Asianet News MalayalamAsianet News Malayalam

ബ്രസീൽ അണക്കെട്ടപകടം: ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

ഈ അപകടം നടന്നതിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക സംഘടനകൾ ഇത്തരം പരിശോധനാഭ്യാസങ്ങളുടെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി പ്രവർത്തനരഹിതമായിരുന്നു ഈ ഖനി എന്നാണ് കമ്പനി അധികൃതർ പറയുന്നത്. അതുകൊണ്ടുതന്നെ അണക്കെട്ടും.. അപ്പോൾ ഉയരുന്ന സംശയം, പ്രവർത്തനരഹിതമായ അണക്കെട്ടുകളിൽ, സജീവമായിരിക്കുന്നതിൽ പാലിക്കുന്നത്ര സുരക്ഷാ മാനദണ്ഡങ്ങളും ജാഗ്രതയും  കമ്പനി അധികൃതർ പാലിക്കുന്നുണ്ടോ എന്നുള്ളതാണ്. 

brazil dam collapse and aftermaths
Author
Thiruvananthapuram, First Published Jan 28, 2019, 11:48 AM IST
  • Facebook
  • Twitter
  • Whatsapp

കാണാതായ തന്റെ ഭർത്താവിനെ തിരഞ്ഞുനടന്ന് ഒടുവിൽ ഒരു സ്ത്രീ മോഹാലസ്യപ്പെട്ടുവീണു. മറ്റൊരു സ്ത്രീയാകട്ടെ തന്റെ മകളുടെ ഫോട്ടോയും കയ്യിലെടുത്ത് രക്ഷാകേന്ദ്രത്തിൽ അക്ഷമയായി നിൽക്കുന്നതുകണ്ടു. "നിങ്ങൾക്കിത് പകരം വേറൊരാളെക്കൊണ്ട് നികത്താവുന്ന ഒരു ഒഴിവു മാത്രമാവും.. കാണാതായിരിക്കുന്നത് എന്റെ ഭർത്താവിനെയാണ്, എന്റെ മകളുടെ അച്ഛനെ..' മറ്റൊരു സ്ത്രീ അധികാരികളോട് അറിയാതെ കയർത്തുപോയി. ബ്രസീലിലെ  ബ്രൂഹ്‌മാഡീഞ്ഞ്യോ പട്ടണത്തിലെ ഒരു സ്‌കൂളിൽ സജ്ജമാക്കിയ രക്ഷാക്യാംപിൽ കണ്ട പരിഭ്രാന്തമായ ദൃശ്യങ്ങളിൽ ചിലതാണ് ഇവ.

'അണക്കെട്ട് തകർന്ന നിലയിൽ '

               
ബ്രസീലിന്റെ തെക്കുകിഴക്കുള്ള ബ്രൂഹ്‌മാഡീഞ്ഞ്യോ എന്ന പട്ടണത്തിൽ  വാലി എന്ന കമ്പനിയുടെ  ഇരുമ്പയിർ കുഴിച്ചെടുക്കുന്ന  'കോഹെജോ ഡോ ഫേഷ്യാവോ' എന്നുപേരായ ഖനി, ഖനനാവശിഷ്ടങ്ങൾ സംഭരിച്ചുവെക്കാൻ വേണ്ടി നിർമിച്ച  'ടെയിലിങ്ങ് ഡാം' ആണ് ശനിയാഴ്ച  തകർന്നുവീണത്. തിങ്കളാഴ്ച രാവിലെയായപ്പോഴേക്കും മരിച്ചവരുടെ എണ്ണം 58  ആയി ഉയർന്നിട്ടുണ്ട് എന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. മുന്നൂറിലധികം പേരെ കാണാതായിട്ടുമുണ്ട്. ഇവിടെ നിന്നും വെറും 75  കിലോമീറ്റർ മാത്രം അകലെയാണ് 2015 -ൽ ഇതിലും വലിയ ഒരു അണക്കെട്ടപകടം നടന്ന  മരിയാനാ അണക്കെട്ട്. വാലിയുടെയും BHP ബില്ലിട്ടന്റെയും ഉടമസ്ഥതയിലുള്ളതാണ് ഈ അണക്കെട്ടും. പത്തൊമ്പത് പേരുടെ ജീവനെടുക്കുകയും കിലോമീറ്ററുകളോളം ദൂരം വിഷം കലർന്ന ഖനനാവശിഷ്ടങ്ങൾ കൊണ്ട് മലിനപ്പെടുത്തുകയും ചെയ്ത ആ അപകടത്തിൽ നിന്നും കമ്പനി ഒരു പാഠവും പഠിച്ചില്ലെന്നാണ് വെറും രണ്ടുവർഷങ്ങൾക്കിപ്പുറം നടന്ന ഈ അപകടം സൂചിപ്പിക്കുന്നത്. 

 

 

അണക്കെട്ടിനോട് ചേർന്നുള്ള വീടുകളിൽ താമസിക്കുന്നവരും കമ്പനിയുടെ കാന്റീനിൽ ആ സമയത്തുണ്ടായിരുന്ന തൊഴിലാളികളുമാണ് അപകടത്തിൽ പെട്ടത്. ചെളിക്കുള്ളിൽ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ ഹെലികോപ്ടറുകളെ കൈകാട്ടി വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ ബ്രസീലിയൻ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുകയുണ്ടായി. കമ്പനി വക്താക്കൾ അവകാശപ്പെടുന്നത് ബ്രൂഹ്‌മാഡീഞ്ഞ്യോ ഖനി കഴിഞ്ഞ മൂന്നുവർഷമായി പ്രവർത്തിക്കുന്നില്ല എന്നാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ പോലും ഡാമിന്റെ സുരക്ഷാ പരിശോധനകൾ ചെയ്തിരുന്നതാണ് എന്നും അവർ അവകാശപ്പെടുന്നു. 1976 -ൽ പണിത ഈ അണക്കെട്ടിന്  20 ലക്ഷം ക്യൂബിക് മീറ്റർ ഖനനാവശിഷ്ടങ്ങൾ  ശേഖരിക്കാനുളള ശേഷിയുണ്ടായിരുന്നു. അപകടം നടന്നതിന് പിന്നാലെ ബ്രസീലിലെ പാരിസ്ഥിതിക ഏജൻസി ആയ ഇബാമ, വാലി കമ്പനിയുടെ 1.6 ബില്യൺ ഡോളർ വരുന്ന ബില്ലുകൾ മരവിപ്പിച്ച്, ആ പണം  കോടതിയിൽ കെട്ടിവെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

നിരവധി പേരുടെ മരണത്തിനിടയാക്കിയ,അപാരമായ പാരിസ്ഥിതികാഘാതങ്ങൾക്ക് ഇടയാക്കിയ, ഈ അണക്കെട്ടപകടം നമുക്കു മുന്നിലേക്ക് വെക്കുന്ന ചില ചോദ്യങ്ങളുണ്ട്.. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ. 

മുന്നറിയിപ്പിനുള്ള സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നില്ലേ..? 

ബ്രസീലിലെ ഖനന രംഗത്ത് പ്രവർത്തിക്കുന്ന The Movement for Popular Sovereignty  എന്ന ഒരു സാമൂഹിക സംഘടന പറയുന്നത് അണക്കെട്ടിന് സമീപം താമസിച്ചിരുന്ന ജനങ്ങൾക്ക് അപകടത്തിനുമുമ്പ് യാതൊരുവിധ മുന്നറിയിപ്പുകളും കിട്ടിയിരുന്നില്ല എന്നാണ്. എന്നുമാത്രമല്ല, വാലി കമ്പനി, അണക്കെട്ടിന് ചുറ്റുപാടും താമസിക്കുന്ന ആളുകൾക്ക് ഇത്തരത്തിൽ ഒരു അപകടമുണ്ടായാൽ എങ്ങനെ പ്രതികരിക്കണം എന്നതിനെപ്പറ്റി യാതൊരു വിധ അവബോധവും പകർന്നിരുന്നില്ല. ആർക്കും ഒരു തരത്തിലുള്ള 'എമർജൻസി ഡ്രിൽ' പരിശീലനങ്ങളും നൽകിയിരുന്നില്ല. അപകടം നടന്നപ്പോൾ ഒരു സൈറൺ പോലും മുഴങ്ങുകയുണ്ടായില്ല. 'അലാറം മുഴങ്ങാനുള്ള സമയം പോലും കിട്ടാത്തത്ര പെട്ടെന്നായിരുന്നു അപകടം നടന്നത്' എന്നായിരുന്നു വാലി കമ്പനി വക്താക്കളുടെ വിചിത്രമായ വാദം. 

മറ്റു 'ടെയ്‌ലിങ്ങ്' അണക്കെട്ടുകളുടെ സുരക്ഷയെ ഈ അപകടം ബാധിക്കുമോ..? 

ഇപ്പോൾ അപകടം നടന്നിരിക്കുന്ന അണക്കെട്ടിൽ നിന്നും അധികം അകലെയല്ലാതെ വേറെയും ഒരുപാട് 'ടെയ്‌ലിങ്ങ്' അണക്കെട്ടുകൾ ഖനനാവശ്യങ്ങൾക്കായി നിർമിച്ചിട്ടുണ്ട്. അവയിൽ പലതും അപകടാവസ്ഥയിലാണെന്നാണ് സുരക്ഷാ സേന അറിയിച്ചിരിക്കുന്നത്. വാലി കമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള B6 അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട് കമ്പനി. 11 മില്യൺ ക്യൂബിക് മീറ്റർ ചെളിയാണ് ഇപ്പോൾ തകർന്നുപോയ അണക്കെട്ടിൽ നിന്നും ഒലിച്ചിറങ്ങിയിരിക്കുന്നത്. അത് മറ്റുള്ള അണക്കെട്ടുകളെ ബാധിക്കും എന്ന ആശങ്കയാൽ ജീവൻ കയ്യിലെടുത്തുപിടിച്ചുകൊണ്ടാണ് ആ അണക്കെട്ടുകളുടെ പരിസരപ്രദേശങ്ങളിലുള്ളവർ ഇപ്പോൾ കഴിഞ്ഞുകൂടുന്നത്. ചെറിയൊരു വിള്ളൽ മതി നിമിഷനേരം കൊണ്ട് അവരുടെയെല്ലാം ജീവിതങ്ങൾ വിഷമയമായ ചെളിക്കുള്ളിൽ അമർന്നുപോവാൻ.

എത്ര ദൂരേക്ക് പടരും ഈ വിഷച്ചെളി..?

കൂടുതൽ ജീവാപായമുണ്ടായി എന്നത് ശരിയാണെങ്കിലും, 2015 -ൽ ഉണ്ടായ മരിയാനാ അണക്കെട്ടപകടത്തിൽ ഉണ്ടായതിന്റെ അത്ര പാരിസ്ഥിതികാഘാതം ഈ അപകടത്തിൽ ഉണ്ടാവില്ലെന്നാണ് വാലി  കമ്പനി വക്താക്കൾ പറയുന്നത്. ബ്രസീലിന്റെ ഖനനചരിത്രത്തിലെ ഏറ്റവും വലിയ അപകടമായിരുന്നു അന്ന് നടന്നത്. അന്ന് ഇരുപത്തയ്യായിരം ഒളിമ്പിക്സ് നീന്തൽക്കുളങ്ങളെ നിറയ്ക്കാൻ പോന്നത്ര ചെളി, ഏകദേശം ആറുകോടി ക്യൂബിക് മീറ്റർ വ്യാപ്തത്തിൽ അഞ്ഞൂറോളം കിലോമീറ്റർ ദൂരത്തേക്ക് പടർന്നിരുന്നു. അന്ന് മരണസംഖ്യ ഇന്നത്തേക്കാൾ കുറവായിരുന്നെങ്കിലും, പാരിസ്ഥിതികാഘാതം ഇതിലും കൂടുതലായിരുന്നു. അവിടെ ജീവിച്ചിരുന്ന മീൻപിടിത്തക്കാർ പറയുന്നത് അവരുടെ നിത്യവൃത്തിയെ ഈ അണക്കെട്ടപകടവും അതിൽ നിന്നും നദികളിൽ കലർന്ന ചെളിയും എന്നെന്നേക്കുമായി ഇല്ലാതാക്കി എന്നാണ്. അണക്കെട്ടിൽ നിന്നും പരന്ന ചെളിയിൽ 'അയൺ ഓക്സൈഡ്' എന്ന വിഷപദാർത്ഥം അടങ്ങിയിട്ടുണ്ട്. നദികളുടെ അടിത്തട്ടിൽ ചെന്നടിയുന്ന ഈ പൊടി, നല്ലൊരു മഴപെയ്യുമ്പോഴേക്കും വീണ്ടും അടിച്ചുപൊങ്ങി ജലോപരിതലത്തിൽ പാടകെട്ടി വെള്ളത്തെ അശുദ്ധമാക്കും. മത്സ്യസമ്പത്തിനെ നശിപ്പിക്കും. കഴിഞ്ഞ അപകടത്തിൽ 1800 കോടി രൂപയാണ് ഖനനകമ്പനിക്ക് നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത്.

 

'പ്രദേശം അപകടത്തിന് മുമ്പ് '

 

'അപകടത്തിന് ശേഷം '


    

ഇങ്ങനെയൊരു അണക്കെട്ടിന് അനുമതി കിട്ടിയതെങ്ങനെ?

വാലി പറയുന്നത്, ബ്രൂഹ്‌മാഡീഞ്ഞ്യോ അണക്കെട്ട് കഴിഞ്ഞ ഡിസംബറിൽ  TUV SUD എന്ന ജർമ്മൻ പരിശോധനാ കമ്പനി എല്ലാ വിധ സുരക്ഷാ പരിശോധനകളും കഴിഞ്ഞ് സർട്ടിഫൈ ചെയ്ത് സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയതായിരുന്നു എന്നാണ്. ഈ അപകടം നടന്നതിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക സംഘടനകൾ ഇത്തരം പരിശോധനാഭ്യാസങ്ങളുടെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി പ്രവർത്തനരഹിതമായിരുന്നു ഈ ഖനി എന്നാണ് കമ്പനി അധികൃതർ പറയുന്നത്. അതുകൊണ്ടുതന്നെ അണക്കെട്ടും.. അപ്പോൾ ഉയരുന്ന സംശയം, പ്രവർത്തനരഹിതമായ അണക്കെട്ടുകളിൽ, സജീവമായിരിക്കുന്നതിൽ പാലിക്കുന്നത്ര സുരക്ഷാ മാനദണ്ഡങ്ങളും ജാഗ്രതയും  കമ്പനി അധികൃതർ പാലിക്കുന്നുണ്ടോ എന്നുള്ളതാണ്. ഒരു ഖനി പ്രവർത്തനരഹിതമാവുന്നതോടെ, അവിടെ നിന്നുള്ള വരുമാനം നിലയ്ക്കുന്നതോടെ കമ്പനിക്ക് അവിടത്തെ സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റിയുള്ള ജാഗ്രതയും കുറയും എന്നുതന്നെയാണ് പാരിസ്ഥിതിക സംഘടനകൾ ആരോപിക്കുന്നത്. 

അണക്കെട്ടുകൾ തകരാനുളള കാരണങ്ങൾ 

1. 'ഓവർ ടോപ്പിങ്ങ്' അഥവാ അണക്കെട്ട് കവിഞ്ഞൊഴുകൽ: അണക്കെട്ടിന്റെ ശേഷിയിലും കൂടുതൽ ജലമോ മാലിന്യമോ നിറയുമ്പോൾ കവിഞ്ഞൊഴുകുന്നതാണ് പല അണക്കെട്ടുകളുടെയും തകർച്ചയ്ക്കുള്ള ഒരു കാരണം. സ്പിൽ വേ യുടെ ഡിസൈൻ കൃത്യമല്ലാത്തതും, മാലിന്യങ്ങൾ അടിഞ്ഞുകൂടി സ്പിൽ  വേ അടഞ്ഞുപോവുന്നതുമാണ് 'ഓവർ ടോപ്പിങ്ങി'നുള്ള പ്രധാന കാരണങ്ങൾ. 
2. നിർമ്മാണഘട്ടത്തിൽ അണക്കെട്ടിന്റെ അസ്തിവാരത്തിൽ വരുന്ന 'സെറ്റിൽമെന്റ്' അല്ലെങ്കിൽ 'സ്ലോപ്' പ്രശ്നങ്ങൾ 
3. വിള്ളലുകൾ: ഭൂവൽക്കത്തിലെ ചലനങ്ങൾ കൊണ്ടോ അല്ലെങ്കിൽ അണക്കെട്ടിന്റെ സ്വാഭാവികമായുള്ള 'അമരൽ' കൊണ്ടോ അണക്കെട്ടിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്. 
4. കൃത്യമായ മെയിന്റനൻസ് ഇല്ലാത്തത്: അണക്കെട്ടും അണക്കെട്ടിന്റെ അപ്പ് സ്ട്രീം, ഡൌൺ സ്ട്രീം  പ്രദേശങ്ങളും കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ച് സൂക്ഷിക്കേണ്ടതുണ്ട്. അതിൽ വരുന്ന പാളിച്ചകൾ അണക്കെട്ടുകളുടെ സുരക്ഷയെ ബാധിക്കും. 
5. പൈപ്പിങ്ങ്: അണക്കെട്ടിൽ രൂപം കൊള്ളുന്ന നേർത്ത ദ്വാരങ്ങൾ കൃത്യമായി പരിശോധിച്ച് അപ്പപ്പോൾ നികത്തിയില്ലെങ്കിൽ കാലക്രമേണ അതിലൂടെ ദ്രവീകരണം പടർന്നു കയറുകയും അണക്കെട്ടിന്റെ ഘടനയിൽ കാര്യമായ ബലക്കുറവുണ്ടാക്കുന്ന മാളങ്ങൾ രൂപപ്പെടുകയും ചെയ്യും. ഇതും അണക്കെട്ടു തകരാനുളള കാരണങ്ങളിൽ ഒന്നാണ്. 

പാരിസ്ഥിതികാഘാതങ്ങൾ 

ഇത്തരത്തിലുള്ള അണക്കെട്ടപകടങ്ങളിലൂടെ ഖനനമാലിന്യങ്ങൾ കിലോമീറ്ററുകളോളം പടരുന്നത് പല തരത്തിലുള്ള പരിസ്ഥിതികാഘാതങ്ങൾക്കും കാരണമാവുന്നുണ്ട്. ചിലത് പെട്ടെന്ന് അനുഭവപ്പെടുന്നതാണ്, ചിലത് ദീർഘകാല ആഘാതങ്ങളും. 

പെട്ടെന്നുണ്ടാവുന്ന പ്രശ്നങ്ങൾ: 

ആളപായം: ബ്രൂഹ്‌മാഡീഞ്ഞ്യോ അപകടം ജീവനെടുത്തത് ഇന്നുരാവിലത്തെ കണക്കനുസരിച്ച് 58  പേരുടെയാണ്. ആയിരത്തിലധികം വീടുകൾ പൂർണ്ണമായും നശിച്ചു. ലക്ഷക്കണക്കിനാളുകളുടെ ജലസ്രോതസ്സുകളിൽ വിഷം കലർന്ന് അവ ഉപയോഗശൂന്യമായി. 

'രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന റെസ്ക്യൂ ടീം '

വനനശീകരണം: പരന്നൊഴുകുന്ന ചെളി നദികളോട് ചേർന്നുകിടക്കുന്നആയിരക്കണക്കിന് ഹെക്ടർ വനപ്രദേശം പൂർണ്ണമായും നശിപ്പിക്കും. മരിയാന അണക്കെട്ടപകടത്തിൽ നശിച്ചത്1500 ഹെക്ടറോളം വരുന്ന വനഭൂമിയാണ്. ബ്രൂഹ്‌മാഡീഞ്ഞ്യോ അപകടത്തിന്റെ കണക്കുകൾ വരും നാളുകളിൽ നടത്തപ്പെടുന്ന പഠനങ്ങളിലൂടെ മാത്രമേ വെളിപ്പെടുകയുള്ളൂ. 

മത്സ്യസമ്പത്തിനു സംഭവിക്കുന്ന നാശം: നദികളിൽ ചെളി ചെന്നടിയുന്നത് അവയിലെ മത്സ്യസമ്പത്ത് നശിപ്പിക്കും. മരിയാനയിൽ നടന്ന അപകടത്തിൽ ഏകദേശം 400 ടണ്ണോളം മത്സ്യസമ്പത്ത് നശിച്ചു പോയെന്നാണ് യുഎൻ കണക്ക്. 

നദികളുടെ അടിത്തട്ടിനുണ്ടാവുന്ന നാശം: നദികളുടെ അടിത്തട്ടിൽ എക്കൽ മണ്ണാണ് സ്വാഭാവികമായും അടിഞ്ഞു കൂടുക. ഇതിൽ വന്നടിയുന്ന ഖനി മാലിന്യം നദിയുടെ ആഴം കുറയ്ക്കും.  ഓരോ മഴയ്ക്കും മാലിന്യം അടിച്ചു പൊങ്ങി നദിയെ വീണ്ടും വീണ്ടും മലിനമാക്കുകയും ചെയ്യും. 

സംരക്ഷിതമായ പൈതൃക സ്മാരകങ്ങളുടെ നാശം: നദീ തട സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന പല ചരിത്ര സ്മാരകങ്ങളും ചെളിയുടെ കുത്തൊഴുക്കിൽ നശിച്ചുപോവാറുണ്ട്. തിരിച്ചു പിടിക്കാനാവാത്ത നഷ്ടമാണ് ഇതുണ്ടാക്കുന്നത്. 

ഇതിനൊക്കെപുറമെ പല തരത്തിലുള്ള ദീർഘകാല ദൂഷ്യഫലങ്ങളും സ്പില്ലിങ്ങ് കൊണ്ടുണ്ടാവുന്നുണ്ട്. ചെളി കലരുന്നതുകൊണ്ട് നദിയിലെ ജലത്തിനുണ്ടാവുന്ന pH വ്യതിയാനം, അതുകൊണ്ടുണ്ടാവുന്ന ജൈവവ്യവസ്ഥാ നാശം, അടിസ്ഥാന സൗകര്യങ്ങൾ നശിക്കുന്നതിലൂടെ ടൂറിസം, വിദ്യാഭ്യാസം, കച്ചവടം എന്നീ മേഖലകൾക്കുണ്ടാവുന്ന നഷ്ടം എന്നിവ അവയിൽ ചിലതുമാത്രം. 

2015 -ൽ മരിയാനയിൽ നടന്ന അപകടത്തിന്റെ കാരണം അണക്കെട്ടിൽ രൂപം കൊണ്ട ഒരു വിള്ളൽ ആയിരുന്നു എന്നും അത് സമയാനുസൃതമായി പരിഹരിക്കാഞ്ഞതാണ് അണക്കെട്ടു തകരാൻ കാരണമായത് എന്നും  പഠനങ്ങളിൽ വെളിപ്പെട്ടിരുന്നു. 

ബ്രസീൽ പ്രസിഡന്റ് ജൈർ ബോത്സരാനോ അപകടം നടന്നയുടൻ പ്രദേശം സന്ദർശിക്കുകയും വേണ്ട രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും ഒക്കെ മുൻകൈയെടുക്കുകയും ചെയ്തു. അപകടത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് ചെയ്യും എന്ന് അദ്ദേഹം ഉറപ്പുനൽകി. ഇത്തരത്തിൽ ഒരു അപകടം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകളും കർശനമായ നിയന്ത്രണങ്ങളും കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇത് എത്രകണ്ട് പ്രവർത്തികമാവും എന്നകാര്യത്തിൽ  സംശയമുണ്ട്.2015ൽ ഇപ്പോൾ അപകടം നടന്നിടത്തുനിന്നും 75 കിലോമീറ്റർ അകലെ മാത്രം സ്ഥിതി ചെയ്യുന്ന മരിയാനയിൽ അപകടം നടന്നപ്പോഴും ഇതൊക്കെത്തന്നെ അന്നത്തെ പ്രസിഡണ്ടും പറഞ്ഞിരുന്നു എന്നോർക്കുമ്പോൾ പ്രത്യേകിച്ചും.  

UNEP മാർഗ്ഗനിർദ്ദേശങ്ങൾ 

ഖനനാവശിഷ്ടങ്ങൾ  ശേഖരിക്കാനായി നിർമിക്കുന്ന ടെയ്‌ലിങ്ങ് അണക്കെട്ടുകളിൽ അപകടങ്ങൾ പതിവായി നടക്കുന്നുണ്ട്. ഇതേക്കുറിച്ച് യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (UNEP) നടത്തിയ പഠനങ്ങൾ വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള ഖനിബന്ധിത അണക്കെട്ടുകൾക്കായി അവർ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാനമായും രണ്ടു നിർദ്ദേശങ്ങളാണ് അതിലുള്ളത്.

1. ടെയ്‌ലിങ്ങ് അണക്കെട്ടുകളുടെ പ്രവർത്തനത്തിന് 'Safety First ' എന്ന ഒരു പ്രവർത്തനശൈലി നടപ്പിൽ വരുത്തണം. മനുഷ്യരുടെയും പരിസ്ഥിതിയുടെയും സുരക്ഷിതത്വം സാമ്പത്തിക നേട്ടങ്ങൾക്ക് മുകളിലായി കണക്കിലെടുക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിൽ വരുത്തണം. അതിനുള്ള ചെലവ് എത്രതന്നെ ആയിരുന്നാലും.
2. ആഗോളതലത്തിൽ ടെയ്‌ലിങ്ങ് അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒരു യുഎൻ എൻവയോൺമെന്റ് സ്റ്റേക്ക്ഹോൾഡർ ഫോറം  രൂപീകരിക്കണം. 

ഖനിബന്ധിത അണക്കെട്ടുകളിലെ അപകടങ്ങളെപറ്റിയുള്ള UNEP റാപ്പിഡ് റിസ്ക്ക് അസ്സെസ്സ്മെന്റ് റിപ്പോർട്ട് 

 

കടപ്പാട്: 

United Nations Environmental Program Press Release
Reuters, BBC and Newyork Times

Follow Us:
Download App:
  • android
  • ios