കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം എന്ന് പറയുന്നത് വലിയ വെല്ലുവിളിയാണ്. ഇടയ്ക്ക് സുഖവും ഇടയ്ക്ക് വ്യാകുലതകളും കടന്നുവരുന്ന ഒരു അനുഭവം. അതുപോലെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്വാറന്റീന്‍ ഒരു സ്വതന്ത്ര മനുഷ്യന് അനുഭവിക്കേണ്ടി വരുന്ന മറ്റൊരു വെല്ലുവിളിയും. ഇത് രണ്ടും ഒരുമിച്ച് വന്നാലോ? 

ലോക്ക്ഡൗണ്‍ രണ്ടാമതും നീട്ടിയ സമയത്താണ് എന്റെയും ജിയുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വരാന്‍ പോവുന്നു എന്ന സന്തോഷ വാര്‍ത്ത അറിയുന്നത്. കൊറോണ കാരണം ബുദ്ധിമുട്ടുന്ന സമയമാണെങ്കിലും ഇത്തിരി ആശ്വാസം ലഭിച്ചത് അന്നാണ്. പക്ഷേ പിന്നാലെ വന്നത് ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ആയിരുന്നു. നാട്ടില്‍ ആയിരുന്നെങ്കില്‍ ഈ സമയം സ്വന്തം വീട്ടില്‍ നില്‍ക്കാമായിരുന്നു. ഏതൊരു പെണ്ണും ഈ സമയം അതാണ് ആഗ്രഹിക്കുക. ഭക്ഷണത്തോടുള്ള വിരക്തിയും ഒരുപാട് ചോദ്യങ്ങളും വല്ലാതെ വീര്‍പ്പുമുട്ടിച്ചു. ഏത് ഡോക്ടറെ കാണിക്കും, സ്‌കാനിംഗ് എവിടെ ചെയ്യും, എപ്പോള്‍ നാട്ടിലേക്ക് പോവാന്‍ സാധിക്കും, മൈസൂര്‍ സുരക്ഷിതമാണോ എന്നുള്ള നൂറായിരം ചോദ്യങ്ങള്‍ മനസ്സിനെ താളം തെറ്റിച്ചു കൊണ്ടിരുന്നു.

പരിചയമുള്ള ഒരു ഹോമിയോ ഡോക്ടര്‍ വഴി ഞങ്ങളുടെ വീടിനു അടുത്ത് ഒരു മലയാളി ഗൈനക്കോളജിസ്റ്റ്് ഉണ്ടെന്ന് അറിഞ്ഞു. നമ്പര്‍ കിട്ടിയപാടെ ഡോക്ടറെ വിളിച്ച് വിവരം പറഞ്ഞു. മെയ്  25-നു ശേഷം സ്‌കാനിംഗ് ചെയ്യാനും അതിനുശേഷം ക്ലിനിക്കില്‍ വരാനും ഡോക്ടര്‍ പറഞ്ഞു. രണ്ടു പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം അന്ന് കിട്ടി. എന്തോ മനസ്സിന്റെ ഭാരം കുറഞ്ഞത് പോലെ. ഇനി മെയ്  25 -ന് വേണ്ടിയുള്ള കാത്തിരിപ്പ്.

പ്രഗ്‌നന്‍സി ടെസ്റ്റ് കഴിഞ്ഞതിനു ശേഷം ഞാന്‍ ആകെ മാറിയത് പോലെ തോന്നി. തലേ ദിവസം വരെ നന്നായി ആഹാരം കഴിച്ചു കൊണ്ടിരുന്ന ഞാന്‍ ആണ്. ഇപ്പോള്‍ എന്തോ കഴിക്കാന്‍ തോന്നുന്നില്ല. ഒന്നിനും രുചി ഇല്ലാത്ത പോലെ. വൈകുന്നേരങ്ങളില്‍ ചര്‍ദ്ദി സ്ഥിരം സന്ദര്‍ശകയായി. ചര്‍ദ്ദിക്കുമോ എന്ന് പേടിച്ച് ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങിനെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇത്തിരി ആരോഗ്യം കുറഞ്ഞു കുറഞ്ഞു വന്നു. പല മണങ്ങളും എന്നെ അസ്വസ്ഥയാക്കി. അങ്ങിനെ അടുക്കളയിലേക്ക് കയറാതെ ആയി.

ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ വീട്ടില്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ പിന്നീട് ഏകാന്തത എന്തെന്ന് അറിയാന്‍ ജി അനുവദിച്ചിട്ടില്ല. എന്റെ വീട്ടുകാര്‍ക്ക് ഞാനിവിടെ തനിച്ചായത് കൊണ്ട് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മെയ് 25 നു സ്‌കാനിംഗ് കഴിഞ്ഞാല്‍ എന്നെ നാട്ടിലേക്ക് കൊണ്ടു പോവാന്‍ അവര്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ ആണെങ്കിലും ട്രാവല്‍ പാസ്  അനുവദിച്ചിരുന്നു. പക്ഷേ ഈ ഒന്നര മാസത്തില്‍ ഇത്രയും ദൂരം യാത്ര ചെയ്യാന്‍ ഉള്ള മനക്കരുത്ത് എനിക്ക് ഇല്ലായിരുന്നു. അതുകൊണ്ട് മൂന്ന്മാസം കഴിഞ്ഞ് നാട്ടിലേക്ക് പോവാന്‍ തീരുമാനം ആയി. ആദ്യത്തെ 3 മാസം യാത്ര ചെയ്യുന്നത് റിസ്‌ക് ആയത് കൊണ്ട് ഒന്നര മാസം കൂടി കഴിഞ്ഞ് പോവാം എന്ന് തോന്നി.  എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കി. ഒരു ഭാഗത്ത് മഴയും പ്രളയവും മറുഭാഗത്ത് കൊറോണയും തടസം നില്‍ക്കുമോ എന്നായിരുന്നു എന്റെ അച്ചന്റെയും അമ്മയുടെയും പേടി. മനസ്സില്ലാമനസ്സോടെ ആണ് അവര്‍ എന്റെ തീരുമാനം അംഗീകരിച്ചത്.

എല്ലാം ശരിയാവും എന്ന വിശ്വാസത്തില്‍ നാളുകള്‍ തള്ളി നീക്കി. ഒരു ഭാഗത്ത് ജിയും ജിയുടെ കുടുംബവും മറുഭാഗത്ത് എന്റെ കുടുംബവും എന്നെ ചേര്‍ത്ത് നിര്‍ത്തി ധൈര്യം തന്നു. അങ്ങിനെ മെയ് 27 ന് സ്‌കാനിംഗ് കഴിഞ്ഞു. ഡോക്ടറെ കണ്ടുകഴിഞ്ഞപ്പോള്‍ ബാക്കി ഉണ്ടായിരുന്ന ടെന്‍ഷനും എങ്ങോ മാഞ്ഞു പോയി. ഒരു പെണ്ണിന് ഇതൊക്കെ തനിച്ച് കൈകാര്യം ചെയ്യാന്‍ കഴിയും എന്ന് പറഞ്ഞ് ഡോക്ടര്‍ എനിക്ക് ധൈര്യം തന്നു.


കൊറോണ പിടി മുറുക്കുകയാണ്. ദിവസങ്ങള്‍ കഴയുംതോറും രോഗികള്‍ കൂടി വരുന്നു. ബാംഗ്ലൂര്‍ ഒക്കെ ഒരു ദിവസം ആയിരത്തോളം കേസുകള്‍. ഇവിടെ മൈസൂരില്‍ അന്‍പതില്‍ കൂടുതല്‍ കേസുകള്‍ ദിവസേന വന്ന് തുടങ്ങി. കേരളത്തിലും അവസ്ഥ ചെറുതല്ല. ഈ അവസ്ഥയില്‍ നാട്ടിലേക്ക് എങ്ങിനെ പോവും ഈശ്വരാ...

