Asianet News MalayalamAsianet News Malayalam

ഒരിക്കൽ കഞ്ചാവിന് അടിമ, പണമില്ലാത്തതിനാൽ ശരീരം വരെ വിൽക്കാൻ ശ്രമിച്ചു, ഇന്ന്...

പല സ്ത്രീകളെയും അവർ ഇവിടെ കൊണ്ട് വന്നിട്ടുണ്ട്. ഇതുവരെ 10 സ്ത്രീകളെ അവർ ഇങ്ങനെ രക്ഷിച്ചിട്ടുണ്ട്. "എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യണെമെന്നുണ്ട്. ഇതിൽനിന്ന് മോചനം നേടിയ ശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.

Beauty corner acts as drug rehabilitation center
Author
Kenya, First Published Mar 23, 2020, 4:27 PM IST

വർഷങ്ങൾക്കുമുൻപ് 31 -കാരിയായ നയ്മ സെയ്ദ്, മുടി മുറിക്കുന്നത് മുതൽ പെഡിക്യൂർ വരെയുള്ള എല്ലാ കാര്യങ്ങളിലും YouTube വീഡിയോകൾ നോക്കി തനിയെ പഠിച്ചു. ഇപ്പോൾ അവർ സ്വന്തമായി ഒരു ബ്യൂട്ടി കോർണർ നടത്തുന്നു. കെനിയൻ തീരത്തെ മൊംബാസയിൽ ചെറുതും എന്നാൽ ഏറ്റവും മികച്ചതുമായ ബ്യൂട്ടി പാർലറാണത്. എന്നാൽ, അവിടെ സ്ത്രീകൾക്ക് സൗന്ദര്യം മാത്രമല്ല പകർന്ന് നൽകുന്നത്, അവരുടെ നഷ്ടമായ ജീവിതം കൂടിയാണ്. മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം തകർന്ന സ്ത്രീകളെ തിരിച്ച് ജീവിതത്തിലേയ്ക്ക് കൈപിടിച്ച് നടത്തിക്കുന്ന ഒരു സ്ഥാപനം കൂടിയാണത്. എല്ലാ പ്രവൃത്തിദിവസവും രാവിലെ എട്ടുമണി മുതൽ നയ്മ തന്റെ പാർലറിന്റെ വാതിലുകൾ സ്ത്രീകൾക്കായി തുറന്നിടുന്നു. അവിടെ വരുന്ന സ്ത്രീകളെ കൗൺസിലിങ് നടത്തിയും, വേണ്ട ചികിത്സകൾക്ക് വിധേയരാക്കിയും അവരുടെ അണഞ്ഞുപോയ ജീവിതത്തിന്റെ വെട്ടം വീണ്ടും തെളിയിച്ചു കൊടുക്കുന്നു.  

മയക്കുമരുന്ന് ആസക്തിയെ ചെറുക്കാൻ മൊംബാസ നിവാസികളെ സഹായിക്കുന്ന കെനിയൻ സംഘടനയായ റീച്ച് ഔട്ട് സെന്റർ ട്രസ്റ്റിന്റെ കീഴിലാണ് കഴിഞ്ഞ വർഷം ഈ പാർലർ തുറന്നത്. എച്ച്ഐവി പരിശോധന, കൗൺസിലിംഗ്, മെത്തഡോൺ ചികിത്സ, സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് എന്നിവ ഉൾപ്പെടുന്ന അനവധി ഉപകാരപ്രദമായ സേവനങ്ങൾ ഉൾപ്പെടുന്നതാണ് ഈ പാർലർ. മുൻപ് നയ്മയും മയക്കുമരുന്നിന് അടിമയായിരുന്നു. 10 വർഷത്തോളം അവർ മയക്ക് മരുന്ന് ഉപയോഗിച്ചു. 17 വയസ്സുള്ളപ്പോഴാണ് അവൾ സുഹൃത്തുക്കളോടൊപ്പം കഞ്ചാവ് വലിക്കാൻ തുടങ്ങിയത്. 21 വയസ്സായപ്പോഴേക്കും അവൾ പൂർണ്ണമായും അതിന് അടിമപ്പെട്ടു കഴിഞ്ഞു. “ഞാൻ മരിച്ച് ജീവിക്കുകയായിരുന്നു. ഒരു സന്ദർഭത്തിൽ, കഞ്ചാവ് വാങ്ങാൻ പണം ഇല്ലാതെ എന്റെ ശരീരം തന്നെ വിൽക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, ആളുകളെ ആകർഷിക്കാൻ മാത്രം സൗന്ദര്യം എനിക്കില്ലായിരുന്നു. ആളുകൾ എന്നെ കണ്ടാൽ ഭയന്ന് മാറുമായിരുന്നു" നയ്മ പറഞ്ഞു. 

