കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

ഒറ്റപ്പാലത്തെ വീട്ടിലേക്കു തിരിച്ചെത്തിയ ദിനം ഓര്‍ത്തുപോവുകയാണ്. പോണ്ടിച്ചേരിയുടെ ഗോഥിക് സ്‌റ്റൈല്‍ വീടുകള്‍ കടന്ന്, കടലിന്റെ തിരവേഗമറിഞ്ഞ് ബസ്സില്‍ കിടക്കുമ്പോള്‍ തിരിച്ചു കോളേജിലേക്ക് ഒരു മടക്കയാത്ര പ്രതീക്ഷിച്ചിരുന്നു. ക്വാറന്റീന്‍ ദിനങ്ങളില്‍ ഇടയ്ക്കിടെ അത്തരമൊരു പ്രതീക്ഷയും മുളപൊട്ടിയിരുന്നു. പക്ഷേ വേദനാജനകമെന്ന് പറയട്ടെ, എന്റെ പ്രതീക്ഷകളെ  തച്ചുടച്ചുകൊണ്ട് ക്വാറന്റീന്‍ നീണ്ടു. നിരാശയായിരുന്നു ഉള്ളുനിറയെ.. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ചിന്തിച്ചു തലപുകഞ്ഞിരിക്കുമ്പോഴാണ് ഗേറ്റ് ഓണ്‍ലൈന്‍ കോച്ചിങ് എന്ന ആശയം ഉള്ളില്‍ നിറഞ്ഞത്. ഒട്ടും മടിച്ചില്ല, അറിയാവുന്ന സുഹൃത്തുക്കളോട് ചോദിച്ചു ഓണ്‍ലൈന്‍ കോച്ചിങ് ആരംഭിച്ചു. പഠനം രസകരമാക്കാന്‍ വേണ്ടി ഇടയ്ക്കിടെ പാചകത്തിലും ഏര്‍പ്പെട്ടു. ശിവ് കേരയുടെ 'you can win' എന്ന പുസ്തകം വല്ലാത്തൊരാവേശം തന്നു.  മറന്നുവെച്ച  ഗിറ്റാര്‍ സ്ട്രിങ്‌സ് മുറുക്കി ഓര്‍മ്മകള്‍ക്ക് താരാട്ടുപാടി. ഇടയ്ക്കിടെ ജോണ്‍സണ്‍മാഷിന്റെ പാട്ടുകള്‍ ആവേശത്തോടെ കേട്ടു. ഉള്ളില്‍ ഏകാന്തയുടെ  വേദന തളംകെട്ടുമ്പോള്‍ 'ബാബൂക്കയുടെ 'ഒരു പുഷ്പം മാത്രമെന്‍...'  പാടി ഹൃദയവ്രണങ്ങളെ ഉണക്കി.

പ്രിയ കൂട്ടുകാരിയുടെ വായനാനുഭവങ്ങള്‍ കേട്ട് മനസ്സു വല്ലാതെ അസ്വസ്ഥമായി. പണ്ടെങ്ങോ വായിച്ചുമറന്ന ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയും, മഞ്ഞവെയില്‍ മരണങ്ങളുമൊക്കെ ഞങ്ങളുടെ ചര്‍ച്ചകളില്‍ വീണ്ടും നിറഞ്ഞു. എഴുത്തുവഴികളും നിരൂപണവും, രാഷ്ട്രീയവും, സംഗീതവും...വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും, ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് വരെ ചര്‍ച്ചയായി. പുതിയ മ്യൂസിക് ആല്‍ബത്തിന്റെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് മ്യൂസിക് പ്രാക്ടീസും  ഉണ്ടായിരുന്നു. ഒരുപാട് ക്രിയാത്മകമായി ചെയ്യാനാകുന്ന കാലത്ത് പലപ്പോഴും നമ്മുടെ സമയം നഷ്ടപ്പെടുത്തുന്നത് അനാവശ്യമായ കാര്യങ്ങളാണെന്ന് തിരിച്ചറിഞ്ഞതും ഈ കാലത്താണ്. സൈബര്‍ ലോകത്തിന്റെ നന്മകളെ ഉള്‍കൊണ്ട് തിന്മകളെ ഒഴിവാക്കാന്‍  ഫില്‍ട്ടര്‍ ചെയ്ത് മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ ഞാന്‍ പഠിച്ചു. അതുകൊണ്ട് തന്നെയാകണം, പാട്ടുകേള്‍ക്കാനും, മഴയാസ്വദിക്കാനും, ചായക്കൊപ്പം സ്വാദുള്ള പരിപ്പുവട  ഉണ്ടാക്കാനുമൊക്കെ തുടങ്ങിയത്. അച്ഛന്‍ കവിതയുടെ ലോകത്തായിരുന്നു.. അധ്യാപകരായ മാതാപിതാക്കള്‍ ആയതുകൊണ്ട് തന്നെ ചെറുപ്പം മുതല്‍ പുസ്തകങ്ങളുടെ ലോകം എനിക്ക് പറക്കാന്‍ ചിറകു തന്നു. എന്‍ ഐ ടി യിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠനം പലപ്പോഴും ആ വായനയുടെ തോത് കുറച്ചെങ്കിലും എഴുത്തുകാരായ സുഹൃദ് വലയം ഉള്ളതിനാല്‍ തന്നെ വീണ്ടും വായനയിലേക്ക് തിരിച്ചെത്താന്‍ ക്വാറന്റീന്‍ കാലത്തു സാധിച്ചു.

മറന്നുവെച്ച പലതും ഓര്‍മ്മയില്‍ നിറയുകയാണ്... ജോണ്‍സണ്‍മാഷ്  കമ്പോസ് ചെയ്ത 'ദേവീ ആത്മരാഗമേകാന്‍' പാടുമ്പോഴൊക്കെ ഓര്‍മ്മകളുടെ പാലപ്പൂഗന്ധം മനസ്സില്‍ നിറഞ്ഞു.. കോളേജ് ബാന്‍ഡിലെ പ്രധാന ഗായകനായത് കൊണ്ട് തന്നെ ഈ അവധിക്കാലത്ത് ഏറ്റവും അധികം നഷ്ടമായത്  രാത്രിയുടെ മൂകതയില്‍ ഹോസ്റ്റല്‍ ടെറസില്‍വെച്ച് പാടുന്ന പാട്ടുകളാണ്.

വിരഹവേദനയുള്ള സുഹൃത്തുക്കള്‍ എന്നെ കൊണ്ട് ആവര്‍ത്തിച്ചു പാടിച്ച്  പൊട്ടിക്കരയാറുള്ള 'ഹേ ദില്‍റുബ'യും 'പ്രാണസഖിയുമൊക്കെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത ശൂന്യതയാണ്. രണ്ടു ഭൂഖണ്ഡങ്ങളിലേത് പോലെ എവിടെയോ വെച്ചിഴപിരിഞ്ഞ ഓര്‍മ്മകള്‍.

ഇടയ്ക്ക് ബോറടിക്കുമ്പോള്‍ അച്ഛനൊപ്പം തൊടിനേരെയാക്കാനും കിളയ്ക്കാനുമൊക്കെ ചെല്ലും. സാലീം അലിയുടെ പക്ഷികളെ കുറിച്ചുള്ള പുസ്തകം പണ്ടെപ്പോഴോ വായിച്ചിട്ടുണ്ടെങ്കിലും അതിനു ഇത്രയധികം പ്രാധാന്യമുണ്ടെന്ന് അറിഞ്ഞത് പ്രകൃതിയിലേക്ക്  നോക്കിയപ്പോഴാണ്. തൂക്കണാംകുരുവികള്‍, വണ്ണാത്തിപുള്ള്, പുള്ളിക്കുയില്‍ അങ്ങനെ പ്രകൃതിയോടിഴചേര്‍ന്ന ഒരു പാട് ജീവികള്‍. രാവിലെ എഴുന്നേല്‍ക്കുന്നതേ ജനാലയില്‍  മുട്ടി വിളിയ്ക്കുന്ന അടയ്ക്കാകുരുവിയെ കണ്ടു കൊണ്ടാണ്. അത് കാണുമ്പോള്‍ ഒക്കെയും മാധവിക്കുട്ടിയുടെ പക്ഷിയുടെ മണം ഓര്‍ത്തു.

മഞ്ഞകലര്‍ന്ന തവിട്ടുനിറമുള്ള പക്ഷികള്‍ വീണ്ടും വന്നു. അവധി ദിനങ്ങള്‍ കൊഴിഞ്ഞുപോകുന്നു.. രാഷ്ട്രീയ വിഹായസ്സില്‍ പുതിയ സമവാക്യങ്ങള്‍ നിറയുന്നു.. മുഖങ്ങള്‍ കൊഴിയുകയും ചെയ്യുന്നുണ്ട്.. പത്രത്തില്‍ ചില അപ്രതീക്ഷിത മരണങ്ങള്‍ എന്നെ വല്ലാതെ ഉലച്ചു. ആതുരസേവകരോടുള്ള മതിപ്പ് ഫ്‌ളോറെന്‍സ് നൈറ്റിംഗേലിനെ വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

'I attribute my success to this, I never gave or took any excuse'-അവര്‍ പറഞ്ഞതുപോലെ കോവിഡ്കാലത്ത് നഴ്‌സിങ് രംഗത്തെ ആളുകള്‍ ചെയ്ത മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ഡോക്ടര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍ അങ്ങനെയെല്ലാവരും അണി ചേര്‍ന്ന് പൊരുതിയത് ചരിത്രമാവുകയാണ്.. മനുഷ്യന്റെ അജയ്യമായ ആത്മചൈതന്യത്തിന്റെ ചരിത്രം. അതിജീവനത്തിന്റെ ചരിത്രം....