സാധാരണയില്‍ കവിഞ്ഞു മഴക്കാലമുണ്ടായാല്‍ എന്താണ് സംഭവിക്കുക? മൂന്നാം വര്‍ഷവും തുടര്‍ച്ചയായി പ്രളയം ഉണ്ടാകുമെന്ന് ഭയപ്പെടേണ്ടതുണ്ടോ?

 

 

ലോകം മുഴുവന്‍ കൊവിഡ് നാശം വിതച്ചപ്പോള്‍ ഇന്ത്യക്കാരും വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുകയാണ്. പൂര്‍ണ്ണസമയം വീടകങ്ങളിലുള്ള ജീവിതം. ഈ ഘട്ടത്തില്‍ ശക്തമായ മഴക്കാലവും പ്രളയവും വന്നാല്‍ എന്താവും സംഭവിക്കുക? രണ്ടു പ്രളയങ്ങള്‍ അടുത്തടുത്തായി അനുഭവിച്ചതിനാല്‍, കേരളീയരുടെ ആലോചനകളിലും അതുണ്ട്. ഒപ്പം, പതിവുപോലെ മഴക്കാലവുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ ശക്തിപ്രാപിച്ചിട്ടുമുണ്ട്. വിവിധ മോഡലുകളുടെ കാലാവസ്ഥ പ്രവചനങ്ങളുമായി വിവിധ ഏജന്‍സികള്‍ രംഗത്തുണ്ട്. 

സാധാരണയേക്കാള്‍ കൂടിയ തോതിലുള്ള മഴയാണ് ലഭിക്കുമെന്നാണ് ഐബിഎം ബിസിനസ് പോലുള്ള ചില ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍, ഇന്ത്യയില്‍ നോര്‍മല്‍ മണ്‍സൂണ്‍ ആകാനാണ് കൂടുതല്‍ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്. 

സാധാരണയെക്കാള്‍ കൂടിയതോതിലുള്ള കാലവര്‍ഷം എന്ന പ്രവചനങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നത്? വീണ്ടുമൊരു പ്രളയസാധ്യത ഉണ്ടെന്നാണോ അതിനര്‍ത്ഥം? എങ്ങനെയാണ് വിവിധ ഏജന്‍സികളുടെ പ്രവചനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത്? 

 

..............................................

Read more: മഴ ഇനിയും മാരകമാവും!

..............................................

 

കൂടിയ കാലവര്‍ഷം എന്നു പറഞ്ഞാല്‍ എന്താണ്?

ഈ വര്‍ഷത്തെ ഇന്ത്യന്‍ കാലവര്‍ഷം സാധാരണയില്‍ കവിഞ്ഞതാവുമെന്നാണ് ചില കാലാവസ്ഥാ പ്രവചന ഏജന്‍സികളെങ്കിലും പ്രവചിക്കുന്നത്. സാധാരണയില്‍ കവിഞ്ഞു മഴ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നറിഞ്ഞാലേ ഇക്കാര്യം വ്യക്തമാവൂ. ഇത് മൊത്തം കാലവര്‍ഷത്തെക്കുറിച്ചുള്ള  പ്രവചനമാണ്. അതായത്,  സാധാരണ ലഭിക്കാറുള്ള മഴയേക്കാള്‍ എത്ര കൂടുതല്‍ ഈ വര്‍ഷം ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന മുന്‍കൂട്ടിയുള്ള പ്രവചനം. 

എന്താണ് സാധാരണ ലഭിക്കാറുള്ള മഴയുടെ അളവ്? 

കുറെ വര്‍ഷങ്ങളായി ലഭിക്കുന്ന കാലവര്‍ഷ മഴയുടെ ആകെത്തുകയുടെ ശരാശരി അളവാണ് ഇത്. കേരളത്തിലെ കാലവര്‍ഷത്തിന്റെ ശരാശരി അളവായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത് ~1955 മില്ലിമീറ്റര്‍ ആണ്. ഇത് 1989 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളുടെ ശരാശരിയാണ്. ഇതിനും കൂടിയ അളവില്‍ (സാധാരണയേക്കാള്‍ ~20%  അധികം മഴ ലഭിച്ചാല്‍, അതായത് കേരളത്തില്‍  മൊത്തമായി ~ 2346 മില്ലിമീറ്ററിനേക്കാള്‍ കൂടുതല്‍) മഴ ലഭിക്കുമ്പോള്‍ കേരളത്തില്‍ കൂടിയ കാലവര്‍ഷം  ആയിരുന്നു എന്ന് പറയാം. 

 

..................................................

Read more: പ്രളയം കേരളത്തെ ഇങ്ങനെ വിടാതെ പിന്തുടരാന്‍ എന്താണ് കാരണം ?

.................................................


വീണ്ടും പ്രളയസാധ്യതയോ?  

