ഇത് 1937ൽ മദ്രാസിലെ ഒരു സ്റ്റുഡിയോയിൽ വച്ചെടുത്ത ഒരു ഫോട്ടോഗ്രാഫ് ആണ്. നല്ല നീണ്ട മുടിയൊക്കെയുള്ള, സാരിയുടുത്ത രണ്ടു തമിഴ് യുവതികൾ സ്റ്റുഡിയോയിലെത്തി ഫോട്ടോഗ്രാഫറോട് അവർക്കൊരു കാൻഡിഡ് ഫോട്ടോ എടുക്കണം എന്നുപറയുന്നു. ആരാണ് ആ ഫോട്ടോഗ്രാഫർ എന്നതോ ഏതാണാ സ്റ്റുഡിയോ എന്നതോ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ ഈ രണ്ടു യുവതികൾ, പിന്നീട് ചരിത്രത്തിൽ നല്ല ഘനത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ട രണ്ടുപേരാണ്. ഒരു പക്ഷേ, അവരുടെ ആരാധകർ പോലും, അന്ന് ഇന്ത്യയിൽ അത്രയ്ക്ക് കണ്ടു പരിചയിച്ചിട്ടില്ലാത്ത ഈ വരകളുള്ള അമേരിക്കൻ നിദ്രാവസ്ത്രം ധരിച്ച്, കയ്യിലോരോ സിഗരറ്റും പിടിപ്പിച്ച് ഫോട്ടോയ്ക്ക് സാകൂതം പോസ് ചെയ്തു നിൽക്കുന്ന ഇരുവരെയും കണ്ടാൽ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല. കാരണം, അവരുടെ കലാ സാധനയുടെ പേരിൽ അവരെ ആരാധിക്കുന്നവർ പ്രജ്ഞയുറച്ചു തുടങ്ങും മുതൽ കണ്ടു ശീലിച്ചിട്ടുള്ള അവരുടെ രൂപവും വസ്ത്രധാരണവും ഇങ്ങനെ അല്ലേയല്ല.. ഇത്, ഞങ്ങൾക്ക് ഇങ്ങനെയും ആകാനാവും എന്ന് പ്രസ്താവിക്കാനെന്നോണം അവരെടുത്ത ഒരു കുറുമ്പൻ ഫോട്ടോ മാത്രമാണ്. അവർ ഇത്തരത്തിലുള്ള അമേരിക്കൻ നിശാവസ്ത്രങ്ങൾ അതിനുമുമ്പോ പിമ്പോ ധരിച്ചിരുന്നവരല്ല, സിഗരറ്റും അതിനുമുമ്പോ, അന്നോ അല്ലെങ്കിൽ അതിനു ശേഷമോ ഒരിക്കൽപ്പോലും വലിച്ചിട്ടുള്ളവരുമല്ല.

രണ്ടുപേരെയും നിങ്ങളറിയും, ഒരാൾ പ്രശസ്ത കർണ്ണാടക സംഗീതജ്ഞ, എം എസ് സുബ്ബലക്ഷ്‍മി, രണ്ടാമത്തെയാൾ വിശ്വപ്രസിദ്ധയായ ഭരതനാട്യം നർത്തകി ബാല സരസ്വതി.  ഇന്ന് ബാല സരസ്വതിയുടെ ചരമദിനത്തിൽ, ഭരതനാട്യമെന്ന ദേവദാസി നൃത്തരൂപത്തെ, അമ്പലങ്ങളുടേയും രാജകൊട്ടാരങ്ങളുടെയും മതിൽക്കെട്ടുകൾക്കകത്തുനിന്നും ജാതിമതനിയന്ത്രണങ്ങൾ ഭേദിച്ച് ലോകത്തിന്റെ എല്ലാ കോണുകളിലും അറിയപ്പെടുന്ന ഒരു കലാരൂപമാക്കി വളർത്തിയെടുക്കാൻ പ്രയത്നിച്ച ആ   ജീനിയസ്സിന്റെ ജീവിതത്തിലൂടെ ഒരു യാത്ര.. 

