കഴിഞ്ഞ മാസമുണ്ടായ മഴയില്‍, എന്നാല്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഒരുമിച്ചുണ്ടായി. 226 പേര്‍ മരണപ്പെട്ടു. ഫേസ്ബുക്ക് വഴി കേരളത്തില്‍ എന്ത് നടക്കുന്നു എന്ന് എപ്പോഴും ഉറ്റ് നോക്കിയിരിക്കുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അവിടേക്കും പ്രളയം വന്നു. ഏറ്റവും വേദന അനുഭവിച്ച ദിവസങ്ങള്‍. പ്രളയം. കൂട്ടുകാരും വീട്ടുകാരും നാട്ടുകാരും എല്ലാം കഷ്ടപ്പെടുന്നു. ദൂരെയിരുന്ന് എന്ത് ചെയ്യാന്‍? 

ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം തുടങ്ങിയ ദുരന്തങ്ങളെല്ലാം ഇതുവരെ കേരളത്തിന് പലപ്പോഴും വാര്‍ത്തകള്‍ മാത്രമായിരുന്നു. പക്ഷെ, കഴിഞ്ഞ ദിവസങ്ങളിലത്രയും പ്രളയത്തിന്‍റെയും ഉരുള്‍പൊട്ടലിന്‍റെയും വേദനകളിലൂടെ നമ്മളും കടന്നുപോയി. അതിജീവനത്തിനായി കൈകോര്‍ത്തു. അതിജീവിക്കുക തന്നെ ചെയ്യുമെന്ന ആത്മവിശ്വാസമുണ്ട് കേരളത്തിന്. 

സുനാമി, ഭൂമികുലുക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ എപ്പോഴും കൂടെയുള്ള രാജ്യമാണ് ജപ്പാന്‍. അവരെപ്പോഴും അത് പ്രതീക്ഷിക്കുന്നു. അതിനെതിരെ പോരാടുന്നു. ജപ്പാനിലിരുന്നു കൊണ്ട് കേരളത്തിലെ പ്രളയത്തെ കാണുമ്പോള്‍ ഞെട്ടലും വേദനയുമുണ്ടാകുന്നുവെന്ന് യുവ എഴുത്തുകാരന്‍ അമല്‍ പിരപ്പന്‍കോട് എഴുതുന്നു. ഒരു മലയാളിയെയും ഇത് വരെ ഇന്നാട്ടില്‍ കണ്ടിട്ടില്ലാത്ത എന്‍റെ മെയില്‍ ബോക്സിലേക്ക് കേരളത്തിനായി നിഹോണ്‍ കൈരളി സംഘടന ധനസമാഹരണം നടത്തുന്ന വാര്‍ത്ത വന്നപ്പോള്‍ ഏറ്റവും സന്തോഷിച്ചു. വളരെ കുറച്ചു മലയാളികള്‍ ഉള്ള ഇവിടെ നിന്ന് 50 ലക്ഷമാണ് അവരുടെ ലക്ഷ്യം. ചുരുങ്ങിയ സമയം കൊണ്ട് 26 ലക്ഷം രൂപ സമാഹരിച്ചതായി ഇന്നൊരു മെയില്‍ വന്നു. തുടര്‍ ദിവസങ്ങളില്‍ ബാക്കി തുക കൂടി സമാഹരിക്കുമെന്നും അമല്‍ പറയുന്നു. 

മാവേലിക്കര ഞാന്‍ മൂന്നു കൊല്ലം താമസിച്ച വീട്ടില്‍ മുഴുവന്‍ വെള്ളം കയറി. എമ്പാടുമുള്ള സുഹൃത്തുക്കള്‍ ദുരിതത്തിലായി. കേരളം മുങ്ങുന്നു. മലയാളം ഇല്ലെങ്കില്‍ ഞാനില്ല. മനസ്സ് കൊണ്ട് കേരളം അങ്ങോളം ഓടി നടക്കാനേ കഴിഞ്ഞുള്ളൂ. എഴുത്തുകാരന്‍, അങ്ങനെയുള്ളവര്‍ ഒരു പുല്‍ക്കൊടി പോലുമല്ലെന്ന് തോന്നി. പ്രിയ സഹോ-യുവാക്കളും മഹാമനസ്കരായ മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും പ്രവര്‍ത്തിക്കുന്നത് കണ്ട് ആവേശം കൊണ്ടുവെന്നും അമല്‍ എഴുതുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആവശ്യത്തിന് തുകയെത്തിക്കാന്‍ ഇനിയും നാം കൈകോര്‍ക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അമല്‍ എഴുതി അവസാനിപ്പിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റ്: സുനാമി, ഭൂമികുലുക്കം, ഉരുള്‍പൊട്ടല്‍ അങ്ങനെ പ്രകൃതി ദുരന്തങ്ങള്‍ സദാ കൂടെയുള്ള, എപ്പോഴും അതിനോട് പോരാടിക്കൊണ്ടിരിക്കുന്ന ഒരിടത്താണ് ഞാനുള്ളത്. ഇവിടത്തെ സ്കൂളിലെ ആദ്യ ക്ലാസ് തന്നെ, 'ഭൂമികുലുക്കം എങ്ങനെ നേരിടാം' എന്നതായിരുന്നു. ഒരു തരം മാനസികപിരിമുറുക്കം അപ്പോഴേ തുടങ്ങിയിരുന്നു. താമസിക്കുന്ന മുറിയുടെ തള്ളി മാറ്റാവുന്ന വാതില്‍ നന്നായി വിറയ്ക്കുക, തറയും ചുവരും കുലുങ്ങുക ഒക്കെ അനുഭവിച്ചു തുടങ്ങിയപ്പോള്‍ ആകെ പ്രശ്നമായി. എപ്പോഴും ഒരപകടം പ്രതീക്ഷിക്കുന്ന പ്രതീതി. 