സാധാരണയില്‍ കവിഞ്ഞു മഴക്കാലമുണ്ടായാല്‍ എന്താണ് സംഭവിക്കുക? മൂന്നാം വര്‍ഷവും തുടര്‍ച്ചയായി പ്രളയം ഉണ്ടാകുമെന്ന് ഭയപ്പെടേണ്ടതുണ്ടോ? ഉത്തരം ഒന്നേയുള്ളൂ. പ്രളയം പ്രവചിക്കാനുള്ള സമയം ആയിട്ടില്ല. സാധാരണയില്‍ കവിഞ്ഞു മഴ ഉണ്ടാകുന്നത് കൊണ്ട് പ്രളയം ഉണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നമുക്കൊരു സീസണില്‍ കിട്ടുന്ന മഴയുടെ അളവ് മാത്രമാണ് മുകളില്‍ പറഞ്ഞത്. 

കഴിഞ്ഞ പല വര്‍ഷങ്ങളിലും നമുക്ക് സാധാരണയില്‍ കവിഞ്ഞ കാലാവര്‍ഷമുണ്ടായിരുന്നു. 1991, 1994, 1997, 2007, 2013 തുടങ്ങിയ കാലങ്ങളൊക്കെ ഉദാഹരണം. ഈ വര്‍ഷങ്ങളിലെല്ലാം  ചെറിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി എന്നതല്ലാതെ കേരളമൊട്ടാകെ പ്രളയമുണ്ടായിട്ടില്ല. പ്രളയത്തെ നിര്‍ണയിക്കാന്‍ കഴിയുന്നത് ഒരു സീസണില്‍ ലഭിക്കുന്ന മഴയേക്കാള്‍ ചെറിയ പീരിയഡില്‍ ലഭിക്കുന്ന തീവ്രത കൂടിയ മഴക്കാണ് എന്ന് വേണമെങ്കില്‍ പറയാം. അതായത്, ഒരു ദിവസത്തിലോ ഒരു കാലയളവിലോ, സാധാരണ ലഭിക്കേണ്ട ശരാശരിയേക്കാള്‍ കൂടിയ തീവ്രതയില്‍ മഴ ലഭിക്കല്‍. അങ്ങനെ വരുമ്പോള്‍ പ്രളയ സാദ്ധ്യത ഏറും. 

ഒരുപ്രദേശത്ത് പ്രളയം ഉണ്ടാവുക എന്നത് അനേകം ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പ്രദേശത്തെ വനനശീകരണം, വനവൽക്കരണം, മഴയുടെ തീവ്രത, കനത്ത മഴ കാരണം ഉണ്ടാകുന്ന വെള്ളപ്പൊക്കം, വെള്ളം കെട്ടിനിൽക്കുന്ന പ്രദേശത്തിന്റെ ചരിവ്, വ്യാപ്തി, ആകാരം, മണ്ണിന്റെ തരം, ജലനിർഗമനത്തിനുള്ള സംവിധാനങ്ങൾ, കാലാവസ്ഥാ മാറ്റങ്ങൾ, മഴയുടെ രൂപം, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങളെയും ആശ്രയിച്ചു മാത്രമേ പ്രളയം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കാക്കാനാവൂ.

2018 -ലെ പ്രളയത്തിന്റെ കാര്യമെടുക്കുക. ഓഗസ്റ്റ് 9 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കാലയളവില്‍, സാധാരണ ഉണ്ടായേക്കാവുന്ന ശരാശരിയേക്കാള്‍  255 ശതമാനം കൂടിയ അളവിലാണ് കേരളത്തില്‍ മഴ ലഭിച്ചത്. ഇടുക്കി ജില്ലയിലാകട്ടെ ഇത് 438 ശതമാനം ആണ്. അതായത് ആ ആഴ്ചയില്‍, കേരളത്തിലെ പ്രധാനപ്പെട്ട ഒരു അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ലയില്‍ സാധാരണ അവസ്ഥയില്‍ ലഭിക്കേണ്ടിയിരുന്നത് 126 മില്ലിമീറ്റര്‍ മഴ ആയിരിക്കെ, പെയ്തത്  679 മില്ലിമീറ്റര്‍ മഴയായിരുന്നു. 

ഇത്തരത്തില്‍ ചെറിയ കാലത്ത് പലയിടങ്ങളിലും ലഭിച്ച, കൂടിയ അളവിലുള്ള മഴയാണ് പ്രളയത്തിലേക്കും പ്രളയക്കെടുതികളിലേക്കും നയിച്ചത്. സമാനമായിരുന്നു 2019-ല്‍ ഉണ്ടായ പ്രളയത്തിന്റെയും കാര്യം. 

അതിനാല്‍, മണ്‍സൂണിനെ കുറിച്ച്, ഇത്രയും നേരത്ത് നടക്കുന്ന പ്രവചനങ്ങളെ പ്രളയത്തിന്റെ മുന്നോടിയായി കണ്ട് ഭയപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ഇത്രയും നേരത്തെ പ്രളയം മുന്‍കൂട്ടി പ്രവചിക്കാനുള്ള സാങ്കേതികവിദ്യ ഇതുവരെ നിലവില്‍ വന്നിട്ടുമില്ല. കാലാവസ്ഥ പ്രവചനങ്ങളിലേക്കും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത മൂന്ന് മണിക്കൂറിലെ മഴ സാധ്യതയിലേക്കും അലര്‍ട്ടുകളിലേക്കും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്നതേ ഇക്കാര്യത്തില്‍ ചെയ്യാനുള്ളൂ. 

