Asianet News MalayalamAsianet News Malayalam

വൈറസേ, തിരികെത്തരുമോ, ഞങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങള്‍?

കൊറോണക്കാലം. ഇല്ലാതായ ഇടങ്ങള്‍.  രോഷ്‌ന ആര്‍. എസ് എഴുതുന്നു

Corona Days on lost living spaces  by Roshna Rs
Author
Thiruvananthapuram, First Published Aug 5, 2020, 12:23 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

Corona Days on lost living spaces  by Roshna Rs

 

ഗോള്‍ഡ്‌സ്‌പോട്ട് ചെടിയുടെ ഓരം ചേര്‍ന്നുള്ള സിമന്റു പടികള്‍ പോക്കുവരവുകളുടെ പറ്റു പുസ്തകമെന്നവണ്ണം പായലു പിടിച്ചു കിടക്കുന്നു. രണ്ടായി തിരിച്ച മുറ്റം വീട്ടിലേക്കാണ് നീളുന്നത്. എവിടെങ്കിലും പോയി വരുമ്പോഴേക്കും തേച്ചു മിനുക്കിയ ഓര്‍മ്മ മണങ്ങള്‍ വാതില്‍ തള്ളി പുറത്തെത്തുന്നതായി തോന്നിയിട്ടുണ്ട്.അഞ്ചാം ക്ലാസ് വരെയെങ്കിലും, ഒരു വയസ്സായ സ്ത്രീയോടെന്നപോലെ നാട്ടില്‍ പോവുമ്പോഴെല്ലാം ഞാനതിനോട് റ്റാറ്റ പറഞ്ഞിറങ്ങിയിട്ടുണ്ട്.

മണിക്കൂറുകള്‍ വ്യത്യാസമിട്ടോടുന്ന നാലോ അഞ്ചോ ബസ് സര്‍വീസുകളാണ് ഞങ്ങളുടെ ഗ്രാമത്തിലുള്ളത്. ഇരുപത്താറ് കി. മീ. ദൂരെ കിടക്കുന്ന കോളേജിലേക്ക് ആറരയ്ക്കുള്ള  ബസ് പിടിക്കാന്‍ തിരക്കിട്ടോടണം. കാലി സീറ്റുള്ള ബസ്സില്‍ വേണമെങ്കിലൊന്ന് മയങ്ങാം,അല്ലെങ്കില്‍ പാട്ടു കേട്ടിരിക്കാം.നേരത്തെ വെയ്റ്റിങ് ഷെഡിലെത്തിയാല്‍ അവിടിരിക്കുന്ന മൊയ്തുവാക്കാനോട് വര്‍ത്താനം പറഞ്ഞിരിക്കാം...! 

ടൗണെത്തിയാല്‍ അടുത്ത ബസ്സിനായി ഒരു മണിക്കൂര്‍ നീണ്ട കാത്തിരിപ്പാണ്. വേറെ ബസ്സുണ്ടേലും വൈകിപോകുന്ന ബസ്സിന് പകുതി പൈസ കൊടുത്താല്‍ മതി. കണ്ടക്ടര്‍ ചേട്ടന്മാരുടെ ചോദ്യങ്ങളെണ്ണുകയും വേണ്ട. സ്റ്റോപ്പിലങ്ങനെ ഇരിക്കുമ്പോള്‍ ഓരോരുത്തരായി അവിടേക്ക് നടന്നു വരുന്നതും, ബസുകളുടെ മിന്നായത്തില്‍ അപ്രത്യക്ഷമാവുന്നതും കാണാം.സ്ഥിരമായി വരുന്നവരോട് ചെറിയ സംഭാഷണങ്ങളും കുശലാന്വേഷണവും പതിവാണ്. മിനിറ്റുകളോളം ആ സ്റ്റോപ്പിലിരിക്കുന്ന എന്നെ സംശയത്തോടെ നിരീക്ഷിക്കുന്ന ചുരുക്കം ചിലര്‍ ഇടയ്ക്കുണ്ടാവാറുണ്ട്. പിന്നെ ഫരീദാ ബസ്സില്‍ കയറി ചുറ്റും നോക്കി ഒരിടം കണ്ടെത്തും. സൈഡ് സീറ്റിന്റെ കമ്പിയിലേക്ക് രാവിലെ ബാക്കി വച്ച ഉറക്കത്തെ ചാരിക്കിടത്തും. ഇങ്ങനെ ബസുകളും അവയ്ക്കിടയിലെ വര്‍ത്തമാനങ്ങളും ഒരിടമായി തീര്‍ന്നിരിക്കുന്നു. പിന്നെയുള്ളത് കോളേജ് വരാന്തകളും തൂണുകള്‍ മാത്രം കേട്ട പരിഭവങ്ങളുമാണ്. ഇതെല്ലാം കഴിഞ്ഞ് തിരികെ കാലുകള്‍ നീട്ടി നീട്ടി വച്ച് വീട്ടിലേക്ക് ചെന്നു കേറും.

