2018, ലും 19 ലും പ്രളയം വന്നതും വാഴക്കൃഷി വ്യാപകമായി നഷ്ടത്തിലായതും കര്‍ഷകരെ നെല്‍ക്കൃഷിയിലേക്ക് എത്തിച്ചുവെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയതും മുന്‍വര്‍ഷത്തേക്കാളും സംഭരണവില വര്‍ധിപ്പിച്ചതും നെല്‍കൃഷി വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. 

കല്‍പ്പറ്റ: വയനാട്ടില്‍ നെല്‍കൃഷിയും പാടങ്ങളുടെ വിസ്തൃതിയും കുറഞ്ഞുവരികയാണെന്ന അഭിപ്രായം നിലനില്‍ക്കുമ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച് നെല്‍കൃഷി വര്‍ധിക്കുകയാണെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 1987-ല്‍ 18418 ഹെക്ടര്‍ വയലില്‍ ജില്ലയില്‍ നഞ്ച കൃഷി ചെയ്തിരുന്നു. ക്രമേണ വയലുകള്‍ വാഴക്കൃഷിക്ക് വഴിമാറിയതോടെ മുകളില്‍ സൂചിപ്പിച്ച കണക്കില്‍ ഗണ്യമായ കുറവുണ്ടായി. എങ്കിലും പ്രതീക്ഷകള്‍ നല്‍കുന്ന തരത്തില്‍ നെല്‍കൃഷി വര്‍ധിച്ചിരിക്കുകയാണ് ഇത്തവണ. 

1990-ല്‍ 1054 ഹെക്ടര്‍ മാത്രമുണ്ടായിരുന്നു നേന്ത്രവാഴക്കൃഷി 2018-19 വര്‍ഷത്തില്‍ 8861 ഹെക്ടറിലേക്ക് വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. എന്നാല്‍ 2020-21 വര്‍ഷത്തില്‍ 8064.2 ഹെക്ടറില്‍ വയനാട്ടില്‍ നെല്‍കൃഷിയാണുള്ളതെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2019-20 കാലയളവില്‍ ഇത് 7325.6 ആയിരുന്നു. ഈ വര്‍ഷം 738.6 ഹെക്ടര്‍ നെല്‍കൃഷി വര്‍ധിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2017-18 കാലയളവില്‍ 8026 ഹെക്ടറായിരുന്നു നെല്‍കൃഷി. ഇത് 2018-19 വര്‍ഷത്തില്‍ 7761.51 ആയി കുറയുകയായിരുന്നു. 2018, ലും 19 ലും പ്രളയം വന്നതും വാഴക്കൃഷി വ്യാപകമായി നഷ്ടത്തിലായതും കര്‍ഷകരെ നെല്‍ക്കൃഷിയിലേക്ക് എത്തിച്ചുവെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയതും മുന്‍വര്‍ഷത്തേക്കാളും സംഭരണവില വര്‍ധിപ്പിച്ചതും നെല്‍കൃഷി വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. 

പരമ്പരാഗത നെല്ലിനങ്ങളുടെ കൃഷിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. അതേ സമയം നെല്‍കൃഷി വര്‍ധിക്കുമ്പോഴും ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഏറുകയാണെന്നാണ് കര്‍ഷകരുടെ അഭിപ്രായം. നെല്ല് സംഭരിക്കുന്ന കാര്യത്തില്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുന്ന നടപടിയാണ് വേണ്ടതെന്ന് പുല്‍പ്പള്ളി ചേകാടി വനഗ്രാമത്തിലെ കര്‍ഷകനായ അജയന്‍ പറഞ്ഞു. നാമമാത്ര കര്‍ഷകരാണ് സപ്ലൈകോ വഴി നെല്ല് വില്‍ക്കുന്നത്. സ്വകാര്യമാര്‍ക്കറ്റിനേക്കാളും വില ലഭിക്കുമെങ്കിലും എല്ലാ കര്‍ഷകരുടെയും നെല്ല് സംഭരിക്കാന്‍ സര്‍ക്കാരിന് കഴിയാറില്ല. 

ഇത് മൂലം മറ്റു കര്‍ഷകര്‍ സ്വകാര്യ മില്ലുടമകളെ തന്നെ അഭയം പ്രാപിക്കേണ്ടിരികയാണെന്ന് അജയന്‍ ചേകാടി പറഞ്ഞു. നെല്‍കൃഷി വര്‍ധിക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വാഗ്ദാനങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്നും തൊഴിലാളികളുടെയും യന്ത്രങ്ങളുടെയും ക്ഷാമം ഇപ്പോഴും തുടരുന്നതായും അമ്പലവയല്‍ പഞ്ചായത്തിലെ കര്‍ഷകനായ സുനിലും പറഞ്ഞു. ഏത് സര്‍ക്കാര്‍ വന്നാലും കാര്‍ഷിക രംഗവുമായി ബന്ധപ്പെടുത്തി പറയുന്ന വാഗ്ദാനങ്ങള്‍ ഭൂരിപക്ഷവും പാലിക്കപ്പെടാറില്ലെന്നാണ് സുനിലിന്റെ അഭിപ്രായം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona