Asianet News MalayalamAsianet News Malayalam

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

Basheer Mulivayal on mumbai friend called Ramesh
Author
Thiruvananthapuram, First Published Feb 27, 2017, 9:36 AM IST

Basheer Mulivayal on mumbai friend called Ramesh

മുംബൈ കൊലാബയിലെ വുഡ് ഹൗസ് റോഡിലുള്ള ഇഷ്ടികക്കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഇരുള്‍ നിറഞ്ഞ ഇടനാഴിയില്‍ നിന്നായിരുന്നു പ്രാവുകളുടെ മുരളലിനൊപ്പം അടക്കിപ്പിടിച്ച ആ തേങ്ങല്‍ എന്റെ ചെവിയില്‍ വീണത്.

എനിക്കന്ന് പതിനെട്ട് വയസ് പ്രായം. കുടുംബ ഭാരം ഏറ്റെടുക്കല്‍, വീട് പണിയല്‍, പെങ്ങന്‍മാരുടെ വിവാഹം നടത്തല്‍ എന്നിങ്ങനെ ഒരു പാട് സ്വപനങ്ങള്‍ പൂവണിയിക്കാനുള്ള ഉത്തരവാദിത്വം ഏക ആണ്‍തരിയായ എന്നിലായിരുന്നു. അതൊക്കെ സാധ്യമാവണമെങ്കില്‍ സ്വര്‍ണ്ണം വിളയുന്ന ഗള്‍ഫിലേക്ക് പോകണം. വിസക്ക് അന്ന് വലിയ ഡിമാന്റ് ആണ്. ഒരു വിസ തരാമോ എന്ന് ചോദിക്കുന്നവരൊക്കെ ആവശ്യപ്പെടുന്നത് ഒരു കൂലിപ്പണിക്കാരന്റെ മകനായ എനിക്ക് സ്വപ്നം കാണാന്‍ പോലുമാവാത്തത്ര വലിയ തുക. 

ആയിടക്കാണ് എന്റെ ബന്ധു അക്കാര്യം പറഞ്ഞത്. ഗള്‍ഫില്‍ ഏതെങ്കിലും മുതലാളിയോട് നിനക്ക് വേണ്ടി ഒരു വിസക്ക് ചോദിച്ചു നോക്കാം, യോഗ്യതയുണ്ടെങ്കില്‍, ജോലി കിട്ടും. വിസയുടെ തുക ജോലി ചെയ്ത ശമ്പളത്തില്‍ കഴിച്ച് കൊടുക്കാം. 

അന്ന് തന്നെയാണ് രമേഷിനെ പരിചയപ്പെട്ടത്. 

ഗള്‍ഫില്‍ പോകാനുള്ള യോഗ്യതയായി അദ്ദേഹം പറഞ്ഞത് ഹിന്ദി ഭാഷ സംസാരിക്കാനുള്ള കഴിവാണ്. അതിനുള്ള ശ്രമമാണ് കോളേജ് ജീവിതത്തിന്റെ പകിട്ടില്‍ നിന്ന് മുംബൈയിലേക്കുള്ള ജയന്തി ജനത എക്‌സ്പ്രസ്സിലെന്നെ എത്തിച്ചത്. 

നാട്ടില്‍ നിന്ന് പരിചയപ്പെട്ട ഒരു ബോംബെ കച്ചവടക്കാരന്റെ മേല്‍വിലാസം തേടിയാണ് ഞാന്‍ കൊ ലാബയില്‍ എത്തിയത്. അന്ന് തന്നെയാണ് രമേഷിനെ പരിചയപ്പെട്ടത്. 

ഞാന്‍ ജോലി ചെയ്തിരുന്ന ബീഡിക്കയുടെ അടുത്ത് തന്നെയുള്ള ന്യൂ ഇന്ത്യാ ഹോട്ടലില്‍ ജോലിക്കാരനായിരുന്നു അവന്‍. ആദ്യമായി നാട് വിട്ട എന്റെ ഗൃഹാതുരത്വം നിറഞ്ഞ സങ്കടങ്ങള്‍ കണ്ട് അവന്‍ സമാധാനിപ്പിച്ചു. ഒഴിവു സമയങ്ങളില്‍ എന്നെയും കൂട്ടി ഗേ്റ്റ് വേ ഓഫ് ഇന്ത്യയിലും, എലഫന്റ ദ്വീപിലും, നേവി പാര്‍ക്കിലും, നരിമാന്‍ പോയന്റിലുമൊക്കെ.കറങ്ങി നഗരക്കാഴ്ച്ച കള്‍ കാണിച്ചു. രമേഷ് പെട്ടെന്ന് അടുത്ത സുഹൃത്തായി മാറി.

ഒഴിവുവേളകളിലെ യാത്രകളില്‍ പലപ്പോഴും നാട്ടിലും വീട്ടിലും ഉള്ളവരെ കുറിച്ച് സംസാരിക്കും. രമേഷിന് ഒരു പെങ്ങളും അനുജനുമാണുള്ളത്. അനുജനെ പറ്റി ഒരുപാട്  പറയും. അതു കേള്‍ക്കുമ്പോള്‍ ഒരു ജ്യേഷ്ഠന്‍ ഇല്ലാത്തതിലും അവനെപ്പോലെ സ്‌നേഹിക്കാന്‍ ഒരനുജനില്ലാത്തതിലും വിഷമം തോന്നും. അമ്മയെക്കുറിച്ച് പറയാന്‍ അവന് നൂറുനാവാണ. 'എന്റെ അമ്മയുള്ളത് കൊണ്ടാണ് ഞാനിന്നും ജീവനോടെ ഇരിക്കുന്നത് അല്ലെങ്കില്‍ ...'.

ഒരിക്കല്‍ അര്‍ദ്ധവിരാമമിട്ടു നിര്‍ത്തിയ ആ വാക്കുകള്‍, ഏതു നിമിഷവും പൊട്ടാന്‍ പാകത്തില്‍ ദു:ഖത്തിന്റെ ഒരഗ്‌നി പര്‍വ്വതമാണ് അവന്‍ ഉള്ളില്‍ കൊണ്ടു നടക്കുന്നതെന്ന് പറഞ്ഞുതന്നു. 

അവന്‍ ചിരിച്ചു. 'അച്ഛനില്ലാത്ത ആരെങ്കിലുമുണ്ടാകുമോടാ?'

അമ്മയെയും അനുജനെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന രമേഷ് ഒരിക്കല്‍ പോലും അച്ഛനെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അച്ഛന്‍ മരിച്ചു പോയിട്ടുണ്ടാകുമോ എന്ന് സംശയം തോന്നി. 

ഒരിക്കല്‍ ഞാനെന്റെ വാപ്പയുടെ സ്‌നേഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവന്‍ വിതുമ്പി കൊണ്ട് പറഞ്ഞു'നീ ഭാഗ്യവാനാടാ,ഭാഗ്യവാന്‍!'

അന്നാണ് ഞാനവനോട് അച്ഛനെ പറ്റി ചോദിച്ചത്. 

'നിനക്ക് അച്ഛനില്ലേ?' 

അവന്‍ ചിരിച്ചു. 'അച്ഛനില്ലാത്ത ആരെങ്കിലുമുണ്ടാകുമോടാ?'

'അതല്ല, ജീവിച്ചിരിപ്പില്ലേ.?'

'ഉണ്ടെടാ, എന്റെ അച്ഛന്‍ നല്ല അരോഗ ദൃഢഗാത്രനായി ഇപ്പോഴും ജീവിക്കുന്നുണ്ട് നാട്ടില്‍. മെക്കാനിക്കാ'.

സോറി ട്ടോ, നീ അച്ഛനെക്കുറിച്ച് ഒന്നും പറയാറില്ല അത് കൊണ്ട് ചോദിച്ചതാ'. ഞാനവനോട് ക്ഷമാപണം നടത്തി.

'അച്ഛനെക്കുറിച്ച് പറയാന്‍ നല്ല അനുഭവമൊന്നുമില്ലാത്തതോണ്ടാ പറയാത്തത'.

അവന്‍ ചിരിച്ച് കൊണ്ടാണങ്ങനെ പറഞ്ഞതെങ്കിലും അനുസരണയില്ലാത്ത രണ്ട് കണ്ണുനീര്‍ തുള്ളികള്‍ അവന്റെ കണ്ണില്‍ നിന്നും അടര്‍ന്നുവീണു, ഞാനവനെ ആദ്യമായി കാണുന്നത് പോലെ തുറിച്ച് നോക്കി.

'എനിക്കച്ഛനോട് ദേഷ്യമൊന്നുമില്ല'

'അച്ഛനെന്നെ ഇഷ്ടമല്ലായിരുന്നു. എന്റെ ജനനം ഒരു ദുശ്ശകുനമാണെന്നാണ് അച്ഛന്‍ വിശ്വസിക്കുന്നത്. അച്ഛനൊരിക്കലും എന്നെ എടുക്കുകയോ , അടുത്തിരുത്തുകയോ ചെയ്തിട്ടില്ല കുട്ടിക്കാലത്ത് പോലും, എന്ത് നഷ്ടം ഉണ്ടെങ്കിലും, കുടുംബത്തില്‍ ഉണ്ടാകുന്ന ചെറിയ അപകടങ്ങള്‍ക്ക് പോലും ഞാന്‍ ആണ് കാരണം എന്നാണച്ഛന്‍ കരുതുന്നത്. അനുജന്‍ പഠിക്കാത്തതിനു പോലും എനിക്ക് അച്ഛന്റെ തല്ല് കൊണ്ടിട്ടുണ്ട് . അമ്മ എപ്പോഴും അച്ഛന്‍ കാണാതെ എന്നെ കെട്ടിപ്പിടിച്ച് കരയുമായിരുന്നു. 

