കഴുത്തില്‍ ഷാള്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ ബാസിമിനെ ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട്: കഴുത്തില്‍ ഷാള്‍ കുടുങ്ങി ഏഴാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊച്ചുമകന്‍റെ മരണ വിവരമറിഞ്ഞ മുത്തച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കട്ടിപ്പാറ കന്നൂട്ടിപ്പാറ ചക്കച്ചാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ബാസിം (13) ആണ് മരിച്ചത്. രാവിലെ 10.30ഓടെയായിരുന്നു സംഭവം.

കഴുത്തില്‍ ഷാള്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ ബാസിമിനെ ഉടന്‍ തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കുട്ടിയുടെ മുത്തച്ഛനായ അലവി ഹാജി(68) വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അലവി ഹാജിയെയും താമരശേരി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

ഇദ്ദേഹത്തിന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. താമരശേരി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ബാസിമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.