കോട്ടയം: പ്രളയത്തില്‍ വെള്ളം കയറി നശിച്ച കോട്ടയത്തെ മത്സ്യഫെഡ് അക്വേറിയം പെഡിക്യൂര്‍ പാര്‍ലറാക്കുമെന്ന പ്രഖ്യാപനം പാതിവഴിയിൽ. പദ്ധതിക്ക് മുനിസിപ്പാലിറ്റി അനുമതി നൽകാത്തതിനെ തുടർന്ന് മത്സ്യഫെഡ് അക്വേറിയത്തിന്റെ നവീകരണ പ്രവർത്തികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

കോട്ടയം നഗരത്തിന്റെ ഹൃദയ ഭാ​ഗത്താണ് മത്സ്യഫെഡിന്‍റെ അക്വേറിയം സ്ഥിതി ചെയ്യുന്നത്. പ്രളയത്തില്‍ വെള്ളം കയറി ഇവിടുത്തെ ജനറേറ്ററുകള്‍ നശിച്ചിരുന്നു. പത്ത് ലക്ഷം രൂപയുടെ മീനുകളാണ് അന്ന് ചത്തത്. പ്രളയത്തിന് ശേഷം ഈ അക്വേറിയം പൂട്ടിയിട്ടിരിക്കുകയാണ്. പ്രളയത്തിന് മുമ്പ് കാലുകളിലെ പരുപരുത്ത മൃതകോശങ്ങള്‍ മാറ്റുന്ന പ്രക്രിയയായ പെഡിക്യൂര്‍ പദ്ധതി അക്വേറിയത്തിൽ നടപ്പിലാക്കാൻ മത്സ്യഫെഡ് തീരുമാനിച്ചിരുന്നു.

സ്വകാര്യ മേഖലയില്‍ മീനുകളെ ഉപയോഗിച്ച് പെഡിക്യൂര്‍ ചെയ്യുന്നതിന് ആവശ്യക്കാര്‍ ഏറെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സ്യഫെഡ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. അക്വേറിയം മുനിസിപ്പാലിറ്റിയുടെ പരിധിയിൽപ്പെടുന്നതിനാൽ പദ്ധതി നടത്തുന്നതിന് അപേക്ഷ നൽകി. എന്നാൽ, മൂന്ന് മാസം കഴിഞ്ഞിട്ടും പദ്ധതിക്ക് മുനിസിപ്പാലിറ്റി അനുമതി നൽകിയില്ല. 

അക്വേറിയത്തിന്‍റെ മേല്‍ക്കൂരയും ചുവരിന്‍റെ വശങ്ങളും പൊട്ടിപ്പൊളിഞ്ഞ് നശിച്ചു കിടക്കുകയാണെന്നും അതിനാൽ പദ്ധതിക്ക് അനുമതി നൽകാൻ കാലതാമസമുണ്ടെന്നും ആയിരുന്നു സ്ഥലം കൗണ്‍സിലറുടെ വിശദീകരണം. നേരത്തെ അക്വേറിയം കാത്തുസൂക്ഷിക്കാനായി ഒരു സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതിനാൽ അക്വേറിയതിന് സമീപം സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുതലാണ്.