രണ്ട് മാഗ്നിറ്റിയൂഡുള്ള കുലുക്കങ്ങള്‍ നിത്യസംഭവമായപ്പോള്‍, പതിയെ പൊരുത്തപ്പെട്ടു തുടങ്ങി. ഒരുപാട് മലകള്‍ ഉള്ള ദ്വീപുകളാണ് ജപ്പാന്‍. മനോഹരമായി ഒഴുകുന്ന ധാരാളം നദികള്‍ ഉള്ളതിനാല്‍ വെള്ളപ്പൊക്കം അധികം ഉണ്ടാവാറില്ല. മലയോര ഗ്രാമപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ആണ് പ്രധാന പ്രശ്നം. കഴിഞ്ഞ മാസമുണ്ടായ മഴയില്‍, എന്നാല്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഒരുമിച്ചുണ്ടായി. 226 പേര്‍ മരണപ്പെട്ടു. ഫേസ്ബുക്ക് വഴി കേരളത്തില്‍ എന്ത് നടക്കുന്നു എന്ന് എപ്പോഴും ഉറ്റ് നോക്കിയിരിക്കുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അവിടേക്കും പ്രളയം വന്നു. ഏറ്റവും വേദന അനുഭവിച്ച ദിവസങ്ങള്‍. പ്രളയം. കൂട്ടുകാരും വീട്ടുകാരും നാട്ടുകാരും എല്ലാം കഷ്ടപ്പെടുന്നു. ദൂരെയിരുന്ന് എന്ത് ചെയ്യാന്‍? 

മാവേലിക്കര ഞാന്‍ മൂന്നു കൊല്ലം താമസിച്ച വീട്ടില്‍ മുഴുവന്‍ വെള്ളം കയറി. എമ്പാടുമുള്ള സുഹൃത്തുക്കള്‍ ദുരിതത്തിലായി. കേരളം മുങ്ങുന്നു. മലയാളം ഇല്ലെങ്കില്‍ ഞാനില്ല. മനസ്സ് കൊണ്ട് കേരളം അങ്ങോളം ഓടി നടക്കാനേ കഴിഞ്ഞുള്ളൂ. എഴുത്തുകാരന്‍, അങ്ങനെയുള്ളവര്‍ ഒരു പുല്‍ക്കൊടി പോലുമല്ലെന്ന് തോന്നി. പ്രിയ സഹോ-യുവാക്കളും മഹാമനസ്കരായ മത്സ്യത്തൊഴിലാളികളും മറ്റുള്ളവരും പ്രവര്‍ത്തിക്കുന്നത് കണ്ട് ആവേശം കൊണ്ടു. ഒരുപാട് ദുരന്തക്കാഴ്‌ചകൾ, പലരുടെയും നഷ്ടവാര്‍ത്തകള്‍, ഒറ്റപ്പെട്ടുപോയവരുടെ വാര്‍ത്തകള്‍, നിലവിളികൾ എല്ലാം മാറി നിന്ന് കേള്‍ക്കേണ്ടി വരുന്നതിന്‍റെ വിഷമം വളരെ വലുതാണ്‌. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുഹൃത്തുക്കൾക്കായി ചില ഓൺലൈൻ സഹായങ്ങളും അറിയിപ്പു കൈമാറലുകളും ചെയ്യാൻ മാത്രമേ പറ്റിയുള്ളൂ എന്ന കുറ്റബോധം ഇപ്പോഴും ഉണ്ട്. 

പക്ഷെ കൈയും മെയ്യും മറന്ന് ‌കേരളമങ്ങോളമിങ്ങോമുള്ളവർ, പ്രത്യേകിച്ച് ചെറുപ്പക്കാർ, മത്സ്യബന്ധനത്തൊഴിലാളികള്‍, പിണറായി സഖാവിന്‍റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഭരണകൂടം, സേനാവിഭാഗങ്ങള്‍, സൂപ്പര്‍ കലക്ടര്‍മാര്‍, സർക്കാർ ജീവനക്കാര്‍ , രാഷ്ട്രീയപ്രവർത്തകര്‍, ദുരിതാശ്വാസസഹായങ്ങള്‍ കൊടുത്തവര്‍, ക്യാമ്പുകളിലേക്ക് വസ്തുക്കള്‍ നല്‍കിയവര്‍, കേരളത്തെ സഹായിച്ച മറ്റ് സംസ്ഥാനങ്ങള്‍, രാജ്യങ്ങള്‍, എല്ലാം മറന്ന് കേരളത്തിനായി ഒന്നിച്ചു നിന്നവര്‍ ഒക്കെ ഇപ്പോള്‍ മനസിന്‍റെ ഭാഗമായിക്കഴിഞ്ഞു. പുതിയ പ്രതീക്ഷകള്‍ വാനോളമാണ്. എങ്കിലും ഇനിയും ഒത്തിരി മുന്നോട്ടു പോകാനില്ലേ; വെള്ളം ഇറങ്ങിക്കഴിഞ്ഞ വീട് പോലും എന്തൊരു സങ്കടമാണ്. മേല്ക്കൂര ചോര്‍ന്ന് പുസ്തകങ്ങള്‍ നനയുമ്പോള്‍ പോലും ഏറ്റവും വലിയ വേദനയും ദേഷ്യവും തോന്നിയിട്ടുണ്ട് എനിക്ക്. അപ്പോള്‍ സകല സാധനങ്ങളും വീട് പോലും നഷ്ട്ടപ്പെട്ടവര്‍ എത്ര മാത്രം ദുഃഖം അനുഭവിക്കും. 

ഒരു മലയാളിയെയും ഇത് വരെ ഇന്നാട്ടില്‍ കണ്ടിട്ടില്ലാത്ത എന്‍റെ മെയില്‍ ബോക്സിലേക്ക് കേരളത്തിനായി നിഹോണ്‍ കൈരളി സംഘടന ധനസമാഹരണം നടത്തുന്ന വാര്‍ത്ത വന്നപ്പോള്‍ ഏറ്റവും സന്തോഷിച്ചു. വളരെ കുറച്ചു മലയാളികള്‍ ഉള്ള ഇവിടെ നിന്ന് 50 ലക്ഷമാണ് അവരുടെ ലക്ഷ്യം. ചുരുങ്ങിയ സമയം കൊണ്ട് 26 ലക്ഷം രൂപ സമാഹരിച്ചതായി ഇന്നൊരു മെയില്‍ വന്നു. തുടര്‍ ദിവസങ്ങളില്‍ ബാക്കി തുക കൂടി സമാഹരിക്കും. കഴിഞ്ഞ മാസം കല്യാണം ആയിരുന്നതിനാല്‍ കാശെല്ലാം പോയ അവസ്ഥയിലാണ്. റോയല്‍റ്റി ഒന്നും കിട്ടിയ ചരിത്രം കുറേ വര്‍ഷങ്ങളായി ഇല്ല. സ്കൂള്‍ ഇല്ലാത്ത സമയത്തും മറ്റും ഹോട്ടലില്‍ പാര്‍ട്ട് ടൈം ജോലി ചെയ്താണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. എന്നാലായ ചെറിയ, തീരേ ചെറിയ ഒരു തുക കേരളത്തിനായി നിഹോണ്‍ കൈരളിക്ക് കൊടുക്കാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് അല്‍പമെങ്കിലും സന്തോഷം നല്‍കുന്നത്. (പിന്നീട് ഇത് തുടരാമെന്ന് തന്നെയാണ് വിശ്വാസം)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇതുവരെ എത്തിയത് 309 കോടി രൂപ മാത്രമാണെന്ന വാർത്ത കണ്ടു. 20000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ. അതിലുമെത്രയോ കോടി അധികം വേണ്ടിവരും നഷ്ടമായതൊക്കെ കെട്ടിപ്പൊക്കാന്‍. കേരളത്തിൽ മൂന്നര കോടി മനുഷ്യരുണ്ട്. അവർക്കെല്ലാവർക്കും ഒരുപോലെ സഹായിക്കാൻ പറ്റില്ല. എന്നാലും സാധിക്കും പോലെ നാമെല്ലാം സഹായിക്കണം. അതു പത്തുരൂപയാണെങ്കിൽ പോലും ഒട്ടും ചെറുതല്ല. ഒരുലക്ഷം പേർ 10 രൂപ വച്ച് നൽകിയാലും 10 ലക്ഷമായി. ഒരു പുതിയ മനോഹര കേരളത്തെയാണ് ഇനി നമ്മള്‍ സൃഷ്ടിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദയവായി ഉള്ളത് നല്കുക, കേരളത്തിനായി. Let's Rebuild Gods own Country..

കേരളത്തെ അങ്ങേയറ്റം നെഞ്ചിലേറ്റുന്ന, മലയാളം ജീവശ്വാസമായ ഒരാള്‍.