'എന്റെ മോന്‍ എവിടെയെങ്കിലും പോയി സമ്പാദിച്ച് കുടുംബത്തിന് ഐശ്വര്യമാണവനെന്ന് തെളിയിക്കും' എന്ന്  അമ്മ വിതുമ്പിക്കൊണ്ട് പറയുമായിരുന്നു. രമേഷിന്റെ വാക്കുകള്‍  പലപ്പോഴും കണ്ണീര്‍ കുതിര്‍ന്നൊലിച്ചില്ലാതായി.

'നിനക്കറിയുമോ, ഓര്‍മ്മവെച്ച നാളു മുതല്‍ അച്ഛന്‍ എന്നോട് ഒറ്റ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. നിനക്ക് എവിടെയെങ്കിലും പോയി ചത്ത് കൂടെ എന്ന്'. 

അവനിതൊക്കെ പറയുമ്പോള്‍ ഞാന്‍  ഒരിക്കലും വിശ്വസിക്കാനാവാത്ത ഏതോ കഥ കേള്‍ക്കും പോലെ കണ്ണ് മിഴിച്ച് നില്‍ക്കുകയായിരുന്നു. ഒരച്ഛന്‍ സ്വന്തം മകനോട് ഇത്ര ക്രൂരത കാട്ടുമെന്ന് എനിക്ക് വിശ്വസിക്കാനാകുമായിരുന്നില്ല.

രമേഷിന്റെ സങ്കടം എന്റെ ചങ്കില്‍ ഒരാണിയായി തറച്ച് വാക്കുകളെ തടഞ്ഞ് നിര്‍ത്തിയിരുന്നതിനാല്‍ മിണ്ടാനായില്ല.

'എനിക്കച്ഛനോട് ദേഷ്യമൊന്നുമില്ല'

'ഞങ്ങളുടെ ഓലപ്പുര മാറ്റിപ്പണിയണം അച്ഛനെ സഹായിക്കണം. എന്നിട്ട് അച്ഛന്റെ ഞാനൊരു ദുശ്ശകുനമാണെന്ന ധാരണ മാറ്റണം , അതിനു വേണ്ടിയാണ് ഞാന്‍ നാട് വിട്ടത്. പതിനാലാമത്തെ വയസു മുതല്‍ ഞാന്‍ ആരാന്റെ എച്ചിലെടുത്തു തുടങ്ങിയത്. ഞാനും അനുജനും കൂടി  സഹായിച്ച് അച്ഛന്‍ പുതിയ വീട് കെട്ടി, ഇനി പെങ്ങളെ കല്ല്യാണം ഭംഗിയായി നടത്തണം. പണമുണ്ടെങ്കില്‍ എല്ലാവരും നമ്മെ സ്‌നേഹിക്കും- രമേഷ് കണ്ണ് തുടച്ച് കൊണ്ട് ചിരിച്ചു. 

പക്ഷെ എനിക്ക് ചിരി വന്നില്ല; രാത്രിയില്‍ ഉറക്കവും. അന്ന് രാത്രി എനിക്കെന്റെ വാപ്പാനെക്കാണാനും, കെട്ടിപ്പിടിക്കാനും വല്ലാത്ത കൊതി തോന്നി.

എന്തിനാണ് ഒരച്ഛന്‍ മകനെ ഇങ്ങനെ വെറുക്കുന്നത്? എന്റെ സംശയം തീരാന്‍ പിന്നെയും കുറച്ചു കാലമെടുത്തു. വലിയ ഒരു ദുരന്തത്തിലേക്ക് രമേഷ് നടന്നു പോവേണ്ടി വന്നു ആ തിരിച്ചറിവിന്. അമ്മ അവനയച്ച ആ കത്തിലായിരുന്നു അതിന്റെ പൊരുള്‍. 

എനിക്ക് ചിരി വന്നില്ല; രാത്രിയില്‍ ഉറക്കവും.

