സെക്രട്ടറിക്കടക്കം കൂട്ട സ്ഥലംമാറ്റം, ഇനി സ്വീപ്പറും പ്യൂണും മാത്രം: അങ്ങാടിപ്പുറം പഞ്ചായത്തിൽ ഭരണസ്തംഭനം
പഞ്ചായത്തിലെ മുഴുവൻ കത്തിടപാടുകളും നടത്തേണ്ടതും പൊതുജനങ്ങൾക്ക് എല്ലാതരം സർട്ടിഫിക്കറ്റുകളും ഒപ്പിട്ടു കൊടുക്കേണ്ടതും സെക്രട്ടറിയാണ്. പഞ്ചായത്ത് നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികളുടെയും അലോട്ട്‌മെന്റ് നിർവഹണ ഉദ്യോഗസ്ഥന്മാർക്ക് അനുവദിച്ചു കൊടുക്കേണ്ടതും സെക്രട്ടറിയാണ്.
മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി അടക്കം 14 ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്‍റ് എൻജിനീയർ, ജൂനിയർ സുപ്രണ്ട്, അക്കൗ ണ്ടൻറ്, അഞ്ച് യു.ഡി ക്ലർക്കുമാർ എന്നിവരെ സ്ഥലംമാറ്റിക്കൊണ്ടുള്ള അന്തിമ ഉത്തരവ് വന്നു. അഞ്ച് എൽ.ഡി ക്ലർക്കുമാരെ സ്ഥലം മാറ്റുന്ന കരട് ലിസ്റ്റും ഇറങ്ങിയിട്ടുണ്ട്. സ്ഥലം മാറ്റത്തിലൂടെ ഒഴിവ് വരുന്ന തസ്തികയിലൊന്നും പകരക്കാരെ നിയമിച്ചിട്ടുമില്ല എന്നതാണ് വിചിത്രം. 18 ജീവനക്കാരാണ് പഞ്ചായത്തിൽ ഉള്ളത്. ഇതിൽ 14 പേർക്കാണ് സ്ഥലംമാറ്റം. അവശേഷിക്കുന്ന നാലു പേരിൽ രണ്ട് സ്വീപ്പർമാരും രണ്ട് പ്യൂൺമാരുമാണ്.
പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനും പദ്ധതി നിർവഹണം തടസപ്പെടാനും ഇത് വഴിവെക്കും. പഞ്ചായത്തിലെ മുഴുവൻ കത്തിടപാടുകളും നടത്തേണ്ടതും പൊതുജനങ്ങൾക്ക് എല്ലാതരം സർട്ടിഫിക്കറ്റുകളും ഒപ്പിട്ടു കൊടുക്കേണ്ടതും സെക്രട്ടറിയാണ്. പഞ്ചായത്ത് നടപ്പിലാക്കുന്ന മുഴുവൻ പദ്ധതികളുടെയും അലോട്ട്‌മെന്റ് നിർവഹണ ഉദ്യോഗസ്ഥന്മാർക്ക് അനുവദിച്ചു കൊടുക്കേണ്ടതും സെക്രട്ടറിയാണ്. സെക്രട്ടറിയുടെ അസാന്നിധ്യത്തിൽ അടിയന്തരവും അനിവാര്യവുമായ സംവിധാനങ്ങൾ പൂർണമായും സ്തംഭിക്കും.
നിർമാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് എടുക്കേണ്ടതും പൂർത്തിയായ പ്രവൃത്തികളുടെ ബില്ല് തയാറാക്കേണ്ടതും നൂറുകണക്കായ നിർമാണ പ്രവൃത്തികളുടെ നിർവഹണം നടത്തേണ്ടതും അസിസ്റ്റന്റ്‌റ് എൻജിനീയറാണ്. ഇതും പൂർണമായി നിലക്കും. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ ദിനേന വരുന്ന നൂറുകണക്കായ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാനോ അതിൻമേൽ തുടർ നടപടികൾ എടുക്കാനോ ഫ്രണ്ട് ഓഫിസിൽ ആളുണ്ടാവില്ല.
അടിയന്തരമായി ഒഴിവുകൾ നികത്തി ജനങ്ങളെ ദ്രോഹിക്കുന്ന നടപടി സർക്കാർ തിരുത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.പി സഈദ ടീച്ചറും വൈസ് പ്രസിഡൻറ് ഷബിർ കറുമുറുക്കിലും ആവശ്യപ്പെട്ടു. പൊതുജനങ്ങളെ ദ്രോഹിച്ച് പഞ്ചായത്തിനെതിരേ ജന വികാരത്തെ തിരിച്ചുവിടാൻ എൽ.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ഇത്തരം നടപടികൾ എന്ന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ മുരളീധരനും കൺവീനർ കളത്തിൽ ഹാരിസും ആരോപിച്ചു.
Read More : നാടുകാണി ചുരത്തിൽ 30 അടി താഴ്ചയിൽ നിന്ന് അസഹ്യമായ ദുർഗന്ധം, പരിശോധിച്ചപ്പോൾ 2 പോത്തുകളുടെ ജഡം