ഇവിടെ കലാകൃത്ത് ആര്‍ക്കിയോളജിസ്റ്റും ഇക്കോളജിസ്റ്റുമാണ്. ആക്റ്റിവിസ്റ്റും ആക്റ്ററുമാണ്. പരികര്‍മ്മിയും കര്‍ഷകനുമാണ്. മാറിനിന്ന് കാണാനുള്ള ടിക്കറ്റല്ല അയാള്‍ക്ക് പരിസ്ഥിതി. ഇടപെട്ട് നില്ക്കുന്നതിന്റെ പങ്കാളിത്തപരതയാണ്.

 

 

ഹരിദ്വാറിലെ നാഷണല്‍ ഹൈവേയിലൂടെ മാന്‍കൂട്ടങ്ങള്‍ ഇറങ്ങി നടക്കുന്നു, ഡെല്‍ഹിയില്‍ നോയിഡ മാളിനു മുന്നിലൂടെ ഒരു നീല്‍ഗയ് സൈ്വര്യവിഹാരം നടത്തുന്നു. യു.എസിലെ സാന്‍ ഫ്രാന്‍സിസ്‌കോ ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജിലൂടെ ഒരു കാട്ടുചെന്നായ നിര്‍ഭയനായി നടന്നുപോകുന്നു. മേപ്പയ്യൂരങ്ങാടിയിലെ സീബ്രാവരകള്‍ മുറിച്ചുകടക്കുന്നു, സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത ഒരു വെരുക്! മനുഷ്യാധിപത്യത്തിന്റെ ടാറിട്ട നിരത്തുകളിലേക്ക് കാട് അതിന്റെ അതിരുകള്‍ മാറ്റിവരയ്ക്കുന്നതിന്റെ തിരക്കിലാണ്. ആകാശം തെളിഞ്ഞു. പച്ചകള്‍ കൂടുതല്‍ പച്ചയായി. ഫാക്ടറികള്‍ അടച്ചതും വണ്ടികള്‍ ഓടാത്തതും അന്തരീക്ഷവായുവിന്റെ ഗുണനിലവാരം നാല്‍പതുശതമാനത്തിലേറെ ഉയര്‍ത്തി. ആധുനിക മനുഷ്യനാഗരികതയ്ക്ക് അപരിചിതമായ കാഴ്ചകളാല്‍ നിറയുന്നു, അടച്ചിരിപ്പുകാലത്തെ പരിസ്ഥിതിവാര്‍ത്തകള്‍.

മാറിയ പരിസ്ഥിതി മനുഷ്യര്‍ക്ക് പാഠമാവുമോ? നമ്മുടെ ജൈവനയങ്ങള്‍ തിരുത്തപ്പെടുമോ? പ്രകൃതിക്കുമേലുള്ള അധീശത്വപ്രവണതകള്‍ കുറയ്ക്കാന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധവെക്കുമോ? എന്നെല്ലാം പല കോണുകളില്‍നിന്നും പ്രതീക്ഷിക്കപ്പെടുന്നു. കലയും പരിസ്ഥിതിയും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളെക്കുറിച്ച് ഞാനാലോചിക്കുന്നു. സമീപകലാചരിത്രത്തിലെ സൗന്ദര്യപരിസ്ഥിതികളെക്കുറിച്ച് ആലോചിക്കുന്നു. പരിസ്ഥിതിപ്രേമം എന്ന കേവലകാല്‍പനികഭാവനകള്‍ക്കപ്പുറം കല പലപ്പോഴും ജൈവരാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നോര്‍ക്കുന്നു. പ്രകൃതിയിലേക്ക് തുറന്നുവെച്ച ഓരോ കലാപ്രതലങ്ങളും പരിസ്ഥിതിയെ ഉള്ളടക്കം ചെയ്ത നാനാവിധ കലാവിന്യാസങ്ങളും ഡോക്യുമെന്ററികളും ജൈവരാഷ്ട്രീയത്തെ ആന്തരികവത്കരിച്ച ആവിഷ്‌കാരങ്ങളായിരുന്നു. കലയ്ക്ക് വിഷയമാവുന്ന പരിസ്ഥിതി എന്ന നില വിട്ട് കലാപ്രവര്‍ത്തനം തന്നെ പാരിസ്ഥിതികപ്രവര്‍ത്തനമാക്കിയ ഒട്ടനവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്.

