മൃഗക്ഷേമത്തിനായുള്ള അറിവും അവബോധ പരിപാടികളും നല്‍കി വരുന്നതിലൂടെ മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ഒരു പരിധി വരെ കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: കുടപ്പനക്കുന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ജന്തുക്ഷേമ ദ്വൈവാരാചരണം' സമാപിച്ചു. സമാപന സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

മൃഗക്ഷേമത്തിനായുള്ള അറിവും അവബോധ പരിപാടികളും നല്‍കി വരുന്നതിലൂടെ മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ഒരു പരിധി വരെ കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ജന്തു ക്ഷേമ ബോര്‍ഡ് രൂപീകരിച്ചതിനു ശേഷം മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായ രീതിയില്‍ മുന്നോട്ട് പോകുന്നതായും മന്ത്രി പറഞ്ഞു. 

ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ മൃഗക്ഷേമം അതിന്റെ പൂര്‍ണതയില്‍ എത്തിക്കാനാകൂ എന്ന് സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ പ്രസിഡന്റും ജന്തുക്ഷേമ ബോര്‍ഡ് അംഗവുമായ ഡോ.വി. എം. ഹാരിസ് പറഞ്ഞു.

കുട്ടികളെ കൂടി പക്ഷിമൃഗാദികളുടെ ലോകത്തേക്ക് കൊണ്ട് വന്നാലേ ഭാവിയില്‍ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ കാര്യക്ഷമമാക്കാന്‍ കഴിയൂവെന്ന് ജന്തുക്ഷേമ ബോര്‍ഡ് അംഗം മരിയ ജേക്കബ് പറഞ്ഞു.

ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ടി. എം ബീനാ ബീവി, ഡോ. ഹരികൃഷ്ണകുമാര്‍ ജി. ആര്‍, ഡോ. നന്ദകുമാര്‍. എസ് എന്നിവര്‍ പങ്കെടുത്തു.