Asianet News MalayalamAsianet News Malayalam

ഞായറാഴ്ച ചന്തയിലെ മുത്തശ്ശിയുടെ  കണ്ണിലിപ്പോഴും പ്രതീക്ഷകളുണ്ട്...

കൊറോണക്കാലം. ലോക്ക് ഡൗണ്‍ കാലത്തെ ഹൈദരാബാദ്. അഡ്വ. അനിതാ ജി നായര്‍ എഴുതുന്നു

Corona days hyderabad Adc Anitha G Nair
Author
Thiruvananthapuram, First Published Aug 7, 2020, 2:03 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

Corona days hyderabad Adc Anitha G Nair

 

ഇരട്ടനഗരങ്ങളുടെ നാട്ടിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണ് അമീര്‍പേട്ട്. അതിനോട് ചേര്‍ന്നുള്ള മധുരനഗറിലാണ് ഞാന്‍ താമസിക്കുന്നത്. കൊറോണ എന്ന മഹാമാരി മറ്റേതൊരു ഇടത്തെ പോലെ ഈ നഗരത്തെയും ബാധിച്ചിരിക്കുന്നു.അപ്രതീക്ഷിതമായി വന്ന ലോക്ഡൗണ്‍ ഹൈദരാബാദിന്റെ  ശീലങ്ങളെയും കാഴ്ച്ചകളെയും അപ്പാടെ നിശ്ചലമാക്കിയിരുന്നു.അതില്‍ പ്രധാനപ്പെട്ടത്, കൊള്ളാവുന്നതില്‍ അധികം ആളുകളെ നിറച്ചു തലങ്ങും വിലങ്ങും ചീറി പായുന്ന ഷെയര്‍ ഓട്ടോകളുടെ അസാന്നിധ്യം തന്നെയാണ്. നഗരത്തിനു ഉള്‍ക്കൊള്ളാവുന്നതിലും അധികം ഉണ്ട്, നിയമം പാലിച്ചും അല്ലാതെയും ഓടുന്ന  ഷെയര്‍ ഓട്ടോകള്‍.

മറ്റൊന്ന് ഇറാനി ചായ വില്‍ക്കുന്ന വഴിയോര ചായക്കടകളും അവിടെ ഔണ്‍സ് ഗ്ലാസില്‍ കിട്ടുന്ന ചായക്കായി കാത്തു നില്‍ക്കുന്ന സാധാരണക്കാരുടെയും അഭാവവമാണ്. പ്രഭാതഭക്ഷണ വില്‍പ്പനയ്ക്കായി  സൈക്കിളില്‍ എത്തി നഗരത്തിന്റെ പ്രധാന മൂലകള്‍ കയ്യടക്കിയിരുന്നവരും അവരുടെ വിലപറഞ്ഞുള്ള വില്‍പ്പനകളും എവിടെയും ഉണ്ടായിരുന്നില്ല .ഓരോ ദിവസവും അന്നത്തെ സമ്പാദ്യം കൊണ്ടു ജീവിതം നയിച്ചിരുന്നവര്‍ക്കു  കൊറോണയേക്കാള്‍ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു ലോക്ഡൗണ്‍. നഗരത്തിന്റെ മുഷിപ്പന്‍ മണം മാറി ശുദ്ധവായു ശ്വസിക്കാനായതും താറുമാറായ റോഡുകളുടെ അറ്റകുറ്റപണികള്‍ നടന്നതും ഒഴിച്ചാല്‍ കഴിഞ്ഞ മൂന്നു മാസവുംനഗരം വല്ലാത്ത ഒരു വീര്‍പ്പുമുട്ടലില്‍ തന്നെ ആയിരുന്നു. കര്‍ശന നിയമം പാലിച്ച്  പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാനിറ്റൈസറുമായി നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മാസ്‌ക് ധരിക്കാതെ വരുന്നവരെ തടയുമ്പോള്‍ ഉണ്ടാക്കുന്ന വാക്ക് തര്‍ക്കങ്ങള്‍ പതിവായിട്ടുണ്ട് ഇപ്പോള്‍. 