ഒരു ദിവസം രമേഷ് വളരെ സന്തോഷത്തോടെയാണ് എന്റെ അടുത്ത് വന്ന് പറഞ്ഞത്. 'എടാ എന്റെ പെങ്ങള്‍ക്ക് കെട്ട് ശരിയായിട്ടുണ്ട്. ചെക്കന്‍ ഗള്‍ഫുകാരനാ , കല്യാണം ഉടനുണ്ടാകും'. 

പിന്നീടങ്ങോട്ട്  അവന്‍ വീട്ടിലേക്ക് വേണ്ട ഓരോ സാധനങ്ങള്‍ വാങ്ങി കൊണ്ട് വന്ന് എന്നെക്കാണിക്കുമായിരുന്നു. ഒരു ദിവസം എന്നെയും കൂട്ടി ബി ടിയിലും, ടെങ്കര്‍ സ്ട്രീറ്റിലും പോയി സാധനങ്ങള്‍ വാങ്ങി വീട്ടിലുള്ളവര്‍ക്ക് ഡ്രസ്സുകള്‍, പെങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം, അച്ഛന് വാച്ച്, പിന്നെ അമ്മക്ക് ഒരു സ്വര്‍ണ്ണ വള ഇതൊക്കെ വാങ്ങിയാണ്  ഞങ്ങള്‍ കൊലാബയിലേക്കുള്ള ഡബിള്‍ ഡക്കര്‍  ബസ്സിലേക്ക് ഓടിക്കയറിയത്.

'നീ കല്യാണത്തിന് നാട്ടില്‍ പോകുന്നില്ലേ'.

'പിന്നെ പോകാതെ?  കല്യാണത്തിന്റെ തലേ ദിവസം ചെല്ലാനാണ് അമ്മ എഴുതിയിരിക്കുന്നത്. അന്ന് കുടുംബക്കാരും, നാട്ടുകാരുമൊക്കെ ഉള്ളത് കൊണ്ട് അച്ഛനൊന്നും പറയില്ല. എനിക്ക് പെങ്ങളെ കല്യാണം കൂടണം. അത് മാത്രമല്ലടാ, എനിക്ക് വലിയൊരാഗ്രഹം കൂടിയുണ്ട് ഞങ്ങളുടെ പുതിയ വീട്ടില്‍ ഒരു ദിവസം പാര്‍ക്കണം. എന്റെ വിയര്‍പ്പും കൂടി നനച്ചുണ്ടാക്കിയ വീടല്ലേ. എത്ര കാലമായി ആകാശത്തിന് കീഴെ ഈ ഫുട്പാത്തില്‍ ഉറങ്ങുന്നു'. അവന്‍ പറഞ്ഞു. 

ബസ്സിറങ്ങി രമേഷ് ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് നടക്കുമ്പോഴാണ് എതിര്‍ വശത്ത് നിന്നും ഒരാള്‍ വന്ന് രമേഷിന്റെ കൈക്ക് പിടിച്ചത്. 'നീ നാട്ടില്‍ പോകുന്നുണ്ടെന്ന്  നിന്റെ മുതലാളി പറഞ്ഞല്ലോ, ശരിയാണോ?' രമേഷിനോടുള്ള അയാളുടെ ചോദ്യത്തില്‍ എന്തോ ഒരു പന്തികേടുള്ളത് പോലെ എനിക്ക് തോന്നി.

അയാള്‍ രമേഷിന്റെ മുഖത്ത് പെട്ടെന്നാണ് ആഞ്ഞടിച്ചത്

'ഞാന്‍ ഒരു ദിവസമേ നാട്ടില്‍ നില്‍ക്കുകയുള്ളൂ'. രമേഷന്‍ ശബ്ദം താഴ്ത്തിയാണ് അവനോട് സംസാരിക്കുന്നത്.

'നീയോ ഇങ്ങിനെയായി , ഞങ്ങള്‍ക്കൊരു ജീവിതമുണ്ടാക്കാനും നീ സമ്മതിക്കില്ല, അല്ലെടാ ..പന്നീ' എന്ന് ആക്രോശിച്ചു കൊണ്ട്  അയാള്‍ രമേഷിന്റെ മുഖത്ത് പെട്ടെന്നാണ് ആഞ്ഞടിച്ചത്. ഓര്‍ക്കാപ്പുറത്തുള്ള അടിയില്‍  അവന്‍ പിറകിലേക്ക് മറിഞ്ഞു വീണു. 

രമേഷിനെ അക്രമിച്ചത് കണ്ട് ഒന്നമ്പരന്നെങ്കിലും സര്‍വ്വ ശക്തിയുപയോഗിച്ച് ഞാനയാളെ തള്ളിമാറ്റി. എന്റെ തള്ളില്‍ പിന്നോട്ട് വീണ അയാളെ അടിക്കാന്‍ വേണ്ടി കൈയോങ്ങിയതും വീണിടത്തു നിന്നും ചാടി എഴുന്നേറ്റ രമേഷ് എന്നെ പിടിച്ച് വച്ചു കൊണ്ട് പറഞ്ഞു. 'വേണ്ടെടാ അവനെ തല്ലരുത്'. 

