Asianet News MalayalamAsianet News Malayalam

5 ജി വന്നു, ട്രായ് വടിയെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയത്ര സുഖകരമാവില്ല

5 ജിയില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന വേഗതയും സേവനവും ഒക്കെ കിട്ടാന്‍ ഈ പണമൊന്നും നല്‍കിയാല്‍ പോരാ. ഉപകരണങ്ങളും ടവറുകളുമൊക്കെയായി വലിയ നിക്ഷേപം വേണ്ടി വരും  

analysis on the impact of 5G in India by S Biju
Author
First Published Oct 2, 2022, 5:17 PM IST

രാഷ്ട്രീയ പിന്‍ബലമുള്ള  കരുത്തരായ  സ്ഥാപനങ്ങള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ സാധാരണ കമ്പനികള്‍ക്കാവില്ല.  ഇന്ത്യയില്‍ മൊബൈല്‍ സേവനം ലഭ്യമായി തുടങ്ങിയപ്പോള്‍  ടാറ്റായും എയര്‍സെല്ലുമടക്കം നിരവധി കമ്പനികളുണ്ടായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സിനെ പോലെ ചിലര്‍ പാപ്പരായി പൂട്ടി. മറ്റു പലരും നിവൃത്തിയില്ലാതെ  ലയിച്ചു. ഇപ്പോള്‍ മുകേഷ് അംബാനിയുടെ ജിയോയും, എയര്‍ടെല്ലും,  വി.ഐയും, ബി.എസ്.എന്‍ എല്ലും മാത്രമാണ് അവശേഷിക്കുന്നത്.

 

analysis on the impact of 5G in India by S Biju

 

വൈകിയാണെങ്കിലും ഒടുവില്‍ പ്രതീക്ഷിച്ചതു പോലെ 5 ജി എത്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര  മോദി  ഉദ്ഘാടനം ചെയ്തതോടെ 5 ജി സേവനം തുടങ്ങിയിരിക്കുകയാണ്. എന്താണ് ഇതു കൊണ്ടുള്ള നേട്ടം? ഇത് എന്ത് മാറ്റമാണ് നമ്മുടെ നാട്ടില്‍ ഉണ്ടാക്കുക?

നിലവിലുള്ള 4 ജിയേക്കാള്‍ പത്തിരട്ടി വേഗം 5 ജി കൊണ്ടു വരുമെന്നാണ് വാഗ്ദാനം . അതൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യമാണ്. കാരണം ലളിതമാണ്. 5 ജി ശൃംഖല സ്ഥാപിക്കുക പണച്ചെലവുള്ള കാര്യമാണ് . 4 ജി വരെയുള്ള ശൃംഖലകള്‍ക്കായി ഇപ്പോള്‍ സ്ഥാപിതമായ ടവറുകളില്‍ കൂടി 5 ജി നല്‍കാനാവില്ല. അതിന്റെ സാങ്കേതിക കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ഉയരം കുറഞ്ഞ ടവറുകളിലാണ് 5 ജി സ്ഥാപിക്കുന്നത്. സാധാരണ കെട്ടിടങ്ങളില്‍ പോലും  ഇത്തരം ടവറുകള്‍ സജ്ജമാക്കാം.എന്നാല്‍ അവ സേവനം നല്‍കുന്ന പ്രദേശങ്ങള്‍ പരിമിതമായിരിക്കും. ഉയരം കുറവായതിനാല്‍ സിഗ്‌നലുകള്‍ പരിസരങ്ങളിലെ കെട്ടിടങ്ങളില്‍ തട്ടിയും മറ്റും തടസ്സപ്പെടും. അതിനാല്‍ അടുത്തതായി ധാരാളം ടവറുകള്‍ വേണ്ടി വരും. അതായത് പണച്ചെലവ് ഏറും. അതിനുപകരമായി സേവനദാതാക്കള്‍ ചാര്‍ജ്ജ് കൂട്ടും. 

എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേറെയും പങ്കും അങ്ങനെ പണം മുടക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലാത്തതിനാല്‍ തയ്യാറാല്ലത്തതിനാല്‍ വാഗ്ദാനം ചെയ്യുന്ന  വേഗത 5 ജിക്ക് കിട്ടാന്‍ സമയമെടുക്കും. മാത്രമല്ല പുതിയ സാങ്കേതിക വിദ്യ നിരന്തരം വികസിച്ചു വരുന്നതിനാല്‍ ഇന്നത്തെ കാലത്ത് ഒരു കമ്പനികളും ഉപകരണങ്ങള്‍ക്കായി വല്ലാതെ പണം മുടക്കില്ല. കാരണം അതിലും മെച്ചപ്പെട്ട 6 ജിക്കുള്ള മുന്നൊരുക്കത്തിലാണ് ലോകം. ജിയോയൊക്കെ അതിനുള്ള പണിയിലാണ്. അത് പെട്ടെന്ന് സംഭവിക്കുമെന്നതിനാല്‍ ഇതൊക്കെ പാഴാവുമെന്നാണ് പറയുന്നത്.   

അംബാനിയുടെ ജിയോ ഈ മേഖലയില്‍ പരിഗണന കിട്ടുന്നവരും പ്രാവീണ്യമുള്ളവരാണ്. സര്‍ക്കാറിന്റെ ഇഷ്ടക്കാരായതിനാല്‍ അവരുടെ 5 ജിയിലെ സാന്നിധ്യം നമ്മള്‍ പ്രതീക്ഷിച്ചിരുന്നതാണ്. അവരുടെ കൈയില്‍ പണമുള്ളതിനാല്‍ അവര്‍ ഇതിലും മേധാവിത്വം പുലര്‍ത്തും. മാത്രമല്ല മാധ്യമങ്ങള്‍, വിതരണ ശൃംഖലകള്‍, വിവിധ ഉപഭോക്ത ഉത്പന്നങ്ങള്‍ എന്നിങ്ങനെ നമ്മുടെ സമസ്ത മേഖലകളിലും അവര്‍ക്ക് ആധിപത്യമുള്ളതിനാല്‍ അവരൊക്കെ 5 ജി ശ്രേണികള്‍ക്ക്  അവരുടെ മേഖലകളിലും ഉത്പന്നങ്ങളിലുമാകും മുന്‍ഗണന കൊടുക്കുക. 5 ജിയില്‍ നെറ്റ് വര്‍ക്ക് സ്ലൈസിങ്ങ,  പ്രൈവറ്റ് നെറ്റ് വര്‍ക്ക് തുടങ്ങിയ   സാധ്യതകള്‍ ഉള്ളതിനാല്‍ സാധാരണ ഉപഭോക്താക്കളെയും പ്രതേക പരിഗണന നല്‍കേണ്ട ഉപഭോക്താക്കളെയുമായി സേവനത്തില്‍ വേതിരിക്കാനാകും.

ഇവിടെയാണ് വ്യവസായ സ്ഥാപനങ്ങളുടെ കുത്തകവത്കരണത്തെ നാം കരുതിയിരിക്കേണ്ടതിന്റെ ആവശ്യകത. ഇന്ന് ലോകം കണക്റ്റഡ് ഡിവൈസുകള്‍ അഥവാ ഇന്റര്‍നെറ്റിനാല്‍  ബന്ധിതമായ ശൃംഖലയില്‍ കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സെന്ന് വിളിക്കുന്നത് ഇതിനെയാണ്. ഒരു ഉപകരണം അഥവാ സേവനം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യക്ഷമമായിരിക്കണം. അവര്‍ പരസ്പരം സേവനവും വിവരവും കൈമാറണം. നിര്‍ഭാഗ്യവശാല്‍ അത് ഇന്ത്യയില്‍ ഫലപ്രദമായി  നടക്കുന്നില്ല. 

ഇപ്പോള്‍ തന്നെ ഒരു കമ്പനിയുടെ നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു   നെറ്റ്വര്‍ക്കിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ പോലും കണക്ഷനില്‍ തടസ്സങ്ങളുണ്ട്. അങ്ങോട്ടുമിങ്ങോട്ടും സേവനചാര്‍ജുകള്‍ നല്‍കാന്‍ കമ്പനികള്‍ തയ്യാറാകാത്തതാണ് പ്രശ്‌നം. ഇടപെടേണ്ട സര്‍ക്കാര്‍ സംവിധാനം  നിര്‍ഭാഗ്യവശാല്‍   അതിന് തയ്യാറാകുന്നില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ) ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാറുണ്ട്. ഉണ്ടാക്കാറുണ്ട്. മാധ്യമങ്ങളും, കേബിള്‍ പോലുള്ള വിതരണശൃംഖലയും ,  ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് വിതരണത്തിനുള്ള ഡിടി.എച്ച്, ഇന്റനെറ്റ് വഴിയുള്ള മാധ്യമ വിതരണത്തിനുള്ള    ഓ.റ്റി.റ്റി തുടങ്ങിയവയിലൊക്കെ ചില കമ്പനികള്‍ക്കാണ് സമാഗ്രാധിപത്യം. റിലയന്‍സ്, സ്റ്റാര്‍ ഡിസ്‌നി, സണ്‍, സീ തുടങ്ങിയവയ്ക്കാണ് ഈ മേഖലയില്‍   ഒന്നിലധികം സേവനങ്ങളില്‍ സാന്നിധ്യമുള്ളതായി ട്രായിയുടെ ഏറ്റവും  പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടുന്നത്. 

