Asianet News MalayalamAsianet News Malayalam

13 മക്കളുടെ അപ്പന്‍!

കൊറോണക്കാലം. സങ്കടഭരിതമായ ഒരു കൊവിഡ് മരണം. അയര്‍ലന്‍ഡില്‍ നഴ്‌സായ താര എലിസബത്ത് ജോണ്‍സണ്‍ എഴുതുന്നു 

corona days by Thara Elizabeth Johnson
Author
Thiruvananthapuram, First Published Apr 24, 2020, 5:29 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

corona days by Thara Elizabeth Johnson

 

അയര്‍ലന്‍ഡില്‍ കൊറോണ വന്നു തുടങ്ങുന്നതേ ഉള്ളൂ അന്ന്.  ഞാന്‍ ആണേല്‍ നാട്ടില്‍ പോകാനുള്ള പ്ലാന്‍ ഡിസംബറിലേ ആരംഭിച്ചിരുന്നു. അത് കൊണ്ട് ഏഴ് നൈറ്റ് ഡ്യൂട്ടികള്‍ അടുപ്പിച്ചു ചെയ്യണമെന്ന് കരുതി മാര്‍ച്ച് ആദ്യം ഡ്യൂട്ടി റിക്വസ്റ്റ് ചെയ്തു വെച്ചു. ആദ്യ ദിവസം തന്നെ ഞങ്ങളെ എല്ലാരെയും ഞെട്ടിച്ചു കൊണ്ട് അഞ്ചു കേസുകള്‍ എന്റെ ഇടമായ സര്‍ജിക്കല്‍ വാര്‍ഡില്‍ വന്നു. 

എല്ലാവരും മുഖത്തോടു മുഖം നോക്കി. രാത്രികാലങ്ങളില്‍ പൊതുവെ ടീം ഡ്യൂട്ടിയാണ്. അത് കൊണ്ട് കൊറോണ ഉള്ളവര്‍ക്കും സാധ്യത ഉള്ളവര്‍ക്കുമെല്ലാം എല്ലാവരും ഒന്നിച്ച് എക്‌സ്‌പോസ്ഡ് ആകും.) 

എല്ലാരുടെയും മനസ്സില്‍ ഭീതി ഉണ്ടെന്നു മനസിലായി എനിക്ക്. സാരമില്ല, ഞാന്‍ ആ സൈഡില്‍ പൊക്കോളാം എന്ന് ഞാന്‍ പറഞ്ഞു. അതോടെ, എല്ലാരും ഹാപ്പി. എനിക്ക് ടെന്‍ഷന്‍ ഒന്നും തോന്നിയില്ല. 

.അങ്ങനെ അയാളുടെ മുറിയില്‍ ഞാന്‍ കയറി. അയാളെ നമുക്ക് എഡ്വേഡ് എന്ന് വിളിക്കാം. ഒരു റുമേനിയക്കാരന്‍. നല്ല തടിയുള്ള 45-കാരന്‍. കുറെ മെഡിസിന്‍ ഉണ്ട്. പനി നോക്കിയപ്പോള്‍ 39. ഞാന്‍ അയാളോട് ഉറക്കെ 'ഹൗ ആര്‍ യൂ' എന്ന് ചോദിച്ചു. അപ്പോള്‍ തോന്നി, അതൊരു ആവശ്യമില്ലാത്ത ചോദ്യം ആയിരുന്നെന്ന്. 

അയാള്‍ ഒന്നും മിണ്ടിയില്ല. എനിക്ക് അയാളോട് ദേഷ്യം തോന്നി. പിന്നെ എല്ലാ മരുന്നും കൊടുത്തു ഞാന്‍ ഇറങ്ങി. അയാള്‍ക്ക്  നാലു ലിറ്റര്‍ ഓക്‌സിജന്‍ നല്‍കേണ്ടതാണ്. പുള്ളി പറഞ്ഞാലും വെക്കില്ല. ഞാന്‍ സഹപ്രവര്‍ത്തകയോട് പറഞ്ഞു. പുള്ളിക്കാരി ആണേ ഇതൊന്നും  എന്നെ ബാധിക്കുന്ന പ്രശനമേ അല്ലെന്ന മട്ടില്‍ നിന്നു.  ഡോക്ടറിനോടു പറഞ്ഞപ്പോള്‍ അയാള്‍ക്കും ആ മുറിയില്‍ കയറേണ്ട. 