രമേഷിനെതിരെ കുറെ ഭീഷണികള്‍ മുഴക്കി കൊണ്ട് അയാള്‍ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു. എനിക്ക് രമേഷിന്റെ പ്രവൃത്തിയില്‍ നന്നായി ദേഷ്യം വന്നിരുന്നു 
അവനെ ആക്രമിക്കാന്‍ വന്നയാളെ അടിക്കാനോങ്ങിയ എന്നെ എന്തിനാണവന്‍ തടഞ്ഞത്? 

ഒരു കാരണവുമില്ലാത്ത മുഖത്തടിച്ച നരന്ത് പോലത്തെ ഒരുത്തനെ ഒന്ന് തിരിച്ചടിക്കുക പോലും ചെയ്യാത്ത അവന്റെ ഭീരുത്വത്തെ ഞാന്‍ ചോദ്യം ചെയ്തു.

'എടുത്ത് നടന്ന കൈ കൊണ്ട് എനിക്ക് അവനെ തല്ലാനാവില്ലെടാ. അടി കൊണ്ട് പൊട്ടിയ ചുണ്ടിലെ ചോര തുടച്ച് കൊണ്ട് അവന്‍ പറഞ്ഞു. അവന് വേണ്ടി അച്ഛന്റെ എത്ര അടികള്‍ കൊണ്ടിട്ടുണ്ട് ഞാന്‍. അത്രയൊന്നും ശക്തിയില്ല ഈ അടിക്ക്'. 

'ഇതാണോ നിന്റെ അനുജന്‍?'. അമ്പരപ്പോടെയുള്ള എന്റെ ചോദ്യത്തിന്  മറുപടി ഒന്നും പറയാതെ  അവന്‍ ഹോട്ടല്‍ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു ,

അപ്പോഴാണാ തേങ്ങല്‍ കേട്ടത്. ഇരുട്ടില്‍ ആരാണ് തേങ്ങിക്കരയുന്നത്?

ആ സംഭവം നടന്ന് നാലഞ്ച് ദിവസം കഴിഞ്ഞാണ് എന്റെ  ചെവിയില്‍ ആ തേങ്ങല്‍ വന്ന് പതിച്ചത്. 

ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ ഇടനാഴി ആയിരുന്നു അത് മുകളിലത്തെ നിലയില്‍ ഏതൊക്കെയോ കച്ചവട സ്ഥാപനങ്ങളുടെ സ്‌റ്റോര്‍ റൂമുകള്‍ ആയിരുന്നതിനാല്‍ ആ ഇടനാഴിയില്‍ എപ്പോയെങ്കിലുമേ ആളുകള്‍ ഉണ്ടാകുകയുള്ളൂ. രാത്രിയില്‍ ഫുട്പാത്തില്‍ കിടക്കുന്ന ഞങ്ങളുടെ 'വിസ്തരുകള്‍ ' (വിരിപ്പും, പുതപ്പും) ഉറക്കം കഴിഞ്ഞാല്‍ അവിടെ ഒരു മൂലയിലാണ് സൂക്ഷിക്കാറുള്ളത്.

അന്ന് ഞാന്‍ എന്റെ വിരിപ്പ് അലക്കാനുള്ള തയാറെടുപ്പില്‍ അതെടുക്കാന്‍ മുകളിലേക്ക് ചെന്നതായിരുന്നു. അപ്പോഴാണാ തേങ്ങല്‍ കേട്ടത്. ഇരുട്ടില്‍ ആരാണ് തേങ്ങിക്കരയുന്നത് എന്ന് മനസ്സിലായില്ലെങ്കിലും അടുത്ത് ചെന്ന് നോക്കിയപ്പോള്‍ രമേഷാണ്. അവന്‍ ഉക്കിച്ചിരുന്ന് മുഖം പൊത്തി വിതുമ്പുന്നു. 

ഇന്നലെ രാത്രിയിലും ഞങ്ങള്‍ കണ്ടതാണ്. നാളെ നാട്ടില്‍ പോകുകയാണെന്നും പെട്ടിയൊക്കെ കെട്ടിവെച്ചിട്ടുണ്ടെന്നും പറഞ്ഞാണ് പിരിഞ്ഞത്. അനുജന്റെ ഭീഷണിയെ പറ്റി ഇന്നലെയും ഞാനവനോട് ചോദിച്ചിരുന്നു.

