പരാതിയെ തുടര്‍ന്ന് നടത്തിയ സ്റ്റേഷനുകളിലെ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയകരമായ സാഹചര്യത്തില്‍ രണ്ട് യുവാക്കളെ കണ്ടെത്തുന്നത്
പാലക്കാട്: ട്രെയിനിലെ യാത്രക്കാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. ആലപ്പുഴയില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ വംശജന്‍റെ സാധനങ്ങള്‍ മോഷണം പോയ കേസിലെ അന്വേഷണത്തിലാണ് എറണാകുളം സ്വദേശി പിടിയിലായത്. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശിയെ ആലപ്പുഴ ചെന്നൈ യാത്രയ്ക്കിടയില്‍ 22640 ട്രെയിനില്‍ വച്ചാണ് കൊള്ളയടിച്ചത്. ആപ്പിള്‍ കമ്പനിയുടെ ലാപ്ടോപ്പ്, ഇയര്‍ പാഡ്, ഐ പാഡ്, ഐ ഫോണ്‍, മുപ്പതിനായിരം രൂപ എന്നിവയാണ് മോഷണം പോയത്.
പരാതിയെ തുടര്‍ന്ന് നടത്തിയ സ്റ്റേഷനുകളിലെ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയകരമായ സാഹചര്യത്തില്‍ രണ്ട് യുവാക്കളെ കണ്ടെത്തുന്നത്. ഇവരെ കഴിഞ്ഞ ദിവസം ഒലവക്കോട് സ്റ്റേഷനില്‍ വച്ച് വീണ്ടും കണ്ടെത്തുകയായിരുന്നു. മോഷണം ലക്ഷ്യമിട്ട് ഒലവക്കോട് സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ രാത്രി 9 മണിയോടെ എത്തിയ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതിയെ തിരിച്ച് അറിയുകയായിരുന്നു. എറണാകുളം വൈറ്റില ജൂനിയർ ജനത റോഡിൽ പുളിക്കപ്പറമ്പിൽ ജോയിയുടെ മകൻ ടോണി ജെയിംസ് എന്ന തവള ജോർജ്ജാണ് പിടിയിലായത്. 33കാരനായ ഇയാളെ ഒലവക്കോട് റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എസ് അൻഷാദാണ് അറസ്റ്റ് ചെയ്തത്.
പ്രതി ഹോസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൊബൈൽ ഷോപ്പുകൾ, നീതി മെഡിക്കൽ സ്റ്റോർ, ജഡ്ജിയുടെ വസതി എന്നിവടങ്ങളിൽ മോഷണം നടത്തിയ കുറ്റത്തിന് മുൻകാലങ്ങളിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായ എസ് ഷമീർ, രജീഷ് മോഹൻദാസ്, സന്തോഷ് ശിവൻ, കുമരേഷ് പി.എം , കൃഷ്ണകുമാർ എം സി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

