കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

മഹ്മൂദ് ദാര്‍വിഷിന്റെ 'ഐഡന്റിറ്റി കാര്‍ഡ്' എന്ന കവിതയ്ക്ക്, അന്‍വര്‍ അലി എഴുതിയ 'തിരിച്ചറിയക്കാര്‍ഡ്'എന്ന തുടരെഴുത്ത് അവസാനിക്കുന്നത്, 'മരിച്ച രാജ്യത്ത് കബറടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടാണ്. ഒരു രാജ്യത്തിന്റെ അധികാരവര്‍ഗം, ഓരോ പൗരന്റെയും വേരിലേക്ക് ആളിപ്പടര്‍ന്ന് വിഭജനങ്ങളുടെ വിത്തിന്റെ പൂതലിച്ച അടരുകള്‍ പെറുക്കിയെടുത്ത് ക്രൂരമായി ആര്‍ത്തട്ടഹസിച്ച ദിനങ്ങള്‍. എന്നാല്‍,വേരുകള്‍ക്കടിയില്‍ അതിജീവനത്തിന്റെ പച്ചയെ കാത്തു സൂക്ഷിച്ച ആ ജനത, ക്രൗര്യം പൂണ്ട് വന്ന ഓരോ ലാത്തിയെയും വിരിഞ്ഞ റോസ് പൂക്കള്‍ കൊണ്ട് എതിരേറ്റു.

'യാദൃച്ഛികതകളുടെ ആകെത്തുകയാണ് ജീവിതം' എന്ന് മഞ്ഞ വെയില്‍ മരണങ്ങളില്‍ ബെന്യാമിന്‍ എഴുതിവെക്കുന്നുണ്ട്. യാദൃച്ഛികത ഒരു വൈറസിന്റെ രൂപത്തില്‍ പടര്‍ന്നിറങ്ങിയപ്പോള്‍, ജാഗ്രതയുടെ ഉരുണ്ട കണ്ണുകള്‍ വീണ്ടും ലോകത്തിന്റെ അതിര്‍ത്തികളെ നിര്‍ണ്ണയിച്ചു. ആകുലതകളുടെ അവസാനിക്കാത്ത ഒരായിരം ചോദ്യങ്ങള്‍ ഓരോരുത്തരെയും ഭരിക്കാന്‍ തുടങ്ങി. ജീവിക്കുന്നു എന്നുള്ളതിന്റെ രേഖകള്‍ അന്വേഷിച്ച് പോയ ഒരു നാട് ഒടുക്കം, 'ജീവിക്കുന്നു'എന്നത് അടിവരയിട്ട് ഉറപ്പിച്ചു നിര്‍ത്താന്‍ നെട്ടോട്ടമോടാന്‍ തുടങ്ങി. പിന്നീട്, ലോക്ക് ഡൗണ്‍ എന്ന വിശേഷണത്തില്‍ ഓരോ മനുഷ്യനും ലോകത്തിന്റെ വിവിധ കോണുകളില്‍ കൃത്യമായി അടച്ചിടപ്പെട്ടു.

'എന്റെ ജനനത്തിനു മുന്‍പ് അനന്തമായ സമയമുണ്ടായിരുന്നു. എന്റെ മരണത്തിനു ശേഷവും അവസാനിക്കാത്ത സമയമുണ്ടായിരിക്കും' എന്ന് ഓര്‍ഹന്‍ പാമുക്കിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. ഭൂതകാലങ്ങള്‍ക്കും ഭാവിയ്ക്കും ഇടയില്‍ ഓരോ മനുഷ്യനും സ്വന്തം നിലനില്പിനെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ച കാലം കൂടിയാണ് ഈ കൊറോണക്കാലം. മരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ ഓരോ നിമിഷവും വിരല്‍ത്തുമ്പിലെ ന്യൂസ് ഫീഡുകളിലൂടെ മിന്നിമറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഉള്ളു കാളിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളുടെ മുഴക്കം ഓരോ മനുഷ്യനും കേട്ടു. നിപ വൈറസ് ബാധയെ നമ്മള്‍ അതിജീവിച്ചതിന്റെ ചരിത്രം ഒരിക്കല്‍ക്കൂടി നമ്മളെടുത്ത് വായിച്ചു. അപ്പോഴും, മരണത്തിന്റെ വാതില്‍പ്പടിയില്‍ നിന്ന് ഏറെ പ്രിയപ്പെട്ടവന്, 'I am almost on the way' എന്നെഴുതി വെച്ച്,ന ിറയെ സ്നേഹവും ചുംബനങ്ങളും ഒരു കത്തിന്റെ അവസാനം അക്ഷരമാക്കി വെച്ച് ഓര്‍മയായ ലിനി എന്ന നഴ്സിനെ നമ്മള്‍ കണ്ണ് നിറഞ്ഞു കൊണ്ടോര്‍ത്തു. അഭ്രപാളിയില്‍ 'വൈറസ് സ്നേഹമാണ് '(virus is Love) എന്ന് മലയാളക്കര മുഴുവന്‍ എഴുതി വെച്ചതും പ്രതീക്ഷയോടെ നമ്മളോര്‍ത്തു.

അപ്രതീക്ഷിതമായി മരണം ലോകത്തിന്റെ നടുമുറ്റങ്ങളില്‍ താണ്ഡവമാടിയപ്പോള്‍ നമ്മുടെ വിവേചനങ്ങളും അതിര്‍ത്തികളുമെല്ലാം മെഡിക്കല്‍ നിര്‍ദേശങ്ങളുടെ കീഴിലായി. കര്‍ഫ്യൂ അഥവാ നിരോധനാജ്ഞക്കു കീഴില്‍ നമ്മളെല്ലാവരും കരുതലോടെ വീടുകള്‍ക്കുള്ളിലേക്ക് ചുരുങ്ങി. നമ്മുടെ സ്പര്‍ശങ്ങള്‍ക്കിടയില്‍ സാനിറ്റൈസറിന്റെയും സോപ്പിന്റെയുമൊക്കെ പുതിയ കവചം രൂപപ്പെട്ടു വന്നു. ജൈവായുധങ്ങളെക്കുറിച്ചും, ട്രംപ് ഭരണകൂടത്തിന്റെ 'ചൈനീസ് വൈറസ് 'എന്ന പരാമര്‍ശത്തിന്റെ തുടര്‍ച്ചയായി വന്ന 'എപ്പിഡെമിക് ഓറിയന്റലിസം'എന്ന ആശയത്തെക്കുറിച്ചുമൊക്കെ നിരവധി ചര്‍ച്ചകള്‍ നടന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ 'കൊറോണക്കാലത്തെ ചാലഞ്ചുകള്‍' വിവിധ രൂപത്തില്‍ പുറത്തു വന്നു.

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ 'കോളറക്കാലത്തെ പ്രണയം' എന്ന പുസ്തകം ഒരുപാട് വായനക്കാര്‍ കൊറോണക്കാലത്ത് ഇന്‍സ്റ്റാഗ്രാം ഫീഡുകളിലൂടെ പങ്കുവെച്ചു. വീട്ടു മുറ്റത്തിരുന്ന് സംഗീതം ആസ്വദിച്ചിരുന്ന ഡോ.ജുവനല്‍ ഉര്‍ബിനോ എന്ന എന്ന സമര്‍ഥനായ ഡോക്ടര്‍ അദ്ദേഹത്തിന്റെ വളര്‍ത്തു തത്തയ്ക്ക് പിന്നാലെ പോയപ്പോള്‍ യാദൃച്ഛികമായി താഴെ വീണ് മരിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ ആരംഭിക്കുന്നത്. മരണത്തിന്റെ രൂപഭാവങ്ങള്‍ ജീവിതത്തിന്റെ ബോധ്യങ്ങള്‍ക്ക് പലപ്പോഴും ഒരു സങ്കീര്‍ണ്ണത തന്നെയാണ്. നോവലിന്റെ ആരംഭവാക്യത്തില്‍ ബദാംകായുടെ മണം തിരിച്ചു കിട്ടാത്ത സ്നേഹത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നതായി കാണാം (It was inevitable: the scent of bitter almonds always reminded him of the fate of unrequited love).  നോവലില്‍ പലപ്പോഴായി ബദാംകായ്കളുടെ മണം കടന്നു വരുന്നതായി കാണാം. അപൂര്‍ണ്ണമായ ഒരു സ്നേഹത്തിന്റെ ഗന്ധമായാണ് അനുവാചകരിലേക്ക് അത് പടര്‍ന്നത്. കോളറയുടെ അപായചിഹ്നം പ്രദര്‍ശിപ്പിക്കുന്ന കൊടി നാട്ടിയ കപ്പലിലൂടെ പ്രണയം, മരണത്തിന്റെ കപടകവചങ്ങളണിഞ്ഞ് രക്ഷപ്പെടുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.

 

 

കൊറോണക്കാലം മലയാളിയെ അടയാളപ്പെടുത്തുന്നത് ചക്കമണങ്ങളില്‍ ആയിരിക്കുമെന്ന് തോന്നുന്നു. സാമൂഹ്യമാധ്യമഇടങ്ങളില്‍ മലയാളി ഒരു ചക്കക്കാലത്തെ അതിജീവനത്തിന്റെ ഊട്ടുപാഠങ്ങളായി  അവതരിപ്പിച്ചതും ഈ കാലത്താണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ ലോക്ഡൗണ്‍ ഏകാന്തതകളിലേക്ക് നൊസ്റ്റാള്‍ജിയയുടെയും കൂട്ടായ്മയുടെയും പ്ലാവിലക്കുമ്പിലോര്‍മ്മകളെയും, ചക്കത്തോരന്‍ മോഹമഞ്ഞകളെയുമൊക്കെ ഓര്‍മിപ്പിച്ച കാലമാണ് ഈ കടന്നു പോവുന്നത്. ആ ഓര്‍മകള്‍ക്ക്, കണക്ക് കൂട്ടിവെച്ചതൊക്കെയും അപ്രതീക്ഷിതമായി തെറ്റിപ്പോയി വഴിയറിയാതെ വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയുടെ നിസ്സഹായമായ മുഖവുമുണ്ട്  ചിലപ്പോഴൊക്കെ. കൃത്യമായി നിശ്ചയിച്ചു വെച്ച പ്ലാനുകളിലേക്ക് ഒരാഘാതം കണക്കെ ഇടിച്ചിറങ്ങിയ ഒരു ദുരന്തകാലത്തെക്കുറിച്ച് ഓരോ മനുഷ്യനും പറയാനുള്ളത് തീര്‍ത്തും വ്യത്യസ്തമായ കഥകളായിരിക്കും. വശങ്ങളില്‍ ജീവിതത്തിന്റെ മാറാപ്പുതുണികള്‍ കെട്ടിയിട്ട വ്യത്യസ്ത ഗന്ധങ്ങളുള്ള,നിരവധി മനുഷ്യര്‍, ലോകത്തിന്റെ വിവിധ മൂലകളിലിരുന്ന് ഒറ്റപ്പെട്ടതെങ്കിലും, എവിടെയൊക്കെയോ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുന്ന കോടിക്കണക്കിന് കഥകള്‍ ഓര്‍ത്തെടുക്കുന്നു.

സൗത്ത് കൊറിയന്‍ അഭിനേതാവ് Jung Woo Sung വഴി ജനശ്രദ്ധയാകര്‍ഷിച്ച 'ഡാല്‍ഗോണ കോഫി' എന്ന വിഭവത്തെ ഒരു സോഷ്യല്‍ മീഡിയ ചാലഞ്ചായി ഏറ്റെടുത്ത് പ്രത്യക്ഷപ്പെടുന്ന നിരവധി ചിത്രങ്ങള്‍ കൊറോണക്കാലത്തെകൂടിയാണ് അടയാളപ്പെടുത്തി വെക്കുന്നത്.എല്ലാവരും അവനവന്റെ ലോകങ്ങളിലേക്ക് ചുരുങ്ങിയതിനെ, ഒരര്‍ത്ഥത്തില്‍ കൊറോണക്കാലം, ഓരോരുത്തരുടെയും ഉള്ളറകളിലേക്കുള്ള ആത്മാന്വേഷണത്തിന്റെ സാധ്യതയായിക്കൂടി തുറന്ന് വെക്കുന്നുണ്ട്. അടുത്തുള്ളതിനെ അറിയുക എന്ന വലിയ പാഠത്തിന്റെ വാതില്‍ കൂടെ ലോക്ക് ഡൗണിന്റെ നീണ്ട് പരന്ന് കിടക്കുന്ന സമയങ്ങള്‍ നമുക്ക് തുറന്ന് തരുന്നുണ്ട്. 'നിങ്ങളിരിക്കുന്നത് ലോകത്തെവിടെയാണോ അവിടെത്തന്നെ തുടരുക' എന്ന അറിയിപ്പ് സൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ പാഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ അഹന്തതകളിലേക്കു കൂടിയാണ് വന്നു വീണത്.

