Asianet News MalayalamAsianet News Malayalam

മെറ്റാ വെഴ്‌സ് നമ്മെ നയിക്കുന്നത് എങ്ങോട്ടേക്കാവും?

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍, ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക് സുക്കര്‍ബര്‍ഗ് ലോകത്തോട് ഇങ്ങനെ പറഞ്ഞു: മെറ്റാ വെഴ്‌സിലേക്ക് സ്വാഗതം.  എന്താണീ മെറ്റാവെഴ്‌സ്?

analysing  metaverse   facebooks new experiment by S biju
Author
Thiruvananthapuram, First Published Nov 1, 2021, 6:14 PM IST

സക്കര്‍ബര്‍ഗ് വിഭാവനം ചെയ്യുന്ന മെറ്റാവെഴ്‌സിലൂടെ നമുക്ക് ഹോളോഗ്രാമിലൂടെ രൂപാന്തരം വരുത്തി  ഞൊടിയിടയില്‍ നമ്മുടെ അച്ഛനമ്മമാരുടെ മുറിയിലേക്കോ അങ്ങ് ഭൂഖണ്ഡാന്തര സ്ഥലികളിലേക്കോ സഞ്ചരിക്കാം. ജെഫ് ബെസോസാ ഇലാണ്‍ മസ്‌കോ വിഭാവനം ചെയ്യുന്ന അന്യഗ്രഹ വാസത്തെയും അവിടേക്കുള്ള സുഗമ യാത്രയെയുമൊക്കെ ഇതിന് അനുരൂപമായി കാണുക.   

 

 

xവിൻഡി സിറ്റി എന്നാണ് ഷിക്കാഗോ അറിയപ്പെടുന്നത്. മിഷിഗന്‍ തടാകക്കരയിലെ ഈ വലിയ പട്ടണത്തിലെ മഴയിലേക്കാണ് ഞങ്ങള്‍ ഒഹെയര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയത്. അഞ്ചു വര്‍ഷം മുന്‍പ്  നാസയിലെ ഔദ്യോഗിക പരിപാടിക്ക് ശേഷം അമേരിക്കന്‍ പട്ടണങ്ങളിലെ തിരക്കിട്ട മറ്റ് പണികള്‍ക്കായാണ് ഷിക്കോഗയിലെത്തിയത്. കാഴ്ച കാണുന്നവരുടെ ഹരമല്ല, അത് ചിത്രീകരിച്ച് ടിവി പ്രോഗ്രാം ചെയ്യാന്‍ കൂടെ പോകുന്നവരുടെ അവസ്ഥ. 

കോരിച്ചാരിയുന്ന മഴയത്ത് വലിയ ചിത്രീകരണ കിറ്റുമായുള്ള യാത്ര വെല്ലുവിളി തന്നെയായിരുന്നു.  നൊബേല്‍  സമ്മാന ജേതാക്കള്‍ക്കുള്ള കാര്‍ പാര്‍ക്കിങ്ങ് ഏരിയാണിതെന്ന് പറഞ്ഞ് ഞെട്ടിച്ചപ്പോളാണ് ഞാനവരെ ശ്രദ്ധിച്ചത്. നമ്മുടെ കോച്ച് അപ്പോള്‍ ഷിക്കാഗോ സര്‍വ്വകലാശാല പിന്നിടുകയായിരുന്നു. നേരേ ചൊവ്വേ ഒരു പേറ്റന്റ്റ് പോലും നേടിയെടുക്കാത്ത സര്‍വകലാശാലകളുടെ നാട്ടില്‍ നിന്ന് പോകുന്ന നമ്മള്‍ നൊബേല്‍  സമ്മാനിതര്‍ക്ക് വേണ്ടി മാത്രമുള്ള പാര്‍ക്കിങ്ങ് ഏരിയയുള്ള സര്‍വ്വകലാശാല കാണുമ്പോള്‍ ഞെട്ടാതിരിക്കുന്നതെങ്ങനെ. 

കാല്‍പ്പനികമായി മാത്രം സംസാരിക്കുന്ന രതി മേനോന്‍ മകനുമായാണ് ഞങ്ങള്‍ക്ക് തുണ വന്നത്. മഴ കനക്കവേ വണ്ടി അഡ്‌ലര്‍ പ്‌ളാനറ്റോറിയത്തിന്റെ വിശാലതയിലേക്കെത്തി.  ബഹിരാകാശത്ത് മനുഷ്യനെ അയച്ച്  സോവിയറ്റ് യൂണിയന്‍ ( ഇന്നത്തെ റഷ്യയടങ്ങുന്ന ശീത യുദ്ധ കാലത്തെ വന്‍ ശക്തി)  നമ്മളെയെല്ലാം ആശ്ചര്യപ്പെടുത്തിയപ്പോള്‍, കൊണ്ടത് അമേരിക്കക്കായിരുന്നു. അതിനുള്ള പകരം വീട്ടലായിരുന്നു ഈ വാന നിരീക്ഷണ കേന്ദ്രം. 