 

......................................................

Read more: മുങ്ങുന്നത് കൊച്ചി മാത്രമാവില്ല, മധ്യകേരളത്തിലെ  ഈ പ്രദേശങ്ങളും അപകടഭീഷണിയില്‍!

......................................................


പല ഏജന്‍സികള്‍, പല മഴ പ്രവചനങ്ങള്‍

ഇന്ത്യന്‍ മണ്‍സൂണിനെ പറ്റി വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവചനങ്ങള്‍ എന്തു കൊണ്ടാണ് വ്യത്യാസപ്പെടുന്നത്?  അതറിയാന്‍ എന്താണ് പ്രവചന മോഡലുകള്‍ എന്നറിയണം. ഭൗതിക ശാസ്ത്രത്തെയും മൂലസിദ്ധാന്തങ്ങളേയും അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഗണിതസമവാക്യങ്ങളാണ് ഇവയ്ക്ക് അടിസ്ഥാനം. അന്തരീക്ഷത്തിലും സമുദ്രത്തിലുമായി ഉണ്ടാകുന്ന വിവിധതരം മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവയുടെ പ്രവചനങ്ങള്‍. ഈര്‍പ്പം, താപം, വായുവിന്റെ ചലനം , സമുദ്ര താപനില തുടങ്ങിയവ അന്തരീക്ഷത്തിലും സമുദ്രത്തിലുമായി കൈമാറ്റം ചെയ്യപ്പെടുന്നതെങ്ങനെ എന്ന വിവരങ്ങള്‍ ഏകോപിപ്പിച്ചുള്ള സങ്കീര്‍ണമായ അപഗ്രഥനമാണ് കാലാവസ്ഥാ പ്രവചന മോഡലുകള്‍ നടത്തുന്നത്. ഉപഗ്രഹങ്ങളില്‍ നിന്നും അളക്കാനുപയോഗിക്കുന്ന മറ്റു ഉപകരണങ്ങളില്‍ നിന്നും ലഭിക്കുന്ന അന്തരീക്ഷ-സമുദ്ര നിരീക്ഷണങ്ങളാണ് ഇതിന് ആധാരം. ഈര്‍പ്പം,താപനില, മര്‍ദ്ദം, കാറ്റിന്റെ ഗതി തുടങ്ങിയവയുടെ നിരീക്ഷണങ്ങള്‍ ഈ ഗണിതസമവാക്യങ്ങളിലേക്ക് നല്‍കിയാണ്  ഈ മോഡലുകള്‍ പ്രവചനങ്ങള്‍ നടത്തുന്നത്. 

വിവിധ ഏജന്‍സികള്‍ അന്തരീക്ഷാവസ്ഥാ പ്രവചനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് വ്യത്യസ്ത പ്രവചന മോഡലുകളാണ്. മോഡലുകള്‍ അവയില്‍ ഉപയോഗിച്ചിട്ടുള്ള ഭൗതിക സിദ്ധാന്തങ്ങള്‍, ഗണിത സമവാക്യങ്ങള്‍, പ്രാഥമിക വ്യവസ്ഥകള്‍, നിരീക്ഷണങ്ങള്‍ തുടങ്ങിയവ മൂലം വ്യത്യാസപ്പെട്ടിരിക്കും. സ്വഭാവികമായും അവ ഉപയോഗിച്ചുള്ള അപഗ്രഥനങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകും. 

ഇന്ത്യയുടെ കാലവര്‍ഷം വളരെയധികം സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. പല ഘടകങ്ങള്‍ മൂലവും അന്തരീക്ഷ പ്രതിഭാസങ്ങള്‍ മൂലവും അതില്‍ വ്യത്യാസങ്ങള്‍ സംഭവിക്കാം. അതുകൊണ്ടാണ് ഓരോ വര്‍ഷവും ലഭിക്കുന്ന മഴയുടെ അളവ്, ആവൃത്തി, തീവ്രത, കാലവര്‍ഷത്തിന്റെ തുടക്കം തുടങ്ങിയവയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് മുന്‍പ് നടത്തുന്ന പ്രവചനങ്ങളെക്കാള്‍ കുറഞ്ഞ നാളുകള്‍ക്ക് മുമ്പേ നടത്തുന്ന പ്രവചനങ്ങളാണ് കൂടുതല്‍ കൃത്യമായിരിക്കുക. ഉദാഹരണത്തിന്, ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഏപ്രിലിലും തുടര്‍ന്ന് ജൂണിലും  കാലവര്‍ഷത്തെ കുറിച്ച് രണ്ടു ദീര്‍ഘ പരിധി പ്രവചനങ്ങളാണ് നടത്തുക, ഇതില്‍ ജൂണിലെ പ്രവചനത്തിനായിരിക്കും കൂടുതല്‍ കൃത്യത.

 

കാലാവസ്ഥാ മാറ്റം, മഴ, വേനല്‍, കൊടുങ്കാറ്റുകള്‍. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം