Asianet News MalayalamAsianet News Malayalam

കൊറോണ: ഫരീദാബാദ് ഇനിയെന്താവും?

കൊറോണക്കാലം. ഫരീദാബാദിലെ മനുഷ്യര്‍ തീ തിന്നുകയാണ്. ജയ ശ്രീരാഗം എഴുതുന്നു 

 

coroma days Faridabad experiences by Jaya Sreeragam
Author
Thiruvananthapuram, First Published Jun 10, 2020, 5:08 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

coroma days Faridabad experiences by Jaya Sreeragam

 

ദില്ലിയുടെ അതിര്‍ത്തി പങ്കിടുന്ന ഹരിയാനയിലെ കോവിഡ് രോഗികളുടെ കണക്കുകള്‍ ടീവി മീഡിയയിലോ മാധ്യമങ്ങളിലോ റിപ്പോര്‍ട്ട് ചെയ്തു കാണുന്നത് വളരെ  കുറവാണ്..ഹരിയാനയില്‍ നാല് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് ദില്ലിയുമായി അതിര്‍ത്തി പങ്കിടുന്ന ഗുഡ്ഗാവും ഫരീദാബാദും ആണ്. ഞാന്‍ അടക്കമുള്ള ഒരുപാട് മലയാളികള്‍ ജീവിതമാര്‍ഗം തേടി എത്തിയിട്ടുള്ള ഒരു നഗരമാണ് ദില്ലിയുടെ അതിര്‍ത്തിയിലുള്ള  ഹരിയാനയിലെ ഫരീദാബാദ് എന്ന ഇന്‍ഡസ്ട്രിയല്‍ ടൗണ്‍.  
 
ലോക് ഡൗണ്‍ തുടങ്ങിയ സമയത്തു വളരെ ആവേശത്തോടെ ആയിരുന്നു 'സ്റ്റേ അറ്റ് ഹോം' എന്ന ടാസ്‌ക് ഇവിടെ എല്ലാവരും ഏറ്റെടുത്തത്. അന്ന് വിരളമായ കേസുകളേ ഇവിടെ രേഖപ്പെടുത്തിയിരുന്നുള്ളു.  പക്ഷെ ഇന്നത്തെ സ്ഥിതി അതല്ല. ഈ ചെറിയ ടൗണ്‍ഷിപ്പില്‍ മാത്രം  ഇഴെുതുമ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്  139 കോണ്‍ടൈന്‍മെന്റ് സോണുകളാണ്. ഓരോ ദിവസവും 60 -ല്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍. ഇതെഴുതുമ്പോള്‍ അത് 106 ലേക്ക് എത്തിയിരിക്കുന്നു. മൂന്നു പേര്‍ ഇന്ന് മാത്രം മരണമടഞ്ഞു എന്ന റിപ്പോര്‍ട്ട്.  മരണമെന്ന കാണാക്കയത്തില്‍ മുങ്ങിയവരുടെ എണ്ണം 14  ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഓരോ ദിവസവും കൂടി കൂടി വരുന്ന കേസുകള്‍. ഇതിനു പുറമെ, ടെസ്റ്റ് ചെയ്തു പോസിറ്റിവ്  ആയ കോവിഡ് രോഗികളെ കാണാതാവുന്നു.  അവര്‍ കൊടുത്തത് തെറ്റായ ഫോണ്‍ നമ്പറുകളും അഡ്രസ്സും ആയിരുന്നു എന്ന് ആരോഗ്യ വിഭാഗം പറയപെടുമ്പോള്‍ പൂര്‍ണ്ണ മേല്‍വിലാസം എഴുതിയ ആധാര്‍ കാര്‍ഡ് എന്തേ പരിശോധിച്ചില്ല എന്ന ചോദ്യമുയരുന്നു. എന്തായാലും എത്രപേരെ ഇങ്ങിനെ കാണാതായെന്ന വിവരം ഡിപ്പാര്‍ട്‌മെന്റ് പുറത്തു വിട്ടിട്ടില്ല. ഇവിടെയുള്ള ജനങ്ങളോട് കൂടുതല്‍ ജാഗരൂകരാവാന്‍ മാത്രം നിര്‍ദേശിക്കുന്നു. ഇത് കാരണം  ആവശ്യസാധങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോഴും വല്ലാത്തൊരു ഉള്‍ഭയം മനസ്സിനെ വേട്ടയാടുന്നു. തൊട്ടടുത്ത് നില്‍ക്കുന്ന ആള്‍ക്ക് കോവിഡ്  ഉണ്ടോ എന്ന് പോലും അറിയുന്നില്ല . 