അമേരിക്കന്‍ യുവതക്ക് അതിരുകളില്ലാത്ത ശാസ്ത്രജിജ്ഞാസയുര്‍ത്തി സോവിയറ്റ് യൂണിയനോട്   കിടപിടിക്കാന്‍  ഒരുക്കിയ ആലയം. മഞ്ഞുരുകിയെത്തുന്ന മിഷിഗന്‍ തടാകത്തിലെ  വെള്ളത്തിനെ തഴുകി വരുന്ന അസ്ഥി തുളക്കുന്ന  മഴക്കാറ്റിനെ   പ്രതിരോധിക്കാന്‍ എന്റെ ജാക്കറ്റിന് ശേഷിയില്ല.  രതി മേനോന്റെ കുട പങ്കിട്ട് അഡ്‌ലറിലേക്ക് നടക്കവേ ഞങ്ങളുടെ സംഘത്തിലുള്ള സ്‌പേസ് സല്യൂട്ട് കുട്ടികളുമായി ചങ്ങാത്തത്തിലായ മകനെ നോക്കി അവര്‍ പറഞ്ഞു. മകന് സ്‌കുളിലെ ഒരു പ്രതേക പാര്‍ട്ടി ദിനം അടുക്കുന്നു. അവനെ അതിന്  പ്രാപ്തനാക്കാന്‍ സ്‌കൂളിലെ ടീച്ചര്‍മാര്‍ ബന്ധപ്പെട്ടുവത്രെ. ആരെയും വശീകരിക്കാന്‍ പ്രാപ്തനായി അണിഞ്ഞൊരുങ്ങി ചുള്ളനായെത്തണം  എന്ന് പറഞ്ഞ് രതി വീണ്ടും ഞെട്ടിച്ചു. 

അതിന്റെ പൊരുള്‍ പിടികിട്ടാത്ത എന്റെ മുഖഭാവം കണ്ടിട്ടാവാം അവര്‍ കാര്യം പറഞ്ഞു. അമേരിക്കയടക്കം വികസിത  ലോകം  നേരിടുന്ന പ്രഹേളിക. ഹൈസ്‌കൂളായിട്ടും ഒരു ഗേള്‍ ഫ്രണ്ടിനെ കണ്ടെത്താത്ത കുട്ടികളെക്കുറിച്ച് അവിടത്തെ  സമൂഹത്തിന് ആശങ്കയാണ്. ഒരിണയെ, അതും എതിര്‍ ലിംഗത്തില്‍ നിന്ന് , കണ്ടെത്താത്ത കുട്ടി  വഴി പിഴക്കുമോയെന്ന ഉത്കണ്ഠയാണ് അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും.   സ്വവര്‍ഗ്ഗ രതിയും എയിഡ്‌സും മയക്കുമരുന്നും റേവ് പാര്‍ട്ടിയും, ഗണ്‍ ബാറ്റിലുമൊക്കെ കെട്ടുപിണഞ്ഞു  കിടക്കുന്നു ഷിക്കോഗയുടെ ഡൗണ്‍ ടൗണില്‍.  നൊബേല്‍ ഗവേഷകരും ശാസ്ത്ര സാമ്പത്തിക മുന്നേറ്റങ്ങള്‍ക്കുമൊപ്പം വികസിതലോകം ഇത്തരം വെല്ലുവിളികളും നേരിടുന്നു.  

 

analysing  metaverse   facebooks new experiment by S biju

 