എന്നാല്‍, ലോക്ഡൗണിനോട് വിമുഖത കാട്ടി നിന്ന ഒന്നുണ്ട് ഇവിടെ-സണ്‍ഡേ മാര്‍ക്കറ്റുകള്‍.റോഡിനു ഇരു വശവുമായി ഒന്നോ രണ്ടോ കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വലിയ വിപണി. കര്‍ഷകര്‍ അവരുടെ വിളകള്‍ നേരിട്ടു വില്‍ക്കുന്ന ഇടം. കീടനാശിനികള്‍ ഇല്ലാത്ത പച്ചക്കറികള്‍ വാങ്ങാന്‍ വലിപ്പചെറുപ്പമില്ലാതെ ആളുകളിവിടേക്ക് എത്താറുണ്ട്. പുലര്‍ച്ചെ നാലര മുതല്‍ തന്നെ കച്ചവടക്കാര്‍ അവരവരുടെ ഇരിപ്പിടങ്ങള്‍ തീര്‍ച്ചപ്പെടുത്തി കച്ചവടത്തിന് ഒരുക്കം കൂട്ടും. നിരത്തി വെച്ച പച്ചക്കറികള്‍ക്കപ്പുറം കൈക്കുഞ്ഞുമായി വരെ വില്‍പ്പനയ്ക്കു ഇരിക്കുന്ന ആളുകള്‍ ഉണ്ട്. ഉച്ചയാവുമ്പോഴേക്കും കച്ചവടം കഴിഞ്ഞു അവര്‍ ഗ്രാമത്തിലേക്ക് മടങ്ങിപ്പോകും.

പക്ഷെ ഈ ലോക്ഡൗണില്‍ വാങ്ങനെത്തുന്നവരുടെ കുറവ് അവരെയും ബാധിച്ചു. വൈകുന്നേരമായിട്ടും വിറ്റ് തീരാത്ത പച്ചക്കറികള്‍ പകുതിയും അവിടെ തന്നെ ഉപേക്ഷിച്ചാണ് അവര്‍ മടങ്ങിയിരുന്നത്.ഈ മാസം മുതല്‍ വന്ന ലോക്ഡൗണ്‍ ഇളവുകള്‍ നഗരത്തെ പെട്ടന്ന് ഉണര്‍ത്തി. ഒട്ടും ആശ്വാസ്യമായ കണക്കുകള്‍ അല്ല പുറത്തു വരുന്നത്. എങ്കിലും ഏറെക്കുറെ പഴയ അവസ്ഥയിലേക്ക് നഗരം എത്തി എന്നു തന്നെ പറയാം. കടകള്‍ എല്ലാം തുറന്നു കഴിഞ്ഞു. എന്നാല്‍ വരാനിരിക്കുന്നത് എന്താണ് അതിന്റെ ഭീകരത എത്രത്തോളമാണ് എന്നത് ചിന്തിക്കാന്‍ പോലും പ്രയാസമാണ്.

വരുന്നത് എന്തും നേരിടുക എന്ന മനോഭാവത്തില്‍ ആണ് 70 ശതമാനം ആളുകളും. അടഞ്ഞുകിടക്കലിന്റെ ലോകം അത്ര സുരക്ഷിതമല്ല എന്ന ബോധത്തില്‍ തന്നെ പുറംലോകത്തേക്ക് എത്തിയിരിക്കുായാണ് ആളുകള്‍. അതിന്റെ പ്രതിഫലനം സണ്‍ഡേ മര്‍ക്കറ്റിലും കാണാം. ലോക് ഡൗണ്‍ ഇളവിന് ശേഷം അവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം പഴയതു പോലെ ആയി. പ്രഭാത സവാരിക്ക് ശേഷം മടങ്ങുന്നവര്‍ കയ്യില്‍ പച്ചക്കറികള്‍ക്കായി ഒരു സഞ്ചിയും കൂടി കരുതിയാണ് എത്തുന്നത്. സ്ഥിരം കച്ചവടക്കാര്‍ ആയതു കൊണ്ട് തന്നെ പലര്‍ക്കും സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. അവരോടു കൊറോണ കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ചാണ്  ഇപ്പോള്‍ കച്ചവടം.