'ഒന്നുമുണ്ടാവില്ലെടാ. എന്നെ കാണാന്‍ കൊതിച്ച് അമ്മയവിടെ കാത്തിരിക്കുന്നിടത്തോളം എനിക്കവിടെ പോവാതിരിക്കാനാവുമോ? ആരെതിര്‍ത്താലും ഞാന്‍ പോകും!'.

അവന്റെ സ്വരത്തിലെ ദൃഢനിശ്ചയം എനിക്കിഷ്ടമായി. 

'തീര്‍ച്ചയായും നീ പോകണം'. ഞാനും അവനെ സപ്പോര്‍ട്ട് ചെയ്തു.

പക്ഷെ കാലത്ത് പോകേണ്ടിയിരുന്ന അവന്‍ ഇതുവരെ പോവാത്തത് എന്താണ്? എന്താണ് സംഭവിച്ചത്?

ഞാന്‍ അരികിലേക്ക് ചെന്നു. എന്റെ കാല്‍ പെരുമാറ്റം കേട്ടിട്ടാവണം അവന്‍ പെട്ടെന്ന് കരച്ചില്‍ നിര്‍ത്തി മുഖം ഉയര്‍ത്തി നോക്കി. ചുമലില്‍ തട്ടി ആശ്വസിപ്പിച്ച എന്നെ കെട്ടിപ്പിടിച്ച് അവന്‍ തേങ്ങിത്തേങ്ങി കരഞ്ഞു.

'എന്തുണ്ടായി? നീ എന്തേ നാട്ടില്‍ പോകാഞ്ഞത് ?'

എന്റെ ചോദ്യത്തിനവന്‍ മറുപടിയൊന്നും പറഞ്ഞില്ല. കൈയിലെ ചുരുട്ടിപ്പിടിച്ച കടലാസ് എന്റെ നേരെ നീട്ടി.

ഇരുട്ടായിരുന്നതിനാല്‍ ആ കടലാസുമായി ഞാന്‍ താഴേക്കിറങ്ങി. അതൊരു ഇന്‍ലന്റ് ലെറ്റര്‍ ആയിരുന്നു. അതിലെ വരികളിലെ പല വാക്കുകളും കണ്ണുനീര്‍ വീണ്  മാഞ്ഞു പോയതിനാല്‍ വാചകങ്ങള്‍ പൂര്‍ണ്ണമായിരുന്നില്ല.ആരുടെ കണ്ണുനീര് വീണാണ് ആ വരികള്‍ മാഞ്ഞ് പോയത് എന്നറിയില്ല അതെഴുതിയ നിസ്സഹായയായ അമ്മയുടേതോ , അതോ കത്ത് വായിച്ച് ഹൃദയം പൊട്ടിപ്പോയ മകന്റേതോ? 

ആരുടെ കണ്ണുനീര് വീണാണ് ആ വരികള്‍ മാഞ്ഞ് പോയത്?

അക്ഷരങ്ങള്‍ മാഞ്ഞ് പോയ ആ വരികളിലൂടെ നിറകണ്ണുകള്‍ ഓടിച്ച് ഇത്രമാത്രം ഞാന്‍ വായിച്ചു .

'നീ കല്യാണത്തിന് നാട്ടില്‍ വരരുത്. 
നിന്നെ കാണുന്നത് പോലും ഇവിടെ ആര്‍ക്കും ഇഷ്ടമല്ല. 
നിന്നെ ഇഷ്ടമല്ലാത്തവരെ കാണാന്‍ നീ എന്തിനാണ് വരുന്നത്? 
ഈ അമ്മയെക്കാണാനാണ് മോന്‍ വരുന്നത് എന്നെനിക്കറിയാം. 
അമ്മയ്ക്കും എന്റെ മോനെക്കാണാന്‍ ഒരു പാടാഗ്രഹമുണ്ട്. 
പക്ഷെ  നീ ഇങ്ങോട്ട് വരരുത്. 
ഒരു പേപ്പട്ടിയെപ്പോലെ അവരെല്ലാം ചേര്‍ന്ന് നിന്നെ ആട്ടിയോടിക്കുന്നത് കാണാനെനിക്ക് ശക്തിയില്ല. 
മോനീ അമ്മയോട് ക്ഷമിക്കില്ലേ . 