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍, ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക് സുക്കര്‍ബര്‍ഗ് ലോകത്തോട് ഇങ്ങനെ പറഞ്ഞു: മെറ്റാ വെഴ്‌സിലേക്ക് സ്വാഗതം.  എന്താണീ മെറ്റാവെഴ്‌സ്? ആ... അതൊന്നും വ്യക്തമായി പറയാന്‍ എനിക്കറിയില്ല. ഒന്നു മാത്രം പറയാം. കാര്യങ്ങള്‍ ഈ  വിധമാണ് പോകുന്നെതങ്കില്‍ പത്ത് പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ഇന്റര്‍നെറ്റിന് പകരം വയ്ക്കുന്നതാവാം മെറ്റാ വെഴ്‌സ്. ഭ്രമകല്‍പ്പനകളുടെ മായിക ലോകം. യഥാര്‍ത്ഥ്യമോ കല്‍പ്പനയോ എന്ന് തിരിച്ചറിയപ്പെടാനിടയില്ലാത്ത അവസ്ഥ. കല്‍പ്പിത കഥകളും, വസ്തുതയും,  വാര്‍ത്തയും  തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തതാകുന്നു.  അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ ക്യാപിറ്റോള്‍ കുന്നില്‍  അക്രമത്തിന് ആഹ്വാനം ചെയ്തതിന് സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ വിലക്ക്  വന്നിട്ടുള്ള ഡൊണല്‍ഡ് ട്രംപ് സ്വന്തമായി തുടങ്ങുന്ന സാമൂഹ്യ മാധ്യമത്തിന് പേരിട്ടിരിക്കുന്നത് 'ട്രൂത്ത്' എന്നാണ്. സത്യാനന്തര കാലത്തിന്റെ പോക്കേ.. ട്വിറ്ററില്‍ ട്വീറ്റ് എന്നതു പോലെ ഇതില്‍ കൂടി വരുന്ന പോസ്റ്റുകളെ 'ട്രൂത്ത്' എന്നാവും അറിയപ്പെടുക. സത്യമെന്ന പദത്തിന് പുതിയ ഇംഗ്‌ളീഷ്  വാക്കു തേടേണ്ട കാലം. 

ടിവി ചാനലുകളെ സംബന്ധിച്ചിടത്തോളം പരിചിതമാണ് എ ആറും വി ആറും. സ്റ്റുഡിയോ പശ്ചാത്തലം കൃത്രിമമായി സൃഷ്ടിക്കുന്നതാണ് VR അഥവാ വിര്‍ച്വല്‍ റിയാലിറ്റി. അവതാരകന് ഇടപെടാവുന്ന തരത്തിലുള്ള സ്‌ക്രീനിന് ഒപ്പമുള്ള AR ഗ്രാഫിക്‌സ് അഥവാ ഓഗ്‌മെന്റഡ് റിയാലിറ്റി. ശബ്ദ വിന്യാസത്തില്‍ പുത്തന്‍ അനുഭവം തരുന്ന സ്‌പേഷ്യല്‍ ഓഡിയോയും ഇതിനൊപ്പമുണ്ട്. കെട്ടിട പ്‌ളാനുണ്ടാക്കാനും, വെബ് സൈറ്റിലിരിക്കുന്ന കുപ്പായം നമ്മുടെ ദേഹത്ത് അണിഞ്ഞു പരിശോധിക്കാനും, മഴ കനത്താല്‍ നഗരം എങ്ങനെ വെള്ളക്കെട്ടിലാകുമെന്ന് പ്രവചിക്കാനുമെല്ലാം ഇന്ന് VR-AR ഉപയോഗിക്കുന്നു.  

വലിയ പണച്ചെലവും സമയവും മനുഷ്യ പ്രയത്‌നവും വേണ്ടി  വരുന്ന  രംഗവിധാനം ഇന്ന്  AR/ VR സാങ്കേതിക  സഹായത്തോടെ സാധ്യമാകുന്നു. സിനിമയിലും, വാര്‍ത്തയിലും, വീഡിയോ ഗെയിമിലുമൊക്കെയുള്ളത് ഒരു തരം 'ഭ്രമാത്മക' ലോകമാണ്. മായികവും മാസ്മരികവുമായ, യഥാര്‍ത്ഥമോ, കൃത്രിമമോ എന്ന് ബോധ്യമില്ലാതെയുള്ള അഥവാ ആ തിരിച്ചറിവിന് പ്രസക്തിയില്ലാത്ത സംവേദന രീതി. ഭാവനയുടെ ആ സാങ്കല്‍പ്പിക ലോകത്തേക്ക് നമ്മളെയും കൊണ്ടു പോവുകയാണ് മെറ്റാ വെഴ്‌സ്. നമുക്ക് നില്‍ക്കാന്‍ ഭാവനയുടെ മണ്ണുറപ്പിക്കുകയാണ് അത്. ആ പ്രയാണം എവിടേക്കാണ് നമ്മെ നയിക്കുക എന്ന് വ്യക്തമല്ല. പല  വീഡിയോ ഗെയിമുകളും നമ്മുടെ കുട്ടികളിലും മുതിര്‍ന്നവരിലും ചെലുത്തുന്ന സ്വാധീനം ചെറുതല്ല. എത്രയൊക്കെ ചെറുത്താലും അവരെ അതില്‍ നിന്ന് മുക്തമാക്കുക എളുപ്പമല്ല. Fortnite , Roblox  പോലുള്ള അനുഭവഭേദ്യമാകുന്ന വീഡിയോ ഗെയിമുകള്‍. വട്ടമേശക്ക്   ചുറ്റുമിരിക്കുന്ന പോലുള്ള സ്‌പേഷ്യല്‍, ഫേസ് ബുക്കിന്റെ ഹൊറൈസണ്‍ വര്‍ക്ക് റൂമുകള്‍ എന്നിവയൊക്കെ മെറ്റാ വെഴ്‌സിന്റെ ആദ്യ രൂപമായി കണക്കാക്കാം. 