ആഗോളവത്കരണത്തെ ചവര്‍ (ഗാര്‍ബേജ്) കൊണ്ട് അടയാളപ്പെടുത്താമെന്ന് അര്‍ജുന്‍ അപ്പദുരൈയെപ്പോലുള്ള ചിന്തകര്‍ പറയുന്നു (1996). ദേശാതീതമായ ഉല്‍പ്പന്ന ബാഹുല്യം, ജനസാന്ദ്രത, മൂലധനം, വ്യാവസായിക മാലിന്യം, ഇമേജുകളുടെ പ്രളയം എന്നിവയും ആഗോളമാലിന്യ സംഭരണത്തില്‍ പങ്കാളിയാവുന്നു. ജൈവ-അജൈവമാലിന്യങ്ങളുടെ സമാഹാരമാണ് ഓരോ വികസിതനഗരവും. കാര്‍ബണ്‍ ശേഖരമാണ് അവയുടെ ആകാശങ്ങള്‍. പരിസ്ഥിതി ഹൈബര്‍നേറ്റ് ചെയ്യാനെടുക്കുന്ന ഈ സന്ദര്‍ഭത്തില്‍ മനുഷ്യാഹന്തയുടെ അവശിഷ്ടങ്ങള്‍ ഒരു നൈതികപ്രശ്നമായി അവതരിക്കുന്നു. അത് സ്വാഭാവികമായും കലയ്ക്ക് വിഷയമാണ്.

 

 

''പൊളിറ്റിക്കല്‍ ഇക്കോളജി'' എന്ന് സങ്കല്പനം ചെയ്തെടുക്കുന്ന ഫെലിക്സ് ഗുത്താരിയുടെ ശ്രമങ്ങളില്‍ (ത്രീ ഇക്കോളജീസ്, 1989) ഭൗമസൗന്ദര്യശാസ്ത്രത്തിലേക്കുള്ള നോട്ടമുണ്ട്. പരിസ്ഥിതി, ഏജന്‍സി, സാമൂഹിക സംലയനം തുടങ്ങിയ സംവര്‍ഗങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്തേണ്ടതിനെക്കുറിച്ച് ഭൗമരാഷ്ട്രീയ പഠനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ബ്രൂണൊ ലതൂര്‍ മുന്നോട്ടുവെക്കുന്ന പൊളിറ്റിക്കല്‍ ഇക്കോളജിയില്‍ മനുഷ്യരും മനുഷ്യേതരവുമായ കര്‍തൃനിഷ്ഠതകളില്‍ നിന്ന് പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തെ പുനര്‍നിര്‍വ്വചിക്കാനുള്ള ശ്രമങ്ങളുണ്ട്. വടക്കന്‍ ആഗോളതയിലെ പരിസ്ഥിതിസമരങ്ങളെ 'ഇന്റിജീനിയസ് ഇക്കോളജി'യുമായി ബന്ധിപ്പിച്ച വന്ദന ശിവയെപ്പോലുള്ളവരുടെ ഇടപെടലുകളും വിമര്‍ശാത്മകമായി പഠിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിവിഭവസ്രോതസ്സുകളെ ലാഭക്കൊതിയോടെ കാണുന്ന കാപ്പിറ്റലിസത്തിന്റെ അനീതികളോട് കലഹിക്കുന്നവയാണ് ഏതാണ്ടെല്ലാ പരിസ്ഥിതിസമരങ്ങളും എന്നുമോര്‍ക്കുന്നു.

വീഡിയോ ഡൊക്യുമെന്ററികള്‍, അസംബ്ലേജ് ആര്‍ട്ട്, ഗാര്‍ബേജ് ആര്‍ട്ട്, ഇന്‍സ്റ്റലേഷന്‍, സൈറ്റ് സ്‌പെസിഫിക് ആര്‍ട്ട്, സൈറ്റ് സ്‌പെസിഫിക് പെര്‍ഫോമന്‍സ് തുടങ്ങി ഒട്ടനവധി കലാസങ്കേതങ്ങളിലൂടെ വികസിച്ചുവന്ന ഒരു പാരിസ്ഥിതിക സൗന്ദര്യശാസ്ത്രവബോധം സമകാലിക കലയിലും കാണാം. 2012-ല്‍ കാസെലില്‍ നടന്ന ഡോക്യുമെന്റയും 2013-ലെ വെനീസ് ബിനാലെയും അതിവിപുലമായ മാലിന്യനിര്‍മ്മിത കലാവസ്തുക്കളാല്‍ സമ്പന്നമായിരുന്നു. നാശവസ്തുക്കളെ കലാവസ്തുവാക്കുന്നതില്‍ പ്രധാനമായും നാല് ഘടകങ്ങള്‍ ഉള്ളതായി സമീപകാല കലാചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒന്ന്: എന്താണ് കല എന്ന എക്കാലത്തെയും ചോദ്യം വിമര്‍ശാത്മകമായി ഉന്നയിക്കുന്നു. രണ്ട്: പാരിസ്ഥിതിക അവബോധത്തെ കലാചിന്തയ്‌ക്കൊപ്പം പരിഗണിക്കുന്നു. മൂന്ന്: ജൈവപരിണാമത്തെ കുറിച്ചുള്ള ബോധം പങ്കുവെക്കുന്നു. നാല്: പുനരുപയോഗം എന്ന പരിസ്ഥിതി സൗഹൃദസങ്കല്പത്തെ മുന്നോട്ടുവെക്കുന്നു. ഇവിടെ കലാകൃത്ത് ആര്‍ക്കിയോളജിസ്റ്റും ഇക്കോളജിസ്റ്റുമാണ്. ആക്റ്റിവിസ്റ്റും ആക്റ്ററുമാണ്. പരികര്‍മ്മിയും കര്‍ഷകനുമാണ്. മാറിനിന്ന് കാണാനുള്ള ടിക്കറ്റല്ല അയാള്‍ക്ക് പരിസ്ഥിതി. ഇടപെട്ട് നില്ക്കുന്നതിന്റെ പങ്കാളിത്തപരതയാണ്.

 

 

പാരിസ്ഥിതിക പ്രശ്‌നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്നവയാണ് വേസ്റ്റ് കൊണ്ടും മറ്റും നിര്‍മ്മിക്കപ്പെടുന്ന കലാവിന്യാസങ്ങള്‍. ഉപയോഗിക്കാനാവാത്ത അവശിഷ്ടം കലയില്‍ സൗന്ദര്യാനുഭവമായി പരിവര്‍ത്തിക്കപ്പെടുന്നു. (ഉപേക്ഷിക്കപ്പെട്ട ഉപഭോഗവസ്തു കലയായി പരിണമിക്കുമ്പോള്‍ അതിന്റെ മൂലധനമൂല്യം ഇരട്ടിക്കുന്നുവെന്ന വൈരുദ്ധ്യംകൂടി അതിലുണ്ട്, അതില്‍ കലാവിപണിയുടെ ഇംഗിതങ്ങളുമുണ്ട്). ചിലപ്പോള്‍ 'സൗന്ദര്യാനുഭവം' എന്ന പരികല്‍പനപോലും അപ്രസക്തമാണ് ഭൗമരാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന ഒരു കലാപ്രയോഗത്തിന്റെ സന്ദര്‍ഭമെന്നത്. ആര്‍ട്ടും ആക്റ്റിവിസവും തമ്മില്‍, ഭാവനയും രാഷ്ട്രീയവും തമ്മില്‍, നിര്‍മ്മിതിയും പ്രവൃത്തിയും തമ്മില്‍ കൂടിക്കലരുന്ന സര്‍ഗാത്മകപ്രവൃത്തിയായി ഭൗമരാഷ്ട്രീയം ഉള്ളടക്കം ചെയ്യുന്ന ഏത് പ്രവര്‍ത്തനങ്ങളും മാറുന്നു.

അമര്‍ കന്‍വര്‍, സന്‍ജയ് കാക്ക്, രവി അഗര്‍വാള്‍, ശ്വേത ബട്ടദ്, എച്ച്.ജി അരുണ്‍ കുമാര്‍ തുടങ്ങി നിരവധി ആര്‍ട്ടിസ്റ്റ്-ആക്റ്റിവിസ്റ്റ്‌സ് ഇന്ത്യന്‍ സാഹചര്യത്തില്‍ നിന്നുകൊണ്ട് ജൈവരാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. നരവംശയുഗത്തിന്റെ പ്രത്യക്ഷങ്ങളെയാണ് ഇവരൊക്കെയും അറിഞ്ഞോ അറിയാതെയോ പിന്‍പറ്റുന്നത് എന്നിടത്ത് അവ ഒരു ആഗോളപരിസ്ഥിതിചിന്തയുമായി ഇണക്കപ്പെട്ടിരിക്കുന്നു എന്നും നമുക്കറിയാം. അഥവാ സൗന്ദര്യചിന്ത എന്നത് പരിസ്ഥിതിചിന്ത തന്നെ എന്നും വായിക്കാം, നേരെ തിരിച്ചും.

അപ്പോളൊരാള്‍ക്ക് കലയില്‍ പരിസ്ഥിതിയുണ്ടോ എന്ന് ചൂഴ്ന്നുനോക്കേണ്ടിവരില്ല, അപ്പോള്‍ സീബ്രാവരകള്‍ മുറിച്ചുകടക്കുന്ന വെരുകിന്റെ വാര്‍ത്ത നമ്മെ അതിശയിപ്പിക്കില്ല. പാലം കടക്കുന്ന ചെന്നായ അതിശയിപ്പിക്കില്ല. മാനുകളും മുയലുകളും അതിശയിപ്പിക്കില്ല.

അപ്പോള്‍ വയലില്‍ വെള്ളരിക്കയ്ക്ക് തടമെടുക്കുന്ന ഒരാള്‍ കല ചെയ്യാന്‍ തുടങ്ങുന്നു എന്നുപറയാം, കല ചെയ്യുന്ന ഒരാള്‍ വെള്ളരിക്കയ്ക്ക് തടമെടുക്കാന്‍ തുടങ്ങുന്നു എന്നും.

ഞാന്‍ മഴയ്ക്കുമുന്‍പ് പാകാനുള്ള വെള്ളരിക്കാവിത്ത് പരതുന്നു.