കോംപറ്റീഷന്‍ കമ്മീഷന്റെ നിയമം ചൂണ്ടിക്കാട്ടി ഇത് പരിശോധിക്കാന്‍ ട്രായ് ശുപാര്‍ശയുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തീരുമാനമെടുക്കേണ്ടത്. 5 ജി വരുന്നതോടെ ഈ കണ്ണികള്‍ വിപുലമാകും. നമ്മുടെ സ്മാര്‍ട്ട്  കാറും വീട്ടിലെ ഫ്രിഡ്ജും എ.സിയുമൊക്കെ ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ കൃത്യമായി വിവരം കൈമാറണം. അതില്‍ ഡാറ്റാ വേഗവും, ഏറ്റവും  കുറഞ്ഞ  സമയത്തില്‍ വിവരമെത്തുന്ന ലാറ്റന്‍സി സമ്പ്രദായവും പ്രധാനമാണ്.  ഇപ്പോള്‍ ഫോണ്‍ കാളുകളില്‍ സേവന ദാതാക്കള്‍ കൈമാറ്റ മര്യാദ പാലിക്കാത്തതു പോലെ, നാളെ തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ഉപകരണങ്ങളിലേക്ക് ഡാറ്റാ കൈമാറ്റം സുഗമമായി നടത്താന്‍ കമ്പനികള്‍ തയ്യാറായില്ലെങ്കില്‍  കാര്യങ്ങള്‍ അവതാളത്തിലാകും.       

ജിയോക്ക് പുറമേ ഇപ്പോള്‍ മൊബൈല്‍ നെറ്റ് വര്‍ക്കില്‍ സാന്നിധ്യമുള്ള  എയര്‍ടെല്ലിനും വോഡാഫോണ്‍ ഐഡിയ അഥവാ വി. ഐക്കും 5 ജി കിട്ടിയിട്ടുണ്ട്. ടെലികോം സേവന മേഖലയില്‍ പരിചയമില്ലാത്ത അദാനിയുടെ കാര്യം അപ്രതീക്ഷിതമായിരുന്നു. 5 ജിയുടെ സവിശേഷതയായ  പ്രൈവറ്റ് നെറ്റ് വര്‍ക്കാണ്  അദാനി ലക്ഷമിട്ടിരിക്കുന്നത്. പ്രത്യേക സാമ്പത്തിക മേഖലയോ വ്യവസായ വിദ്യാഭ്യാസ സമുച്ചയങ്ങളിലെയോ മികച്ച ബാന്‍ഡ് വിഡ്ത്തില്‍ 5 ജി സേവനം പ്രദാനം ചെയ്യുന്നതാണിത്. എന്നാല്‍ അദാനിക്ക് ടെലികോം രംഗത്ത് പ്രാവീണ്യമില്ല. പക്ഷേ അവര്‍ വിമാനത്താവള നടത്തിപ്പിലും മറ്റും ചെയ്ത പോലെ പരിചയമുള്ള മറ്റാരെയെങ്കിലും കൊണ്ട് അത് നടത്തിയെടുക്കും. ഒരു തരത്തില്‍ കൈ നനയാതെയുള്ള മീന്‍ പിടുത്തം. 