ജൂണ്‍ 30 ന് രാവിലെ എട്ടു മണിക്ക് സ്‌കാനിംഗ് സെന്റെറില്‍ എത്തണം. ബ്ലഡ് ടെസ്റ്റ് ചെയ്യാനും ഡോക്ടര്‍ എഴുതി തന്നിട്ടുണ്ട്. അതും ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത കുറെ പേരുകള്‍. നമ്മുടെ രക്തത്തില്‍ ഇത്രേം അധികം സാധനങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു അല്ലേ. ഒരു വലിയ ലിസ്റ്റ്് ആണ് ഡോക്ടര്‍ എഴുതിയത്. ഒരു കുപ്പി നിറയെ ബ്ലഡ് കൊടുക്കേണ്ടി വരുമോ ഈശ്വരാ എന്ന് തോന്നിപ്പോയി.

ഇഞ്ചക്ഷന്‍ എന്ന് കേട്ടാല്‍ തന്നെ എന്റെ നെഞ്ചിടിപ്പ് കൂടും. പണ്ട് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പ്രകാശന്‍ മാഷിനോട് കള്ളം പറഞ്ഞ കാര്യം ആണ് ഓര്‍മ വന്നത്. പത്തില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്‌കൂളില്‍ വെച്ച് ടി ടി എടുക്കാറുണ്ട്. ഇഞ്ചക്ഷന്‍ വെക്കുന്ന ദിവസം മറ്റുള്ള കുട്ടികളുടെ കൂടെ ഞാനും പോയി ക്യൂവില്‍ നിന്നു. ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് മേശയുടെ മേല്‍ നിരത്തി വെച്ചിരിക്കുന്ന കുറെ സൂചികള്‍ ആണ്. ഒരു കുട്ടിക്ക് ഇഞ്ചക്ഷന്‍ എടുക്കുന്നുമുണ്ട്. അവള്‍ പേടിച്ച് കണ്ണുകള്‍ അടച്ച് വിറച്ചിരിക്കുന്നു. എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി. ആ നേരത്താണ് പ്രകാശന്‍ മാഷിന്റെ ചോദ്യം വന്നത്, 'ആരെങ്കിലും ഈ അടുത്ത്  ടി ടി എടുത്തിരുന്നോ' എന്ന്. കേട്ട പാതി കേള്‍ക്കാത്ത പാതി 'ഞാന്‍ എടുത്തിരുന്നു മാഷേ' എന്ന് വെച്ചങ്ങ് കാച്ചി. പിന്നാലെ അടുത്ത ചോദ്യം വന്നു, 'എവിടെ നിന്നാണ് എടുത്തത.്'എന്റെ അറിവില്‍ പരിചയമുണ്ടായിരുന്നത് അഞ്ചരക്കണ്ടിയിലെ ഹരീന്ദ്രന്‍ ഡോക്ടറെ ആയിരുന്നു. അല്‍പം പോലും ഭാവ വ്യത്യാസം വരുത്താതെ ഡോക്ടറുടെ ക്ലിനിക്കില്‍ വെച്ചാണ് ഇഞ്ചക്ഷന്‍ എടുത്തത് എന്ന് മറുപടി കൊടുത്തു. ഞാന്‍ പറയുന്നത് സത്യമാണെന്ന് കരുതി എന്നെയും വേറെ രണ്ടു കുട്ടികളെയും ക്ലാസിലേക്ക് മടക്കി അയച്ചു. ലോട്ടറി അടിച്ചത് പോലുള്ള സന്തോഷം ആയിരുന്നു എനിക്ക്.

പ്ലസടുവിന് പഠിക്കുമ്പോള്‍ വരെ ഗുളികയൊക്കെ പൊടിച്ചിട്ടാണ് കഴിക്കാറുള്ളത്. ഗുളിക അപ്പാടെ കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയത് പോലെ തോന്നും. അസുഖം വരുമ്പോള്‍ മരുന്ന് കഴിക്കണം എന്ന് പറഞ്ഞ് നാരു (അമ്മമ്മയുടെ അനിയത്തി) ഗുളിക പൊടിച്ച് തരും. അത് കണ്ണും പൂട്ടിയാണ് കുടിക്കാറുള്ളത്. പിന്നെ ഡിഗ്രിക്ക് എത്തിയപ്പോള്‍ ഹോമിയോപ്പതിയിലേക്ക് മാറി. അതാകുമ്പോള്‍ കഴിക്കാന്‍ എളുപ്പം. ആ ഞാന്‍ ആണ് ഇപ്പൊള്‍ ഫോളിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ് എന്നിവ കൂടാന്‍ ഗുളികകള്‍ കഴിക്കുന്നത്.

അതുപോലെ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഞങ്ങളുടെ നാട്ടിലെ വായനശാലയില്‍ ബ്ലഡ് ഗ്രൂപ്പ് ചെക്ക് ചെയ്യാന്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും നഴ്‌സുമാര്‍ വന്നു. ലിജിയും വിജിയും വേഗം പോയി ചെക്ക് ചെയ്തിട്ട് വന്നു. ഇവര്‍ക്കൊക്കെ ഇത്രയും ധൈര്യം ഉണ്ടായിരുന്നോ ദൈവമേ. 'കയ്യിലെ നടുവിരലില്‍ നിന്നു ഒരു തുള്ളി ചോര എടുക്കും, പേടിക്കാന്‍ ഒന്നും ഇല്ല നീയും പോയി നോക്കിയിട്ട് വാ' എന്ന് അച്ഛന്റെ ഉത്തരവ് വന്നു. ഞാന്‍ ഓടി കുളിമുറിയില്‍ കയറി (കുളിച്ചിട്ട് പോവാം എന്ന വ്യാജേന). അന്ന് കുളിക്കാന്‍ കുറച്ച് സമയം കൂടുതല്‍ എടുത്തു. കുളി കഴിയുമ്പോഴേക്കും നഴ്‌സുമാര്‍ മടങ്ങിയിരുന്നു.  ആ തവണയും ഒരു ചോരക്കളിയില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു.

അതുപോലെ അല്ലല്ലോ ഇപ്പൊള്‍ ഉള്ള അവസ്ഥ. ബ്ലഡ് ടെസ്റ്റ്, ഇഞ്ചക്ഷന്‍, കുറെ മരുന്നുകള്‍ ഇതൊക്കെ പ്രഗ്‌നന്‍സിയില്‍ സാധാരണം ആണല്ലോ. വരുന്നത് വരട്ടെ എന്ന് മനസ്സിന് ധൈര്യം കൊടുത്തു. 

അങ്ങിനെ 30 -ന് രാവിലെ തന്നെ സ്‌കാനിംഗ് ചെയ്യാന്‍ പോയി. ബ്ലഡ് ടെസ്റ്റും സ്‌കാനിങ്ങും കഴിഞ്ഞു. എല്ലാം നോര്‍മല്‍ ആണ്. കണ്ടെയിന്‍മെന്റ് സോണ്‍ ആയത് കാരണം ഡോക്ടറുടെ ക്ലിനിക് രണ്ടാഴ്ചത്തേക്ക് പൂട്ടി. വിവരങ്ങള്‍ ഒക്കെ ഫോണിലൂടെ ആണ്  ഡോക്ടറെ അറിയിച്ചത്. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്ന് ഒരു മാസം കൂടി കഴിക്കാന്‍ പറഞ്ഞു, പിന്നെ ടി ടി എടുക്കാനും.

മൈസൂരില്‍ കേസുകള്‍ കൂടുകയാണ്. ആകെ പരിചയമുള്ള ഒരു ഡോക്ടര്‍ മാത്രമേ ഉള്ളൂ. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാല്‍ പോലും ചിലപ്പോള്‍ ഡോക്ടറെ കാണാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് നാട്ടിലേക്ക് പോകുന്നതാണ് നല്ലതെന്ന് തോന്നി. ഇനി അഞ്ചാമത്തെ മാസത്തില്‍ ആണ് അടുത്ത സ്‌കാനിംഗ് വരിക.

