കല്‍പ്പറ്റ: തങ്ങളില്‍ നിന്നും ചെറിയ വിലയ്ക്ക് സംഭരിക്കുന്ന പച്ചക്കറികള്‍ പൊന്നുംവിലയിട്ട് വില്‍ക്കുന്ന കച്ചവടക്കാരെ നോക്കി നിസഹായതയോടെ നില്‍ക്കുകയായിരുന്നു വയനാട്ടിലെ കര്‍ഷകര്‍. നേന്ത്രക്കായക്ക് വിലയില്ലാത്തത് കാരണം മുടക്ക് മുതലിന്റെ പകുതി പോലും തിരിച്ച് കിട്ടാതെ കര്‍ഷകര്‍ തിരിച്ചടി നേരിടുന്നതിനിടെയാണ് കൊവിഡ്-19 ഭീതിയെത്തിയത്. അത് ചില കര്‍ഷകര്‍ക്കെങ്കിലും അനുഗ്രഹമായി. ലോക് ഡൗണിനെ തുടര്‍ന്ന് പൊതുമാര്‍ക്കറ്റുകളിലുണ്ടായ പച്ചക്കറി ക്ഷാമം തീര്‍ക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറി സംഭരിക്കുന്നതാണ് ഇപ്പോള്‍ ആശ്വാസമായിരിക്കുന്നത്. 

ഹോര്‍ട്ടി കോര്‍പ്പിന്റെ ബത്തേരി അമ്മായിപ്പാലത്തെ ഗ്രാമീണ കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തില്‍ ബത്തേരി താലൂക്കിലെ കര്‍ഷകരില്‍നിന്ന് മാത്രം കഴിഞ്ഞദിവസം സംഭരിച്ചത് 20 ടണ്ണോളം പച്ചക്കറിയാണ്. തിങ്കളാഴ്ചയാണ്  താലൂക്കിലെ കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ ശേഖരിച്ചത്. നേന്ത്രക്കായ, പപ്പായ, കാച്ചില്‍, ചേമ്പ്, ചേന, പയര്‍, ചീര, കാന്താരി, പച്ചമുളക് തുടങ്ങി എല്ലാത്തരം പച്ചക്കറികളും സംഭരിച്ചിട്ടുണ്ട്.

70-ഓളം കര്‍ഷകരാണ് ഹോര്‍ട്ടി കോര്‍പ്പിലേക്ക് പച്ചക്കറിയെത്തിച്ചത്. ഈ ഉത്പന്നങ്ങളുടെ വില കൃഷിഭവന്‍ മുഖേന കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കും. ലോക്ഡൗണിനെത്തുടര്‍ന്ന് വിളവെടുത്ത പച്ചക്കറി വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ട് നേരിടുന്നതിനാലാണ്, ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകരില്‍ നിന്നും പച്ചക്കറി സംഭരിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും സഹകരണ ബാങ്കുകളുടെയും കൃഷിഭവനുകളുടെയും സഹകരണത്തോടെയാണ് സംഭരണം. 

സാമൂഹിക അടുക്കളകള്‍ക്കാവശ്യമായവ എടുത്തതിനുശേഷം ബാക്കിയുള്ളവയാണ് ഹോര്‍ട്ടി കോര്‍പ്പിന് നല്‍കുന്നത്.
ജില്ലയില്‍ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടി കോര്‍പ്പിന്റെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള കേന്ദ്രങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്. തിങ്കളാഴ്ച ബത്തേരി താലൂക്കിലും വ്യാഴാഴ്ച വൈത്തിരി താലൂക്കിലും ഞായറാഴ്ച മാനന്തവാടി താലൂക്കിലും ഹോര്‍ട്ടി കോര്‍പ്പ് കര്‍ഷകരില്‍ നിന്നും പച്ചക്കറി ശേഖരിക്കും. അതേ സമയം ഈ രീതി ഹോര്‍ട്ടി കോര്‍പ്പ് തുടരണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.