അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ആ ഫോട്ടോ  വീണ്ടും വീണ്ടും സൂം ചെയ്ത്  നോക്കി. എവിടെയോ കണ്ട് മറന്ന മുഖം. ഓര്‍മകളില്‍ പ്രവാസ ജീവിത യാത്രയില്‍ കണ്ട് മുട്ടിയ ഒരു പാട് മുഖങ്ങള്‍ തെളിഞ്ഞ് വന്നു. അവസാനം  ആ മുഖം ഓര്‍ത്ത് എടുത്തു. 'ബന്ധുക്കളെ തേടുന്നു' എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വന്നതായിരുന്നു  ഫോട്ടോ. അബോധാവസ്ഥയില്‍ എന്തൊക്കെയോ മെഷീനുകള്‍ ശരീരത്തില്‍ ഘടിപ്പിച്ച്  ജീവിതത്തിനും മരണത്തിനും ഇടയില്‍ ആശുപത്രിയുടെ ബെഡില്‍ ദയനീയമായി കിടക്കുന്ന ഒരു മനുഷ്യന്‍. തിരിച്ചറിയാന്‍ പറ്റാത്ത രൂപത്തില്‍ ക്ഷീണിച്ചിരിക്കുന്നു. ഏകദേശ രൂപങ്ങള്‍ വച്ച് നോക്കുമ്പോള്‍ പരിചയമുള്ള ഒരാളുമായി സാദൃശ്യം ഉള്ളതായി തോന്നി. അയാളുടെ നാട്ടിലുള്ള  പരിചയമുള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ആരും ഒന്നും അറിഞ്ഞില്ല എന്ന മറുപടിയാണ് ലഭിച്ചത്. മനസ്സില്‍ നിന്നും ആ ഫോട്ടോയും അയാളും മാഞ്ഞ് പോയി.. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു  ഞാന്‍ അയാളെ പരിചയപ്പെട്ടത്. അത്രയൊന്നും വൃത്തിയില്ലാത്ത, ടൗണില്‍ നിന്ന് വളരെ അകലെയുള്ള, ലേബര്‍ ക്യാമ്പിലെ ഷോപ്പിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. അതിന്റെ അടുത്ത് തന്നെയാണ് അയാളുടെ കടയും. ഏകദേശം 50 വയസ്സ് തോന്നിക്കും. അധികം ആരോടും സംസാരിക്കാത്ത, എപ്പോഴും ദു:ഖം തളം കെട്ടിയ മുഖവും മെലിഞ്ഞ് ക്ഷീണിച്ച ശരീരമുള്ള ഒരു മധ്യവയസ്‌കന്‍. ഏത് സമയവും സിഗററ്റ് വലിച്ച് കൊണ്ട് ഏതോ ചിന്തയില്‍ അയാള്‍ നടക്കുന്നുണ്ടാവും. ചിലപ്പോള്‍ പീടികയുടെ മുമ്പിലെ ബഞ്ചിലിരുന്ന് വിദൂരയില്‍ നോക്കി എന്തക്കയോ പിറുപിറുക്കുന്നുണ്ടാവും. 

ഞങ്ങള്‍ അടുത്താണങ്കിലും പരസ്പരം പരിചയപ്പെടാന്‍ മാസങ്ങള്‍ വേണ്ടി വന്നു. പലപ്പോഴും കാണുമ്പോള്‍ പുഞ്ചിരിച്ച് കടന്ന് പോവും. ഞാന്‍ പരിചയപ്പെടാന്‍ പലപ്പോഴും ശ്രമിച്ചങ്കിലും അയാള്‍ താല്‍പര്യമില്ലാതെ ഒഴിഞ്ഞ് മാറും. അയാള്‍ ഒരു ജാഢക്കാരനാണ് എന്നാണ് പൊതുവെ എല്ലാവരുടേയും അഭിപ്രായം. എന്നോ അയാളുടെ കടയില്‍ പോവേണ്ട വന്നപ്പോഴായിരുന്നു ആദ്യമായി സംസരിച്ചത്. അന്ന് കുറച്ച് നേരം സംസാരിച്ചു. പരസ്പരം പേരും നാടും ചോദിച്ച് പരിചയപ്പെട്ടു. പരിചയം സൗഹൃദത്തിലേക്ക് വളര്‍ന്നു. ഇടക്കിടെ കണ്ടുമുട്ടല്‍ പതിവായി. ചിലപ്പോള്‍ വിശേഷങ്ങള്‍ ചോദിക്കും അല്ലെങ്കില്‍ ഒന്ന് ചിരിച്ച് കടന്ന് പോവും. 

കൂടുതലൊന്നും സംസാരിക്കാറില്ല.. എന്റെ നാട്ടില്‍ നിന്നും അത്രതൊന്നും വിദൂരമല്ല അയാളുടെ നാട്. 30 വര്‍ഷത്തിലധികമായി അയാള്‍ പ്രവാസജീവിതം തുടങ്ങിയിട്ട്. നാട്ടില്‍ മനോഹരമായ വീട് നിര്‍മിച്ചിരിക്കുന്നു. ഭാര്യയും മക്കളുമുണ്ട്. സാമ്പത്തികമായി നല്ല നിലയിലാണ്. കാര്യമായ ബാധ്യതകളൊന്നുമില്ല. പക്ഷെ അയാള്‍ എപ്പോഴും ദു:ഖിതനായിരുന്നു. അതിന്റെ കാരണം എനിക്കറിയില്ല. അതിന്നെപ്പറ്റി ഒന്നും ചോദിച്ചുമില്ല.

കുറച്ച് കാലത്തിന് ശേഷം അയാള്‍ പീടിക ഒഴിവാക്കി മറ്റൊരു സ്ഥലത്തേക്ക് മാറി പോയി. പിന്നീട് അയാളുമയി ഒരു ബന്ധവുമില്ലാതയായി. അയാള്‍ പിന്നെ എവിടെ ജോലി ചെയ്യുന്നു എന്നന്നും എനിക്കറിയില്ലായിരുന്നു. പ്രവാസ ജീവതത്തില്‍ അങ്ങനെ എത്രയോ പേര്‍ കടന്ന് വരും. പിന്നീട് അവരെ പറ്റിയുള്ള ഓര്‍മയും മനസ്സില്‍ നിന്ന് മാഞ്ഞ് പോവും. അത് പോലെ അയാളും മനസ്സില്‍ നിന്ന് മാഞ്ഞ് പോയി.

യാദൃശ്ചികമായി കണ്ട് മുട്ടിയ ഒരു പഴയ സുഹൃത്താണ് ആ ദയനീയ സത്യം  പറഞ്ഞത്. ജോലി കഴിഞ്ഞ് റൂമില്‍ എത്തിയ അയാള്‍ റൂമില്‍ നിന്ന്  കുഴഞ്ഞ് വീണു . ആരൊക്കയോ ചേര്‍ന്ന് അബോധാവസ്ഥയലായ അയാളെ ഹോസ്പിറ്റലില്‍ എത്തിച്ചു .അപ്പോഴേക്കും അയാളുടെ ശരീരം മുഴുവനും തളര്‍ന്നിരുന്നു. ദിവസങ്ങളോളം അബോധാവസ്ഥയില്‍ ആരും തിരിഞ്ഞ് നോക്കാതെ ഹോസ്പറ്റിലെ ബെഡില്‍ അയാള്‍ കിടന്നു. പിന്നീട് എപ്പോഴോ അയാള്‍ കണ്ണ് തുറന്നു. പക്ഷെ അയാളുടെ സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. പാതി ബോധത്തില്‍ മാസങ്ങളോളം ഹോസ്പിറ്റലില്‍ കിടന്നു. ഏതൊക്കയോ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ അയാളുടെ കുടുംബത്തെ കണ്ടത്തുകയും  നാട്ടില്‍ എത്തിക്കുകയും ചെയ്തു. പക്ഷെ ഒരു  പ്രതീക്ഷക്ക് വകയില്ലാത്ത അയാളെ  ഭാര്യയും മക്കളും  സ്വീകരിക്കാന്‍ തയ്യാറായില്ല. ജീവിതത്തിന്റെ നല്ലൊരുഭാഗവും കുടുംബത്തിന് വേണ്ടി ഗള്‍ഫിലെ ചൂടും തണുപ്പും സഹിച്ച ആ പാവം മനുഷ്യനെ അവര്‍ അടുത്ത ജില്ലയിലെ വൃദ്ധ സദനത്തിലേക്ക് കൊണ്ട്‌പോയി വിട്ടു. അയാളുടെ വിയര്‍പ്പിന്റെ ഗന്ധം അടിച്ച് വീശുന്ന ആ വീട്ടില്‍ അവരിപ്പോഴും സുഖമായി ജീവിക്കുന്നു.