നാട്ടിലേക്ക് പോവാന്‍ ഉള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഞങ്ങളുടെ മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ആദ്യത്തേത് ഞാന്‍ തനിച്ച് പോവണോ അതോ ജി യും കൂടി വരുമോ എന്നതായിരുന്നു. ജി ക്ക് ഇപ്പോള്‍ നാട്ടിലേക്ക് പോവാന്‍ കഴിയാത്ത അവസ്ഥ ആണ്. ലീവിന് ചോദിച്ചപ്പോള്‍ രണ്ട് മാസത്തേക്ക്  തല്‍ക്കാലം വേറെ ആളെ കിട്ടില്ല, അതിര്‍ത്തി വരെ ഭാര്യയെ കൊണ്ടുവിട്ടിട്ട് തിരിച്ച് വരാനാണ് ജി യുടെ ബോസ് അഭിപ്രായപ്പെട്ടത്. ജി ക്ക് ആകെ കണ്‍ഫ്യൂഷന്‍ ആയി. എന്റെ കൂടെ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ ജോലി വിടേണ്ടി വരും.

അതിര്‍ത്തി വരെ എങ്ങിനെ പോവും? 

ബോര്‍ഡര്‍ വരെ വന്ന് എന്നെ കൂട്ടി കൊണ്ടു പോവാന്‍ റെഡി ആണെന്ന് ആദ്യമേ അച്ഛന്റെ പെങ്ങളുടെ മോന്‍ കൂടിയായ ചേച്ചിയുടെ ഭര്‍ത്താവ് വിപിയേട്ടന്‍ പറഞ്ഞിരുന്നു. ഈ കാര്യം ജി യുടെ ചങ്ങാതിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ ടാക്‌സിയില്‍ ഒന്നും പോവണ്ട  ബോര്‍ഡര്‍ വരെ നമുക്ക് പോയി കൊണ്ട് വിടാം എന്ന് ദാസേട്ടന്‍ പറഞ്ഞു. വീണ്ടും ഞാന്‍ ദൈവത്തിന്റെ സാന്നിധ്യം അറിഞ്ഞു.

ജി ഇല്ലാതെ തനിച്ച് നാട്ടിലേക്ക് പോവുന്ന കാര്യം ആലോചിച്ചപ്പോള്‍ തന്നെ ആകെ വിഷമമായി. ഈ അവസ്ഥയില്‍ എന്തായാലും എനിക്ക് ഇവിടെ തുടരാന്‍ കഴിയില്ല. എട്ടു മണിക്കൂര്‍ കൂടുതല്‍ യാത്ര ഉണ്ട്. പേട്ട റോഡ് അടച്ചതു കൊണ്ട് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി പോവണം. സാധാരണ മൂന്ന് മണിക്കൂര്‍ കൂടുതല്‍ യാത്ര ചെയ്യുമ്പോള്‍ എനിക്ക് ചര്‍ദ്ദി വരാറുണ്ട്. ഈ അവസ്ഥയില്‍ എന്ത് സംഭവിക്കും എന്നോര്‍ത്ത് നല്ല ഭയം ഉണ്ട്. പക്ഷേ ജി യോട് പറഞ്ഞില്ല. പാവം, അല്ലെങ്കിലെ എന്നെ തനിച്ച് പറഞ്ഞയക്കുന്നതില്‍ പുള്ളിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. കുഴപ്പമില്ല ഏട്ടാ, ഞാന്‍ മാനേജ് ചെയ്‌തോളാം എന്ന് പറഞ്ഞു ധൈര്യം കൊടുത്തു. വരുന്നത് പോലെ വരട്ടെ എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.

അടുത്ത വിഷയം, നാട്ടില്‍ എത്തിയാല്‍ എവിടെ നില്‍ക്കും എന്നതായിരുന്നു. 28 ദിവസം ആരുമായും സമ്പര്‍ക്കം ഇല്ലാതെ മാറി നില്‍ക്കണമല്ലോ. എന്റെ വീട്ടില്‍ അതിനുള്ള സൗകര്യം ഇല്ല. അവിടെ നില്‍ക്കുകയാണെങ്കില്‍ എല്ലാവരും മാറി താമസിക്കേണ്ടി വരും. പലരോടും ചോദിച്ചു, പക്ഷേ ഫലമുണ്ടായില്ല. ജി യുടെ വീട്ടില്‍ നിന്ന് എല്ലാവരും മാറാം എന്ന് പറഞ്ഞു. ഞാന്‍ ഒരാള്‍ക്ക് വേണ്ടി എല്ലാവരും മാറി താമസിക്കേണ്ടി വരുന്നതിനോട് എനിക്ക് എന്തോ യോജിക്കാന്‍ കഴിഞ്ഞില്ല. ഈ അവസ്ഥയില്‍ എന്നെ ഒറ്റയ്ക്ക് ഒരു വീട്ടില്‍ ആക്കുന്നതിനോട് ആര്‍ക്കും സമ്മതമല്ലായിരുന്നു. കൂടെ വന്നു നിന്നോളാം എവിടെ ആണെങ്കിലും എന്ന് അമ്മ എനിക്ക് ധൈര്യം തന്നു. അമ്മയ്ക്ക് തുല്യം അമ്മ മാത്രം ആണല്ലോ.

ഇതൊക്കെ ആലോചിച്ച് ഇരിക്കുന്ന സമയത്താണ് വിപിയേട്ടന്റെ കോള്‍ വന്നത്. 'ജാഗ്രതയില്‍ വേഗം രജിസ്റ്റര്‍ ചെയ്‌തോളു, അമ്മ രണ്ട് ആഴ്ച ലീവ് എടുക്കും,  ക്വാറന്റീന്‍ ഇവിടെ  മുകളില്‍ നില്‍ക്കാം'' 

ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു പിടിവള്ളി, ''ഒരു പെണ്ണിന് സാധിക്കാത്തത് ആയിട്ട് ഒന്നും തന്നെ ഇല്ല.'' എന്റെ മനസ്സും മന്ത്രിച്ചു, എല്ലാം തരണം ചെയ്യാന്‍ കഴിയും.  എന്തോ എല്ലായിടത്തും ദൈവത്തിന്റെ കരുതല്‍ എനിക്ക് അനുഭവപ്പെട്ടു.

നാട്ടിലേക്ക് പോവാന്‍ വേണ്ടി Covid19jagratha സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ചയ്ക്ക് ശേഷം ഉള്ള ദിവസം ആണ് യാത്ര ചെയ്യാന്‍ ഉള്ള അനുമതി കിട്ടിയത്. ഞാന്‍ കൊടുത്ത ദിവസം മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ഒരുപാട് പേര്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് യാത്ര ജൂലായ് 17 വെള്ളിയാഴ്ച മതിയെന്ന് തീരുമാനിച്ചു. രജിസ്റ്റര്‍ ചെയ്ത ദിവസം അല്ലാതെ നാട്ടിലേക്ക് പോവുന്നവരും ഉണ്ട്. നേരായ വഴിയേ എപ്പോളും തിരഞ്ഞെടുക്കാവൂ. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും നമ്മള്‍ പാലിക്കേണ്ട സമയം ആണ്. 

ജൂലായ് 17, വെള്ളിയാഴ്ച രാവിലെ 6.45 ന് ദാസേട്ടന്‍ കാറുമായി വന്നു. ലഗേജ് ബാഗ് ഒക്കെ വണ്ടിയില്‍ കയറ്റി. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വേഷത്തില്‍ നാട്ടിലേക്ക് പോവുന്നത്: മുഖത്ത് മാസ്‌ക്, കൈയ്യില്‍ ഗ്ലൗസ്, ഡ്രസ്സിന് പുറമെ ഒരു ഓവര്‍കോട്ട്, തല ഒരു ഷോള്‍ കൊണ്ട് പൊതിഞ്ഞു, പിന്നെ  ഇടയ്ക്കിടെ കൈ വൃത്തിയാക്കാന്‍ സാനിറ്റൈസറും ഹാന്‍ഡ് വാഷും. എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തിലേക്ക് വന്നത്. 

