ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു, ഫോൺ നഷ്ടമായപ്പോളുള്ള ചാറ്റിംഗിലെ തർക്കത്തിന് പിന്നാലെ കൊലപാതകം; പിടിവീണു
ആലപ്പുഴ ചാരുംമൂട് ഇഷ്ടിക കമ്പിനിക്ക് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു
ചാരുംമൂട്: വള്ളികുന്നം കാമ്പിശ്ശേരി തെക്കേതലയ്ക്കൽ ഇഷ്ടിക കമ്പിനിക്കു സമീപം ബംഗാൾ സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്താണ് കൊലപാതകം നടത്തിയത്. ഇയാളെ വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ദക്ഷിൺ ദിനാജ് പൂർ നിദ്ര വില്ലേജിൽ സമയ് ഹസ്ത (22) കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ബംഗാൾ മരിചനം വെസ്റ്റ് ബംഗാൾ ദക്ഷിൺ ദിനാജ് പൂർ സ്വദേശി സനാധൻ ടുട്ടു (24) വിനെയാണ് അറസ്റ്റ് ചെയ്തത്.
സി ഐ ബിനുകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് സനാതൻ ടുട്ടുവിന്‍റെ അറസ്റ് രേഖപ്പെടുത്തിയത്. സുഹൃത്തുക്കളായ ഇരുവരും ഒരു വർഷമായി കോട്ടയം ചിങ്ങവനത്ത് ഒന്നിച്ച് താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് ഇവർ കാമ്പിശേരിയിലെ ഇഷ്ടിക ചൂളയിൽ ജോലിക്ക് എത്തിയത്. നാല് മാസം മുമ്പ് സനാധൻ ടുട്ടുവിന്‍റെ ഫോൺ നഷ്ടമായി. തുടർന്ന് കൊല്ലപ്പെട്ട സമയ് യുടെ ഫോണിൽ നിന്നും സനാധൻ സമൂഹ മാധ്യമ ഇടപാടുകൾ നടത്തിയിരുന്നു. ഇതിലൂടെ സനാധന്‍റെ പെൺ സുഹൃത്തുക്കളുമായി സമയ് ചാറ്റ് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
ഞായറാഴ്ച ഇരുവരും മദ്യപിച്ചിരുന്നു. തുടർന്ന് രാത്രി 10.30 ഓടെ കസേരയിൽ ഇരുന്ന സമയിനെ കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുക്കുകയായിരുന്നു. 10 മിനിറ്റിന് ശേഷം കസേരയിൽ നിന്ന് തള്ളിയിട്ട ശേഷം സനാധൻ ഉറങ്ങാൻ പോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട സമയ്ന്‍റെ ബന്ധുക്കൾ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം