Asianet News MalayalamAsianet News Malayalam

'അമ്മാ കുറച്ചുനേരം കൂടി ഫോണ്‍ തരാമോ?'

കൊറോണക്കാലം. അഞ്ജലി രാജന്‍ എഴുതുന്നു

Corona days mothers experiences by anjali rajan
Author
Thiruvananthapuram, First Published May 9, 2020, 5:10 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

Corona days mothers experiences by anjali rajan

 

ലോക്ക് ഡൗണ്‍ നീട്ടിയതോടെ കൃഷ്ണന്‍ തീര്‍ത്തും വീടിനുള്ളിലായി. 

ആദ്യ ദിവസങ്ങളില്‍ മുറ്റത്ത്, ഒറ്റയ്ക്ക് ഫൂട്‌ബോള്‍ പ്രാക്ടീസ് നടത്തിയെങ്കിലും ഞങ്ങളൊരുമിച്ച് ഷട്ടില്‍ കളിച്ചുവെങ്കിലും ഞാനൊരു നല്ല എതിരാളി അല്ലാതിരുന്നതു കൊണ്ട് അവനു ബോറടിച്ചു. ഇടയ്ക്ക് ലുഡൊ, ചെസ്, ചീട്ട്, ഈര്‍ക്കില്‍ ഇവയുമൊക്കെ പരീക്ഷിക്കും.

പിന്നെ, ഉപ്പും മുളകുപൊടിയും എണ്ണയും മിക്‌സ് ചെയ്തതില്‍ മാങ്ങ മുക്കി തിന്നു കൊണ്ട് മാനത്ത് നോക്കിയിരുന്ന് ഞങ്ങള്‍ പരസ്പരം തള്ളി മറിക്കും.

റ്റി വി, കമ്പ്യൂട്ടര്‍ എന്നിവയുടെ മുന്നില്‍ അവന്‍ ചടഞ്ഞു കൂടാറുണ്ടെങ്കിലും പെയ്ന്റിംഗ്, ബാലരമ വായന, സ്‌കൂളിലേയ്ക്കുള്ള ഹോം വര്‍ക്ക് ഒക്കെ മുറയ്ക്ക് നടത്തുന്നുണ്ട് താനും.

എങ്കിലും ഒരിക്കല്‍ പോലും വീടിനു വെളിയില്‍ പോകണമെന്ന് അവന്‍ നിര്‍ബന്ധം പിടിച്ചില്ല, കൂട്ടുകാരുടെ വീടുകള്‍ അടുത്ത് ഉണ്ടായിരുന്നിട്ടു കൂടിയും.

ക്ലാസ്സ് ഉണ്ടായിരുന്ന ദിവസങ്ങളില്‍ പഠിക്കാനും ഹോം വര്‍ക്ക് ചെയ്യാനുമെല്ലാം ഒരുപാട് സമയം ആവശ്യമുണ്ടായിരുന്നതു കൊണ്ട് ഫോണ്‍ ഉപയോഗത്തിന് ഒരു മണിക്കൂറില്‍ താഴെ മാത്രം സമയമേ നല്‍കിയിരുന്നുള്ളു. ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളിലും അങ്ങനെ തന്നെ പോയി.

പോകെപ്പോകെ, ഒരു ദിവസം അവന്‍ വന്നു ചോദിക്കുന്നു 'അമ്മാ കുറച്ചുനേരം കൂടി ഫോണ്‍ തരാമോ?'

ഹൊ ! എന്നാ ഒരു വിനയം?
ഇവന്റെ പേര് വിനയകുമാര്‍ എന്നു മാറ്റിയാലോ? ഞാന്‍ മനസ്സിലോര്‍ത്തു.

ഈ ശീലം തന്നെ തുടരട്ടെ, ഫോണിന്റെ ഉപയോഗം കൂട്ടാന്‍ സമ്മതിക്കണ്ട എന്നതായിരുന്നു അപ്പൊഴെന്റെ എന്റെ ചിന്തയെങ്കിലും അവന്റെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍, പതിനഞ്ച് വര്‍ഷം മുന്നേയുള്ള കുഞ്ഞു കൃഷ്ണനെ എനിക്കോര്‍മ്മ വന്നു. പിന്നൊട്ടും താമസിച്ചില്ല ഫോണ്‍ കൊടുത്തു.

ദിവസങ്ങള്‍ പോകെ, ഒരു മണിക്കൂര്‍ സമയം എന്നത് രണ്ടു മണിക്കൂര്‍ ആക്കി.

ആര് ?

കൃഷ്ണന്‍ തന്നെ.

ഇടയ്ക്ക് കോള്‍ വന്നാലോ മെസേജ് വന്നാലോ നീട്ടി വിളിക്കും. 'അമ്മാ ഫോണ്‍...'

