മോട്ടോർ വാഹന വകുപ്പുമായുള്ള നിയമപോരാട്ടത്തിലൂടെ ശ്രദ്ധേയനായ 'റോബിൻ ബസ്' ഉടമ ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോട്ടയം മേലുകാവ് പഞ്ചായത്തിലെ ഇടമറുക് വാർഡിൽ സ്വതന്ത്രനായി മത്സരിച്ച ഗിരീഷിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി ജെറ്റോ ജോസ് വിജയിച്ചു.
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് മത്സര രംഗത്തിറങ്ങിയ 'റോബിൻ ബസ്' ഉടമ ഗിരീഷിന് തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവി. പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ശക്തമായി ഏറ്റുമുട്ടി ശ്രദ്ധ നേടിയ ബേബി ഗിരീഷാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് ഗിരീഷ് മത്സരിച്ചത്. ഇവിടെ എൽഡിഎഫ്. സ്ഥാനാർത്ഥിയായ ജെറ്റോ ജോസ് ആണ് വിജയിച്ചത്. പോസ്റ്ററുകളും ഫ്ലെക്സുകളും പൂർണ്ണമായി ഒഴിവാക്കി ഡിജിറ്റൽ പ്രചാരണം മാത്രമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റോബിൻ ഉപയോഗിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് ഗിരീഷ് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി ഗണേഷ് കുമാറിൻ്റെ മണ്ഡലമായ പത്തനാപുരത്ത് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോട്ടയം മേലുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിൽ ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാർത്ഥി മാധ്യമ വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. മുമ്പ് സർക്കാരിനും മോട്ടോർ വാഹന വകുപ്പിനുമെതിരെ നിരവധി നിയമപേരാട്ടം നടത്തിയ ഈ സ്ഥാനാർത്ഥി ഇതേ വിഷയങ്ങൾ മുന്നോട്ട് വച്ചാണ് വോട്ട് തേടിയത്. പോസ്റ്ററും ഫ്ലക്സ്ബോർഡും അടക്കമുളള പ്രചരണ സാമഗ്രികളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിൽ ഗിരീഷ് ഇറങ്ങിയത്. മറ്റൊരു സ്വതന്ത്രനായ വിഷ്ണു ബാബുവിന് 119 വോട്ടാണ് ലഭിച്ചത്. ജെറ്റോ ജോസ് 240 വോട്ട് നേടിയാണ് വിജയം ഉറപ്പിച്ചത്. അതേസമയം 48 വോട്ട് നേടിയ പയസ്, ഏഴ് വോട്ട് നേടിയ തമ്പിയാണ് മൂന്നാം സ്ഥാനത്ത്.

