കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

 

അമേരിക്കന്‍ എഴുത്തുകാരന്‍ ജോണ്‍ കാബത്ത് പറഞ്ഞതുപോലെ, 'തിരമാലകളെ നിങ്ങള്‍ക്ക് തടഞ്ഞുനിര്‍ത്താനാവില്ല.പക്ഷെ നിങ്ങള്‍ക്ക് നീന്തുന്നതെങ്ങനെയെന്ന് പഠിക്കാനും തിരമാലയെ അതിജീവിക്കാനും കഴിയും.'

നാളിതുവരെ കടന്നുപോയിട്ടില്ലാത്ത അപ്രതീക്ഷിത പ്രതിസന്ധികളിലൂടെയാണ് ലോകം  കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ചൈനയിലെ വുഹാന്‍ എന്ന നഗരത്തില്‍ നിന്നും ഉത്ഭവിച്ച കോവിഡ്-19 അഥവാ കൊറോണ എന്ന ഇത്തിരിക്കുഞ്ഞന്‍ വൈറസ് ലോകത്തെയാകമാനം വിറങ്ങലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സമയത്ത് ലോക്ക് ഡൗണ്‍ ആയി വീട്ടിലിരിക്കുമ്പഴാണ് ഞാനിതെഴുതുന്നത്. ഇതെഴുതുന്ന സമയത്തും പതിനായിരങ്ങള്‍ക്ക് ദിനവും രോഗം പിടിപെട്ടുകൊണ്ടിരിക്കുന്നു.  അനവധിയാളുകള്‍ ഇതിനകം മരിച്ചുകഴിഞ്ഞു. ലോകത്തെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തികമാന്ദ്യമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (IMF) റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. സകല രാജ്യങ്ങളും ലോക്ക്ഡൗണുകളും ആരോഗ്യ അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു. രണ്ട് ലോകമഹായുദ്ധങ്ങള്‍ സമ്മാനിച്ചതിനെക്കാള്‍ വലിയ നാശനഷ്ടങ്ങളും മരണനിരക്കുകളുമാണ് കൊറോണ ഇതിനകം നല്‍കിക്കഴിഞ്ഞിരിക്കുന്നത്. ലോകമാകെ നിശ്ചലമാണ്.

മലയാളികളുടെ പ്രിയങ്കരനായ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പറഞ്ഞതു പോലെ, 'ലോകം മുഴുവനൊരു ഓട്ടമത്സരത്തിലായിരുന്നു.എല്ലാവരും മറ്റുള്ളവരെ പിന്നിലാക്കി ഒന്നാമനാവാനുള്ള ഓട്ടത്തില്‍. എന്നാലിപ്പോഴോ, ആരും ഓടുന്നില്ല. എല്ലാവരും നിശ്ചലമായി ഒന്നും ചെയ്യാനാകാതെ പകച്ച് വീട്ടിലിരിപ്പാണ്.' നമ്മളെല്ലാം  നമ്മെത്തന്നെ മറന്നുള്ള ഓട്ടത്തിലായിരുന്നു..അല്ലെങ്കില്‍ ആരൊക്കെയോ ചേര്‍ന്ന് നമ്മളെ ഓടിപ്പിക്കുകയായിരുന്നു. പരീക്ഷകളില്‍ A+  വാങ്ങിക്കൂട്ടുവാനുള്ള ഓട്ടം. ജോലിസ്ഥലത്താണെങ്കില്‍ മികച്ച പെര്‍ഫോമര്‍ ആവാനുള്ള ഓട്ടം. പണം സമ്പാദിച്ചുകൂട്ടാനുള്ള ഓട്ടം. പലരീതിയില്‍ അത് ചിലവിട്ട് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയിലിട്ട് ലൈക്കുകളും കമന്റുകളും വാങ്ങി ഉള്‍പുളകപുഷ്പമണിയാനുള്ള ഓട്ടം. അങ്ങനെയങ്ങനെ.

