തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ പിന്നോക്കമേഖലയിലെ സർക്കാർ സ്കൂളുകൾക്ക് ജില്ലാപഞ്ചായത്തിന്‍റെ സമ്മാനം. 26 സ്കൂൾ ബസുകൾ ജില്ലാപഞ്ചായത്ത് വിതരണം ചെയ്തു. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 

പിന്നോക്കമേഖലയിലെ സ്കൂളുകളിലെ കുട്ടികളുടെ യാത്രാദുരിതം പരിഹരിക്കാനാണ് സാരഥി എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. 4 കോടി ചെലവാക്കിയാണ് ജില്ലാപഞ്ചായത്ത് 26 സ്കൂൾ ബസുകൾ വാങ്ങി നൽകുന്നത്. ജില്ലയിലെ എല്ലാ സ്കൂളുകളിലും ക്ലാസ് റൂം ലൈബ്രറി സ‍ജ്ജീകരിക്കുകയാണ് മറ്റൊരു പദ്ധതി. സർഗവായന സമ്പൂർണ്ണ വായന എന്ന് പേരിട്ട പദ്ധതിയിലൂടെ കുട്ടികളിൽ വായനാശീലം വളർത്തുകയാണ് ലക്ഷ്യം. 

ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും ജില്ലാപഞ്ചായത്ത് ആയിരിക്കും. പുസ്തകങ്ങൾ സ്പോൺസർഷിപ്പിലൂടെ സമാഹരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുസ്തകങ്ങൾ ശേഖരിക്കാൻ കുട്ടികൾ തന്നെ രംഗത്തിറങ്ങും.