നീ എഴുതിയിരുന്നില്ലേ, നിന്നെപ്പോലുള്ളവരെ കുറിച്ച്. 
അവരുടെ കൂടെക്കൂടിയാല്‍ നിനക്കും സ്‌നേഹം കിട്ടുമെന്ന്. 
അന്ന് അവരുടെയൊന്നും കൂടെ കൂടരുത് എന്ന് അമ്മ പറഞ്ഞത് അമ്മയുടെ സ്വാര്‍ത്ഥതയായിരുന്നു. 
മോനവരുടെ കൂടെ കൂടുന്നതില്‍ അമ്മക്ക് യാതൊരു എതിര്‍പ്പുമില്ല. 
എന്റെ മകന് എനിക്ക് നല്‍കാനാവാത്ത സ്‌നേഹം എവിടെ നിന്നെങ്കിലും കിട്ടട്ടെ. 
നിന്നോട് ഒരിക്കല്‍ കൂടി മാപ്പിരന്ന് കൊണ്ട് ,
എന്ന്,
സ്വന്തം അമ്മ 

രമേഷ് ട്രാന്‍സ് ജെന്‍ഡറായിരുന്നോ? ഒരു മൂന്നാം ലിംഗക്കാരന്‍? 

കത്ത് വായിച്ച് കഴിഞ്ഞ് കുറച്ചു നേരത്തേക്ക് ഞാന്‍ തളര്‍ന്നിരുന്നു. 

എന്തിനാണ് ഇത്രയും ദു:ഖം ഉള്ളിലൊതുക്കി അവര്‍ അവനെ ഇനി കാണേണ്ട എന്ന് പറയുന്നത്? കുടുംബത്തെ ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ കുടുംബത്തിലുള്ളവര്‍ അകറ്റിനിര്‍ത്തുന്നതെന്ത് കൊണ്ട്? എന്റെ ഉള്ളില്‍ ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങള്‍ നിറഞ്ഞു.  കണ്ണീരില്‍ കുതിര്‍ന്ന കത്തിലെ അക്ഷരങ്ങളിലൂടെ എന്റെ മിഴികള്‍ അതിനുള്ള ഉത്തരം തേടി നടന്നു.  എന്റെ കണ്ണുകള്‍ ആ വരികളില്‍ തറച്ചു നിന്നു. 'നീ എഴുതിയിരുന്നില്ലേ, നിന്നെപ്പോലുള്ളവരെ കുറിച്ച്. അവരുടെ കൂടെക്കൂടിയാല്‍ നിനക്കും സ്‌നേഹം കിട്ടുമെന്ന്'. 

ദൈവമേ! എന്റെ ഉള്ളില്‍ ഒരു കനല്‍ക്കട്ട വീണു. രമേഷ് ട്രാന്‍സ് ജെന്‍ഡറായിരുന്നോ? ഒരു മൂന്നാം ലിംഗക്കാരന്‍? 

'അച്ഛനെന്റെ ജന്മത്തെ ഒരു ശാപമായിട്ടാണ് കാണുന്നത്, വീട്ടില്‍ നടക്കുന്ന ചെറിയ അപകടങ്ങള്‍ക്ക് പോലും കാരണം ഞാനാണെന്നാണച്ഛന്‍ വിശ്വസിക്കുന്നത്'. രമേഷ് മുന്‍പ് പറഞ്ഞ വാക്കുകള്‍ എന്റെ സംശയത്തിനടിയില്‍ ശരിയുടെ ചുവന്ന വരയിട്ടു. 

കുട്ടിക്കാലത്തേ അവനെ അപശകുനമായി അവര്‍ കണക്കു കൂട്ടിയത് അതിനാലാണ്. അവന്റെ തെറ്റിനല്ല അവന്‍ വേട്ടയാടപ്പെടുന്നത്. ആണും പെണ്ണുമായി ജനിക്കുന്നത് പോലെ സ്വാഭാവികമായ കാര്യം മാത്രമാണത്. അതാരുടെയും കുഴപ്പമല്ല. സ്വാഭാവികമായ പ്രകൃതം മാത്രമാണ്. ട്രാന്‍സ് ജെന്‍ഡറുകളെ പിശാചിനെ പോലെ കാണാന്‍ പഠിച്ചത് പോലും അടുത്ത കാലത്താണ്. പണ്ടൊക്കെ, രാജസദസ്സുകളില്‍ പോലും ഇരിപ്പിടമുണ്ടായിരുന്നു അവര്‍ക്ക്. സാമൂഹികമായ വിവരക്കേട് വിശ്വസിച്ച് സ്വന്തം മകനെ വേട്ടയാടുകയാണ് ഈ അച്ഛന്‍. 