ഇവിടെ ഒന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 5 ജി സേവനം ആദ്യ ഘട്ടത്തില്‍ മുന്‍ നിര നഗരങ്ങളിലാണ് ലഭ്യമാകുക. ഇവയാണ് ആ പട്ടണങ്ങള്‍  ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗലൂരൂ, ഹൈദരാബാദ്, അഹമ്മദാബാദ്, ഗാന്ധിനഗര്‍, ലക്‌നൗ, ഗുരുഗ്രാം, പൂനൈ പിന്നെ ജാംനഗര്‍. ആ കണക്ക് പരിശോധിച്ചാല്‍ ഒന്ന് വ്യക്തമാകും. കേരളമടക്കം പല സംസ്ഥാനങ്ങളിലും 5 ജി തുടക്കത്തില്‍ ലഭ്യമല്ല. നമ്മള്‍ ചെറിയ സംസ്ഥാനമാണെങ്കിലും മൊബൈല്‍ ഉപയോഗത്തില്‍ മോശക്കാരൊന്നുമല്ല. രാജ്യത്ത് ആദ്യമായി 100 ആള്‍ക്കാര്‍ക്ക് 100 എന്ന തോതില്‍ മൊബൈല്‍ കണക്ഷന്‍ നേടിയ പട്ടണം തിരുവനന്തപുരമാണ്-അതും 2014ല്‍. 2015-ല്‍ കൊല്ലവും , കൊച്ചിയും, കോട്ടയവും ആ നേട്ടം കൈവരിച്ചു. വീണ്ടും രണ്ട് വര്‍ഷം കഴിഞ്ഞാണ് വലിയ പട്ടണങ്ങളായ ചെന്നൈയും ബംഗലുരുവും, ഹൈദരാബാദുമൊക്കെ ഈ തോതിലെത്തുന്നത്. ഒടുവിലത്തെ കണക്കിലും തിരുവനന്തപുരവും, കൊല്ലവും, കൊച്ചിയും തന്നെയാണ് രാജ്യത്ത് മുന്‍നിരയില്‍.   എന്നാല്‍ 5 ജിയുടെ കാര്യത്തില്‍  ഒരു സംസ്ഥാനം വളരെ മുന്നിലാണ്- ഗുജറാത്ത്. തുടക്കത്തില്‍ തന്നെ ഗുജറാത്തിലെ മൂന്ന് പട്ടണങ്ങളില്‍ 5 ജി ലഭ്യമാകുന്നുണ്ട്. ഭരണകക്ഷിയിലെ കരുത്തരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും  നാടായ ഗുജറാത്തിന്   ഇതര കച്ചവടങ്ങളില്‍ കാലങ്ങളായുള്ള പരിഗണന  5 ജി നടത്തിപ്പിലും ലഭിച്ചുവെന്ന് മാത്രം. അധികാരം കേന്ദ്രീകരിക്കുന്നിടങ്ങളില്‍ അവസരങ്ങളും ആനുകൂല്യങ്ങളും കുമിഞ്ഞു കൂടുന്നു.

ഇത്തരം പ്രത്യേക പരിഗണന മുലം മറ്റൊരാപത്തു കൂടിയുണ്ട്. രാഷ്ട്രീയ പിന്‍ബലമുള്ള  കരുത്തരായ  സ്ഥാപനങ്ങള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ സാധാരണ കമ്പനികള്‍ക്കാവില്ല.  ഇന്ത്യയില്‍ മൊബൈല്‍ സേവനം ലഭ്യമായി തുടങ്ങിയപ്പോള്‍  ടാറ്റായും എയര്‍സെല്ലുമടക്കം നിരവധി കമ്പനികളുണ്ടായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സിനെ പോലെ ചിലര്‍ പാപ്പരായി പൂട്ടി. മറ്റു പലരും നിവൃത്തിയില്ലാതെ  ലയിച്ചു. ഇപ്പോള്‍ മുകേഷ് അംബാനിയുടെ ജിയോയും, എയര്‍ടെല്ലും,  വി.ഐയും, ബി.എസ്.എന്‍ എല്ലും മാത്രമാണ് അവശേഷിക്കുന്നത്. അവസരങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്നതിനാല്‍   ബി.എസ്.എന്‍.എല്‍ വളര്‍ച്ച താഴോട്ടാണ്. വി.ഐയും വലിയ കടത്തിലാണ്.  ജിയോയാണ് മികച്ച വളര്‍ച്ച കൈവരിച്ചത്. എയര്‍ടെല്‍ പിടിച്ചു നില്‍ക്കുന്നു. ജിയോക്കാരാണ് വിലയിടിക്കല്‍ ശക്തമാക്കി മറ്റുള്ളവരെ പ്രതിസന്ധിയിലാക്കിയത്. 

