Asianet News MalayalamAsianet News Malayalam

തൊഴിലാളി ലയങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വണ്ടൻമേട് കറുവാക്കുളം, മാലി എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് പണം മോഷ്ടിച്ചിരുന്നു. 

thief arrested for chain robberies in Idukki
Author
First Published Jun 23, 2022, 4:10 PM IST

ഇടുക്കി: എസ്റ്റേറ്റുകളിലെ തൊഴിലാളി ലയങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്ന കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ. കുമളി ആനവിലാസം പുവേഴ്‌സ് ഭവനിൽ ജയകുമാർ എന്ന കുമാർ (38) ആണ് അറസ്റ്റിലായത്. കുമളി, വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ മോഷണ പരമ്പരകൾ നടത്തി വന്നത്. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

വണ്ടൻമേട് കറുവാക്കുളം, മാലി എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് പണം മോഷ്ടിച്ചിരുന്നു. മാലിയിൽ മോഷ്ടിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. കുമളി സ്റ്റേഷൻ പരിധിയിലെ ചിറ്റാംപാറ ചക്കുപള്ളം തുടങ്ങിയ സ്ഥലങ്ങളിലും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് നിരവധി മോഷണം നടത്തിയിരുന്നു. 

വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാമ്പുപറയിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കുത്തി തുറന്ന് പണം അപഹരിച്ചതിനെ തുടർന്ന് വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. സിസി ടിവി ദൃശ്യങ്ങളിലെ ഫോട്ടോ എല്ലാ എസ്റ്റേറ്റുകളിലും നൽകുകയും ചെയ്‌തു. 

ഇതിനിടെ പാമ്പുപാറ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം വീണ്ടും പ്രതി എത്തിയപ്പോൾ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ തൊഴിലാളികളും ഏലത്തോട്ട ഉടമസ്ഥരും അറിയിച്ചതിനെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേത്യത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. 

മോഷണത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന് ഒളിച്ചു താമസിക്കുന്ന പ്രതി അടുത്ത മോഷണത്തിനായിട്ടാണ് വീണ്ടും ഇവിടെ എത്താറുള്ളത്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതിക്ക് സംസ്ഥാനത്ത് നിരവധി കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Follow Us:
Download App:
  • android
  • ios