രാഹുൽ മാങ്കൂട്ടത്തിലിന് ഒരു പാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ട് പോലും വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ ആരോപണത്തിന് പിന്നിൽ കോൺഗ്രസ് പാർട്ടിക്ക് പങ്കുണ്ടെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയ‍ർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് കലാമണ്ഡലം സത്യഭാമ ജൂനിയ‍ർ. ആ പയ്യൻ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരു കാരണവശാലും ഇത്രയും വലിയ പ്രശ്നത്തിൽ ഇടപെടില്ലെന്നാണ് സത്യഭാമ ജൂനിയർ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിന് ഒരു പാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ട് പോലും വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ ആരോപണത്തിന് പിന്നിൽ കോൺഗ്രസ് പാർട്ടിക്ക് പങ്കുണ്ടെന്നാണ് കലാമണ്ഡലം സത്യഭാമ ജൂനിയ‍ർ വിശദമാക്കുന്നത്.

സത്യഭാമയുടെ ഫേസ്ബുക്ക് കുറിപ്പ് വിശദമാക്കുന്നത്

രാഹുൽ ഈശ്വറിനെ എനിക്ക് നേരിൽ പരിചയമില്ലെങ്കിലും, രാഹുലിന്റെ ഭാര്യ ദീപ എന്റെ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിനി ആയിരുന്നു. ചില കുട്ടികൾ നൃത്തം ചെയ്യുന്നത് കാണാൻ തന്നെ ഭയങ്കര ഭംഗിയായിരിക്കും. താളം, ലയം, അഭിനയം എല്ലാം ഒത്തുവരുമ്പോളാണ് ഏതൊരു ഗുരുവിനും ആ ഒരു ഫീൽ കിട്ടുന്നത്. ദീപ അതുപോലൊരു കുട്ടിയാണ്. ഇന്ന് സോഷ്യൽ മീഡിയ ഓപൺ ചെയ്താൽ രാഹുലാണ് മൊത്തത്തിൽ. ആ പയ്യൻ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരുകാരണവശാലും ഇത്രയും വലിയ ഒരു പ്രശ്നത്തിൽ ഇടപെടില്ല. രാഹുലിന് ഒരുപാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടുപോലും എംഎൽഎയുടെ വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ 100 ശതമാനം ഉറപ്പിച്ചോ വ്യക്തമായ കൈകൾ എംഎൽഎയുടെ സ്വന്തം പാർട്ടിയിൽ തന്നെ ഉണ്ടെന്ന്.

നേരത്തെ നടനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ രൂക്ഷമായ അധിക്ഷേപം നടത്തിയതിന് കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ കേസ് എടുത്തിരുന്നു. കറുപ്പ് നിറത്തിന്റെ പേരിലായിരുന്നു ആർ എൽ വി രാമകൃഷ്ണനെതിരായ അധിക്ഷേപം. മോഹിനിയാട്ടം പുരുഷന്മാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണമെന്ന് ഇവർ ആവർത്തിക്കുകയും ചെയ്തിരുന്നു.

ഇന്നലെ രാത്രിയാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. അന്വേഷണത്തിന്‍റെ ഭാഗമായി രാഹുൽ ഈശ്വറിന്‍റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിശോധന നടത്താനിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ നാലു പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം