ലോകത്തിൽ ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷിയാണ് ആൻ‌ഡിയൻ‌ കോണ്ടോർ. ശവംതീനി കഴുകന്‍റെ വർഗ്ഗത്തിൽ പെട്ട അവയ്ക്ക് 10 അടിവരെ നീളവും 33 പൗണ്ട് വരെ ഭാരമുള്ള ചിറകുകളുമുണ്ട്. അടുത്തകാലത്തായി അവയെ കുറിച്ച് നടത്തിയ പഠനത്തിൽ അവയ്ക്ക് ചിറകടിക്കാതെ മണിക്കൂറുകളോളം പറക്കാൻ കഴിയുമെന്ന് കണ്ടെത്തി. 250 മണിക്കൂറിലധികം പറന്നുകൊണ്ടിരുന്ന അവയുടെ ഓരോ ചിറകടിയും ഗവേഷകർ റെക്കോർഡു ചെയ്‍തു. ചിറകടികൾ രേഖപ്പടുത്തുന്നതിനായി എട്ട് കോണ്ടോറുകളിൽ റെക്കോർഡിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചു.

എന്നാൽ, ചിറകടി നിരീക്ഷിച്ച ഗവേഷകർ അവിശ്വസനീയമായ ഒരു കാര്യമായിരുന്നു കണ്ടെത്തിയത്. പറക്കുന്നതിനിടയിൽ സമയത്തിന്റെ ഒരു ശതമാനം മാത്രമാണ് ചിറകടിക്കായി അവ ചെലവഴിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. അതിലൊരു പക്ഷി ചിറകടിക്കാതെ അഞ്ച് മണിക്കൂറിലധികം പറന്നു. ആ സമയത്തിനിടയിൽ അത് 160 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കുകയും ചെയ്തു. “കോണ്ടോറുകൾ മികച്ച പറക്കൽ വിദഗ്ദ്ധരാണ് എന്നറിയാമെങ്കിലും അവയ്ക്ക് ഇത്ര കഴിവുണ്ടെന്ന് ഞങ്ങൾ കരുതിയിരുന്നില്ല” എമിലി ഷെപ്പേർഡ്, വെയിൽസിലെ സ്വാൻസി സർവകലാശാലയിലെ ജീവശാസ്ത്രജ്ഞ പറഞ്ഞു. തിങ്കളാഴ്ച 'പ്രൊസീഡിങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസ്' ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

“ഉയരത്തിൽ പറക്കുന്ന അവ ചിറകടിക്കുന്നില്ലെന്നത് തീർത്തും ആശ്ചര്യാവഹമാണ്'' സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഡേവിഡ് ലെന്റിങ്ക് പറഞ്ഞു. ആകാശം വെറും ശൂന്യമാണെന്ന് നമ്മൾ കരുതുന്നു. എന്നാൽ, പക്ഷികൾക്ക് അവ വേറൊരു ലോകമാണ്. കാറ്റിന്റെ ഏറ്റക്കുറച്ചിലുകൾ, ഊഷ്മളമായ വായുവിന്റെ പ്രവാഹങ്ങൾ, തുടങ്ങിയവയെല്ലാം പക്ഷികളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളാണ്. ഈ വായുപ്രവാഹത്തിൽ ചിറകുകൾ അടിക്കാത്തതിനാൽ ചില പക്ഷികൾക്ക് വളരെ ദൂരം പറക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.     

"ചിറകടിക്കാതെ ഉയർന്നു പറക്കുന്ന ആൻ‌ഡിയൻ‌ കോണ്ടോറിന്റെ വൈദഗ്ദ്ധ്യം അതിന്റെ ജീവിതശൈലിക്ക് അത്യന്താപേക്ഷിതമാണ്. ആഹാരത്തിനായി ഉയർന്ന പർവതങ്ങൾക്ക് ചുറ്റിലും മണിക്കൂറുകളോളം പറക്കാൻ ഇത് അവയെ സഹായിക്കുന്നു" അർജന്റീനയിലെ National University of Comahue -ലെ പഠനത്തിലെ പങ്കാളിയും സഹ-എഴുത്തുകാരനും ബയോളജിസ്റ്റുമായ സെർജിയോ ലാംബെർട്ടുസി പറഞ്ഞു.