അപ്പോള്‍ ഞാന്‍ ആരായി! എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഞാന്‍ ഡോക്ടറിനോട്, 'അയാള്‍ വൈറസ് അല്ല മനുഷ്യനാണ്' എന്ന് മാത്രം പറഞ്ഞു. അങ്ങനെ ആ ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ദിവസം ആയി. (ആകെ രണ്ടുവട്ടമേ നമ്മള്‍ ആ മുറിയില്‍ രാത്രി ഡ്യൂട്ടിക്ക് കയറേണ്ടതുള്ളു. അത് മെഡിസിന്‍ കൊടുക്കാന്‍ മാത്രം.) 

പിറ്റേന്ന് ഞാന്‍ അയാളോട് ഒന്നുടെ മിണ്ടാം എന്ന് കരുതി, മെഡിസിന്‍ നല്‍കിയശേഷം സംസാരിക്കാന്‍ തുടങ്ങി. മാസ്‌ക് വച്ച കൊണ്ട് ഉറക്കെ സംസാരിക്കണം. അയാള്‍ എന്നെ ഒന്ന് നോക്കി. ആദ്യമായി ഒരു മനുഷ്യന്‍ എന്നെ അത്ഭുതത്തോടെ നോക്കുന്നത് പോലെ എനിക്ക് തോന്നി.

എഡ്വേഡ് പറഞ്ഞ് തുടങ്ങി: ''എന്നോട് രണ്ടു  ദിവസം ആയി ആരെങ്കിലും സംസാരിച്ചിട്ട്, ഒരു മുറിയില്‍ ഒറ്റക്ക് ടിവിയോ മൊബൈലോ ഇല്ലാതെ. 

അയാള്‍ പാവമൊരു ടാക്‌സി  ഡ്രൈവര്‍ ആണ്. ആരുടെ അടുത്തുനിന്നോ കിട്ടിയത് ആണ് കൊറോണ. വീട്ടിലെ കാര്യങ്ങള്‍ ചോദിച്ച വന്നപ്പോള്‍, എന്നെ തന്നെ ഞെട്ടിച്ചു കൊണ്ട് അയാള്‍, താന്‍ പതിമൂന്നു മക്കളുടെ അപ്പന്‍ ആണെന്ന് പറഞ്ഞു. എനിക്ക് വിയര്‍ക്കാന്‍ തുടങ്ങി. ആദ്യത്തെ മകന് ഇരുപത്തി ഒന്ന് വയസ്സ്. ഏറ്റവും ഇളയതിന് ആറു മാസം പ്രായം. അവര്‍ക്ക് ആര്‍ക്കേലും പനി ഉണ്ടോന്നു ചോദിച്ചപ്പപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. അതു കേട്ടപ്പോള്‍ എനിക്ക് അല്‍പം ആശ്വാസം തോന്നി.

അയാളുടെ പനി കുറയുന്നതേ ഇല്ല. ഓക്‌സിജന്റെ തോത് ശരീരത്തില്‍ കുറയാന്‍ തുടങ്ങുന്നുണ്ട്. ഓക്‌സജന്‍ മാസ്‌ക് വെയ്ക്കാന്‍ ഞാന്‍ പലവട്ടം പറഞ്ഞു. ഇത്തവണ എന്തോ അയാള്‍ എന്നെ അനുസരിച്ചു. നാലാമത്തെ രാത്രിയില്‍ വന്നപ്പോള്‍, അയാള്‍ രോഗിയായതായി അറിഞ്ഞു. എനിക്കാണോല്‍ ഒരു സമാധാനം തോന്നുന്നില്ല. ഞാന്‍ ആ പതിമൂന്നു മക്കളുടെ കാര്യം ആലോചിച്ചു. 

ഞാന്‍ മരുന്നുകളും സംവിധാനങ്ങളുമായി റൂമില്‍ പോയി. അയാള്‍ എന്നെ ചിരിച്ചു കൊണ്ട് നോക്കി. ഞാന്‍ മെഡിസിന്‍ ഇട്ട്, അയാളോട് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. 

മറുപടി ഒരു ചോദ്യമായിരുന്നു. ''ഞാന്‍ മരിക്കുമോ താരാ...?''

അതുകേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു കൊണ്ട്, ''ഏയ് അങ്ങനെ പറയാന്‍ എന്താ പറ്റിയേ, യൂ വില്‍ ബി ഓക്കേ'' എന്ന് പറഞ്ഞൊപ്പിച്ചു. ഓക്‌സിജന്‍ ലെവല്‍ നന്നായി താഴാന്‍ തുടങ്ങി. ഐ സി യുവിലേക്ക് മാറ്റാമെന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ എല്ലാം  സെറ്റ് ചെയ്തു. ഐ സി യുവില്‍ ചെന്ന് ബെഡില്‍ കിടത്തിയപ്പോള്‍ അയാള്‍ എന്റെ കൈ പിടിച്ചിട്ട്  താങ്ക്‌സ് പറഞ്ഞു. 

എനിക്കാണേല്‍ ആകെ കരച്ചില്‍ വരുന്നുണ്ടായിരുന്നു. എന്തോ അയാള്‍ മരിക്കുമെന്ന് എനിക്ക് തോന്നി. ഞാന്‍ അവിടെനിന്നിറങ്ങി വാര്‍ഡിലെത്തി. അയാളുടെ മൂത്ത മകനെ വിളിച്ചു. അവന്‍ താഴെ റിസപ്ഷനില്‍നിന്നിറങ്ങി വന്നു. ഞാന്‍ എഡ്വേഡിന്റെ സാധനങ്ങള്‍ അവന്റെ കൈയില്‍ ഏല്‍പ്പിച്ചു. എന്നിട്ടു പറഞ്ഞു: ''ഹീ വില്‍ ബി ഓക്കേ, റൈറ്റ് ഡിയര്‍.''

അവന്‍ നടന്നപ്പോള്‍ ആറു മാസം പ്രായമുള്ള ഉള്ള എഡ്വേഡിന്റെ കുഞ്ഞിനെ ഓര്‍ത്ത് എന്റെ ഉള്ളം തേങ്ങി. ദൈവം ആണല്ലോ എല്ലാം തീരുമാനിക്കുന്നത്. 

പിന്നെ കൂടുതല്‍ ഒന്നും അറിയാന്‍ പറ്റിയില്ല. ഞാന്‍ മറ്റു തിരക്കുകളിലായി. ആയിടയ്ക്കാണ്, എന്റെ കൂട്ടുകാരിക്ക് ഐസിയുവില്‍ പോകേണ്ടി വന്നത്. അവളോട് അന്വേഷിച്ചപ്പോള്‍ അയാള്‍ വെന്റിലേറ്ററിലാണെന്നും ക്രിട്ടിക്കല്‍ ആണെന്നും പറഞ്ഞു. 

പിറ്റേന്ന് അയാള്‍ ജീവിതത്തില്‍നിന്നും പോയി. 

എന്തോ എനിക്ക് കുറെ ദിവസത്തേക്കു ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒരു ദിവസം ഞാന്‍ അയാളുടെ ആറു മാസം പ്രായമുള്ള കുഞ്ഞിനെ സ്വപനം കണ്ടു, കൂടെ അയാളെയും. ഒരുപാട് മരണങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ദൈവത്തോട് ദേഷ്യം തോന്നിയത് അയാളുടെ മരണം കൊണ്ടായിരുന്നു. 

എഡ്വേഡ് നിന്നെ ഞാന്‍ മറന്നിട്ടില്ല, നീ തന്ന താങ്ക്‌സും. 

Follow Us:
Download App:
  • android
  • ios