ഇഷ്ടമുള്ളയിടങ്ങളിലേക്ക് ഇഷ്ടമുള്ളപ്പോള്‍ പോവാന്‍ നമുക്ക് എത്ര പേര്‍ക്കാവും? കെനിയന്‍ സഫാരിയോ, ഈജ്പിഷ്യന്‍ പിരമിഡോ, അന്റാര്‍ട്ടിക്കയിലെ  മഞ്ഞു മലയില്‍നിന്ന്  കടലിലേക്ക് ചാടാനൊരുങ്ങി നില്‍ക്കുന്ന പെന്‍ഗ്വിനുകളോ പ്രണയിനിക്കൊപ്പം താജ്മഹലിനെ വലംവയ്ക്കാനോ ഒക്കെ നമ്മളില്‍ എത്ര പേര്‍ക്കാവും?

 

 

മൈക്രാസോഫ്റ്റ് ഫ്‌ലൈറ്റ് സിമുലേറ്റിലെ ഈ വീഡിയോ ട്രയിലര്‍ കണ്ട് നോക്കൂ. ഇത് മെറ്റാ വെഴ്‌സിന്റെ സാധ്യതയുടെ പ്രാരംഭ രൂപമാണ് . വീഡിയോയില്‍ കാണും പോലെയല്ല സിമിലുറ്റേര്‍ അനുഭവം. നിങ്ങളാണ് സഞ്ചാര പദത്തെ നിയന്ത്രിക്കുക.  മികച്ച ഒരു വൈമാനികന്റെ മികവോടെ  ഇടിമിന്നലിനെയും അന്തരീക്ഷത്തിലെ ഗതിവിധാനങ്ങളെയും ഒക്കെ നേരിട്ടു കൊണ്ടാവണം നിങ്ങള്‍ക്ക് സിമുലേറ്ററില്‍  വിമാനം പറത്തേണ്ടി വരുക. 

നിങ്ങള്‍ക്ക് ഇത് ത്രസിപ്പിക്കുന്ന അനുഭവമാകാം. പക്ഷേ അത് തയ്യാറാക്കുക ഒട്ടും എളുപ്പമല്ല. ധാരാളം പണച്ചെലവും, സമയവും, പരീക്ഷണ ഘട്ടത്തിലിരിക്കുന്ന സങ്കീര്‍ണ്ണമായ ക്വാണ്ടം കമ്പ്യൂട്ടിങ്ങുമൊക്കെ  വരാന്‍ പോകുന്ന മെറ്റാ വെഴ്‌സ് സൃഷ്ടികള്‍ക്ക് ആവശ്യമാണ്. ബ്രൂസ് ആര്‍ട്ട്വിക് എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ എന്‍ജീനീയര്‍ 40 കൊല്ലം മുമ്പ് എഴുതിയ ഒരു ലേഖനത്തില്‍ വായനക്കാര്‍ ഹരം പിടിച്ചതിനെ തുടര്‍ന്നാണ് ഫ്‌ലൈറ്റ് സിമുലേറ്റര്‍ പിറവികൊള്ളുന്നത്. ബില്‍ ഗേറ്റസ് ഇത് പഠിച്ചു വരുമ്പോഴേക്കും സ്റ്റീവ് ജോബ്‌സ് ഇത് ആപ്പിളില്‍ അവതരിപ്പിച്ചു. 2020-ല്‍ ഇറങ്ങിയ പുതിയ വിന്‍ഡോ പതിപ്പ് നിരവധി കമ്പ്യൂട്ടിങ്ങ്, ഗെയിമിങ്ങ്, പ്രൊഡക്ഷന്‍ കമ്പനികളുടെ ഒത്തുചേര്‍ന്ന പ്രയത്‌ന ഫലമാണ്. മാത്രമല്ല ലോക്ഹീഡ് മാര്‍ട്ടിനെപോലുള്ള യൂദ്ധ വിമാന കമ്പനി 2009-ല്‍ തന്നെ ഈ ഗെയിമിങ്ങ് സോഫ്റ്റ്‌വെയറിന്റെ സോഴ്‌സ് കോഡടക്കം പകര്‍പ്പവകാശം കരസ്ഥമാക്കി എന്നറിയുക. ഗെയിം തയ്യാറാക്കിയ ACES സ്റ്റുഡിയോവിലെ ആര്‍ട്ടിസ്റ്റുകളെ ലോക്ഹീഡ് മാര്‍ട്ടിന്‍ തങ്ങളുടെ പദ്ധതികള്‍ വികസിപ്പിക്കാന്‍ ഉപയോഗിച്ചു. വിമാനം പറപ്പിക്കാനും  യുദ്ധം ചെയ്യാനുമൊക്കെ ഇന്ന് പ്രാഥമിക പരിശീലനം നല്‍കുന്നത് ഇത്തരം സിമുലേറ്ററുകളിലാണ്.

ഇതിന്റെയാക്കെ പശ്ചാത്തലത്തിലാവണം ഫേസ്ബുക്കിന്റ മാതൃകമ്പനിയുടെ പേരുമാറ്റത്തെ മനസ്സിലാക്കേണ്ടത്. Meta ( മെറ്റാ) എന്ന പേരിന്റെ പിന്നിലെ പൊരുളും ഇതാണ്. മൈക്രാസോഫ്റ്റും, ആപ്പിളും പോലുള്ള കമ്പനികള്‍ക്ക്  വലിയ വെല്ലുവിളി ഉയര്‍ത്തി കൊണ്ടാണ്  ഗൂഗിളും ഫേസ്ബുക്കും പോലുള്ള ബിഗ് ടെക് കമ്പനികളുടെ മുന്നേറ്റം. 

 

analysing  metaverse   facebooks new experiment by S biju

 

ഈ കുത്തകവത്കരണത്തെ ഭയപ്പെടേണ്ടുണ്ടോ? കാത്തിരുന്ന് കാണണം. കാരണം ഇന്റര്‍നെറ്റ് യുഗത്തില്‍ നിന്ന് മെറ്റാവെഴ്‌സ് യുഗത്തിലേക്ക് ചുവടു മാറുമ്പോള്‍ ആര്‍ക്കും ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല.. നമ്മള്‍ മൊബൈല്‍ സേവന ദാതാവിനെ മാറ്റുന്ന പോര്‍ട്ടിങ്ങ് സമ്പ്രദായം  പോലെ നമ്മുടെ മെയിലിലെയും, മെസേജിങ്ങ് ആപ്പിലെയും, എന്തിന് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ വരെ നിഷ്പ്രയാസം നമുക്കിഷ്ടമുള്ള സേവന ദാതാവിലേക്ക് മാറ്റാവുന്ന ഒരു കിണാശ്ശേരിയാണ് മെറ്റാ വെഴ്‌സ് വിഭാവന ചെയ്യുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് ഇപ്പോള്‍ ഒട്ടും എളുപ്പമല്ല. നമ്മള്‍ ഒരു ചിത്രമോ വീഡിയോയോ ഫേസ് ബുക്കില്‍ പങ്ക് വയ്ക്കുന്നതും. ട്വീറ്റ് ചെയ്യുന്നതും  തമ്മില്‍ പല സാങ്കേതിക  കാര്യത്തിലും  വ്യത്യാസമുണ്ട്.  നാം ദൈനംദിന ജീവിതത്തില്‍ നടത്തുന്ന പല ഇടപാടുകളിലും ഈ ഇന്റര്‍ ഓപ്പറാബിലിറ്റി പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. 

ഇത് കേവലം വ്യക്തികളും, കമ്പനികളും തമ്മിലുള്ള വിവര കൈമാറ്റത്തിലെ പ്രശ്‌നമല്ല, മെറ്റാ വെഴ്‌സ് നടപ്പിലായാല്‍ സാമ്പ്രദായിക പണമിടപാടിലും പ്രശ്‌നമാകാം. രൂപക്ക് പകരം ഡോളറും പൗണ്ടും ദിനാറുമെല്ലാം കണക്ക് കൂട്ടിയെടുക്കുന്നത് സങ്കീര്‍ണ്ണമല്ല. അതിനി ആധുനിക കമ്പ്യൂട്ടിങ്ങിലൂടെ നിസ്സാരമായി പരിഹരിക്കാമെന്ന് വച്ചാലും പുതിയ ലോകത്തെ 'പ്രഗത്ഭര്‍' അതൊന്നും വകവച്ച് തരാനിടയില്ല. എത്ര നിരോധിച്ചാലും ക്രിപ്‌റ്റോ കറന്‍സിയും, ബിറ്റ് കോയിനുമൊക്കെ പിടിമുറുക്കാം. സാമ്പ്രദായിക സര്‍ക്കാര്‍ നിയന്ത്രണങ്ങളും അതിര്‍ വരമ്പുകളും ഇല്ലാതാകാം. പുതിയ നിയമ വ്യവസ്ഥകള്‍ രൂപപ്പെടാം. നമുക്കിനി നമ്മുടെ ഡേറ്റ പൊതിഞ്ഞു വയ്ക്കല്‍ എളുപ്പമാവില്ല. അത് നിങ്ങളുമായി പങ്കിട്ടാല്‍ മാത്രമേ എനിക്ക് മെറ്റാ വെഴ്‌സ് കാലഘട്ടത്തില്‍ വ്യവസായം നടത്താനാകൂ. നമ്മുടെ സിസ്റ്റത്തിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം നല്‍കിയാല്‍ മാത്രമേ മെറ്റാ വെഴ്‌സ് കാലഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനാകൂ.  

സ്‌നോക്രാഷ് എന്ന പുസ്തകത്തില്‍ നീല്‍ സ്റ്റീഫന്‍സാണ് മെറ്റാ വെഴ്‌സ് എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. നമുക്ക് അജ്ഞാതവും നിയന്ത്രണവുമില്ലാത്ത  ഒരു ലോകത്തിരുന്ന് കോര്‍പ്പറേറ്റുകള്‍ നമ്മെ കൈകാര്യം ചെയ്യുന്ന ഉട്ടോപ്യന്‍ വ്യവസ്ഥയാണത്. പക്ഷേ നാം ഇന്ന് നാം ആ വഴിക്ക് തന്നെയല്ലേ സഞ്ചരിക്കുന്നത്. അതിന്റെ യാത്രയിലെ വഴിത്തിരിവായി മെറ്റാ വെഴ്‌സിനെ കണക്കാക്കിയാല്‍ സമാധാനം. 

സക്കര്‍ബര്‍ഗ് വിഭാവനം ചെയ്യുന്ന മെറ്റാവെഴ്‌സിലൂടെ നമുക്ക് ഹോളോഗ്രാമിലൂടെ രൂപാന്തരം വരുത്തി  ഞൊടിയിടയില്‍ നമ്മുടെ അച്ഛനമ്മമാരുടെ മുറിയിലേക്കോ അങ്ങ് ഭൂഖണ്ഡാന്തര സ്ഥലികളിലേക്കോ സഞ്ചരിക്കാം. ജെഫ് ബെസോസാ ഇലാണ്‍ മസ്‌കോ വിഭാവനം ചെയ്യുന്ന അന്യഗ്രഹ വാസത്തെയും അവിടേക്കുള്ള സുഗമ യാത്രയെയുമൊക്കെ ഇതിന് അനുരൂപമായി കാണുക.   

ഇതിനകം തന്നെ പുറത്തു വന്ന ഗൂഗില്‍ വെയറബല്‍ ഗ്‌ളാസ്സ് സങ്കല്‍പ്പം തന്നെ  അത്ഭുതമല്ലേ. വഴിയില്‍ കൂടി നാം നടക്കുമ്പോള്‍  നമ്മുടെ നഗ്‌നനേത്രങ്ങള്‍ കാഴ്ചകള്‍ക്കൊപ്പം അഭൗമികമായ കാഴ്ചകളും വിവരങ്ങളും സമന്വയിപ്പിക്കുന്ന മായികമെന്നോ വിഭ്രമെന്നോ വിളിക്കാവുന്ന ഓഗ്മെന്റഡ് യാഥാര്‍ത്ഥ്യം.     

സക്കര്‍ബര്‍ഗിന് മെറ്റയിലേക്കുള്ള യാത്ര ഒരുക്കാന്‍ പല കാരണങ്ങളുമുണ്ടാകാം. ഫേസ്ബുക്കിന്  നേരേയുള്ള സ്വകാര്യത ലംഘനാരോപണമടക്കമുള്ള  പ്രശ്‌നങ്ങളുമുണ്ടാകാം. എന്നാല്‍ ഗൂഗിളും, ആമസോണും, ടെസ്ലയുമൊക്കെ മുന്നേറുമ്പോള്‍ ലോകത്ത് ഏറ്റവുമധികം പേര്‍ നിരന്തരം  ഇടപെടുന്ന കമ്പനി വെറുതേയങ്ങ് പേര് മാറ്റുമെന്ന് പറയാനാകില്ല. മെറ്റാ വെഴ്‌സ് വികസനത്തിനായി പതിനായിരം പേരെ  ജോലിക്കെടുക്കാന്‍ ഫേസ്ബുക്ക് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിനായുള്ള കേന്ദ്രം യൂറോപ്പിലായിരിക്കുമെന്നതിന് കാരണമായി പറയുന്നത് ശാസ്ത്ര ഗവേഷണ വികസനത്തിന് അനുപമായ സര്‍വ്വകാലാശാലകളും ലോകത്തെ മിടുക്കന്‍മാരും മറ്റ് ഭൗതിക, ധിഷണാപരമായ ഘടകങ്ങളും ഉണ്ടെന്നതാണ്. സുസ്ഥിരമായ ജനാധിപത്യ വ്യവസ്ഥിതിയും അനുകൂലമത്രേ. ജനാധിപത്യത്തെയും സ്വതന്ത്ര നിലപാടുകളൈയും  അട്ടിമറിക്കാന്‍ പ്രാപ്തമായ അല്‍ഗോരിതമാണ് ഫേസ്ബുക്കിലുള്ളതെന്ന് അതിനകത്ത് നിന്ന് തന്നെ വിമര്‍ശനം ഉയരുന്ന കാലത്താണ് ഇതെന്നത് വിരോധാഭാസം. 

ഇന്റര്‍നെറ്റ് വികസിച്ചത് പ്രധാനമായും അക്കാദമിക് ഗവേഷണ ഇടപെടലുകള്‍ക്കും സൈനിക ആവശ്യങ്ങള്‍ക്കായുള്ള ത്വരിത സന്ദേശ കൈമാറ്റങ്ങള്‍ക്കുമായിരുന്നു. എന്നാല്‍ മെറ്റാ വെഴ്‌സ് അങ്ങനെയല്ല. വ്യക്തമായ വാണിജ്യ ലക്ഷ്യങ്ങളോടെ  വന്‍കിട കോര്‍പ്പറേറ്റുകള്‍ നടപ്പാക്കുന്ന ഉദ്യമങ്ങളാണ്. 

അദ്ധ്യാപകരും രക്ഷിതാക്കളുമെന്ന നിലയില്‍ നമ്മെ കുട്ടികള്‍ അലട്ടുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് വീഡിയോ ഗെയിമുകളിലെ അവരുടെ അമിത താത്പര്യം. പുറത്തിറങ്ങാനാകാത്ത കോവിഡ് കാലത്ത് ഏതാണ്ടെല്ലാ വീടുകളിലും അസ്വാരസ്യം ഉണ്ടാക്കിയ പ്രശ്‌നമാണ് കുട്ടികള്‍ മണിക്കുറുകളോളം വീഡിയോ ഗെയിമിനായി ചെലവിടുന്നത്. ഇത് കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കുമുണ്ടാക്കിയ വെല്ലുവിളി ചെറുതല്ല. ചൈന ഈയിടെ കൂട്ടികളുടെ ഗെയിം സമയങ്ങളില്‍ നിയന്ത്രണവും കൊണ്ടു വന്നു.  പഠനം ഓണ്‍ലൈന്‍ ആയതോടെ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയേ കഴിയൂ. സ്‌കൂളുകള്‍ തുറന്നാലും അത് ഒഴിവാക്കുക എളുപ്പമാകില്ല. ഇപ്പോഴിതാ മെറ്റാ വെഴ്‌സും സൂചിപ്പിക്കുന്നത് വീഡിയോ ഗെയിമുമായുള്ള അഭേദ്യ ബന്ധമാണ്. മെറ്റാ വെഴ്‌സിന്റെ മുന്നോടിയായുള്ള ഫ്‌ളെറ്റ് സിമുലേറ്റര്‍ പ്രോഗ്രാം തയ്യാറാക്കിയ ബ്രൂസ് ആര്‍ട്ട്വിക്ക് തന്നെയാണ് വീഡിയോ ഗെയിമിലെ മുന്‍നിരക്കാരായ ACES ഗെയിം സ്റ്റുഡിയോ ശില്‍പ്പിയും. 

 

analysing  metaverse   facebooks new experiment by S biju

 

എന്നാല്‍ ലോകം മറ്റാരു സമീക്ഷയെ അഭിമുഖിക്കരിക്കുന്നുണ്ട്. പല വികസിത രാജ്യങ്ങളിലും വിവാഹം അപ്രസക്തമാവുകയാണ്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളും തൊഴില്‍ ഭംഗം വരാതെയിരിക്കാനുമായി വിവാഹം തന്നെയും -കുറഞ്ഞ പക്ഷം സന്താനോല്‍പ്പാദനമെങ്കിലും- വൈകുന്നത് വര്‍ദ്ധിച്ചു വരുന്നു. പല ആധുനിക കമ്പനികളും പ്രത്യേകിച്ച് പുതു തലമുറ ഐടി-ബിഗ്‌ടെക് കമ്പനികള്‍ സന്താനോല്‍പ്പാദനം വൈകിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ബീജവും അണ്ഡവും സംയോജിപ്പിച്ച് സെമന്‍ ബാങ്കുകളില്‍ സൂക്ഷിക്കുകയും പിന്നീട് സൗകര്യമുള്ള കാലത്ത് കൃത്രിമ ഗര്‍ഭധാരണം നടത്താനുമുള്ള ചെലവുകള്‍ നല്‍കുകയാണ് ഈ ബഹുരാഷ്ട് കോര്‍പ്പറേറ്റ് കമ്പനികള്‍. പാശ്ചാത്യ നാടുകളിലും ജപ്പാന്‍ പോലുള്ള വികസിത രാജ്യങ്ങളിലും ജൈവികമായ ലൈംഗികതയോടുള്ള താത്പര്യമില്ലായ്മ ഒരു  വിഭാഗത്തിനെങ്കിലും  വര്‍ദ്ധിച്ചു വരുന്നു. ഇന്ദ്രിയാനുഭൂതി കൈവരിക്കാന്‍ രതിപാവകളെയും സിമുലേറ്റഡ് പ്രോഗ്രാമുകളെയും ആശ്രയിക്കുന്നു. നേരിട്ടുള്ള അനുഭവവും സ്പര്‍ശവും  ഇടപഴകലുകളും ഒഴിവാക്കി അതിന് പകരം വിര്‍ച്വല്‍ അനുഭവം സൃഷ്ടിക്കാനാണ് നൂതന ഗവേഷണങ്ങള്‍ നടക്കുന്നത്. 