നമ്മള്‍ പലതവണ എവറസ്റ്റ് കീഴടക്കി. കുഞ്ഞുകുട്ടിസങ്കല്പങ്ങളിലെ അമ്പിളിമാമനെ വലിയ മനുഷ്യന്റെ ചന്ദ്രനാക്കി അവിടെ ഉപഗ്രഹമേറി കാലുകുത്തി. ചൊവ്വയിലെ വെള്ളമളന്നു. പ്രപഞ്ചമൊരു ചെറുപന്തായി കൈവെള്ളയിലമ്മാനമാടിയ നേരത്ത് എപ്പഴോ എവിടെയൊക്കെയോ നമ്മള്‍ കൂട്ടായ്മകളെ മറന്ന് ഏകത്വത്തെ സ്‌നേഹിച്ചുതുടങ്ങി എന്ന് തോന്നുന്നു. തന്റെ ഭാഗത്ത് മാത്രമാണ് ശരിയെന്നും താനാവണം ഒന്നാമതെന്നുമുള്ള ചിന്ത എവിടെയെക്കൊയെ നമ്മളെ കീഴടക്കിയിരുന്നു. എപ്പഴോ നമ്മള്‍ നമ്മുടെ എതിരെ നില്‍ക്കുന്ന ആളെ കേള്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തിയിരുന്നു. മതത്തിലും പൗരത്വത്തിലും രാഷ്ട്രീയത്തിലും സമ്പത്തിലുമെല്ലാം കറങ്ങി തമ്മില്‍ത്തല്ലി നശിക്കലായി പിന്നെ നമ്മുടെ പ്രധാന വിനോദം. നമ്മടെ ലാലേട്ടന്‍ 'വില്ലന്‍' എന്ന സിനിമയില്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. 'ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ ജീവനെടുക്കുന്നതിലും അസ്വാഭാവികമായി ഈ ലോകത്ത് മറ്റൊന്നുമില്ല..' (ജീവനെടുക്കുന്നത് പലപ്പോഴും ഒരു കത്തികൊണ്ട് ആവണമെന്നില്ല. കുത്തിനോവിക്കുന്ന ഒരു വാക്ക് കൊണ്ടുമാവാം). ആ അസ്വാഭാവികതയായി എവിടെയൊക്കെയോ നമ്മളില്‍ പലരുടെയും ലഹരി. അപ്പോഴാണ് പരസ്പരം തല്ലിപ്പിരിഞ്ഞുകൊണ്ടിരുന്ന മനുഷ്യര്‍ക്ക് ഇതുവരെ ഉണ്ടായിട്ടില്ലാത്ത വെല്ലുവിളിയുമായി കണ്ണില്‍പ്പോലും കാണാനില്ലാത്ത ഒരു കുഞ്ഞന്‍ വൈറസ് വന്നെത്തിയത്. പണ്ട് ബുദ്ധന് ബോധിവൃക്ഷച്ചുവട്ടിലിരുന്ന് ധ്യാനിച്ചപ്പോഴാണ് ബോധോദയം വന്നതെങ്കില്‍ നമ്മുടെ കാര്യത്തില്‍ നമുക്കത് വളരെ പെട്ടെന്ന് വന്നു. കാരണം ജീവന്‍ ഉണ്ടെങ്കിലല്ലേ മതത്തിന്റെയും പൈസയുടെയും പൗരത്വത്തിന്റെയുമൊക്കെ ആവശ്യമുള്ളു. അതുകൊണ്ട് എല്ലാവരും ആ പൊതുശത്രുവിനെതിരെ ഒറ്റക്കെട്ടായി നിന്ന് ജീവനുവേണ്ടി പോരാടേണ്ടത് അടിസ്ഥാന ആവശ്യമായി. മറ്റെല്ലാ പ്രശ്‌നങ്ങളും തല്‍ക്കാലത്തേക്ക് മറക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായി.

കൊറോണ നല്‍കിയ ഒത്തിരിയേറെ ദുരന്തങ്ങള്‍ക്കിടയില്‍ അത് നല്‍കിയ ചെറിയ ചില സമ്മാനങ്ങളെ, അല്ലെങ്കില്‍ നന്മകളെ നമുക്കൊന്ന് ഓര്‍ക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഒന്നിനും സമയമില്ലാതിരുന്ന അവസ്ഥയായിരുന്നു ലോകത്തിന് ഏതാനും മാസങ്ങള്‍ മുന്‍പ് വരെ. കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ സമയമില്ലാതിരുന്ന മാതാപിതാക്കള്‍, വയസ്സായ മാതാപിതാക്കളെ ശ്രദ്ധിക്കാന്‍ നേരമില്ലാത്ത മക്കള്‍,  തമ്മില്‍ക്കാണാനോ പരസ്പരം കണ്ണില്‍ക്കണ്ണ് നോക്കി അല്‍പനേരം മനസ്സുതുറക്കുവാനോ നേരമില്ലാതിരുന്ന കുടുംബാംഗങ്ങള്‍. എന്നാലിന്ന് എല്ലാവര്‍ക്കും ആവശ്യത്തിലേറെ  സമയമാണ്. ഇരുപത്തിനാല് മണിക്കൂറും പുറംലോകമായാജാലമില്ലാതെ  കൂടപ്പിറപ്പുകള്‍ മാത്രമാണ് കൂട്ടിന്. കുടുംബത്തോടൊപ്പം കളിപറഞ്ഞിരിക്കാനും ചിരിക്കാനും സംസാരിക്കാനും ഇഷ്ടംപോലെ സമയം.

പ്രശസ്ത സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ 'ആപ്പിളി'ന്റെ സി ഇ ഒ. ടിം കുക്ക് ഒരിക്കല്‍ പറഞ്ഞു:  'ഒരാളുടെ കണ്ണുകളിലേക്ക് നോക്കുന്നതിനെക്കാള്‍ നേരം നിങ്ങള്‍ നിങ്ങളുടെ ഫോണിന്റെ  സ്‌ക്രീനിലേക്കാണ് നോക്കാറുള്ളതെങ്കില്‍ നിങ്ങള്‍ തെറ്റായ കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്'. ആ വാചകം ഓര്‍മിപ്പിക്കുന്നു ഇക്കാലം. നിങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ല എന്നതുതന്നെയായിരുന്നു . ഒരു ദിവസം എത്ര നേരം മൊബൈല്‍ സ്‌ക്രീനില്‍ നോക്കിയിരിക്കാന്‍ സാധിക്കും? സ്വാഭാവികമായും നിങ്ങളതില്‍ നിന്നും പതുക്കെ വെളിയില്‍ വരുകയും മനുഷ്യബന്ധങ്ങള്‍ കുറേക്കൂടി ഊഷ്മളമാക്കിത്തീര്‍ക്കാന്‍ ഇടപെടുകയും ചെയ്തു. ബന്ധങ്ങളെ ദൃഢമാക്കാന്‍ ഈ കോറോണക്കാലത്ത് സമയം ലഭിച്ചു എന്നത് അത്ര ചെറുതല്ലാത്ത ഒരു നേട്ടമാണ്!

പിന്നെയാവട്ടെ എന്നുകരുതി മാറ്റിവെച്ച പല കാര്യങ്ങളും ചെയ്തുനോക്കാനും ഒരിക്കല്‍ ഉപേക്ഷിച്ച പല നല്ല ശീലങ്ങളും ഒന്നൂടെ പൊടിതട്ടിയെടുക്കാനും ഈ സമയം ഒരുപാട് പേര്‍ക്ക് ഉപയോഗപ്പെടുന്നുവെന്നും കണ്ടു. തിരക്കുകള്‍ മൂലം ഒന്ന് ഒതുങ്ങിപ്പോയ ശീലമായിരുന്നു പലര്‍ക്കും വായന. ലോക്ക്ഡൗണ്‍ കാലത്ത് ഒരുപാടുപേര്‍ ആ ശീലം തിരികെക്കൊണ്ടുവന്നകാര്യം സോഷ്യല്‍ മീഡിയയിലൂടെ കാണാന്‍ കഴിഞ്ഞു. പാചകം ചെയ്യാന്‍ താല്പര്യമുള്ളവര്‍ അടുക്കളയില്‍ പല പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതും പാട്ടുപാടാന്‍ കഴിവുള്ളവര്‍ പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്യുന്നതും ചിലര്‍ പൂന്തോട്ടങ്ങളിലേക്കും ചെറിയ രീതിയിലുള്ള പച്ചക്കറികൃഷിയിലേക്കും തിരിയുന്നതും മറ്റു ചിലര്‍ ചിത്രംവരച്ചും ഓയില്‍ പെയിന്റ് ചെയ്തും ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതും കണ്ടു. നമ്മുടെ ഇത്തരം കൊച്ചു കഴിവുകളെ, അഭിരുചികളെ പുറത്തുചാടിക്കാന്‍ അവസരം ലഭിച്ചുവെന്നത് മനോഹരമായ നേട്ടം തന്നെയാണ്!

ഈ കൊറോണക്കാലത്ത് നമ്മള് മനുഷ്യര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ അവസ്ഥയിലേക്ക്, പഴയകാല പ്രതാപത്തിലേക്ക് മടങ്ങിപ്പോകുന്ന മനംകുളിര്‍ക്കുന്ന കാഴ്ചയും കാണാനായി. കൊച്ചിക്കായല്‍ ഉള്‍പ്പെടെ നമ്മള്‍ മലിനമാക്കി കുത്തിനോവിച്ച പുഴകളും ജലാശയങ്ങളുമെല്ലാം നമ്മള്‍ പുറത്തിറങ്ങാതായതോടെ, ശല്യപ്പെടുത്താന്‍ ആരും ഇല്ലാതായതോടെ, മാലിന്യമൊഴുക്കാന്‍ ആളില്ലാതെ വന്നതോടെ, ഏറ്റവും സ്വച്ഛമായ അവസ്ഥയിലേക്ക് വന്നെത്തുന്നത് ടി.വിയിലൂടെ കാണാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിച്ച സ്വച്ഛഭാരത് മിഷന് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ലക്ഷ്യം ചില മാസങ്ങള്‍കൊണ്ട് പ്രകൃതി നടപ്പാക്കിയ 'സ്വച്ഛലോക്' മിഷന് സാധിച്ചു. ഡല്‍ഹിയുള്‍പ്പെടെ ലോകത്തെല്ലാ നഗരങ്ങളിലെയും അന്തരീക്ഷമലിനീകരണം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍..ഇതൊക്കെ കാണുമ്പോള്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ കണ്ട ഒരു വാചകം ശരിയാണെന്ന് തോന്നിപ്പോകുന്നുണ്ട്..ആ വാചകം ഇങ്ങനെയായിരുന്നു: 'What if humans are the virus and Covid-19 is the solution?'

ബഷീറിന്റെ കാഴ്ചപ്പാട് പ്രകാരം, മനുഷ്യനോളം പ്രാധാന്യം ഉള്ളവയാണ് മറ്റെല്ലാ ജീവജാലങ്ങളും മരങ്ങളും ചെടികളും പകൃതിയും. മനുഷ്യന്‍ ജീവചക്രത്തിന്റെ കേന്ദ്രബിന്ദുവല്ല മറിച്ച് അതിലെ ഒരണു മാത്രമാണ്. മനുഷ്യന്‍ ഭൂമിയിലെ ആതിഥേയനല്ല ആശ്രിതന്‍ മാത്രമാണെന്ന സന്ദേശം പതിറ്റാണ്ടുകള്‍ മുന്‍പേ തന്റെ എഴുത്തിലൂടെ നല്‍കിയയാളാണ് ബഷീര്‍. മനുഷ്യനില്ലെങ്കിലും ഭൂമിക്ക് ഒരു കുഴപ്പവുമില്ല, എന്നാല്‍ ഭൂമിയും സന്തുലിതമായ പ്രകൃതിയുമില്ലാതെ മനുഷ്യനൊരു നിലനില്‍പ്പില്ല എന്നതാണ് യാഥാര്‍ഥ്യം. അത് നേരില്‍ കാണിച്ചുതരികയാണല്ലോ കൊറോണ വാസ്തവത്തില്‍ ചെയ്തത്. ഭൂമിയിലെ സര്‍വചരാചരങ്ങളെയും വെല്ലുവിളിക്കുകയും അവര്‍ക്ക് ഭീഷണിയാവുകയും അവരുടെ ജീവിതത്തില്‍ വില്ലന്‍ കളിക്കുകയും അതുവഴി സ്വയം നാശത്തിലേക്ക് നീങ്ങുകയുമാണ് നമ്മള്‍ മനുഷ്യരെന്ന് ഈ മഹാമാരി ഓര്‍മ്മിപ്പിച്ചു. മനുഷ്യന്‍ വീട്ടിനകത്തൊതുങ്ങിയപ്പോള്‍ ലോകം സൗഖ്യപ്പെടുന്നു. പ്രകൃതി സന്തുലിതമാവുന്നു. ഇതൊരു തിരിച്ചറിവാണ് നല്‍കുന്നതെന്ന് തോന്നുന്നു. നമ്മള്‍ ഇത്രയും നാള്‍ പിന്തുടര്‍ന്നുവന്ന വഴി എവിടെയൊക്കെയോ പിഴച്ചിട്ടുണ്ടെന്നും അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കാം ഫലമെന്നുമുള്ള ഒരു താക്കീത്..

ഇനി മറ്റെല്ലാം മാറ്റിവെച്ച് വ്യക്തിപരമായി നോക്കിയാല്‍ ഈ കൊറോണക്കാലം എന്നെ സംബന്ധിച്ച് എന്നെത്തന്നെ ഒന്ന് ചൂഴ്ന്നുനോക്കാനുള്ള അവസരമാണ്.. തിരക്കിട്ടോടുന്ന ജീവിതത്തില്‍ നിന്നും 'ദേ പോയി ദാ വന്നു' എന്ന് പറയുന്ന പോലെ വീണുകിട്ടിയ ഒരു ഇടവേളയില്‍ കൂട്ടുകാരും കറക്കവും സിനിമ തിയറ്ററും ഗ്രൗണ്ടും ഒന്നുമില്ലാതെ, അച്ഛന്റേം അമ്മേടേം എട്ടന്റേം ഒപ്പം വീട്ടിലിരുന്ന് അല്‍പം സൊറ പറയാനും ചിരിക്കാനും പേടിപ്പിക്കുന്ന പല ന്യൂസുകളും ടിവിയില്‍  വരുന്നുണ്ടെങ്കിലും അതിന്റെ സൈഡില്‍ കൂടെ വരുന്ന നല്ല ഒന്ന് രണ്ട് സിനിമകള്‍ എല്ലാര്‍ടേം കൂടെ ഇരുന്ന് കണ്ട് ചിരിച്ച്  ആസ്വദിക്കാനും ഒക്കെ കിട്ടിയ 'ഇടഞ്ഞവേള'. വിസ്മൃതിയുടെ ഏതോ കോണിലുപേക്ഷിച്ച പഴയ ചില സ്‌കൂള്‍ സൗഹൃദങ്ങളെയും ഫോണിലൂടെ പൊടിതട്ടിയെടുക്കാന്‍ കിട്ടിയ സമയം. കുറച്ചൊക്കെ വായിക്കാനും ചെറിയ ചില തോന്ന്യാക്ഷരങ്ങള്‍ കുത്തിക്കുറിക്കാനും ലഭിച്ച സമയം. എല്ലാത്തിലുമുപരി ഈ പ്രപഞ്ചമെന്ന സിനിമയില്‍ എത്രമാത്രം ചെറിയൊരു റോളാണ് എല്ലാമാണെന്ന് അഹങ്കരിക്കുന്ന നമ്മള്‍ പഹയന്മാര്‍ക്കൊക്കെ ഉള്ളതെന്ന് തിരിച്ചറിയാന്‍ കൈവന്ന അവസരം..

ഈ കൊറോണക്കാലം കഴിഞ്ഞ്, എല്ലാ ബഹളങ്ങളും കെട്ടടങ്ങി വീടിനുപുറത്തേക്ക് ചില മാറ്റങ്ങളുമായിട്ടായിരിക്കാം ഒരുപക്ഷേ നമ്മളോരോരുത്തരും ഇറങ്ങാന്‍ പോവുന്നത്. കുറേക്കൂടി മെച്ചപ്പെട്ട 'മനുഷ്യര്‍' ആയിട്ട്. കുറെക്കൂടി പുസ്തകങ്ങളോട് കൂട്ടുകൂടിയ മനുഷ്യര്‍. കുറേക്കൂടി സ്വരമാധുരിനിറഞ്ഞ പാട്ടുകാരായ മനുഷ്യര്‍. കുറേക്കൂടി നല്ല പാചകക്കാരായ മനുഷ്യര്‍. ചിത്രകാരികളും ചിത്രകാരന്മാരുമായ മനുഷ്യര്‍. കുറേക്കൂടി സ്വച്ഛമായി ചിന്തിക്കാന്‍ കഴിയുന്ന, തിരിച്ചറിവുകള്‍ നേടിയ പുതിയൊരുകൂട്ടം മനുഷ്യര്‍.

ചരിത്രം ഇനി വിഭജിക്കപ്പെടാന്‍ പോവുന്നത് തീര്‍ച്ചയായും കൊറോണക്ക് മുന്‍പും ശേഷവും എന്ന് തന്നെയാണ്. അത്രയേറെ ബാധ്യതകള്‍ ഈ മഹാമാരി നമുക്ക് ഇതിനകം  നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തോടൊപ്പം നമ്മള്‍് മനുഷ്യര്‍ക്കും ഒന്ന് ചെറുതായി വിഭജിക്കപ്പെടാം എന്ന് തോന്നുന്നു. അടുത്തതവണ തമ്മില്‍ത്തല്ലാനും ഏഷണി പറയാനും ജീവിതമെന്ന ഓട്ടമത്സരത്തില്‍ ഒന്നാമതാവാന്‍ ഫിനിഷിങ് ലൈനിലേക്ക് ഓടിയടുക്കാനും ശ്രമിക്കുംനേരം നമ്മുടെ ഒപ്പം ഓടുന്നവരെക്കൂടിയൊന്ന് പരിഗണിക്കാന്‍ ശ്രമിക്കാം എന്ന് തോന്നുന്നു. അവരുടെ കൈ കൂടെ ഒപ്പം ചേര്‍ത്ത് പിടിക്കാം. അവരെക്കൂടി മനസ്സിലാക്കാം. നമുക്ക് ഒരിക്കല്‍കൂടി മനുഷ്യരാവാം. കാരണം, തിരിച്ചറിവുകള്‍ ഉണ്ടാവാന്‍ എല്ലാ പ്രാവശ്യവും ഒരു മഹാദുരന്തത്തിന് വേണ്ടി കാത്തിരിക്കേണ്ടതില്ല. കൊറോണയേക്കാള്‍ വലിയ മറ്റൊരു പാഠം ഭൂമിയിനി നമ്മളെ പഠിപ്പിക്കാന്‍ തുനിഞ്ഞാല്‍  ഒരുപക്ഷേ നമുക്കത് താങ്ങാനാവുമോ എന്നതും സംശയമാണ്..

ഡാര്‍വിന്റെ സിദ്ധാന്തത്തില്‍ പറഞ്ഞതുപോലെ: 'It is not the strongest of the species that survives, but rather, that which is most adaptable to change!'