ഭ്രാന്തൻ പടിപ്പുരയ്ക്കു പുറത്ത് നൃത്തം തുടങ്ങുമ്പോൾ കുഞ്ഞു ബാല വീട്ടുമുറ്റത്ത് നിന്ന് അത് അതുപോലെ അനുകരിക്കും..  

1918 മെയ് 13ന്  തമിഴ്‌നാട്ടിലെ തഞ്ചാവൂർ പട്ടണത്തിലെ ഒരു ദേവദാസി കുടുംബത്തിലായിരുന്നു ബാലസരസ്വതിയുടെ ജനനം. മുതുമുത്തശ്ശി പാപ്പമ്മാളിൽ തുടങ്ങുന്നു അവരുടെ കലാപാരമ്പര്യം. തഞ്ചാവൂർ രാജകൊട്ടാരത്തിലെ മികച്ചൊരു കർണ്ണാടക സംഗീതജ്ഞയും നൃത്തവിശാരദയുമായിരുന്നു അവർ. അടുത്ത തലമുറയിലായിരുന്നു  ബാലയുടെ അമ്മൂമ്മ, ധനമ്മാൾ എന്ന സുപ്രസിദ്ധ  വീണാ വാദകയുടെ ജനനം. കർണ്ണാടകസംഗീത വിദുഷിയായിരുന്ന അമ്മ ജയമ്മാൾക്ക് മകളെ തന്നെപ്പോലെ സംഗീതത്തിന്റെ വഴിയിൽ നടത്താനായിരുന്നു താത്പര്യം. എന്നാൽ തഞ്ചാവൂരിലെ രാമകൃഷ്‌ണാ സ്ട്രീറ്റിലുള്ള അവരുടെ വീട്ടിൽ മുട്ടിലിഴഞ്ഞു നടന്ന പ്രായത്തിൽ തന്നെ നൃത്തവുമായുള്ള ബാലയുടെ ആദ്യ കൂടിക്കാഴ്ച സംഭവിച്ചു കഴിഞ്ഞിരുന്നു. വീട്ടുപടിക്കൽ നിത്യേന വന്ന്,  തോന്നിയ പാടിന് നൃത്തം ചവിട്ടുമായിരുന്ന ഏതോ ഒരുന്മാദിയായ ഭിക്ഷക്കാരനായിരുന്നു ബാലയെ ആദ്യം ആകർഷിച്ചത്. " തട്ട് തരിഗപ്പ തെയ് താ.. " എന്നൊരു ചൊല്ലോടെയൊക്കെയായിരുന്നു ഏതാണ്ട് കുട്ടിക്കുരങ്ങന്റെ ചാട്ടം പോലുള്ള ആ ഭ്രാന്തന്റെ നൃത്തം. ഭ്രാന്തൻ പടിപ്പുരയ്ക്കു പുറത്ത് നൃത്തം തുടങ്ങുമ്പോൾ കുഞ്ഞു ബാല വീട്ടുമുറ്റത്ത് നിന്ന് അത് അതുപോലെ അനുകരിക്കും..  കഷ്ടി നിൽക്കാറായ പ്രായത്തിൽ തന്നെക്കൊണ്ട് ആദ്യ ചുവടുകൾ വെപ്പിച്ച ആ ഉന്മാദിയെയാണ് ബാലസരസ്വതി തന്റെ ആദ്യ ഗുരുവായി കണക്കാക്കിയിരുന്നത്.