ദാസേട്ടന്‍ വളരെ ശ്രദ്ധയോടെ ആണ് വണ്ടി ഓടിച്ചത്. ചെറുതായി ചാറ്റല്‍ മഴ ഉണ്ടായിരുന്നു. നല്ല തണുത്ത സുഖമുള്ള കാലാവസ്ഥ. അതുകൊണ്ട് ക്ഷീണം ഒട്ടും തോന്നിയില്ല. വിപിയേട്ടനും നാട്ടില്‍ നിന്ന് രാവിലെ തന്നെ പുറപ്പെട്ടു. 10 മണിക്ക് മുത്തങ്ങയില്‍ വെച്ച് കണ്ടുമുട്ടാം എന്നായിരുന്നു പ്ലാന്‍.

നല്ല റോഡ് ആയത് കൊണ്ടും വണ്ടികള്‍ കുറവായത് കൊണ്ടും ബോര്‍ഡര്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ വേണ്ടി വന്നില്ല. 14 മുതല്‍ ഒരാഴ്ചത്തേക്ക്  ബാംഗ്ലൂരില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊണ്ടാവാം തിരക്ക് കുറവായിരുന്നു. മൂലഹളളി എത്തി. അവിടെ കേരള പോലീസ് ഉണ്ടായിരുന്നു. അവിടെ നിന്ന് മുത്തങ്ങയിലേക്ക് 12 കിലോ മീറ്റര്‍ ഉണ്ട്. കര്‍ണാടകയില്‍ നിന്ന് വരുന്ന വണ്ടികള്‍ അവിടെ വരെയേ വരാവൂ. കേരളത്തിലേക്ക് പോവുന്ന വണ്ടികളെ ചെക്ക് ചെയ്ത് കടത്തി വിടും.

മുത്തങ്ങയില്‍ കണ്ടുമുട്ടാം എന്നാണ് വിപിയേട്ടനോട് പറഞ്ഞത്. മുത്തങ്ങ വരെ കടത്തി വിടില്ല എന്നുള്ള കാര്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. വിളിച്ച് പറയാന്‍ ആ സ്ഥലത്ത് ഫോണിന് റേഞ്ച് ഉം കിട്ടില്ല. നമ്മള്‍ പെട്ടത് പോലെ തോന്നി.  ''ടെന്‍ഷന്‍ ആവണ്ട, ഒരു കിലോമീറ്റര്‍ കഴിഞ്ഞാല്‍ റേഞ്ച് കിട്ടും, മുത്തങ്ങയിലേക്ക് പോവുന്ന ആള്‍ക്കാരോട് പറയാം വിപിയേട്ടെനെ വിളിച്ച് പറയാന്‍'' എന്ന് പോലീസുകാര്‍ പറഞ്ഞത് കേട്ടപ്പോള്‍ ആശ്വാസം ആയി. അങ്ങിനെ നേരെ കേരളത്തിലേക്ക് പോവുന്ന രണ്ടു പേരുടെ കൈയ്യില്‍ നമ്പര്‍ കൊടുത്തു. അവര്‍ വിളിച്ച് പറയും, അല്ലെങ്കില്‍ വിപിയേട്ടന്‍ അന്വേഷിച്ച് വരും എന്ന് പറഞ്ഞ് ജി എനിക്ക് ധൈര്യം തന്നു.

20 മിനുട്ട് കഴിഞ്ഞു, വിപിയേട്ടന്‍ വന്നില്ല. ഞാന്‍ ഗര്‍ഭിണി ആയത് കൊണ്ട് പോലീസുകാര്‍ മുത്തങ്ങ വരെ പോയി തിരിച്ച് വരാന്‍ ഉള്ള അനുവാദം ദാസേട്ടനും ജിക്കും കൊടുത്തു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തപ്പോഴേക്കും വിപിയേട്ടന്‍ വന്നു. ആ രണ്ടുപേരും വിളിച്ച് പറഞ്ഞിരുന്നു. 

പോലീസുകാരോട് നന്ദി പറഞ്ഞ് പരസ്പരം യാത്ര പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. 10 മിനുട്ട് കൊണ്ട് മുത്തങ്ങയില്‍ എത്തി. അധികം വണ്ടികള്‍ ഒന്നും ഇല്ല. ഗര്‍ഭിണി ആണെന്ന പരിഗണനയില്‍ ഡോക്ടര്‍ ഇങ്ങോട്ട് വന്ന് temperature പരിശോധിച്ചു.  ബത്തേരി വരെ ആരെയും തനിച്ച് വിടില്ല. പോലീസ് എസ്‌കോര്‍ട്ട് ഉണ്ട് പോലും. 20 വണ്ടികള്‍ക്ക് ഒരു എസ്‌കോര്‍ട്ട്. തിരക്ക് കുറവായത് കൊണ്ട് ആള്‍ക്കാര്‍ വരാന്‍ ഉള്ള കാത്തിരിപ്പായി. ഇടയ്ക്കിടയ്ക്ക് അവിടുത്തെ പോലീസുകാരും സാമൂഹിക പ്രവര്‍ത്തകരും ഭക്ഷണം വേണോ, വെള്ളം വേണോ എന്നൊക്കെ അന്വേഷിച്ച് കൊണ്ടിരുന്നു. വരുന്ന വഴി കഴിച്ചത് കൊണ്ട് വിശപ്പില്ലായിരുന്നു. അങ്ങിനെ ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് മുത്തങ്ങയില്‍ നിന്നും വിടാന്‍ കഴിഞ്ഞത്.

ബത്തേരി കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിച്ചു. നല്ല മഴ ഉണ്ടായിരുന്നു. ചുരമോക്കെ ആകെ മഞ്ഞ് മൂടി കിടക്കുന്നു. ആറ്  മണി കഴിഞ്ഞപ്പോള്‍ ആണ് ഞങ്ങള്‍ കോളയാട് വിപിയേട്ടന്റെ വീട്ടില്‍ എത്തിയത്. നല്ല തലവേദന ഉണ്ടായിരുന്നു. കുളിച്ച് കഴിഞ്ഞപ്പോള്‍ അതങ്ങ് പോയി.

വലിയ പ്രതിസന്ധി തരണം ചെയ്തു. ഇനി അടുത്ത പ്രതിസന്ധി 28 ദിവസത്തെ  ക്വാറന്റീന്‍ ആണ്. അതും ഒരു കുഴപ്പവും കൂടാതെ കടന്നു പോയാല്‍ മതിയായിരുന്നു. ഈ കൊറോണ കാലം ഞാന്‍ പഠിച്ച ചില കാര്യങ്ങള്‍ ഉണ്ട്. 

• ഗര്‍ഭിണി ആയിരിക്കെ വീട്ടുകാര്‍ അടുത്തില്ലെങ്കിലും പല കാര്യങ്ങളും നിറവേറ്റാന്‍ ഒരു പെണ്ണിന് തനിച്ച് കഴിയും. അതിനുള്ള കഴിവ് എല്ലാ പെണ്ണിനും ഉണ്ട്, പക്ഷേ അത് തിരിച്ചറിയാന്‍ സാഹചര്യങ്ങള്‍ വരണം.

• ഗുളിക കഴിക്കുന്നത് സിംപിള്‍ ആണ്, വെള്ളം കുടിക്കുന്നത് പോലെ.

• ഇഞ്ചക്ഷന്‍ എടുക്കുന്നത് ഒരു മുള്ളു തറക്കുന്നതിനേക്കാള്‍ നിസാരം.

• ബ്ലഡ് ടെസ്റ്റിന് വേണ്ടി ബ്ലഡ് എടുക്കുമ്പോള്‍ നമ്മള്‍ ഒന്നും അറിയില്ല.

• എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുമ്പോള്‍ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ ഈശ്വരന്‍ ഒരു വഴി കാണിച്ചു തരും.

• എന്നെ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരുപാട് പേര്‍ സ്വന്തം ആയിട്ടും അല്ലാതെയും എനിക്ക് ഉണ്ട്.

• പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കൂടെ നില്‍ക്കുന്ന നന്മ നിറഞ്ഞ മനുഷ്യരെ തിരിച്ചറിയാം.

• എല്ലാവരെയും സ്‌നേഹിക്കണം ബഹുമാനിക്കണം സഹായിക്കണം. എങ്കില്‍ മാത്രമേ നമുക്കും അതൊക്കെ തിരിച്ച് കിട്ടുകയുള്ളൂ.