Asianet News MalayalamAsianet News Malayalam

അടിപൊളിക്കറക്കം, യാത്ര, കോണ്‍വൊക്കേഷന്‍, എന്തൊക്കെയായിരുന്നു...

കൊറോണക്കാലം: ഇന്ന് സിദ്ധാര്‍ത്ഥ് അജിത് എഴുതുന്ന അനുഭവം.

corona days experience by sidharth ajith
Author
Thiruvananthapuram, First Published Jul 31, 2020, 3:16 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

corona days experience by sidharth ajith

എന്തൊക്കെയായിരുന്നു, ക്ലാസ്സും പരീക്ഷയുമൊക്കെ കഴിഞ്ഞു. ഇനി അടിപൊളിക്കറക്കം, യാത്ര, അതുകഴിഞ്ഞ് കോൺവൊക്കേഷൻ, പിന്നെ, പതുക്കെ വീട്ടിലേക്കൊരു പോക്ക്. കുറച്ചുദിവസമൊക്കെ അവിടെ നിൽക്കുമ്പോഴേക്കും അടുത്ത അഡ്‍മിഷനായി. അതോടെ തിരിച്ചും പോരാം. കോൺവക്കേഷന് മാസങ്ങൾക്കു മുമ്പുതന്നെ, അച്ഛനും അമ്മയ്ക്കും ടിക്കറ്റെടുത്ത് വച്ച് ആ ജോലിയും തീർത്തു. തിരികെയുള്ള ടിക്കറ്റെടുത്തില്ല. നേരത്തേയെടുത്താൽ എനിക്കും കൂടി എടുക്കണം. എന്നാൽ, അപ്പോൾ കുറച്ചുകൂടി ഹൈദരാബാദിൽ നിൽക്കാനാണ് തോന്നുന്നതെങ്കിലോ? ഒരുയാത്ര കൂടി തോന്നിയാലോ...

രണ്ടു പേരെയും കയറ്റിവിടാം. എനിക്ക് അവിടെ നിൽക്കാം. എന്തൊരു ബുദ്ധിപൂർവമായ തീരുമാനം! എന്തൊരു പ്ലാനിങ്ങ്. എന്നാൽ, എല്ലാം പോയി. 'ദേ, പോയി, ദാ വന്നു' എന്ന പോലെയല്ല, അടിപൊളിയില്ല, യാത്രയില്ല, കോൺവക്കേഷനില്ല, എന്തിന്, പുതിയ അഡ്‍മിഷനോ, അതിനുള്ള എൻട്രൻസോ പോലുമില്ല. അഞ്ചുമാസമായി, കട്ടിലിനു തന്നെ മടുപ്പുണ്ടാക്കുന്ന കിടപ്പോട് കിടപ്പ്... അതിനിടയിൽ, എന്തൊക്കെയാണ് സംഭവിച്ചത് എനിക്ക്, അച്ഛന്, അമ്മയ്ക്ക്, നാടിന് തന്നെയും... എൽ.കെ.ജി മുതൽ പന്ത്രണ്ടു വരെയുള്ള 15 വർഷം. (ഞാൻ എൽ.കെ.ജി -യിൽ രണ്ടു വർഷമിരുന്നു) അച്ഛനും അമ്മയും മാത്രമല്ല, അപ്പാപ്പനും അമ്മാമ്മയും അപ്പച്ചിമാരാലുമൊക്കെ ചുറ്റപ്പെട്ടിരുന്ന ഒരു കാലമായിരുന്നു. അതിൽനിന്നുള്ള ഒരു യമണ്ടൻ മാറ്റമായിരുന്നു ഹൈദരബാദ് 'ടിസ്സി'ലേക്കുള്ള ഡിഗ്രിയാത്ര. പുതിയ നാട്, പുതിയ ആളുകൾ, പുതിയ രുചി, പുതിയ സുഹൃത്തുക്കൾ പുതിയ ഭാഷ, എല്ലാം പുതിയത്. അങ്ങനെ, മൂന്നുവർഷത്തെ പുതിയ, പുതിയ അനുഭവങ്ങളുടെ 'പോസ്റ്റ് ഗ്രാജ്വേഷ' -നിലേക്കുള്ള വഴിയിലാണിങ്ങനെ, കൊറോണവന്ന് വഴിമുടക്കിക്കിടക്കുന്നത്.

വീട്ടിൽനിന്നുമുള്ള നിരന്തര വിളികൾക്കും, ശാസനകൾക്കും ഒടുവിലാണ് മാർച്ച് അവസാനം ഹൈദരാബാദിൽ നിന്നും നാട്ടിലേക്ക് പുറപ്പെടാൻ തയ്യാറായത്. അന്ന് കൊറോണ ഇത്ര രൂക്ഷമായിട്ടില്ല. ബിരുദത്തിന്റെ അവസാന വർഷത്തിലായിയിരുന്ന ഞാൻ അന്ന് രണ്ടാഴ്‍ചയ്ക്ക് മുൻപെയാണ് വീട്ടിൽനിന്നും പോയത്. അതിനിടെ, അച്ഛനും അമ്മയുമൊത്ത് ഒരു യാത്രയും നടത്തി. അവർക്കും സന്തോഷം. അതിനാൽ, ഇനി ഉടനെ വീടിലേക്കുണ്ടാവില്ല, പഠിത്തം കഴിയാൻ പോകുവല്ലേ, ഒന്ന് കറങ്ങണം, യാത്ര ചെയ്യണം, എല്ലാം കഴിഞ്ഞ് ഡിഗ്രി നൽകുന്ന ചടങ്ങിന് നിങ്ങൾ ഏപ്രിലിൽ അങ്ങോട്ട് വന്നോളൂ എന്ന് അച്ഛനോടും അമ്മയോടും ഡയലോഗ് അടിച്ചിട്ടാണ് പുറപ്പെട്ടതും.

ആരറിയുന്നു എങ്ങോ കിടന്നിരുന്ന ഈ കൊറോണ  ഇത്രയധികം പിടിച്ചുലക്കുമെന്ന്, പോയതിനേക്കാൾ വേഗത്തിൽ വീട്ടിൽ തിരിച്ചെത്തുമെന്ന്! അങ്ങ് ചൈനയിൽ ഉള്ള കൊറോണ രോഗം, എന്തോ കൺസ്പിറസി ആണെന്ന് കൂട്ടുകാരുമൊത്ത് വാചകമടിച്ചിരുന്ന നാളുകളിൽ നിന്ന് എന്ത് വേഗത്തിലാണ് 'അവളോ' അതോ 'അവനോ' നമ്മുടെ നാട്ടിലും എത്തിയത്. അങ്ങനെ ഒടുവിൽ, അന്ന് ഏറെ പ്രയാസപ്പെട്ട്, മടിച്ച്, നാട്ടിലേക്ക് വിമാനം കയറേണ്ടിവന്നു. കോളേജിന്റെ അവസാനവർഷ ആഘോഷങ്ങൾക്കും, അഹ്ളാദ പ്രകടനങ്ങൾക്കൊന്നും നോക്കിനിൽക്കാതെയായിരുന്നു ആ മടക്കയാത്ര.

വീട്ടിലെത്തി രണ്ടാംദിനം ആ വാർത്ത വന്നു, 'മേരെ പ്യാരെ ദേശ് വാസിയോം...' അടുത്ത 21 ദിവസത്തേക്ക് രാജ്യത്താകമാനം സമ്പൂർണ അടച്ചിടൽ. വിമാനം, തീവണ്ടി, എന്തിന് ഓട്ടോയും സൈക്കിൾ പോലും ഓടില്ല. നിങ്ങൾ നിൽക്കുന്നിടത്ത് നിൽക്കണം. സംസ്ഥാനം പറഞ്ഞു, സർക്കാർ ഒപ്പമുണ്ട്, അല്ല മുന്നിലുണ്ട്... നാട്ടിൽ വരുന്നതിലും സുരക്ഷിതം ഹൈദരാബാദ് തന്നെയെന്ന് കരുതിനിന്നവരെല്ലാം പെട്ടുപോയല്ലോ എന്ന സ്ഥിതിയിലായി, ഒരുതരം ഭയം എല്ലാവരിലും എത്തിതുടങ്ങി. ഇനിയെന്ത് എന്നുള്ള ചോദ്യവും.

ഞാനെത്തിയത്തോടുകൂടി വീട്ടുകാർക്കും പൂട്ട്‌ വീണു. അവരും നിരീക്ഷണത്തിലായി. അവശ്യസർവീസിലുള്ള അച്ഛൻ പോലും വർക് ഫ്രം ഹോമിലേക്ക് മാറി. ഇപ്പോൾ മാസങ്ങൾ അനവധി പിന്നിട്ട് എല്ലാം ഓൺലൈൻ ആയതോടെ കമ്പ്യൂട്ടറിനെക്കുറിച്ച് വല്യ ധാരണയൊന്നും ഇല്ലാതിരുന്ന അമ്മ വരെ ഓൺലൈൻ അധ്യാപനം തുടങ്ങി. ഞായറും, തിങ്കളും, വെള്ളിയുമെല്ലാം ഒരുപോലെ. ഒന്നിനും ഒരു വ്യത്യാസവുമില്ല. ദിവസവും കാണുന്ന മുറി, മുഖം എല്ലാം ഒന്നു തന്നെ. ആകെ വ്യത്യാസം ദിവസവും വരുന്ന പത്രത്തിനു മാത്രം. അതുതന്നെ, പഴയതുപോലെയല്ല എടുക്കുന്നത്, നോക്കുന്നത്, വായിക്കുന്നത്. എന്തൊരു ബഹുമാനത്തോടെയാണെന്നോ. തൊടുമ്പോഴും തിരികെ വക്കുമ്പോഴും കൈ 'ശുചി'യാക്കും.

