കാടുകയറിയ അംഗനവാടിയില്‍ ഇഴജന്തുക്കളെ ഭയന്ന് കുട്ടികള്‍.

ഇടുക്കി: കാടിന് നടുവില്‍ ഇഴജന്തുക്കളെ ഭയന്ന് പഠനം നടത്തേണ്ട അവസ്ഥയിലാണ് മൂന്നാറിലെ അംഗൻവാടികളിൽ പഠിക്കുന്ന കുട്ടികളിൽ പലരും. പഴയ മൂന്നാര്‍ പഞ്ചായത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയാണ് 15 കുട്ടികൾ ഇഴജന്തുക്കളെ ഭയന്ന് പഠനം നടത്തുന്നത്.

വയനാട്ടിലെ ഷെഹ്ല പാമ്പുകടിയേറ്റ് മരിച്ചതോടെയാണ് കാടുകയറിയ സ്കൂളുകളും അംഗൻവാടികളും ശുചീകരിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ സ്കൂളുടെ ശുചീകണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന മൂന്നാറിലെ അംഗൻവാടികൾ ശുചീകരിക്കുന്നത് അധികൃതർ നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. പഴയ മൂന്നാർ പഞ്ചായത്ത് പാർക്കിംങ്ങ് ഗ്രൗണ്ടിന് സമീപത്തെ 13 വാർഡിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് ചുറ്റും കാടുകയറിട്ട് മാസങ്ങൾ പിന്നിടുകയാണ്. പകൽനേരങ്ങളിൽ ഇഴജന്തുക്കൾ സ്കൂൾ പരിസരത്ത് എത്തുന്നതായി കുട്ടികളും പറയുന്നു.

15 കുട്ടികളാണ് അംഗൻവാടിയിൽ ഉള്ളത്. ഭയന്നുവിറച്ചാണ് അടച്ചുറപ്പില്ലാത്ത കെട്ടിടത്തിൽ അധ്യാപകരടക്കും പഠനം തുടരുന്നത്. കാടുവെട്ടിതെളിച്ച് വൃത്തിയാക്കാൻ പഞ്ചായത്തിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും ലഭിച്ചിട്ടില്ല.പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നാണ് അധ്യാപകരുടെ ആവശ്യം. കാടുകയറി മൂടികിടക്കുന്നതിനൊപ്പം ഇവിടം മലന ജലമടക്കം ഒഴുകി പോകുന്നതിന് സംവിധാനമില്ല. കുട്ടികളിൽ പകര്‍ച്ചവ്യാതികള്‍ പടര്‍ന്ന് പിടിക്കുന്നതിനും ഇത് കാരണമാകും.