Beauty corner acts as drug rehabilitation center

കുറച്ച് കാലങ്ങൾക്ക് മുൻപ്, ഹെറോയിൻ  പോലുള്ളവ ആഫ്രിക്കയിൽ അപൂർവമായിരുന്നു. എന്നിരുന്നാലും, 2010 മുതൽ, ലോകത്തെവിടെയും ഉള്ളതിനേക്കാൾ വേഗത്തിൽ ഹെറോയിന്റെ ഉപയോഗം ഇവിടെ വർദ്ധിച്ചു. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്.   അഫ്ഗാനിസ്ഥാനിലെ ഓപിയം ചെടികളുടെ ഉത്പാദനം തടയാൻ യുഎസും സഖ്യകക്ഷികളും ആവതും ശ്രമിച്ചിട്ടും നടന്നില്ല എന്നതാണ് ഒന്നാമത്തെ കാരണം, Global Initiative Against Transnational Organised Crime (GIATO) ന്റെ സിമോൺ ഹെയ്‌സോം പറയുന്നു. 2017 ഒക്കെ ആയപ്പോഴേക്കും കഞ്ചാവിന്റെ ഉത്പാദനം റെക്കോർഡ് ഉയരത്തിലെത്തി (ഒരു വർഷത്തിൽ 87% വരെ അത് കുതിച്ചുയർന്നു). ഇപ്പോഴും അഫ്ഗാനിസ്ഥാനാണ് ലോകത്തിലെ ഹെറോയിന്റെ 82% ഉത്പാദിപ്പിക്കുന്നത്.

മയക്കുമരുന്ന് കടത്താനുള്ള ഏറ്റവും അനുയോജ്യമായ കടൽ മാർഗ്ഗം ആഫ്രിക്കയായി തീർന്നതാണ് രണ്ടാമത്തെ കാരണം. മുൻപ്, അഫ്ഗാനിസ്ഥാനിൽ നിന്ന് പടിഞ്ഞാറോട്ട് കടത്തിയ കഞ്ചാവ് 'ബാൽക്കൻ റൂട്ട്' വഴിയാണ് മറ്റ് രാജ്യങ്ങളിലേക്ക് വന്നിരുന്നത്. എന്നാൽ സംഘർഷവും സുരക്ഷയും വർദ്ധിച്ചതിനെത്തുടർന്ന് ഈ പാത ഇല്ലാതായി. കള്ളക്കടത്തുകാർ പതുക്കെ കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്താൻ തുടങ്ങി. 2010 മുതൽ സതേൺ റൂട്ട് കൂടുതൽ ജനപ്രീതിയാർജ്ജിച്ചു. 'സ്മാക്ക് ട്രാക്ക്' എന്നും ഇത് അറിയപ്പെടുന്നു. ഹെറോയിൻ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി ദക്ഷിണാഫ്രിക്കയിലേക്ക് എത്തി. അവിടെ നിന്ന് യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് കടത്തപ്പെട്ടു. ആഫ്രിക്കയിലേക്ക് കൂടുതൽ ഹെറോയിൻ ഒഴുകാൻ തുടങ്ങിയതോടെ കൂടുതൽ ആളുകൾ ഇതിലേയ്ക്ക് ആകർഷിക്കപ്പെട്ടു. “ഈ മേഖലയിലൂടെ സഞ്ചരിക്കുന്നതിന് പകരം ഈ പ്രദേശം തന്നെ ഇപ്പോൾ മയക്കുമരുന്നിന്റെ കേന്ദ്രമായി മാറി” ഹെയ്‌സോം പറയുന്നു.

കെനിയയിൽ, പ്രത്യേകിച്ച് തീരത്ത് ഹെറോയിനോടുള്ള ആസക്തി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും വലിയ തുറമുഖമെന്ന നിലയിൽ, മൊംബാസ ഈ വർദ്ധനവിൽ പ്രധാന പങ്ക് വഹിക്കുന്നു. തുറമുഖം വഴി ഇതിന്റെ ഉപയോഗം പതുക്കെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ശരാശരി 18,000 മുതൽ 55,000 കെനിയക്കാരാണ് ഹെറോയിൻ ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ സ്ത്രീകളും ഉൾപ്പെടുന്നു. പലപ്പോഴും കഞ്ചാവ് വാങ്ങാൻ പണമില്ലാതെ ലൈംഗിക തൊഴിലിലേയ്ക്ക് വഴുതി വീണവരാണ് അധികവും. ആ തൊഴിൽ അവർക്ക് സമ്മാനിക്കുന്നതോ എയ്ഡ്‌സുപോലുള്ള രോഗങ്ങളും. ഇങ്ങനെ കഞ്ചാവിനടിമപ്പെട്ട് ജീവിതം നശിച്ചുപോകുന്ന സ്ത്രീകളെ രക്ഷിക്കാൻ വേണ്ടിയിട്ടാണ് നയ്മ ഇത്തരമൊരു ബ്യൂട്ടി കോർണർ തുറന്നത്. ഒരു വർഷത്തിനുള്ളിൽ 453 സ്ത്രീകളാണ് ഈ പാർലറിൽ എത്തിയത്. ക്ലിനിക്കൽ സേവനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചു. അതുകൂടാതെ സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് ചെയ്തവരുടെ എണ്ണവും വർധിച്ചു.  

അവിടെ വരുന്ന സ്ത്രീകളിൽ ഒരാളാണ് 34 -കാരിയായ എലിസബത്ത് യിക്കോ. അവർ മയക്കുമരുന്നിനടിമയായിരുന്നു. ഒരു സുഹൃത്താണ് അവരെ ഈ ബ്യൂട്ടി കോർണറിൽ കൊണ്ടുവന്നത്. “എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല” അവളുടെ മാറ്റം കണ്ട് സുഹൃത്ത് പറഞ്ഞു. “എലിസബത്ത് വളരെ മാറിയിരിക്കുന്നു. മേക്കപ്പ് ധരിച്ച്, ചുണ്ടിൽ ചുവന്ന ചായം പൂശി, മുടിയെല്ലാം ഒതുക്കി, ഒരു സുന്ദരിയായിരിക്കുന്നു അവൾ. മയക്കുമരുന്നിന് വേണ്ടി സ്വന്തം ശരീരം വിൽക്കാൻ തയ്യാറായ സ്ത്രീകൾക്ക് ഇങ്ങനെയും മാറാൻ കഴിയുമെന്നത് എന്നെ അതിശയിപ്പിച്ചു. അവളുടെ മാറ്റം ശരിക്കും അതിശയമുളവാക്കുന്നതാണ്. ഇപ്പോൾ അവൾ മയക്കുമരുന്നിൽ നിന്ന് തീർത്തും മോചിതയാണ്” സുഹൃത്ത് പറഞ്ഞു. ഇന്ന് എലിസബത്ത് ഈ ബ്യൂട്ടി കോർണറിനൊപ്പം ചേർന്ന് മയക്കുമരുന്നിനെതിരെ പോരാടുകയാണ്.

പല സ്ത്രീകളെയും അവർ ഇവിടെ കൊണ്ട് വന്നിട്ടുണ്ട്. ഇതുവരെ 10 സ്ത്രീകളെ അവർ ഇങ്ങനെ രക്ഷിച്ചിട്ടുണ്ട്. "എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യണെമെന്നുണ്ട്. ഇതിൽനിന്ന് മോചനം നേടിയ ശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. അവർ ഇതിന് ശേഷം എവിടെ പോകും? പഴയ ജീവിതത്തിലേക്ക് മടങ്ങാൻ അവർക്കാവില്ല. മയക്കുമരുന്ന് ഇടങ്ങളിൽ ജനിച്ച് വളർന്ന ആളുകൾക്ക് അവരുടെ വീട് തന്നെ മയക്കുമരുന്നിന്റെ കേന്ദ്രമാണ്. അതുകൊണ്ട് തന്നെ അവിടേയ്ക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. ഞങ്ങൾ സ്ത്രീകൾക്കായി ഒരു സ്ഥലം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്,” നയ്മ പറഞ്ഞു. അനേകം സ്ത്രീകൾക്ക് മാർഗ്ഗവും പ്രതീക്ഷയുമായി മാറുകയാണ് നയ്മയുടെ ബ്യൂട്ടി കോർണർ. എന്നിരുന്നാലും അവിടെ മാത്രമല്ല ലോകത്തിന്റെ പല കോണുകളിലുമായി അനേകായിരങ്ങളാണ് ഇതുപോലെ മയക്ക്മരുന്നിന് അടിമപ്പെട്ട് സ്വന്തം ജീവിതം കുരുതികൊടുക്കുന്നത്. അവർക്കെല്ലാം പ്രതീക്ഷയായി ഇനിയും ഇതുപോലെയുള്ള സ്ഥാപനങ്ങൾ ഉയർന്ന് വരട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. 

(കടപ്പാട്: ദ ഗാര്‍ഡിയന്‍)

Follow Us:
Download App:
  • android
  • ios