ചുള്ളിക്കാടിന്റെ വരികളോര്‍മിപ്പിക്കുന്ന കഥാ സന്ദര്‍ഭമാണ് ഇനിയരങ്ങേറുന്നത്..'അറിഞ്ഞതില്‍ പാതി പറയാതെ പോയി, പറഞ്ഞതില്‍ പാതി പതിരായും പോയി'.ഇതിലേക്ക് ഒരു വരികൂടി ആലോചിച്ചൊപ്പിച്ചു വെക്കാനാണ് തോന്നിയത്. അതിങ്ങനെ:'-അറിഞ്ഞും പറഞ്ഞും സെറ്റായപ്പോഴേക്കും ഞങ്ങളിടങ്ങള്‍ കൊറോണേം കൊണ്ടോയീന്ന്' .. 

ചുറ്റിക്കറങ്ങാനോ കണ്ടു സംസാരിക്കാനോ ഉള്ള അവസരങ്ങള്‍ മാത്രമല്ല, പ്രിയപ്പെട്ട ഇടങ്ങളെല്ലാം ഇല്ലാതായിരിക്കുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് എന്ന് കേട്ടപ്പോഴേ എത്രയോ ഡിസ്റ്റന്‍സുകള്‍ക്കപ്പുറത്തേക്ക് എത്തപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും  ചുരുങ്ങുകയാണിപ്പോള്‍...കൊറോണ പ്രിയപ്പെട്ട ഇടങ്ങള്‍ നഷ്ടപ്പെടുത്തിയവരുടെ പട്ടികയിലിരുന്നാണ് ഞാനിതെഴുതുന്നത്. ലോക്ഡൗണായി എല്ലാരും വീടിനെ അടുത്തറിഞ്ഞെന്ന് പ്രഖ്യാപിച്ചു നടന്നപ്പോള്‍, അമ്മേടെ ആശുപത്രി കാലം കൂടിയായതിനാല്‍ ഞാന്‍ കൂടുകള്‍ മാറി മാറി പാര്‍ത്തു പോന്നു.

എന്റേതല്ലാത്ത ചുളിവു വീണ കിടക്ക വിരികള്‍ തട്ടിക്കുടഞ്ഞ് വെളുപ്പിനേ താഴേക്കിറങ്ങിച്ചെല്ലുക, ഇടക്കിടെ ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സ് നോട്ടിഫിക്കേഷനായി ഫോണിലേക്കൊന്ന് പാളി നോക്കുക, രാവിലെയും ഉച്ചയ്ക്കുമിടെ ഒരിടവേളയിട്ട് ഓണ്‍ലൈന്‍ ക്ലാസില്‍ ചടഞ്ഞിരിക്കുക, എവിടെ നിന്നെല്ലാമോ എ ഫോറുകള്‍ തപ്പിപ്പിടിച്ച് ഒരിക്കലും തീരാത്ത അസൈന്‍മെന്റുകള്‍ പെട്ടെന്നെഴുതി തീര്‍ക്കുന്ന കിനാവു കണ്ടിരിക്കുക, അല്ലറ ചില്ലറ സഹായങ്ങള്‍ക്കു ശേഷം കുട്ടികളെ കളിപ്പിക്കുക, വീണ്ടും എന്റേതല്ലാത്ത കിടക്ക വിരികളിലേക്ക് ശരീരത്തെ വലിച്ചിടുക....ഇങ്ങനെ ഒരു ബിന്ദുവില്‍ തുടങ്ങി, അതേ ബിന്ദുവിലേക്കെന്നപോലെ ക്രമങ്ങള്‍ ചിട്ടയാക്കപ്പെട്ടിരിക്കുന്നു...!

പ്രിയപ്പെട്ട ഇടങ്ങളെല്ലാം തിരികെ വിളിക്കുന്നുണ്ട്. അതിലോരോന്നിന്റേയും പറ്റു പുസ്തകത്തിലെ തിരിച്ചു വരവിന്റെ അടയാളമില്ലാത്ത കളങ്ങള്‍ പായലു പിടിച്ചു കിടക്കുന്നുണ്ടാവും. നമ്മുടെ  പ്രതീക്ഷകളുടെ അതേ പച്ചപ്പാണ് അവിടമാകെ പരന്നു കിടക്കുന്നത്....!

Follow Us:
Download App:
  • android
  • ios