പക്ഷെ  ഒരിക്കലും അവന്റെ ശരീര ഭാഷയിലോ പെരുമാറ്റത്തിലോ അക്കാര്യം എനിക്ക് മനസ്സിലായില്ല, ഒരു പക്ഷെ മൂന്നാം ലിംഗക്കാരെ എനിക്ക് മുന്‍പരിചയം ഇല്ലാത്തത് കൊണ്ടായിരിക്കും. അല്ല, ആരും അവനെ പറ്റി അങ്ങിനെ ഒരു കാര്യം സംസാരിക്കുന്നത് പോലും കേട്ടിട്ടില്ല. തന്റെ മോഹങ്ങളും തന്റെ സത്വവും അവന്‍ മറച്ചു വെക്കുകയായിരിക്കണം. തന്റെ കുടുംബത്തോടൊപ്പം ഒന്നിച്ച് കഴിയണമെന്ന അതിയായ മോഹം കാരണം. എന്നെങ്കിലും അച്ഛനും കൂടപ്പിറപ്പുകളും തന്നെ സ്‌നേഹിക്കുമെന്നും മനസ്സിലാക്കുമെന്നും അവന്‍ കരുതിക്കാണണം. സ്വന്തം ശാരീരിക, മാനസിക യാഥാര്‍ത്ഥ്യത്തെ ഇത്ര നിസ്സഹായമായി മറച്ചുവെക്കേണ്ടി വന്നത് അവനെ എ്രത്രമേല്‍ വേദനിപ്പിച്ചിരിക്കുമെന്ന് എനിക്ക് പൊള്ളുന്നു. 

രമേഷിന്റെ തേങ്ങല്‍ എന്റെ ചെവി തുളച്ച് ലാവ പോലെ ഉള്ളിനെ പൊള്ളിച്ച് കൊണ്ട് ഹൃദയത്തിലേക്ക് ഒലിച്ചിറങ്ങി. കത്തുമായി ഞാന്‍ രമേഷ് ഇരുന്നിടത്തേക്ക് ചെന്നു അപ്പോഴേക്കും അവന്‍ അവിടെ നിന്നും പോയിരുന്നു. 

അന്ന് രാത്രിയും അവനെ എവിടെയും കണ്ടില്ല.

അന്ന് രാത്രിയും അവനെ എവിടെയും കണ്ടില്ല. ജോലി ചെയ്യുന്ന ഹോട്ടലില്‍ അന്വേഷിച്ചപ്പോള്‍ അവന്‍ നാട്ടില്‍ പോയി എന്നാണവര്‍ പറഞ്ഞത്. 

അവന്‍ നാട്ടില്‍ പോയിട്ടില്ല എന്നെനിക്കറിയാമല്ലോ, ഞാന്‍ പരിചയക്കാരോടൊക്കെ അന്വേഷിച്ചു. ആര്‍ക്കും അറിയില്ല. രണ്ട് ദിവസം കഴിഞ്ഞ് കേരളാ സ്റ്റോറിലെ ബാലേട്ടന്‍ എന്നെ കണ്ടപ്പോള്‍. പറഞ്ഞു, നിന്നെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് രമേഷ് ഒരു കെട്ട് കടയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. 

ഞാന്‍ കേരളാ സ്റ്റോറില്‍ പോയി സാധനങ്ങള്‍ കൈപ്പറ്റി. അവന്‍ നാട്ടില്‍ കൊണ്ട് പോകാന്‍ വേണ്ടി വാങ്ങിയ സാധനങ്ങളായിരുന്നു അത്. കൂടെ ഒരെഴുത്തുമുണ്ടായിരുന്നു. ആ എഴുത്തില്‍ അനുജന്‍ ജോലി ചെയ്യുന്ന കടയുടെ മേല്‍വിലാസവും , ഈ സാധനങ്ങള്‍ അവിടെ എത്തിച്ചു കൊടുക്കണമെന്ന ഒരു അപേക്ഷയുമായിരുന്നു എഴുതി ഇരുന്നത്. 

രമേഷിന്റെ തിരോധാനത്തിന് ശേഷവും ഒന്നര വര്‍ഷത്തോളം ഞാന്‍ മുംബൈയില്‍ ഉണ്ടായിരുന്നു. അന്ന് ഹിജഡകള്‍ സജീവമായിരുന്നു മുംബൈയില്‍. സ്വാഭാവികമായ സാന്നിധ്യമാണ് അവര്‍. അവന്‍ എല്ലാമുപേക്ഷിച്ച് അവരുടെ കൂടെ അലഞ്ഞു തിരിയുകയാണ് എന്ന് ആരൊക്കെയോ പറഞ്ഞു.  മീശയും താടിയും വടിച്ച് സാരി ഉടുത്ത് വരുന്ന ഹിജഡകളുടെ കൂട്ടം കണ്ണില്‍ പെടുമ്പോള്‍, ഞാന്‍ തിരയും, അതിലെങ്ങാനും അവനുണ്ടായിരിക്കുമോ? 

Follow Us:
Download App:
  • android
  • ios