മെറ്റാ വെഴ്‌സുകാര്‍ പറയുന്നത് ഒരു മികച്ച ഗായികക്ക് വ്യത്യസ്ത ധ്രുവങ്ങളിലിരിക്കുന്ന പരസഹസ്രം പേരെ  ഒരേ സമയം തന്റെ ശ്രോതാക്കളാക്കാമെന്നാണ്. നാമിപ്പോള്‍ തത്സമയം ടെലിവിഷനിലും മറ്റും കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി ഓരോര്‍ത്തക്കും  അത് വ്യക്തിപരമായ അനുഭവമാകാം. നാം ഗായികക്ക് ഒരു ഫ്‌ലയിങ്ങ് കിസ് കൊടുത്താല്‍ അവര്‍ പ്രത്യഭിവാദ്യം ചെയ്യും. കാരണം അവിടെ നമ്മോട് സംവദിക്കുന്നത് ഗായികയല്ല, നമ്മളില്‍ ഓരോരുത്തര്‍ക്കുമായി സൃഷ്ടിച്ച വെർച്വൽ അവതാരങ്ങളാണ്. പക്ഷേ നമുക്ക് അനുഭവപ്പെടുക അത് യഥാര്‍ത്ഥ ഗായികയായാണ്. അഭിവാദ്യത്തിനപ്പുറം ശാരീരികമായ അനുഭവം പകര്‍ന്നു നല്‍കാനാണ് മെറ്റാ ഗവേഷണം നടക്കുന്നത്. ആലിംഗനം യഥാര്‍ത്ഥത്തിലല്ല നടക്കുന്നതെങ്കിലും നമുക്ക് അത് അനുഭവവേദ്യമാവും. ഈയിടെ കൊറിയന്‍ ടി.വിയില്‍ നടന്ന ഒരു റിയാലിറ്റി ഷോയില്‍ മരിച്ച കുട്ടി തിരിച്ചു വരുന്ന പ്രതീതി  സൃഷ്ടിക്കുന്ന പരിപാടിയില്‍ പങ്കടുത്ത  അമ്മ പറഞ്ഞത് കുട്ടിയെ സ്പര്‍ശിച്ച യഥാര്‍ത്ഥ അനുഭവം ഉണ്ടായെന്നാണ്. 

 

 

തുടക്കത്തില്‍ പറഞ്ഞ ഷിക്കാഗോയിലെ രതി മേനോന്റെ മകന്റെ സ്‌കൂളില്‍ ഗേള്‍ ഫ്രണ്ട്‌സിനെയും ബോയ് ഫ്രണ്ട്‌സിനെയും കണ്ടെത്തി നല്‍കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഇപ്പോഴും പ്രത്യേക പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുവോയെന്ന് എനിക്കറിയില്ല. കൂടൂതല്‍ കൂടുതല്‍ റിയാലിറ്റി അല്ല റിയല്‍ കൂടിക്കാഴ്ചകള്‍ നടക്കട്ടേ. മെറ്റാ എന്ന ഗ്രീക്ക് പദത്തിന് അപ്പുറം എന്ന് അര്‍ത്ഥം പറയാം. സമഗ്രമായ പരിണാമം അര്‍ത്ഥം വയ്ക്കുന്ന ആ പ്രയോഗത്തെ സാധൂകരിക്കുമോ മെറ്റാ വെഴ്‌സിലേക്കുള്ള ചുവടു മാറ്റം?

'അനന്തമജ്ഞാതമവര്‍ണനീയമീ 
ലോകഗോളം തിരിയുന്ന മാര്‍ഗം 
അതിലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന 
മര്‍ത്യന്‍ കഥയെന്തു കണ്ടു?' 


നാലപ്പാട്ടു നാരായണ മേനോനെപ്പോലെ നിസ്സഹായത പങ്ക് വയ്ക്കാനെ ഇപ്പോഴാവൂ. 

Follow Us:
Download App:
  • android
  • ios