നമ്മള്‍ പലപ്പോഴും എത്ര മാത്രം നിസ്സഹായരായി മാറുന്നു എന്ന് കൂടി ഈ കാലം പഠിപ്പിക്കുന്നു. അജയ്.പി.മങ്ങാട്ട് എഴുതിവെക്കുന്നുണ്ട്: 'ഭൂമിയിലെ ഏറ്റവും നിസ്സഹായമായ നിമിഷങ്ങളില്‍ നാം നമ്മുടെ അജ്ഞതയെച്ചൊല്ലി വേദനിക്കുന്നു. സാധ്യമാകാതെ മാഞ്ഞ വാക്കുകള്‍, സാധ്യമാകാതെ പോയ മാപ്പപേക്ഷകള്‍, സാധ്യമാകാതെ പിരിഞ്ഞ സ്നേഹവാക്കുകള്‍, സാധ്യമാകാതെ പോയ സ്പര്‍ശങ്ങള്‍, എത്ര ശ്രമിച്ചാലും വ്യക്തത വരാത്ത സ്മരണകള്‍.'

 

 

കുമ്പസാരങ്ങളുടെയും, മാപ്പപേക്ഷകളുടെയും, നടന്ന് വന്ന വഴികളുടെയുമൊക്കെ ഒരു പുനര്‍വിചിന്തനത്തിനുള്ള സമയം കൂടിയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഉള്ളിലടക്കിയൊതുക്കിക്കുറുക്കി വെക്കുന്ന സ്നേഹവാക്കുകളെ ഏറ്റവും പ്രിയപ്പെട്ടവരിലേക്ക് തുറന്നുവിടുക എന്നത് മനോഹരമായ ഒരാലിംഗനം കണക്കെ ഊഷ്മളമായ പ്രവൃത്തിയായി മാറുന്നത് നിങ്ങള്‍ക്ക് കാണാം. എല്ലാ ദൂരങ്ങളെയും മായ്ച്ച് മനുഷ്യബന്ധങ്ങളിലേക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും സാനിറ്റൈസര്‍ സ്പര്‍ശം കണക്കെ പടരാനുള്ള ജൈവികമായ ഉള്‍പ്രേരണയുടെ കൂടി ഭാഷ്യം, ദൂരങ്ങള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ട ലോകത്തിന്റെ ഓരോ കോണിലും ഒറ്റക്കായിപ്പോയ ഓരോ മനുഷ്യനും പറയുന്നത്.

അജ്ഞതയുടെ, അശാസ്ത്രീയതയുടെ എല്ലാ ആള്‍ക്കൂട്ടപ്രഹസനങ്ങളെയും വളരെ നിന്ദ്യമായിത്തന്നെ ലോകം പരിഹസിച്ച കാലം കൂടിയായിരുന്നു ഇത്. ജോര്‍ജ് കാര്‍ലിനാണ്, വലിയ നിരയായി വരുന്ന വിഡ്ഢികളുടെ കൂട്ടത്തെ വെറുതെ കാണരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്. അത്യന്തം ജാഗ്രത ആവശ്യപ്പെടുന്ന ഒരു രോഗകാലത്ത് പാത്രം കൊട്ടലും ദീപം കത്തിക്കലുമെല്ലാം, കൂട്ടം കൂടി ആഘോഷിക്കുന്നതിലെ വൈപരീത്യം ഒരു രാജം നേടിക്കൂട്ടിയ പുരോഗതിയുടെ പാഠങ്ങളെയെല്ലാം ഏതാനും മണിക്കൂറുകള്‍ കൊണ്ട് പൂര്‍ണമായും നിഷ്പ്രഭമാക്കുന്നതായിരുന്നു.

അമേരിക്കയിലെ ചിക്കാഗോ തെരുവോരങ്ങളില്‍ നിന്നും 'കൊറോണ വൈറസാണെങ്കില്‍ മുതലാളിത്ത വ്യവസ്ഥിതിയാണ് നമ്മളെ പിടികൂടിയ പകര്‍ച്ചവ്യാധിയെന്ന്'മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന് വന്നതും ഈ കാലത്തിന്റെ അടിവേരുകള്‍ക്കുള്ളിലെ രാഷ്ട്രീയത്തെയാണ് ഉയര്‍ത്തിപ്പിടിച്ചത്.

ഒരു വേനലവധിയെ,അതിന്റെ കാലങ്ങളായുള്ള എല്ലാ ഒരുക്കങ്ങളെയും ചോദ്യം ചെയ്തു കൊണ്ട് ഒരു ക്വാറന്റൈന്‍ ലൈഫ് എന്ന ഹാഷ് ടാഗ് നമ്മുടെയൊക്കെ ജീവിതങ്ങളിലേക്ക് വന്നു വീണിരിക്കുന്നു.ഈ ലോക്ക് ഡൗണിന്റെ വേനല്‍ച്ചൂടിലും അവിചാരിതമായി വേനല്‍ മഴ പെയ്തിറങ്ങിയിരുന്നു. മരണത്തിന്റെ തണുപ്പുള്ള, ജീവന്റെ ചൂടുള്ള വേനല്‍മഴ ഓര്‍മിപ്പിച്ചത് കെ.ആര്‍.മീരയുടെ 'ആരാച്ചാര്‍ 'എന്ന നോവലിലെ ഒരു വള്ളിച്ചെടിയില്‍ നിന്ന് പൂത്തുനിന്ന ഒരു പുഷ്പത്തെയാണ്. മരണത്തിന്റെയും ജീവിതത്തിന്റെയും പ്രണയത്തിന്റെയും  നൂല്‍പ്പാലങ്ങള്‍ക്കിടയില്‍ നിന്നും ചേതന ഗൃദ്ധാമല്ലിക് എന്ന സ്ത്രീയുടെ ഉള്ളകം അറിയാതെ ഓര്‍ത്തുപോവുന്നു: 'നനയാതെ വരാന്തയിലേക്ക് ഓടിക്കയറുമ്പോള്‍ തൂക്കുമരത്തിന് താഴെ പടര്‍ന്നുകിടന്ന വള്ളിയില്‍ നിന്ന് സഞ്ജീവ് കുമാര്‍ മിത്രയുടെ അമ്മയ്ക്ക് പ്രിയപ്പെട്ട പുഷ്പം ജലത്തിന്റെ എണ്ണമറ്റ നാരുകളില്‍ കുടുങ്ങി അടര്‍ന്നുവീണു. അത് എനിക്കും പ്രിയപ്പെട്ട പുഷ്പമായിരുന്നു. അതിന്റെ പേര് അപരാജിത എന്നായിരുന്നു. അപരാജിത എന്ന, 'പരാജയപ്പെടാത്ത' ആ വള്ളിച്ചെടിയുടെ ഓര്‍മ, നമ്മള്‍ പച്ചയായിപ്പടര്‍ന്ന് വളരെ മനോഹരമായിത്തന്നെ അതിജീവിക്കും എന്ന പ്രതീക്ഷയിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ചേര്‍ത്തുവയ്ക്കുന്നു.

'അപരാജിത' പൂക്കളുടെ ഒരു പിടി ഈ വരികളുടെയും അവയുടെ അര്‍ത്ഥങ്ങളുടെയും ഇടയിലെ മൗനത്തിന്റെ ഓരോ അറയിലും നിറച്ച് ഭൂമിയിലെ എന്റെ  പ്രണയത്തിലേക്ക് പറത്തിവിടുക കൂടി ചെയ്യുമ്പോഴാണ് എന്റെ കോറോണക്കാലം പൂര്‍ണമാവുന്നത്. നിങ്ങളോരോരുത്തര്‍ക്കും ഈ  ലോക്ക് ഡൗണ്‍ കാലത്ത്, ഉള്ളില്‍ നിറഞ്ഞു പൂത്ത ഒരോര്‍മയുടെ നിറവെങ്കിലും സ്വന്തമായിട്ടുണ്ടാകും. ജീവിതത്തെ, അത് നല്‍കുന്ന അത്ഭുതങ്ങളെ, സ്വാസ്ഥ്യങ്ങളെ, തലചായ്ക്കാനായി വെച്ചുനീട്ടുന്ന തോളുകളെ മറക്കാതിരിക്കാം. പരസ്പരം 'പ്രളയത്തോളം' വിശാലമായ ഒരു കരുതലിന്റെ ഓര്‍മ്മകള്‍ നിര്‍മ്മിച്ചെടുക്കാം. പ്രണയപൂര്‍വ്വം,അപരാജിതപൂക്കള്‍ വിരിയിച്ചെടുക്കാം നമുക്ക്, ഈ ലോക്ക്ഡൗണിനു ശേഷം പ്രിയപ്പെട്ടവരിലേക്ക് ജീവിതപ്രേമം കൊണ്ട് പടര്‍ന്നു കയറാന്‍!