ആദ്യമൊക്കെ പൊരുത്തപ്പെടാൻ നന്നേ ബുദ്ധിമുട്ടി. ഇതിനേക്കാൾ പരിതാപകരമാണ് പലരുടെയും അവസ്ഥയെന്ന് പതുക്കെയാണെങ്കിലും ബോധ്യപ്പെട്ടുതുടങ്ങി. വെറുതെയിങ്ങനെ കിടക്കുന്നത് സഹിച്ച് കട്ടിലിനു വരെ മടുത്തിട്ടുണ്ടാകാം. എന്തായാലും ഇടയ്ക്കൊക്കെ അടുക്കളയിൽ കയറി പാചകപരീക്ഷണങ്ങൾ ആരംഭിച്ചു. ഹോട്ടൽ ഭക്ഷണപ്രിയനായ എനിക്ക് സ്വയം ചില്ലി ചിക്കനും, പൊറോട്ടയും മറ്റും ഉണ്ടാക്കിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ളാദം. എന്നാൽ, ഹൈദരാബാദ് ചാർമിനാറിനടുത്ത 'നയാബി'ലെ മട്ടനും 'ശദാബി'ലെ ചിക്കനും കഴിച്ചപ്പോഴുള്ള സന്തോഷത്തിനും ഈ സന്തോഷത്തിനും തമ്മിൽ ഏതാണ്ട് തിരുവല്ലയും ഹൈദരാബാദും തമ്മിലുള്ള ദൂരമുണ്ടെന്നത് മറ്റൊരു സത്യം.

തിരുവല്ലയിൽ നിന്നു തുടങ്ങിയ, ഒരു ഇന്ത്യയെ കണ്ടെത്തലായിരുന്നു സത്യത്തിൽ ഈ മൂന്നു വർഷങ്ങൾ. ഇന്‍റേണ്‍ഷിപ്പിന്‍റെയും ക്വിസിന്‍റെയും പേരിൽ, ഹിമാചലിലെ 'ധർമ്മശാല', ഉത്തരാഖണ്ഡിലെ 'മുൻ സിയാരി', മേഘാലയയിലെ ചിറാപുഞ്ചി, ബംഗ്ലാദേശ് അതിർത്തിയായ ഡോക്കി, കർണ്ണാടകയിലെ 'ഹംപി' പോണ്ടിച്ചേരി തുടങ്ങിയ എത്രയെത്ര വാതിലുകളാണ് തുറന്നു കയറിയത്. എന്നാൽ, ഇപ്പോൾ ഏതാണ്ട് അഞ്ചുമാസം ആകുന്നു... അതെല്ലാം മറന്നേക്കൂ എന്ന് പറഞ്ഞ് ഈ വീട്ടിലിരിപ്പ്‌ തുടങ്ങിയിട്ട്. ഗേറ്റ് ഒന്ന് തുറന്ന് പുറത്തിറങ്ങുന്നത് തന്നെ അപൂർവം. ഇടക്ക് ഹൈദരാബാദിലെ സഹമുറിയൻ ഹരിയുടെ വരവ്  മാത്രമാണ് ഒരു പ്രത്യേകത.

ഇതുവരെയുള്ള ജീവിതത്തിൽ ഇത്രയുംനാൾ ഒരിടത്ത് ഇതുപോലെ നിന്നിട്ടില്ല. കഴിഞ്ഞ മൂന്നുവർഷം മുഴുവൻ നോക്കിയാൽപോലും ഇത്രയും മാസങ്ങൾ വീട്ടിലിരുന്നിട്ടില്ല. ഫീൽഡ് വർക്ക്‌, ഇന്റേൺഷിപ് എന്നൊക്കെ ഓരോ കാരണങ്ങളുണ്ടാക്കി പരമാവധി വീട്ടിൽ വരാതിരിക്കാനും യാത്ര പോവാനും ശ്രമിച്ച നാളുകളുടെയെയെല്ലാം പലിശ ചേർത്ത് വീടിലിരിക്കേണ്ടി വന്നു എന്നു പറഞ്ഞാൽ എല്ലാമായി.

ഇത് എന്‍റെ കഥ. എന്നാൽ, ഈ അടച്ചുപൂട്ടൽ എത്ര ലക്ഷങ്ങളുടെ  ജീവിതം തന്നെയാണ് പൂട്ടിയത് എന്നോർക്കുമ്പോൾ സത്യത്തിൽ കിടുങ്ങുകയാണ്. എനിക്കിരിക്കാൻ വീടുണ്ട്, സ്വന്തം മുറിയുണ്ട്, ഇഷ്ടമുള്ള ആഹാരമുണ്ട്. ഇതൊന്നും ഇല്ലാതായവരോ? ഇനി ഇതെല്ലാം അടങ്ങിക്കഴിഞ്ഞ്, ഒരുപക്ഷേ, ഈ ദിവസങ്ങളെ ഓർക്കുക വേറൊരു രീതിയിലാവാം. എല്ലാം ശരിയായി വരട്ടെ. എന്നിട്ട് വേണം പഴയപോലെ യാതൊരു അല്ലലുമില്ലതെ നടക്കാൻ, ജീവിക്കാൻ. എനിക്കു മാത്രമല്ല, എല്ലാവർക്കും.

കൊറോണക്കാലം: അനുഭവങ്ങള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios