ആലപ്പുഴ: എറ്റവും ദൂരം നീന്തിയ കടൽ റെക്കോർഡ് മറികടക്കാനുള്ള നീണ്ട പരിശ്രമത്തിലാണ് പരിമിതികളെ തോൽപ്പിച്ച് കൈനകരിയിൽ തയ്യിൽ വീട്ടിൽ ബാബുരാജ്. 54 മണിക്കൂർ നീന്തി ഇരുപത്തിനാലുകാരൻ സ്വന്തമാക്കിയ മിന്നുന്ന റെക്കോർഡ് മറികടക്കണമെന്ന ആഗ്രഹം കടലോളം മനസിൽ നിറച്ച് അതിനുള്ള തയ്യറെടുപ്പിലാണ് ബാബുരാജ്. തന്റെ ഇടത് കയ്യുടെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ഈയൊരു ദൂരം നിശ്ചയദാർഢ്യം കൊണ്ട് മറികടക്കാനാണ് ബാബുരാജ് ഉദ്ദേശിക്കുന്നത്.

പക്ഷെ സാമ്പത്തികമായുള്ള പ്രയാസങ്ങൾ തന്റെ ആഗ്രഹങ്ങൾക്ക് മീതെ കരിനിഴൽ വീഴ്ത്തുന്നതിനാൽ തന്റെ പരിശ്രമം പാഴായി പോകുമോ എന്ന ഭയം ബാബുരാജിനെ അലട്ടുന്നുണ്ട്. പമ്പയുടെ ആഴങ്ങളിൽ കാലുറക്കാത്ത കാലം മുതൽ ഈ കുട്ടനാട്ടുകാരൻ പ്രതിസന്ധിയുടെ നിലയില്ലാക്കയങ്ങളിൽ മുങ്ങിത്താഴുമ്പോഴും നേട്ടങ്ങളെ വാരി പുണരുവാൻ ഒരു മടിയും കാണിച്ചിരുന്നില്ല. തന്റെ വൈകല്യങ്ങളെയും പ്രകൃതി ഒരുക്കിയ തടസ്സങ്ങളെയും മറികടന്നാണ് ബാബുരാജ് ലിംക ഓഫ് ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ചത്. വേമ്പനാട് കായലിലെ ചമ്പക്കുളത്ത് നിന്ന് പുന്നമട ഫിനിഷിംഗ് പോയിൻറ് വരെ നീന്തിയാണ് ലിംക ബുക്ക് ഓഫ് റെക്കോർഡിട്ടത്. 

ഇടത് കയ്യുടെ ചലനശേഷി നഷ്ടപ്പെട്ട ബാബുരാജ് 26 കിലോമീറ്റർ ഏഴ് മണിക്കൂർ പത്ത് മിനുട്ടും കൊണ്ട് നീന്തി കയറി. നീന്തലിലെ മികച്ച പ്രകടനത്തോടെ കൽക്കട്ട ആസ്ഥാനമായുള്ള റെക്കോർഡ് ഫോറത്തിന്റെ പട്ടികയിലും ബാബുരാജ് ഇടംപിടിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ക്രമത്തിന്റെ ഭാഗമായി നീന്തൽ ഉൾപ്പെടുത്തണമെന്ന് വാദിക്കുന്ന ബാബുരാജ് തന്റെ നീന്തൽ അറിവുകൾ പുതു തലമുറക്ക് പകർന്ന് നൽകാൻ അതിയായ ഉത്സാഹം കാണിക്കുന്നു. നീന്തലിലെ കടൽ റെക്കോർഡ്സ് 54 മണിക്കൂർ കൊണ്ട് 245 കിലോമീറ്റർ മറികടന്നതാണ്.

ആലപ്പുഴയില്‍ പരോളിലിറങ്ങിയ പ്രതിയെ മക്കള്‍ വെട്ടിപരിക്കേല്‍പ്പിച്ചു