ബെവ്കോ ഔട്ട്ലറ്റിൽ നിന്ന് ഘട്ടംഘട്ടമായി മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈ ഡേയിൽ വില കൂട്ടി ആവശ്യക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

തെന്മല: കൊല്ലം തെന്മലയില്‍ ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. റിയ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന 29 വയസുള്ള അച്ചുമോനാണ് അറസ്റ്റിലായത്. കടയും വീടും ഗോഡൗണാക്കിയായിരുന്നു അച്ചുമോന്‍റെ അനധികൃത മദ്യ വിൽപ്പന. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അച്ചുമോന്റെ സ്റ്റേഷനറി കടയിൽ നിന്ന് പിടികൂടിയത് 12 കുപ്പി മദ്യമാണ്. ചോദ്യം ചെയ്തതിന് പിന്നാലെ വീട്ടിലെ പരിശോധനയിൽ കണ്ടെത്തിയത് 93 കുപ്പി മദ്യവും.

ബെവ്കോ ഔട്ട്ലറ്റിൽ നിന്ന് ഘട്ടംഘട്ടമായി മദ്യം വാങ്ങി സൂക്ഷിച്ച് ഡ്രൈ ഡേയിൽ വില കൂട്ടി ആവശ്യക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അച്ചു മോനെ പിടികൂടിയത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അച്ചുമോനെന്ന് പുനലൂർ ഡിവൈഎസ്പി ബി.വിനോദ് പറഞ്ഞു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Read More : കുടുംബത്തോടൊപ്പം കൊച്ചിയിലെ ബാറിലെത്തിയ അഭിഭാഷകന് ഇടിക്കട്ട കൊണ്ട് ക്രൂരമര്‍ദ്ദനം, കണ്ണിന് പരിക്ക്

കഴിഞ്ഞ ദിവസം തൃശ്സൂർ കൊടുങ്ങല്ലൂരിലും അനധികൃത മദ്യം പിടികൂടിയിരുന്നു. അഴീക്കോട് കപ്പൽ ബസാറിൽ നിന്ന് അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശ മദ്യം എക്സൈസ് സംഘമാണ് പിടിച്ചെടുത്തത്. മദ്യം വിൽപ്പനയ്ക്കെത്തിച്ച അഴീക്കോട് കപ്പൽ ബസാറിൽ കുന്തനേഴത്ത് വീട്ടിൽ ജിജേഷിനെ (38 ) കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ഷാംനാഥും സംഘവും അറസ്റ്റ് ചെയ്‌തത്.ഒന്നാം തീയതിയും രണ്ടാം തീയതി ഗാന്ധി ജയന്തി ദിനവും ആയതിനാല്‍ ഡ്രൈഡേ പ്രമാണിച്ച് മദ്യ ഷാപ്പുകൾക്കുള്ള അവധി മുന്നിൽ കണ്ടാണ് ഇന്നലെ മദ്യം സ്റ്റോക്ക് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.