Asianet News MalayalamAsianet News Malayalam

കുടിവെള്ളമില്ല, നീരുറവകളും വറ്റുന്നു; ആദിവാസി കോളനികളിൽ പ്രശ്നം രൂക്ഷം

കൊടും വേനലിൽ പുഴയ്ക്കൊപ്പം നീരുറവകളും വറ്റുന്നതോടെ കുടി നീരിനായി അലയുകയാണ് കുടുംബങ്ങൾ.
 

no water supply in kozhikode adivasi colony
Author
Kozhikode, First Published Mar 30, 2019, 9:13 AM IST

കോഴിക്കോട്: ആദിവാസി മേഖലകളില്‍ കുടിവെള്ള പദ്ധതിക്കായി ലക്ഷങ്ങൾ ചെലവാക്കുന്നുണ്ടെങ്കിലും കുടിവെള്ളം കിട്ടാക്കനിയാണ്. വാണിമേൽ പഞ്ചായത്തിലെ മാടാഞ്ചേരി കുറിച്ച്യ കോളനിയിൽ വെള്ളമെത്തിക്കാൻ 13 ലക്ഷം ചെലവിട്ട ശേഷം പദ്ധതി പാതിവഴിയിൽ നിർത്തി. കൊടും വേനലിൽ പുഴയ്ക്കൊപ്പം നീരുറവകളും വറ്റുന്നതോടെ കുടി നീരിനായി അലയുകയാണ് കുടുംബങ്ങൾ.

വാണിമേല്‍ പഞ്ചായത്തിലെ മാടാഞ്ചേരി കുറിച്യ കോളനിയിലെ നാല്‍പ്പത്തിയഞ്ച് കുടുംബങ്ങളിലെ 194 പേരുടെ നാവ് നനയ്ക്കുന്നത് വറ്റാറായ ഈ നീരുറവയാണ്. കരിങ്കല്ലുകൊണ്ട് കെട്ടി മുകളില് ഓലമെടഞ്ഞിട്ടാണ് കുറിച്യര്‍ കൂടിനീര് കാക്കുന്നത്. അലക്കാനും കുളിക്കാനും രണ്ട് കിലോമീറ്റര്‍ ദൂരെ കണ്ണൂരിന്‍റെ അതിര്‍ത്തിയിലുള്ള പാലൂര്‍ തോട്ടില്‍ പോകണം. തോടും വറ്റാറായി. 

ഇവിടേക്ക് വെള്ളമെത്തിക്കാനായി 2011 ല്‍ വാട്ടര്‍ അതോറിറ്റി ഒരു പദ്ധതി തുടങ്ങിയിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള പന്നിയൂരുനിന്ന് വെള്ളം പൈപ്പ് വഴി എത്തിച്ച് ഇവിടെ ടാങ്കില്‍ നിറയ്ക്കാനായി 13ലക്ഷം അന്ന് മുടക്കി. റോഡുപണി നടക്കുന്ന സമയത്ത് പൈപ്പൊക്കെ വലിച്ചുമാന്തി കളഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. 

എട്ടുകൊല്ലം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലായില്ല. പിന്നീട് ആറ് ലക്ഷം മുടക്കിയാണത്രേ ഇവിടെയുള്ള ചെറിയ കുഴി കല്ലിട്ട് കെട്ടിയത്. ഇതിലെ വെള്ളവും കോളനിയിലുള്ളവര്‍ക്ക് കൊടുത്ത് തുടങ്ങിയിട്ടില്ല. പൊരിവെയിലത്ത് സര്‍ക്കാരിന്‍റെ ലക്ഷങ്ങള്‍ ആവിയാകുന്നതല്ലാതെ മലമുകളിലെ മനുഷ്യരുടെ തൊണ്ടനയുന്നില്ല.

Follow Us:
Download App:
  • android
  • ios