് ഇലട്രോപ്ളേറ്റിങ് ഫാക്ടറിയിൽ നിന്നും രാസലായനി കലർന്ന മാലിന്യം ഒഴുക്കിവിട്ടത്. ഫാക്ടറി വൃത്തിയാക്കുന്നതിനിടെയാണ് രാസമാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴിക്കയതെന്നാണ് സൂചന. ഈ തോട്ടില്‍ നിന്നുള്ള നീരൊഴുക്ക് കുണ്ടമൺകടവ് പമ്പിങ് സ്റ്റേഷനുകളിലേക്കടക്കം എത്തി ചേരുന്നുണ്ട്. ഇതിനാലാണ് ജലവിതരണം നിർത്തിവച്ചിരിക്കുന്നത്.

ഇന്നലെ രാത്രി തന്നെ തോട്ടിലെ മീനുകള്‍ വ്യാപകമായി ചത്തുപൊങ്ങിയിരുന്നു. കുറച്ച് മീനുകളെ ഫ്കാടറി ഉടമകള്‍ കുഴിച്ചുമുടിയെന്ന് നാട്ടുകാര്‍ പറയുന്നു. തോട്ടിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം ലഭിച്ചതിനുശേഷം മൂന്ന് ദിവസങ്ങള്‍ ശേഷമേ പമ്പിങ് തുടരാന്‍ കഴിയൂ എന്ന് നഗരസഭ അറിയിച്ചു. നഗരസഭ അധികൃതര്‍ ഇടപ്പെട്ട് ഫാക്ടറി അടപ്പിച്ചു.