എറണാകുളം കാലടിയിൽ നിന്നാണ് ലഹരി പദാർത്ഥങ്ങളുമായി കുന്നത്തുനാട് സ്വദേശിയാ സ്വാതി കൃഷ്ണ എക്സൈസിന്റെ പിടിയിലായത്
കൊച്ചി: യൂട്യൂബിലെ പ്രശസ്ത വ്ളോഗറായ സ്വാതി കൃഷ്ണ ലഹരിമരുന്നുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചി എക്സൈസിന്‍റെ ഏറെനാളായുള്ള നിരീക്ഷണത്തിനൊടുവിലാണ് 28 കാരിയായ സ്വാതിക്ക് പിടിവീണത്. എറണാകുളം കാലടിയിൽ നിന്നാണ് ലഹരി പദാർത്ഥങ്ങളുമായി കുന്നത്തുനാട് സ്വദേശിയാ സ്വാതി കൃഷ്ണ എക്സൈസിന്റെ പിടിയിലായത്. കോളജ് വിദ്യാർഥികൾക്കിടയിലടക്കം സിന്തറ്റിക് ലഹരിമരുന്നുകളടക്കം എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സ്വാതിയെന്നാണ് വ്യക്തമാകുന്നത്. ഇവരിൽ നിന്നും മൂന്ന് ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടികൂടിയതായി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വാതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫിസർ ടി വി ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ എം തസിയ, ഡ്രൈവർ സജീഷ് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് യുവതിയെ എം ഡി എം എയുമായി കയ്യോടെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മാരകമയക്കുമരുന്നായ എം ഡി എം എയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി എന്നതാണ്. മലപ്പുറം മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ മുഹമ്മദ് ജിഹാദ് (28), തിരൂര്‍ പൊന്‍മുണ്ടം നീലിയാട്ടില്‍ അബ്ദുല്‍സലാം (29) എന്നിവരെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 51.64 ഗ്രാം എം ഡി എം എയും കണ്ടെടുത്തു. ലഹരിവേട്ട കൂടുതല്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ വാഹനപരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്. വാഹന പരിശോധനക്കിടെ യുവാക്കള്‍ പോലീസിനെ കണ്ടതോടെ പരിഭ്രമിക്കുകയായിരുന്നു. ചോദ്യം ചെയ്തതിന് പിന്നാലെയാണ് മയക്കുമരുന്ന് കടത്തുകാരാണെന്ന സൂചന ലഭിച്ചത്. പരിശോധനയിൽ എം ഡി എം എ കണ്ടെത്തുകയായിരുന്നു.
റോഡിൽ വാഹന പരിശോധന, വണ്ടി നിർത്തി പരുങ്ങി യുവാക്കൾ; സംശയം തോന്നി പൊലീസ് പൊക്കി, ബാഗിൽ എംഡിഎംഎ!