ദില്ലിയെ തൊട്ടു കിടക്കുന്ന ഫരീദാബാദിലെ ഒട്ടുമിക്ക ആളുകളും ദിവസവും ദില്ലിയില്‍ പോയി വരുന്നവരാണ്. ദില്ലിയിലെ ഓഫീസുകളില്‍ നിത്യവും ജോലിക്കു പോകുന്ന ആളുകളുടെ എണ്ണവും കുറവല്ല.   ഇവിടെ  കോവിഡ് കേസുകള്‍  പടരുന്നതിന് അതും ഒരു പ്രധാന കാരണമാണ്. ചെറിയൊരു ഉദാഹരണമാണ് ഫരീദാബാദിലെ ടബുവാ കോളനിയിലെ പച്ചക്കറിമാര്‍ക്കറ്റില്‍ പടര്‍ന്നു പിടിച്ച  കോവിഡ് കേസുകള്‍.  അവിടേക്ക്  എത്തപ്പെടുന്ന പച്ചക്കറികള്‍ ഡല്‍ഹിയിലെ ഓഖലയിലെ പച്ചക്കറിമാര്‍ക്കറ്റില്‍ നിന്നാണ്. ഹരിയാന സര്‍ക്കാര്‍ കുറച്ചു ദിവസം ഡല്‍ഹിയുമായുള്ള എല്ലാ ബോര്‍ഡറുകളും അടച്ചു പൂട്ടിയിട്ടു.  അണ്‍ലോക്ക് ഫേസ് വണ്‍ വന്നപ്പോള്‍ വീണ്ടും ബോര്‍ഡര്‍ തുറന്നു. ദില്ലി മുഖ്യമന്ത്രി  കെജ്രിവാള്‍ പിന്നെയും രണ്ടു ദിവസം ദില്ലിയുടെ എല്ലാ ബോര്‍ഡറുകളും അടച്ചു. എങ്കിലും വീണ്ടും അതിര്‍ത്തികള്‍  തുറക്കുകയാണ്.  

ദില്ലിയില്‍ രോഗികളുടെ എണ്ണം കൂടുമ്പോള്‍ ഇവിടെ ഫരിദാബാദിലെ ജനങ്ങളുടെ ഹൃദയമിടിപ്പും കൂടുകയാണ്.  ഇനിയും ഇത് എങ്ങോട്ട്? ദില്ലിയിലെ ഹോസ്പിറ്റലുകളില്‍ സ്ഥലപരിമിതി മൂലം രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിക്കുന്നു. ഇനി മുതല്‍ ദില്ലിയിലെ രോഗികളെ മാത്രമേ അവിടെയുള്ള ഹോസ്പിറ്റലുകളില്‍ അഡ്മിറ്റ് ചെയ്യുകയുള്ളൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകകൂടി ചെയ്തപ്പോള്‍ ഫരിദാബാദ് അടക്കമുള്ള സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരാവുകയാണ്. ഈ രീതിയില്‍ നില തുടരുകയാണെങ്കില്‍ അധികം താമസിയാതെ ദില്ലിയും സമീപപ്രദേശങ്ങളും കോവിഡ് എന്ന മഹാമാരിയില്‍ മുങ്ങുമെന്നതിനു സംശയമില്ല. 

ലോക് ഡൌണ്‍ തുടങ്ങുമ്പോള്‍ വെറും 500 കോവിഡ് 19 കേസുകളായിരുന്നു ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ലോക് ഡൌണ്‍ നാല് ഘട്ടം കഴിഞ്ഞു അഞ്ചാം ഘട്ടം രാഷ്ട്രം അണ്‍ലോക്ക് ഫേസ് ഒന്ന് പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തു പടര്‍ന്ന കോവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം തന്നെ പതിനായിരത്തില്‍ കൂടുതലാണ്. ഇതില്‍  ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആയിരത്തില്‍ കൂടുതല്‍ രോഗികള്‍ ഇന്ത്യയുടെ തലസ്ഥാന നഗരമായ ദില്ലിയില്‍ തന്നെ ..

കൊവിഡ് രോഗം മൂലം മരിക്കുന്നവര്‍ക്ക് ദില്ലിയിലെ ശ്മശാനത്തിലും അവസരം കാത്തു ദിവസങ്ങളോളം കിടക്കേണ്ടി വരുന്നു എന്നുള്ള ദുഖകരമായ വാര്‍ത്തകളും പുറത്തു വരുന്നു.

ഇറ്റലിയിലും ചൈനയിലും വെന്റിലെറ്റര്‍  കിട്ടാതെ രോഗികള്‍ മരിക്കുന്ന അവസ്ഥ കണ്ടപ്പോള്‍ നമ്മള്‍  ആശങ്കാകുലരായി അതെല്ലാം വിലയിരുത്തി.  എന്നാല്‍ ഇന്ന് നമ്മളും ആ അവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന കയ്‌പ്പേറിയ  സത്യം മുന്നില്‍ പല്ലിളിച്ചു കാണിക്കുന്നു.. 

Follow Us:
Download App:
  • android
  • ios