Asianet News MalayalamAsianet News Malayalam

കാട്ടാക്കട ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടി ജനം

മലയോര മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കാട്ടാക്കടയിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 

kattakada junction traffic jam
Author
Kattakada, First Published May 29, 2019, 8:34 AM IST

തിരുവനന്തപുരം: മലയോര മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കാട്ടാക്കടയിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ അഞ്ച് വർഷം മുൻപ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടും കാട്ടാക്കട പഞ്ചായത്തും പൂവച്ചൽ പഞ്ചായത്തും ഇതിനായി മുൻകൈ എടുക്കാത്തത് കാരണം ജനങ്ങള്‍ ഇപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുകയാണ്. 

നടപ്പാതകളിലെ വഴിയോര കച്ചവട സമയങ്ങളില്‍ ആളുകള്‍ റോഡിലേക്കിറങ്ങി നില്‍ക്കുന്നതും നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കൂടിയാകുമ്പോൾ കാൽനട യാത്രയും വാഹനയാത്രയും മണിക്കൂറുകളെടുക്കുന്നു. ചന്തയുടെ ഇരു കവാടങ്ങളിൽ നിന്നും ഒപ്പം ഇടറോഡുകളിൽ നിന്നും വാഹനങ്ങള്‍ കയറിയിറങ്ങി പോകുന്നതും ഗതാഗതക്കുരുക്ക് ഉയര്‍ത്തുന്നു. ഇതിനോടൊപ്പം പൂവച്ചൽ ഭാഗത്തേക്കും കാട്ടാക്കട ഭാഗത്തേക്കും പോകുന്ന ബസുകൾ ബസ്സ്റ്റോപ്പിന് പുറത്ത് നിര്‍ത്തി ആളെയിറക്കുന്നതും കയറ്റുന്നതും ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാക്കുന്നു. ഇതോടെ ജംഗ്ഷനിൽ തുടങ്ങി കൈതകോണം വരെ നീളുന്ന വാഹനനിര രൂപപ്പെടും. 

ചന്ത കൂടുന്ന തിങ്കൾ, വ്യാഴം ദിവസങ്ങിലായിരുന്നു മുൻകാലങ്ങളിൽ കുരുക്ക് രൂക്ഷമായിരുന്നതെങ്കില്‍ ഇപ്പോള്‍ എല്ലാ ദിനവും ഒരേ പോലെ രൂക്ഷമാണ് ഇതുവഴിയുള്ള യാത്ര. കുളത്തുമ്മൽ, വീർണകാവ് വില്ലേജുകളിൽ താമസക്കാർ വില്ലേജ് താലൂക്ക് ആവശ്യങ്ങൾക്കും തിങ്കൾ, വ്യാഴം ദിവസത്തെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ഇതിന്‍റെ തിരക്ക് വേറെ. അതേ സമയം കാട്ടാക്കട പഞ്ചായത്തിലെ ജങ്ഷൻ മുതൽ ചൂണ്ടുപലക വരെയും  ജംഗ്ഷൻ മുതൽ ചാപ്പത്തുവരെയും സ്ഥിതി കുരുങ്ങി തന്നെയാണ്‌. 

ജൂണ്‍ തുടങ്ങിയാല്‍ സ്‌കൂൾ, കോളേജ് ബസുകൾ കൂടെ നിരത്തിലാകുന്നതോടെ മണിക്കൂറുകളോളം നഗരത്തില്‍ പെട്ട്കിടക്കേണ്ട അവസ്ഥയിലാണ് ജനം. പട്ടണത്തിലെ പത്തോളം സ്‌കൂളുകളിൽ കാൽ നടയായും സൈക്കിളിലും എത്തുന്ന വിദ്യാർത്ഥികൾ രൂക്ഷമായ തിരക്കിനിടയില്‍പ്പെടുന്നത് ടാക്സി ഡൈവര്‍മാരുമായി പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുന്നു.  വഴിയോര കച്ചവടത്തിനും ചന്തയിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമൊരുക്കിയും റോഡിലൂടെ ഗതാഗത തടസമില്ലാതെ യാത്ര സുഖമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.  

Follow Us:
Download App:
  • android
  • ios