ലോകത്ത് തന്നെ രണ്ടാമത്തെ  ഏറ്റവും വലിയ ടെലിഫോണ്‍ - ഇന്റര്‍നെറ്റ് വരിക്കാരുള്ള ഇന്ത്യയില്‍ അതിന് പ്രധാനമായും ഇടയാക്കിയത് താരിഫ് നിരക്കിലെ കുറവാണ്. നമ്മുടെ പ്രവാസികള്‍ ഏറെയുള്ള യു.എ. ഇയിലും  മറ്റും 100 ഡോളര്‍ വരെയാണ് പ്രതിമാസ ഇന്റര്‍നെറ്റ് നിരക്ക്. അമേരിക്കയിലും മറ്റും 70 ഡോളര്‍ വരെയാണ് നിരക്ക്. ഇന്ത്യയിലിത് വളരെ കുറവാണ്. നാലഞ്ച് ഡോളര്‍ മതി. അങ്ങേയറ്റം 10. എന്നാല്‍ 5 ജിയില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന വേഗതയും സേവനവും ഒക്കെ കിട്ടാന്‍ ഈ പണമൊന്നും നല്‍കിയാല്‍ പോരാ. ഉപകരണങ്ങളും ടവറുകളുമൊക്കെയായി വലിയ നിക്ഷേപം വേണ്ടി വരും  കൂനിന്‍മേല്‍കുരുവെന്ന പോലെ ചൈനയുമായുള്ള നമ്മുടെ ബന്ധം വഷളായതും കോവിഡ് പ്രതിസന്ധിയുടെ തുടര്‍ ചലനങ്ങളും കാരണം ചിപ്പുകളും മൈക്രോ പ്രോസസറും അടക്കം ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്. ഇതൊക്കെ കാരണം പല സേവനദാതാക്കള്‍ക്കും പിടിച്ചു നില്‍ക്കാനാവില്ല.  ഫലത്തില്‍ സേവന ദാതാവ് ഒരു കമ്പനിയായി ചുരുങ്ങും. ഇതോടെ അവര്‍ കാര്യങ്ങള്‍ തീരൂമാനിക്കും. വിലയും കാര്യമായി ഉയരാം. അമേരിക്കയിലും മറ്റും സംഭവിച്ചത് ഇതാണ് . ഒന്നിലധികം സേവനദാതാക്കള്‍ ഉള്ള അമേരിക്കന്‍ പട്ടണങ്ങളില്‍ 60 ഡോളറിന് ഇന്റര്‍നെറ്റ് കിട്ടുമ്പോള്‍ ഒരു കമ്പനിക്ക് കുത്തകയുള്ള ഇടങ്ങളില്‍ അത് 120 ഡോളര്‍ വരെയാണ് ഇപ്പോഴത്തെ നിരക്ക്. അതായത് മാസം 12,000 രൂപ. അതിനാല്‍ ഇപ്പോഴത്തെ നമ്മുടെ നിരക്കായ മുന്നൂറും നാനൂറും ഒക്കെ വച്ച് ഒരു മാസം ലാവിഷായി നെറ്റ് ഉപയോഗിക്കുന്നതിനൊക്കെ ഇനി അധിക ആയുസുണ്ടാകില്ല.      

പിന്നെ ഒരു കാര്യം കൂടി നാമറിയണം. ഭൂതലത്തിലെ ടവറുകളില്‍ കൂടി പ്രസരിപ്പിക്കുന്ന സ്‌പെക്ട്രം അനാദിയല്ല. അതിന് പരിധിയുണ്ട്. ഭാവിയിലെ പല ആവശ്യങ്ങള്‍ക്കുമായി അത് നീക്കി വക്കേണ്ടി വരും. ഉയര്‍ന്ന സേവനം ലഭ്യമാകുന്ന സ്‌പെക്ടം കരുതി വെയ്ക്കും സര്‍ക്കാറുകള്‍. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പുതിയ അതിഥി വരുമ്പോള്‍ നമുക്കയാളെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യാം. അയാളുടെ കൈയില്‍ നമുക്ക് പരിചിതമല്ലാത്ത രൂചിയേറിയ മുന്തിയ പലഹാരം ഉണ്ടാകാം. കാത്തിരിക്കുക തന്നെ.   

Follow Us:
Download App:
  • android
  • ios