ആലപ്പുഴ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഉത്തമ മാതൃക സൃഷ്ടിക്കുകയാണ് വെണ്മണി ഗ്രാമപഞ്ചായത്ത് ഭരണസമിതി. പട്ടികജാതി കുടുംബങ്ങൾ, ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾ എന്നിവരുടെ ഭൂമിയിൽ കയർ ഭൂവസ്ത്രം വിരിച്ചുള്ള മൺകയ്യാല നിർമ്മാണവും ജലസംരക്ഷണ പ്രവർത്തനങ്ങളും അടങ്ങുന്നതാണ് ഈ പദ്ധതി. 

ഇതുവരെ നൂറ് കുടുംബങ്ങളിൽ പദ്ധതി നടപ്പാക്കി. മുപ്പതോളം തൊഴിലാളികൾ 1437 തൊഴിൽ ദിനംകൊണ്ട് 469000 രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. 2019-20 സാമ്പത്തിക വർഷത്തെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മഴയിൽ നിന്നും ലഭിക്കുന്ന ജലം പരമാവധി ഭൂമിയിലേക്ക് ആഴ്ന്നിറക്കാനും, അതിലൂടെ ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. വേനലിലെ ജലക്ഷാമത്തിന് ഇതിലൂടെ ശ്വാശ്വത പരിഹാരം കാണാം. 

കനാലുകളുടേയും, തോടുകളുടേയും തീരങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിലൂടെ മണ്ണിടിച്ചിൽ തടയാനും സാധിക്കും. മണ്ണ് കയ്യാല നിർമ്മിച്ച് കയർ ഭൂവസ്ത്രം വിരിക്കുന്നതിനൊപ്പം മഴക്കുഴികളും നിർമ്മിച്ചിട്ടുണ്ട്. മഴക്കുഴികളിലൂടെ ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ സാധിക്കും. ഇതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളും, ജലസ്രോതസുകളും ജല സമ്പന്നമാകും. മുളയാണി ഉപയോഗിച്ച് കയർ ഭൂവസ്ത്രം കയ്യാലകളിൽ ഉറപ്പിച്ച് മുകളിൽ തീറ്റപ്പുല്ലുകൾ പിടിപ്പിച്ചാണ് ഇതിന്റെ നിർമ്മാണം. ഭൂമിയിലേക്ക് പരമാവധി ജലം ആഴ്ന്നിറങ്ങുന്നതിന് ഇത്തരം കയ്യാലകൾ സഹായകമാകും.