ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യും. അതിലൂടെ യഥാര്‍ത്ഥ വാര്‍ത്താവതാരകരെ ഉപയോഗിക്കുന്നതിനേക്കാള്‍ ചെലവും കുറയും എന്നതാണ് ഇതിന്‍റെ മേന്മയായി കമ്പനി എടുത്തു പറയുന്നത്. 

ബെയ്ജിങ്: ഇതാണ് ചൈനയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് ഉപയോഗിച്ചുള്ള വാര്‍ത്താ അവതാരകര്‍. മുഖഭാവം കൊണ്ടും, ശബ്ദം കൊണ്ടും ഒരു യഥാര്‍ത്ഥ വാര്‍ത്താ അവതാരകന്‍ തന്നെ. ലോകത്തിലെ തന്നെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുപയോഗിച്ചുള്ള വാര്‍ത്താ അവതാരകരായിരിക്കും ചൈനയില്‍ നിന്നുള്ള ഈ റോബോട്ട്. ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ കമ്പനി സോഗൌവിന്‍റെ സഹകരണത്തോടെ സിന്‍ഹുവാ ന്യൂസ് ഏജന്‍സിയിലാണ് ഈ വാര്‍ത്താ അവതാരകര്‍ വാര്‍ത്ത വായിക്കുന്നത് . 

ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യും. അതിലൂടെ യഥാര്‍ത്ഥ വാര്‍ത്താവതാരകരെ ഉപയോഗിക്കുന്നതിനേക്കാള്‍ ചെലവും കുറയും എന്നതാണ് ഇതിന്‍റെ മേന്മയായി കമ്പനി എടുത്തു പറയുന്നത്. മനുഷ്യന് സാധിക്കാത്ത വേഗത്തില്‍ ബ്രേക്കിങ് ന്യൂസ് അവതരിപ്പിക്കാന്‍ ഈ റോബോട്ടിന് കഴിയുമെന്നും പറയുന്നു. 

മാന്‍ഡറിന്‍, ഇംഗ്ലീഷ് ഭാഷകളിലാണ് നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് വാര്‍ത്ത അവതരിപ്പിക്കുന്നത്. 

ഏതായാലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വിവിധ മേഖലകളില്‍ ചുവടുറപ്പിക്കുന്നതിന്‍റെ ഉദാഹരണമാണ് ഈ റോബോട്ട് വാര്‍ത്താ അവതാരകന്‍. ഒരുപക്ഷെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മാറിയേക്കാം. മനുഷ്യന് ചെയ്യാവുന്ന എല്ലാ ജോലിയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി ചെയ്യാമെന്നത് മനുഷ്യരുടെ ജോലി സാധ്യത കുറക്കുമോ എന്ന് ആശങ്കയുള്ളതായി നേരത്തേ തന്നെ വിദഗ്ധര്‍ പറഞ്ഞിരുന്നു. 

വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗപ്പെടുത്തുന്നുണ്ട്. മനുഷ്യരുടെ ജോലി സാധ്യത കുറയുകയില്ല മറിച്ച് സാങ്കേതിക വിദ്യ വളരുമ്പോള്‍ പുതിയ ജോലി സാധ്യത ഉണ്ടാവുകയാണെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.