ബാലയുടെ അമ്മ ജയമ്മാൾ അക്കാലത്ത് തഞ്ചാവൂരിലെ പ്രസിദ്ധ നർത്തകിയായിരുന്ന മൈലാപ്പൂർ ഗൗരി അമ്മാളിന്റെ നാട്ടുവാംഗക്കാരിയായിരുന്നു. അമ്മയുടെ കൂടെ പോയി, ഗൗരി അമ്മാളിന്റെ ഭരതനാട്യം കാണുന്നതോടെയാണ്  ബാലയുടെ കൗതുകം ആ വഴിക്ക് തിരിയുന്നത്.   ആത്മമിത്രങ്ങളായ ജയമ്മാളും ഗൗരിയമ്മാളും ചേർന്ന് ബാലയ്ക്കു ചേർന്നൊരു നട്ടുവരെ കണ്ടെത്തി - കണ്ടപ്പാ പിള്ള.  ഗുരുവുമൊത്തുള്ള  കഠിനമായ തന്റെ അന്നത്തെ പരിശീലനക്രമങ്ങളെക്കുറിച്ച്, സത്യജിത് റായ് സംവിധാനം ചെയ്ത 'ബാല' എന്ന ലഘുചിത്രത്തിൽ അവർ ഓർത്തെടുക്കുന്നുണ്ട്. രാവിലെ ആറുമണിക്ക് തുടങ്ങുന്ന സംഗീതപഠനം ഒമ്പത് ഒമ്പതര വരെ നീളും. പിന്നെ, നേരെ ഗുരുവിന്റെ വീട്ടിലേക്ക് അവിടെ നൃത്തസാധകം. ഉച്ചയ്ക്ക് പന്ത്രണ്ടര ഒരുമണിയോടെ മടക്കം. ഭക്ഷണശേഷം, വിശ്രമം, വായന.. വൈകുന്നേരം നാലുമണിയോടെ ഗുരു ബാലയുടെ വീട്ടിലെത്തും. പിന്നെ രാത്രിയിലേക്ക് നീളുന്ന അഭ്യസനം.

ചുരുക്കിപ്പറഞ്ഞാൽ, നൃത്തത്തിനായി ഉഴിഞ്ഞിട്ട ഒരു ബാല്യമായിരുന്നു ബാലയുടേത്. ഗുരു കണ്ടപ്പ പിള്ളയിൽ നിന്നും അടവുകൾ ചവിട്ടിത്തെളിഞ്ഞ ശേഷം പിന്നീട്  1932ൽ ചിന്നയ്യ നായിഡുവിന് നിന്നും അവർ തുടർന്നും നൃത്തം അഭ്യസിച്ചു. ബാലയ്ക്ക് ശ്ലോകങ്ങളും അഭിനയവും അനായാസം വഴങ്ങാറാക്കിയത് കുച്ചിപ്പുടിയുടെ അഭിനയപാരമ്പര്യം കൂടി കൈമുതലായുണ്ടായിരുന്ന ചിന്നയ്യ നായിഡുവിന്റെ കീഴിലുള്ള അഭ്യസനമായിരുന്നു. വേദാന്തം ലക്ഷ്മിനരസിംഹശാസ്ത്രിയിൽ നിന്നും  കുച്ചിപ്പുടിയും ബാല അക്കാലത്ത് അഭ്യസിക്കയുണ്ടായി.

ബാലയെപ്പോലെ അവരുടെ ഇളയ രണ്ടു സഹോദരന്മാരും സംഗീത പാരംഗതരായിരുന്നു. ഒരാൾ പിൽക്കാലത്ത് പ്രശസ്ത  പ്രസിദ്ധ മൃദംഗം ആർട്ടിസ്റ്റായി മാറിയ  തഞ്ചാവൂർ രംഗനാഥൻ, രണ്ടാമൻ പ്രസിദ്ധ പുല്ലാംകുഴൽ വാദകനായ തഞ്ചാവൂർ വിശ്വനാഥൻ.  തന്റെ ഏഴാമത്തെ വയസ്സിൽ, കാഞ്ചീപുരം അമ്പലത്തിലായിരുന്നു അവരുടെ അരങ്ങേറ്റം. വളരെപ്പെട്ടെന്നു തന്നെ തമിഴ്‌നാട്ടിലെ ഭരതനാട്യം സർക്യൂട്ടിൽ അറിയപ്പെടുന്ന ഒരു നർത്തകിയായി ബാലസരസ്വതി മാറി. അവർക്ക് ചെല്ലുന്നിടമെല്ലാം ആരാധകരുണ്ടായി. അതിലൊരാളായിരുന്നു സുപ്രസിദ്ധ നർത്തകനും കൊറിയോഗ്രാഫറുമായിരുന്ന ഉദയ് ശങ്കർ. 1935ൽ ബാല കൽക്കത്തയിൽ നടന്ന ഒരു നൃത്തസംഗീതസംഗമത്തിൽ പങ്കെടുക്കാൻ ചെല്ലുമ്പോഴാണ് ഉദയ് ശങ്കറിന്റെ കണ്ണിൽപ്പെടുന്നത്. ബാലയുടെ അസാമാന്യമായ അഭിനയപ്രതിഭയിൽ മോഹിതനായ ഉദയ് തന്നോടൊപ്പം ചേർന്നുപ്രവർത്തിക്കാൻ  അവരോടപേക്ഷിച്ചു. അങ്ങനെ ഉദയ് ശങ്കറിന്റെ  താത്പര്യത്തിനുപുറത്ത്  ബാലയ്ക്ക് ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ സുപ്രസിദ്ധ വേദികളിലും തന്റെ നൃത്തപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ കിട്ടി.  

