മനസ്സിലാവുമോ, ഒരു നേഴ്സ് ജോലിക്കിടയില്‍ ഉരുകിത്തീരുന്ന അവസ്ഥകള്‍? അബ്ദുല്‍ റഹ്മാന്‍ പട്ടാമ്പി എഴുതുന്നു

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

പകരുന്ന രോഗമാണ് പകര്‍ച്ച വ്യാധി. അതിനര്‍ത്ഥം, അടുത്തിടപഴകുന്നവര്‍ക്ക് രോഗം പകരാന്‍ സാദ്ധ്യത കൂടുതല്‍ എന്നു തന്നെയാണ്. അപ്പോള്‍ അത്തരം രോഗികളെ പരിചരിക്കുന്ന നഴ്‌സുമാരോ? നിപ വൈറസ് രോഗികളെ പരിചരിച്ചതിന് സ്വന്തം ജീവന്‍ ബലിനല്‍കേണ്ടി വന്ന ലിനി എന്ന നഴ്‌സിനെ ഓര്‍ക്കുമ്പോള്‍ ഇക്കാര്യം കുറേ കൂടി മനസ്സിലാവും. 

ഗുരുതരമായ പകര്‍ച്ചവ്യാധി ഉള്ള രോഗിയെ, ജോലിയുടെ ഭാഗമായി കൂടെ നിന്ന് പരിചരിക്കേണ്ടി വരുന്ന ഒരു നേഴ്സിന്റെ മാനസികാവസ്ഥ എന്തായിരിക്കും? നിങ്ങള്‍ക്കത് ഊഹിക്കാന്‍ കഴിയുമോ?

2010-11 സമയത്തു എച്ച്‌വണ്‍ എന്‍ വണ്‍ പനി പടര്‍ന്നു നില്‍ക്കുന്ന സമയം. ദിവസവും പനി പിടിച്ചു മരിച്ചവരുടെ വാര്‍ത്തകള്‍ നിറയുന്നു. ഹൃദയാഘാതമായി ഞങ്ങളുടെ കാര്‍ഡിയാക് ഐസിയുവില്‍ കിടക്കുന്ന ഒരു രോഗിക്ക് പിന്നീട് പനിയും ചുമയും കാണപ്പെടുകയും അത് മൂര്‍ച്ഛിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ലക്ഷണങ്ങള്‍ എച്ച്‌വണ്‍ എന്‍ വണ്‍ പനിയുടേതെന്ന് സ്ഥിരീകരിച്ചതോടെ എല്ലാവരും പരിഭ്രാന്തരായി. 

ഈ നാലു ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ച മാനസികാവസ്ഥ എത്ര ഭീകരമാണെന്ന് അറിയുമോ?

കാര്‍ഡിയാക് എമര്‍ജന്‍സി നിലനില്‍ക്കുന്ന അവസ്ഥയാണ്. രോഗിയെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഷിഫ്റ്റ് ചെയ്യാനും പറ്റില്ല. ഞങ്ങള്‍ തന്നെ പരിചരിക്കണം എന്ന് ഉറപ്പായതോടെ ഒരു ഐസൊലേഷന്‍ ഐസിയു സെറ്റപ്പിലേക്ക് രോഗിയെ മാറ്റി. രണ്ടു പേര്‍ രണ്ടു ഷിഫ്റ്റുകളില്‍ ആയി മാറി മാറി ആ രോഗിയെ പരിചരിക്കാം എന്നും തീരുമാനിച്ചു. കൂട്ടത്തിലെ ഏക മെയില്‍ നേഴ്സ് ആയതിനാല്‍, ഒരു നറുക്ക് എനിക്ക് തന്നെ കിട്ടി.

മുന്നില്‍, മറ്റൊരു ഓപ്ഷന്‍ ഇല്ലായിരുന്നു. കഴിയാവുന്ന പ്രിക്കോഷന്‍ ടെക്‌നിക്സ് ഒക്കെ ഉപയോഗിച്ച് ഞങ്ങള്‍ ആ രോഗിയെ പരിചരിച്ചു. നാലു ദിവസം കൊണ്ട് വെന്റിലേറ്ററില്‍ നിന്ന് പൂര്‍ണമായും മാറ്റി. അത്യാസന്ന നില തരണം ചെയ്ത ആളെ ഒരു ഐസൊലേഷന്‍ റൂമിലേക്ക് മാറ്റി. ഞാന്‍ പഴയ കാര്‍ഡിയാക് ഐസിയു ഡ്യുട്ടിയിലേക്കും മാറി. 

ഈ നാലു ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ച മാനസികാവസ്ഥ എത്ര ഭീകരമാണെന്ന് അറിയുമോ? ഡ്യുട്ടി സമയം മുഴുവന്‍ ഞാനും വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ ഉള്ള ആ മനുഷ്യനും മാത്രം. അടഞ്ഞു കിടക്കുന്ന ഒരു മുറിയില്‍ ഏകാന്തവാസം. അത്യാവശ്യം സഹായങ്ങള്‍ വേണ്ടപ്പോള്‍ വിളിച്ചാല്‍ ഒരു സ്റ്റാഫ് പുറത്ത് നിന്ന് അകത്തേക്ക് വരും. 

മനസ്സില്‍ സദാ സമയം ഒരേയൊരു പ്രാര്‍ത്ഥന മാത്രം. .രോഗം പകരല്ലേ എന്ന്. വീട്ടില്‍ ചെന്നിട്ടും ഇതാണ് എന്റെ ഡ്യുട്ടി എന്നു പറഞ്ഞില്ല. വീട്ടുകാരോട് അടുത്തിടപഴകി നില്‍ക്കാന്‍ ഉള്ളില്‍ ഭയം. അവരെ കൂടെ ആധി പിടിപ്പിക്കണ്ട എന്നു കരുതി. എനിക്ക് രോഗം പകര്‍ന്നാല്‍...ആ ചിന്ത എപ്പോഴുമുണ്ട്. അത് ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകള്‍. ഞാന്‍ മൂലം അത് എന്റെ വീട്ടിലേക്കോ നാട്ടിലേക്കോ ഈ പകര്‍ച്ചവ്യാധി പടരുമോ എന്നു ഭയം മുറുകും. അങ്ങനെ മനസ്സ് നിറയെ വിങ്ങല്‍.

ആ നാളുകള്‍ കഴിഞ്ഞു. ആ ദിവസങ്ങള്‍ വെറും ഓര്‍മ്മ മാത്രമായി. ഇപ്പോള്‍, നിപ്പ വൈറസ് രോഗിയെ പരിചരിച്ച നേഴ്സ് ലിനി മരണപ്പെട്ട വാര്‍ത്ത കണ്ടപ്പോള്‍ ആണ് പഴയ ഓര്‍മ്മ തികട്ടിവന്നത്. നോക്കൂ, നിങ്ങള്‍ക്ക് മനസ്സിലാവുമോ, ഒരു നഴ്സ് സ്വന്തം ജോലിക്കിടയില്‍ ഉരുകി ഉരുകി തീരുന്ന ഇത്തരം അവസ്ഥകള്‍?