എനിക്കും ഉണ്ട് ഇതുപോലെ ഒരു സ്ഥിരം കച്ചവടക്കാരി മുത്തശ്ശി. ഇഞ്ചിയും വെളുത്തുള്ളിയും മാത്രം വില്‍ക്കുന്ന ഒരു വൃദ്ധയായ സ്ത്രീ. ഈ പ്രായത്തിലും കുടുംബം പുലര്‍ത്താനുള്ള അവരുടെ പെടാപ്പാട് ഓര്‍മ്മിക്കാതെ വയ്യ. ഓരോ തവണ അവരില്‍ നിന്നും സാധങ്ങള്‍ വാങ്ങുമ്പോള്‍ ചിരിച്ചുകൊണ്ട് ചോദിക്കും, ഇതു എന്തു വെയ്ക്കാന്‍ ആണ് മോളെ എന്ന്. അതിനു മറുപടി പറയുമ്പോള്‍ ആ കറി വയ്ക്കാനുള്ള ഒരു ടിപ്പ് കൂടി മുത്തശ്ശി പറഞ്ഞു തരും. മറ്റെല്ലാ കച്ചവടക്കാരുടെ പച്ചക്കറി വിരിപ്പിന് മുന്നിലും ഡിജിറ്റല്‍ ബാങ്കിന്റെ ഒരു സ്‌കാന്‍ കോഡ് ഉണ്ട്. അതു ശരിക്കും ഈ കൊറോണയുടെ ഉപോല്‍പ്പന്നം തന്നെയാണ്.

മുത്തശ്ശിയുടെ കയ്യിലേക്ക് പൈസ നീട്ടി വെച്ച് 'എന്തേ ഇതുപോലെ ഒരു ഡിജിറ്റല്‍ കോഡ് ഇല്ലാത്തത്' എന്നു ചോദിച്ചപ്പോള്‍ ഒന്നുകൂടി മോണകാട്ടി ചിരിച്ചു. പിന്നെ, 'അതൊന്നും എനിക്കറിയില്ല മോളെ' എന്നു മന്ത്രിച്ചു. തൊട്ടടുത്ത കച്ചവടപ്പെട്ടിയില്‍ നോക്കാതെ, ഈ കാലമൊക്കെ മാറി എല്ലാം ശരിയാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ആ മുത്തശ്ശി. ഒരു ഫോട്ടോ എടുത്ത് ഇതോടൊപ്പം ചേര്‍ക്കാന്‍ പലകുറി ചിന്തിച്ചതാണ് .എന്നാല്‍ ലോകത്തിന്റെ ഏതു ഭാഗത്തും ഇതുപോലെ ഒരു മുത്തശ്ശി ഉണ്ടാകും. ഈ അമ്മ അവരുടെ ഒരു പ്രതീകമാണ് എന്നു ചിന്തിച്ചപ്പോള്‍ ഫോട്ടോ ഒഴിവാക്കി. 

തിരികെ വീട്ടിലേക്കു നടക്കുമ്പോള്‍ ഒന്നു കൂടി ആ മുത്തശ്ശിയെ നോക്കി. ആ കണ്ണുകളിലെ പ്രതീക്ഷയുടെ പ്രകാശം. എനിക്ക് തന്ന ആശ്വാസം ചെറുതല്ല...

(ജൂണ്‍ മധ്യത്തില്‍ എഴുതിയ കുറിപ്പ് )

Follow Us:
Download App:
  • android
  • ios