ഭരതനാട്യത്തിൽ അവർ അവതരിപ്പിക്കുന്ന അഭിനയപ്രധാനമായ ഐറ്റങ്ങളിൽ ഒന്ന് ഭഗവാൻ കൃഷ്ണന്റെ ബാല്യകാലവികൃതികൾ ചിത്രീകരിക്കുന്ന 'കൃഷ്ണാ നീ ബേഗനെ ബാരോ' എന്ന പദമായിരുന്നു. അന്നത്തെ ഒട്ടുമിക്ക ഇംഗ്ലീഷ് പത്രങ്ങളിലും അവരുടെ അഭിനയസിദ്ധിയെ വാഴ്ത്തിക്കൊണ്ടുള്ള ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. താമസിയാതെ അവർ വിദേശങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. അവരുടെ ഏറ്റവും പ്രസിദ്ധമായ വിദേശ പര്യടനം 1963ൽ എഡിൻ ബറോയിൽ വച്ചുനടന്ന കലോത്സവമായിരുന്നു. അലി അക്ബർ ഖാൻ, അല്ലാ രാഖാ, യെഹൂദി മെനുവിൻ തുടങ്ങിയ പലരും പങ്കെടുത്ത ആ മേളയിൽ ഡോ. നാരായണമേനോനും ജോർജ്ജ് മാൽക്കവും ചേർന്നു നടത്തിയ 'വീണാ -ഹാർപ്സികോഡ് ' ജുഗൽ ബന്ദി ഒരു ബാക്ക് സൊണാറ്റ വായിച്ചുതീർന്നതിന്റെ പിന്നാലെ നടന്ന ബാലയുടെ  ഭരതനാട്യം കച്ചേരി അവർക്ക് വിദേശത്ത് ഒരുപാട് ശിഷ്യരെ സമ്മാനിച്ചു. അമേരിക്കയിൽ അവർ നിരവധി പേരെ നൃത്തം അഭ്യസിപ്പിച്ചു. 

" സംഗീതത്തിനോ നൃത്തത്തിനോ കൂടുതൽ പ്രാധാന്യമുള്ളത്..? "

ബാലയെപോലെ നൃത്തത്തിലും സംഗീതത്തിലും ഒരേ അഭിരുചിയും പാണ്ഡിത്യവുമുള്ളവർ കുറവാണ്. 1973ൽ മദ്രാസ് മ്യൂസിക്ക് അക്കാദമി ബാലസരസ്വതിക്ക് സംഗീതകലാനിധി പുരസ്കാരം നൽകി ആദരിച്ചപ്പോൾ ആ പുരസ്‌കാരം നേടുന്ന ആദ്യ നർത്തകിയായി അവർ മാറി. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിനിടയിൽ ബാലയോട് അവതാരകൻ, " സംഗീതത്തിനോ നൃത്തത്തിനോ കൂടുതൽ പ്രാധാന്യമുള്ളത്..? " എന്നൊരു ചോദ്യം ചോദിക്കുകയുണ്ടായി. അപ്പോൾ അവർ " ഹാ.. " എന്നൊന്ന് ചിരിക്കുക മാത്രം ചെയ്തു .. എന്നിട്ട് പറഞ്ഞു.. " നല്ല തമാശ തന്നെ.."  

