തിരുവനന്തപുരം: കൊവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴും ഭക്ഷണത്തിന് പോലും പണമില്ലാതെ കനിവ് 108 ആംബുലൻസ് ജീവനക്കാർ. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രതിഷേധങ്ങൾക്കോ സമരങ്ങൾക്കോ പോകാതെ സേവനത്തിന്റെ പാതയിലാണ് ആയിരത്തി മുന്നൂറോളം വരുന്ന ജീവനക്കാർ. 

പല തവണ കനിവ് 108 ആംബുലൻസ് നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്ന ജി.വി.കെ.ഈ.എം.ആർ.ഐ എന്ന കമ്പനി അധികൃതരോടും ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികാരികളോടും ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് ജീവനക്കാർ പറയുന്നു. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നില്ല എന്ന മറുപടിയാണ് കമ്പനി അധികൃതർ അറിയിച്ചതെന്നും ഇവർ പറയുന്നു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിയെയും, ജില്ലാ കളക്ടർമാരെയും കണ്ട് ജീവനക്കാർ പല തവണ പരാതി അറിയിച്ചെങ്കിലും കൃത്യമായി ശമ്പളം നൽകുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ആരും തയ്യാറായില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. 

പോയ മാസങ്ങളിൽ സമരങ്ങൾ നടത്തിയും പരാതികൾ നൽകിയുമാണ് 108 ആംബുലൻസ് ജീവനകാർക്ക് ശമ്പളം ലഭിച്ചത്. ഈ മാസവും അത്തരത്തിൽ 13 ജില്ലകളിലെ ജീവനക്കാർ  സമരം പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പിന്മാറുകയായിരുന്നു.  കൊവിഡ്‌ 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 53 ആംബുലൻസുകളും 220ഓളം ജീവനക്കാരെയുമാണ് കനിവ് 108 സർവീസിന്റെ ഭാഗമായി വിവിധ ജില്ലകളിലായി ജോലി ചെയ്യുകയാണ്. 

ഇവരിൽ പലർക്കും ഭക്ഷണം കഴിക്കാൻ പോലും പണം ഇല്ല എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊവിഡ്‌ 19 ഡ്യൂട്ടികൾക്കായി ഇട്ടിരിക്കുന്ന 108 ആംബുലൻസുകളിലെ ജീവനക്കാർ പാർക്കിം​ഗ് ഏരിയയിൽ നിലത്തുകിടന്ന് ഉറങ്ങുന്ന ചിത്രവും ഇവരുടെ നിലവിലെ അവസ്ഥകളും കാണിച്ചുള്ള പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിലവിൽ ഫെബ്രുവരി മാസത്തെ ശമ്പളം ഇതുവരെ ജീവനകാർക്ക്  ലഭിച്ചിട്ടില്ല. ഓരോ മാസവും 21 മുതൽ അടുത്ത മാസം 20 വരെയാണ് 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള കാലാവധി. 

അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം ലഭിക്കേണ്ടിടത്ത് എല്ലാ മാസവും 20നാണ് ശമ്പളം കമ്പനി നൽകുന്നതെന്ന് ജീവനക്കാർ പറയുന്നു. ആംബുലൻസ് ഡ്രൈവർ, നഴ്‌സ്, കണ്ട്രോൾ റൂം ജീവനക്കാർ, ഓഫീസ് ജീവനക്കാർ ഉൾപ്പടെ 1300പേരാണ് കനിവ് 108 ആംബുലൻസ് സർവീസിന്റെ ഭാഗമായി സംസ്ഥാനത്ത് ജോലി ചെയ്യുന്നത്. രണ്ടുകോടിയോളം രൂപയാണ് ഓരോ മാസവും 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളയിനത്തിൽ കമ്പനി ചിലവാക്കേണ്ടത്. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഫണ്ട് ലഭിച്ചാൽ അന്നുതന്നെ ജീവനക്കാരുടെ ശമ്പളം നൽകാൻ വേണ്ട നടപടികൾ ചെയ്തിട്ടുള്ളതായി ജി.വി.കെ ഈ.എം.ആർ.ഐ അധികൃതർ അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു