ബൊഗോട്ട: ആറായിരത്തിലേറെ മനുഷ്യര്‍. എല്ലാ നാണവും മാറ്റി വെച്ച് അവര്‍ ഒന്നിച്ച് ക്യാമറയ്ക്ക് പോസ് ചെയ്തു. വെറുതെയല്ല, പൂര്‍ണ്ണ നഗ്‌നരായ ശേഷമാണ് സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം വിചിത്രമായ ഫോട്ടോ ഷൂട്ടില്‍ പങ്കുചേര്‍ന്നത്. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലായിരുന്നു സംഭവം. 

Scroll to load tweet…
Scroll to load tweet…

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പെന്‍സര്‍ ട്യൂനിക്ക് എന്ന ഫോട്ടോഗ്രാഫറാണ് വിചിത്രമായ ഈ ഫോട്ടോ ഷൂട്ടിന് പിന്നില്‍. നഗ്‌ന ഫോട്ടോ ഷൂട്ടുകളിലൂടെ പ്രശസ്തനായ സ്‌പെന്‍സര്‍ ട്യൂനിക്കിന് ഇതിനൊരു കാരണമുണ്ട് പറയാന്‍. 'സമാധാനം' . അതിനു വേണ്ടിയാണ് ഈ ശ്രമമെന്ന് അദ്ദേഹം പറയുന്നു. 

റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ എന്ന ഇടത് തീവ്രവാദി സംഘടനയുമായി അമ്പത് വര്‍ഷത്തിലേറെയായി യുദ്ധം ചെയ്യുന്ന കൊളംബിയ ഇപ്പോള്‍ ഒരു സമാധാന ഉടമ്പടിയുടെ വക്കിലാണ്. എല്ലാ വിദ്വേഷവും മാറ്റി വെച്ച് കൊളംബിയ സമാധാനത്തിലേക്ക് നടക്കുമ്പോള്‍ അതിനു വ്യത്യസ്തമായ രീതിയില്‍ പിന്തുണ നല്‍കുകയാണ് ഈ ഫോട്ടോ ഷൂട്ടിലൂടെ ഉദ്ദേശിക്കുന്നതെന്നും സ്‌പെന്‍സര്‍ പറയുന്നു. 

സമൂഹം ഏര്‍പ്പെടുത്തിയ വിലക്കുകളില്‍ നിന്നുമുള്ള മോചനമാണ് ഈ ഫോട്ടോ ഷൂട്ട് എന്ന് അതില്‍ പങ്കാളിയായ മിഗുവല്‍ പാറ്റിരോ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എല്ലാവരും തുല്യരായ ഒരു നിമിഷമാണ് ഫോട്ടോ ഷൂട്ടെന്നും അദ്ദേഹം പറയുന്നു.