'ബാല സരസ്വതിയുടെ ഒരു ഛായാചിത്രം '

സുപ്രസിദ്ധ സംവിധായകനായ സത്യജിത് റേ അവരുടെ മറ്റൊരു ആരാധകനായിരുന്നു. അവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോകുമെന്ററി ചെയ്യാനായി 1960  മുതൽ ശ്രമം തുടങ്ങിയ അദ്ദേഹത്തിന് പക്ഷേ സാഹചര്യങ്ങൾ ഒത്തുവന്നത് 1976ൽ അവരുടെ അമ്പത്തൊമ്പതാം വയസ്സിൽ മാത്രമായിരുന്നു. അതേപ്പറ്റി  ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, "59  വയസ്സിലാണെങ്കിലും ബാലയെപ്പറ്റിയൊരു ഡോകുമെന്ററി ചെയ്യുന്നത്, അങ്ങനൊന്ന് ഒരിക്കലും ചെയ്യാതിരിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണെന്ന് ഞാൻ കരുതുന്നു " എന്നാണ്.

ഇന്റർനാഷണൽ കൾച്ചറൽ സെന്റർ ദില്ലിയിൽ പ്രസിദ്ധീകരിച്ച നാരായണമേനോന്റെ 'ബാല സരസ്വതി' എന്ന ജീവചരിത്ര പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്, " നൃത്തതിന്റെ ചരിത്രത്തിൽ ഇടയ്ക്കിടെ തങ്ങൾ ജീവിച്ചിരിക്കുന്ന തലമുറയെ തന്നെ സ്വാധീനിക്കുന്ന ഒരു പ്രതിഭ ഉണ്ടാവാറുണ്ട്.. അന്നാ പാവ്ലോവ അങ്ങനെ ഒന്നായിരുന്നു.. വാസ്ളാവ് നിജിൻസ്‌കി മറ്റൊരുദാഹരണം.. ഇന്ന് ഇന്ത്യയിൽ ബാല സരസ്വതിയാണ് അക്കൂട്ടത്തിലേക്ക് വന്നുചേർന്നിരിക്കുന്ന ഏറ്റവും പുതിയ നർത്തകി.. " നൃത്തത്തിൽ ജനിച്ചുവീണ്, നൃത്തത്തിൽ വളർന്ന്, നൃത്തം ശ്വസിച്ച്, നൃത്തത്തിലേക്കുതന്നെ അലിഞ്ഞുചേർന്ന ഒരു ജീവിതമായിരുന്നു ബാലസരസ്വതിയുടേത്. ശിഷ്യരുടെ പ്രിയപ്പെട്ട 'ബാലമ്മ' യായിരുന്നു അവർ. മകൾ ലക്ഷ്മിയോടൊപ്പം അവർ ചെന്നൈയിൽ വളരെ സ്വസ്ഥമായ ഒരു ജീവിതത്തിനൊടുവിൽ 1984  ഫെബ്രുവരി 9ന്, അരങ്ങത്ത് ആടിത്തിമർത്ത്, കരഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഒരു നർത്തകി നമസ്കരിച്ചു പിന്മടങ്ങുന്ന അതേ ചാരിതാർത്ഥ്യത്തോടെ അവർ ഈ ലോകത്തു നിന്നും വിടവാങ്ങി. നൃത്തരംഗത്ത് അവർ നൽകിയ സംഭാവനകളെ മുൻ നിർത്തി രാഷ്ട്രം അവർക്ക് 77ൽ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. അവരുടെ മകൾ ലക്ഷ്മിയെ വിവാഹം ചെയ്ത പാശ്ചാത്യ സംഗീതജ്ഞനും പണ്ഡിതനുമായ ഡഗ്‌ളാസ് നൈറ്റ് ജൂനിയർ എഴുതിയ " ബാലയുടെ കലയും ജീവിതവും ", ഡോ.നാരായണ മേനോന്റെ "ബാല സരസ്വതി" എന്നീ ജീവചരിത്രങ്ങളും 1976ൽ സത്യജിത് റേ നിർമിച്ച 'ബാല' എന്ന ഡോകുമെന്ററിയുമാണ്  അവരുടെ സംഭവബഹുലമായ കലാജീവിതത്തിന്റെ ബാക്കിപത്രങ്ങളായി ഇന്നും അവശേഷിക്കുന്നത്.