കോള്‍ അറ്റന്റ് ചെയ്ത്, ഫോണ്‍ തിരികെ കൊടുത്തു, നേരത്തെ പറഞ്ഞ പ്രകാരം രണ്ടു മണിക്കൂര്‍ ആയി, ഫോണ്‍ തിരികെ ചോദിക്കുമ്പോഴാകട്ടെ, 'അമ്മ ഫോണില്‍ സംസാരിച്ചപ്പൊ പതിനഞ്ച് മിനുട്ട് എടുത്തു. അപ്പൊ എന്റെ പതിനഞ്ച് മിനുട്ടല്ലേ പോയത്? അതോണ്ട് പതിനഞ്ച് മിനുട്ട് കഴിഞ്ഞിട്ട് തരാം.'

ഉം, അത് ന്യായം. 

അത് കേട്ട് കൃത്യം പതിനഞ്ച് മിനിട്ട് കഴിയുമ്പോള്‍ ചോദിക്കുമ്പോഴോ...

'അമ്മാ, പ്ലീസ് ഒരഞ്ചു മിനുട്ട് കൂടി.'

എനിക്കു പിന്നേം അവന്റെ കുഞ്ഞ് മുഖം ഓര്‍മ്മ വരും സമ്മതിക്കും.

അഞ്ച് മിനിട്ടു കഴിഞ്ഞു ചോദിക്കുമ്പോള്‍ രണ്ടു മിനിട്ട് കൂടി ആവശ്യപ്പെടും. അത് കഴിഞ്ഞു ചോദിച്ചാലോ, ഒരു മിനിട്ടു കൂടി ആവശ്യപ്പെടും.

പിന്നെ പിന്നെ, രണ്ടു മണിക്കൂര്‍ എന്നത് മൂന്നും നാലും മണിക്കൂര്‍ ആയി. രാവിലെ ഒന്ന്, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് ഒന്ന്, രാത്രി ഒന്ന്. കൃത്യ സമയത്ത് ഫോണ്‍ ചോദിക്കുമ്പോള്‍ കുറച്ചു കൂടെ നീട്ടി ചോദിച്ചിരുന്ന സമയം അഞ്ച് മിനിട്ടില്‍ നിന്ന് പത്തു മിനിട്ടും പതിനഞ്ച് മിനിട്ടും ചിലപ്പോള്‍ അര മണിക്കൂര്‍ വരെയും ആയി.

സ്വരത്തിന്റെ ടോണ്‍ ആവട്ടെ, അപേക്ഷ മാറി അവകാശം ആയി.

ഫോണ്‍ ഇവിടെ താടാന്ന് പറയുമ്പോള്‍,

'ശ്ശൊ! ഞാന്‍ ചത്തു. അമ്മ ഇപ്പൊ വിളിച്ചിട്ടല്ലേ ഞാന്‍ ചത്തത്?'- എന്നെല്ലാം പതം പെറുക്കലായി.

മറ്റു ചിലപ്പോള്‍, 'ആയില്ല സമയം. ഇനീം ഒരു സെക്കന്റ് കൂടിയുണ്ട് ' എന്നാവും മറുപടി.

ദിവസേന ഒന്നര ജി ബി കിട്ടിയിരുന്നത്, ഒട്ടും ധാരാളിത്തമില്ലാതെ മുന്‍പ് അര ജി ബിയിലൊതുങ്ങിയിരുന്ന ഉപയോഗം ഇപ്പോള്‍  ഉച്ച കഴിയുമ്പോള്‍ സീറോ ജി ബി ആവും.

ഗയിം ഇന്‍സ്റ്റാള്‍ ചെയ്യുക, കളിക്കുക, ബോറടിക്കുക, അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, ആ പ്രോസസ് തന്നെ ആവര്‍ത്തിക്കുക.

അങ്ങനെ ഞങ്ങള്‍ സമയം വീതിച്ചു. അവന് ഒരു സമയം, എനിക്ക് മറ്റൊരു സമയം.

എഴുതാന്‍ തോന്നുമ്പോ നേരെ ഫോണിലേക്ക് എഴുതുന്നതാണ് ശീലം. തോന്നുമ്പോ എഴുതീല്ലങ്കില്‍ പിന്നെ എഴുതാന്‍ തോന്നില്ല, അത് മറ്റൊരു ശീലം.

അങ്ങനെ, എഴുതാന്‍ ഫോണ്‍  ചോദിച്ച് ചെല്ലുമ്പോഴുള്ള മറുപടി, 

'അമ്മേടെ ടൈം കഴിഞ്ഞില്ലേ? ഇതിപ്പൊ എന്റെ ടൈം ആണ്.'

അല്ലങ്കില്‍, 'അമ്മേടെ ടൈം ആയില്ലല്ലോ? ഇതെന്റെ ടൈം ആണ്.'

'ങേ? ങാഹാ! 

നിന്റെ ടൈം ആണ് ഇപ്പൊഴെന്ന് എനിക്കറിയാം. പക്ഷേ,എന്റെ ടൈം അവസാനിപ്പിക്കാന്‍ ഞാനാരേം സമ്മതിക്കില്ല. ഹല്ല പിന്നെ !'

ഒട്ടകത്തിന് കിടക്കാന്‍ ഇടം കൊടുത്ത കഥ ഓര്‍മ്മ വരുന്നു.

 

കൊറോണക്കാലത്തെ അനുഭവങ്ങള്‍ ഇവിടെ വായിക്കാം
 

Follow Us:
Download App:
  • android
  • ios